Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്തു സ്നേഹിക്കാവുന്ന ഒരാളാണ് ജയസൂര്യ

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
jayasurya

ജയസൂര്യ വളരെ കുറച്ചേ സംസാരിക്കൂ. സംസാരിക്കുമ്പോഴും തോന്നും അതു കഴിഞ്ഞിട്ടു കുറെ ജോലി ബാക്കിവച്ചിട്ടുണ്ട്. ഒരു ദിവസം രാത്രി വൈകി ജയസൂര്യ വിളിച്ചപ്പോൾ തിടുക്കപ്പെട്ട് ഒരു കാര്യം പറഞ്ഞു,

‘പത്രത്തിൽ കണ്ടില്ലെ. ഒരു സ്ത്രീ സ്കൂട്ടറുമായി കൊച്ചിയിലെ റോഡിലുള്ള കുഴിയിൽ വീണു. അതിനു മുൻപു രണ്ടു സ്കൂൾ കുട്ടികളുമായി ഓട്ടോ വീണു. ഇന്നലെ ഞാനും വീണു. അതു കൊണ്ടു ഞാനീ കുഴി എനിക്കു കഴിയുന്നതുപോലെ നികത്താൻ പോകുകയാണ്.

അന്നു രാത്രി രണ്ടു ലോറി ക്വാറി വേസ്റ്റുമായി വന്നു ജയസൂര്യ കൊച്ചിയിലെ ഏതോ തിരക്കേറിയ റോഡിലെ കുഴി നികത്തിത്തുടങ്ങി. രാവിലെ കേട്ടു നിയമപ്രകാരമല്ലാതെ, അനുമതിയില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചു കുഴി നികത്തിയതിനു പൊതുമരാമത്തു ജയനെതിരെ കേസെടുത്തുവെന്ന്. ജയൻ വളരെ കൂളായി പറഞ്ഞു, ‘കുഴി മൂടുന്നതിനു ഒരു നിമയമേ ഉള്ളു. അതു കുലിയല്ലാതാകണം എന്നതാണത്. ഇത്രയും ദിവസം ആളുകൾ വീണപ്പോൾ ഒരു നിമയവും തലപൊക്കിയില്ലല്ലോ. അതുകൊണ്ടു എനിക്കു പരാതിയില്ല. കേസു വന്നോട്ടെ.

jayasurya

ജയസൂര്യ എന്ന നടനെ ആദ്യംകാണുന്നതു ദോസ്ത് എന്ന സിനിമയിലാണ്. 14 വർഷം മുൻപു ജയസൂര്യയെ കാണുമ്പോൾ തോന്നിയിരുന്നു ഇയാൾ എന്തെങ്കിലുമൊക്കെ ആകുമെന്ന്. കാര്യമായി ഒന്നും ചെയ്യാനില്ലാത്ത റോളുകൾ ചെയ്തുകൊണ്ടിരുന്ന കാലത്തുപോലും ജയസൂര്യ പറയുമായിരുന്നു. ഇതൊക്കെ തുടക്കമാണു ചേട്ടാ, പിടിച്ചുനിന്നു പിടിച്ചുനിന്നു അവസാനം നമുക്കുള്ള റോളുവരും. ഏതു സിനിമാക്കാരനും കാണുന്ന സ്വപ്നമാണിത്. എന്നാൽ ജയസൂര്യ വളരെ ബോധപൂർവ്വം അത്തരം റോളുകൾ കാത്തിരിക്കുകയായിരുന്നു.

ഇടത്തരം കുടുംബത്തിൽനിന്നു വരുന്നൊരു ചെറുപ്പാക്കാരനും രണ്ടുസ്വപ്നങ്ങളുണ്ടാകും. അത്യാവശ്യം സാമ്പത്തിക ശേഷി, അതു കഴിഞ്ഞാൽ നല്ലൊരു ഭാര്യ. ആദ്യ എട്ടുവർഷംകൊണ്ടു ജയസൂര്യ ഇതു രണ്ടും നേടി. സാമ്പത്തിക ശേഷി കൂട്ടാനുള്ള വഴിപലതും ഉണ്ടായിരുന്നുവെങ്കിലും അതിമോഹമില്ലാതെ ജീവിക്കാൻ തുടങ്ങിയ ജയസൂര്യയെയാണു പിന്നീടു കണ്ടത്. പലപ്പോഴും നമ്മുടെ ചെറുപ്പക്കാർക്കിടയിൽ കാണാതെ പോകുന്നൊരു മുഖം.

കഴിഞ്ഞ നാലു വർഷത്തെ സിനിമയുടെ പട്ടിക എടുത്തു നോക്കിയാൽ കാണാം ജയസൂര്യ എന്ന നടൻ അഭിനയിച്ചതിൽ മിക്കതും എന്തെങ്കിലും ചെയ്യാനുള്ള റോളുകൾ മാത്രമാണ്. പല സിനിമയിലും തിയറ്ററിൽ ഹിറ്റാകില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ ഏറ്റെടുത്തത്. കാര്യമായ പൈസയും ഇതിൽ പലതിനും കിട്ടിക്കാണില്ല. കച്ചവടമെന്നു പൂർണ്ണമായും പറയാവുന്ന വിരലിൽ എണ്ണാവുന്ന സിനിമകളിലെ ജയസൂര്യ അടുത്ത കാലത്തായി വേഷം കെട്ടിയിട്ടുള്ളു. ജീവിക്കാനുള്ള മാർഗ്ഗമുണ്ടായിക്കഴിഞ്ഞാൽപ്പിന്നെ ആർത്തി തുടങ്ങുകയായി. വലിയ നടന്മാർപോലും പ്രായം മറന്നു ഇത്തരം വേഷത്തിനു പുറകിൽ പോകുന്നതു മലയാളി വേദനയോടെയാണു കണ്ടുനിൽക്കുന്നത്.

പണം മാത്രമാണു ഇതിലെ മാനദണ്ഡം. എന്നാൽ ജയസൂര്യ വിട്ടുകളഞ്ഞ പല വേഷങ്ങളും അത്യാവശ്യം പണം നൽകുന്നവയായിരുന്നു. അതിനു പകരം എടുത്തതാകട്ടെ പണത്തിനേക്കാളുപരി സന്തോഷം തരുന്ന വേഷങ്ങൾ. ഇങ്ങിനെയൊരു മനസ്സുണ്ടായി എന്നത് ജയസൂര്യയിലേക്കു എന്നെ കൂടുതൽ അടുപ്പിച്ചു എന്നതു സത്യമാണ്. വീട്ടിൽനിന്നു കഴിച്ച കടുമാങ്ങയുടെ കുപ്പിയെടുത്തു നോക്കി ഇതു കൊണ്ടുപൊയ്ക്കോട്ടെ എന്നു ചോദിക്കുന്ന തുറന്ന മനസ്സും ലാളിത്യവും ജയസൂര്യ സിനിമയിലും സൂക്ഷിക്കുകയാണ്. സിനിമയിൽ പലപ്പോഴും നഷ്ടമാകുന്നതും ഇതാണ്. കാരണം , പണത്തിന്റെ തിളക്കത്തിൽ അത്തരം നന്മയെല്ലാം മറന്നുപോകും.

ജയന്റെ ഭാര്യ സരിതയും നൂലിൽക്കട്ടി ഇറക്കിയ കുട്ടിയൊന്നുമല്ല. ഒരു സാധാരണ കുടുംബത്തിലെ കുട്ടി. സരിത ഡിസൈൻ ചെയ്യുന്ന സാരികളുടെ പ്രദർശനം മിക്ക നഗരത്തിലുമുണ്ടാകാറുണ്ട്. അതിൽ ആ കുട്ടിക്കൊരു ടേസ്റ്റ് ഉണ്ടെന്നു സാരികൾ കണ്ടാൽ തോന്നും. എല്ലാ എക്സിബിഷനിലും ജയൻ മുഴുവൻ സമയവും കൂടെയുണ്ടാകും. അതൊരു നടൻ എന്ന നിലയ്ക്കല്ല. സ്വന്തം ഭാര്യയുടെ സന്തോഷത്തിൽ പൂർണ്ണമായും കൂടെനിൽക്കുന്ന ഒരാൾ എന്ന നിലയിൽ. ജയസൂര്യയുടെ പേരുപയോഗിച്ചു വിൽപ്പന മാത്രമാണു ലക്ഷ്യമെങ്കിൽ ഉദ്ഘാടനം ചെയ്തു വീട്ടിൽ പോകാമായിരുന്നു. അവസാന സാരിയും മടക്കി പെട്ടിയിൽ വയ്ക്കുന്നതുവരെ ജയൻ കൂടെ നിൽക്കുന്നതു കണ്ടിട്ടുണ്ട്. തന്നോളംതന്നെ മിടുക്കു ഭാര്യക്കുണ്ടെന്നു ഒരു താരം തുറന്നു സമ്മതിക്കുന്ന നിമിഷങ്ങൾ. പ്രദർശനങ്ങളിലെല്ലാം സരിതയുടെ നിഴലായി മാത്രമെ ജയൻ നിന്നിട്ടുള്ളു.

കൊടുങ്ങല്ലൂരിലെ കുറച്ചു ഓട്ടോ ഡ്രൈവർമാർ അവരുടെ ദിവസ വേതനത്തിൽനിന്നു 30 രൂപ വീതം കാത്തുവച്ചു പാവപ്പെട്ട രോഗികളെ സംരക്ഷിക്കുന്നുണ്ട്. അവരെ മനോരമ ആദരിച്ചപ്പോൾ ക്ഷണിച്ചതു ജയനെയാണ്. രണ്ടു മണിക്കൂറോളമാണു ജയൻ അവരോടൊപ്പം നിന്നത്. പോകുമ്പോൾ പറഞ്ഞു,

‘ഷൂട്ടിംങ് തിരക്കാണു എന്നു പറയാമായിരുന്നു. പക്ഷെ സിനിമയുടെ ബലമുള്ള ഒരാൾ ഇവിടെ വരുന്നത് അവർക്കൊരു ആവേശമാകും. ഇതു കൊണ്ടുമാത്രം അവർ ഇതു കൂടുതൽ ആവേശത്തോടെ ചെയ്യും. ഇവരുടെ നന്മ കാണുമ്പോഴാണ് ഞാനൊന്നും വേണ്ടവിധത്തിൽ അതു ചെയ്യുന്നില്ലെന്ന് തോന്നുന്നത്. സത്യത്തിൽ ഞാനിവിടെ വന്നത് എന്നെ കുറച്ചുകൂടി നന്നാക്കാൻ വേണ്ടിയാണ്. സരിതയേയും കൊണ്ടുവരണമായിരുന്നു.

പണത്തിനോടു വലിയ ആർത്തിയില്ലാതെ നല്ല വേഷങ്ങൾ കാത്തിരിക്കുന്ന ജയസൂര്യയെന്ന നടൻ വലുതായിട്ടും ഇടത്തരക്കാരോടൊപ്പം മനസ്സുകൊണ്ടു ജീവിക്കുകയാണ്. ലോകം പച്ച പിടിക്കുന്നതുതന്നെ ഇത്തരം മനുഷ്യരെ എണ്ണം കൂടുമ്പോഴാണല്ലോ. ജയസൂര്യ പുണ്യാളനാണെന്നു കരുതരുത്. പക്ഷെ നല്ല മനുഷ്യനാകാൻ ശ്രമിക്കുന്ന ഒരാളെയാണ് ജയന്റെ അടുത്തു നിൽക്കുമ്പോൾ തോന്നുന്നത്. ഒരു പക്ഷെ ഇനി കേടു വന്നേക്കാം. സിനിമയിൽ പലപ്പോഴും അങ്ങിനെയാണ്. എന്നാലും ഇപ്പോൾ ഉറപ്പിച്ചു പറയാം, അടുത്തു സ്നേഹിക്കാവുന്ന ഒരാളാണ് ജയസൂര്യ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.