Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ ആത്മാവ് പൊറുക്കില്ല

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
mani-demise

മണിയുടെ ശരീരത്തിൽനിന്നും വെന്റിലേറ്റർ മാറ്റിയപ്പോൾ സുഹൃത്തുക്ക‌ൾ വിളിച്ചു പറഞ്ഞു. അര മണിക്കൂറിനു ശേഷം മണിയുടെ മരണം ഡോക്ടർമാർ പുറത്തു പറയും. വേണ്ടപ്പെട്ടവരോടു കയറി കണ്ടുകൊള്ളാനും ഉടൻ പറയും. കലാഭവൻ മണി ഗുരുതരാവസ്ഥയിൽ എന്ന സ്ക്രോൾ ചാനലുകളിൽ പൊയ്ക്കൊണ്ടിരിക്കുകയാണ്. അര മണിക്കൂറിനു ശേഷം അതു മണി അന്തരിച്ചു എന്നായി മാറും. ആലോചിച്ചപ്പോൾ ഒരെത്തും പിടിയും കിട്ടിയില്ല. 45 വയസ്സെന്നതു ചെറു പ്രായമാണ്. എന്ത് ഒഴുക്കിനുമെതിരെ നീന്താൻ പഠിച്ചിട്ടുള്ള മണി രോഗത്തിനെതിരെ നീന്തിക്കയറിയില്ലെന്നു വിശ്വസിക്കാനായില്ല. കാണുമ്പോഴെല്ലാം ഉടൻ ഉഷാറാകുമെന്നാണ് മണി പറഞ്ഞിരുന്നത്. മണി വെറുതെ പറയുന്ന ആളല്ല. പറഞ്ഞാൽ പറഞ്ഞതാണ്.

Kalabhavan Mani's Funeral | Tearful Farewell | Manorama Online

നിമിഷങ്ങൾക്കകം പുതിയൊരു വാർത്ത കൂടി പുറത്തുവന്നു. മണിയുടെ ശരീരത്തിൽ വിഷാംശമുണ്ടായിരുന്നു, മണിയെ ആരോ ചതിച്ചതോ മണി ആത്മഹത്യ ചെയ്തതോ ആണ്. അത് പതുക്കെ പകുത്തെ വാട്ട്സാപ്പിലും സാമൂഹ്യ മാധ്യമങ്ങളിലും തിരപോലെ പെരുകി പെരുകി വന്നു. മണി അടുത്തറിയുന്നവരാരും അതു വിശ്വസിക്കില്ല. ആത്മഹത്യ ചെയ്യാൻ മാത്രം വിഢിയായിരുന്നില്ല മണി. ജീവിതത്തെ കാരിരുമ്പോലെ പഴുപ്പിച്ചെടുത്ത ആളാണ്. ആരുടെ വാക്കിലും വീണുപോകാത്ത കട്ടിയുള്ള മനുഷ്യനുമാണ്. ശരിയാണെന്നു തോന്നിയത് ആരോടും പറയും. സ്നേഹമുള്ളവരുടെ പ്രശ്നങ്ങൾക്കു മുന്നിൽ ന്യായവും നീതിയൊന്നുമില്ല. സ്നേഹം മാത്രമെയുള്ളു. തെറ്റായാലും അവർക്കുവേണ്ടി എന്തും ചെയ്യും.

kalabhavan-mani

തൊട്ടടുത്ത ദിവസവും മണിയുടെ മരണത്തേക്കുറിച്ചു പലരും എഴുതിക്കൊണ്ടിരുന്നു. മണി അമിതമായി മദ്യപിച്ചിരുന്നുവെന്നും കുടിച്ചു കുടിച്ചു കരൾ ഇല്ലാതായി മരിച്ചതാണെന്നുമെല്ലാം ആധികാരിമായി പലരും എഴുതുന്നതു കണ്ടു. മദ്യപിച്ചതുകൊണ്ടാണു മണിയുടെ കരളിനു രോഗം വന്നതെന്നു ഒരു ഡോക്ടറും പറഞ്ഞിട്ടില്ല. മണിയുടെ സർഗ്ഗ പ്രതിഭയെ മദ്യം ക്ഷീണിപ്പിച്ചു എന്നതു സത്യമായിരിക്കാം. മദ്യപാനം രോഗത്തിന്റെ വേഗം വർധിപ്പിച്ചിരിക്കാം. എന്നാലും മണി കുടിച്ചു മരിച്ചു എന്നു ഇതേക്കുറിച്ചു ഒന്നുമറിയാത്തവർ എഴുതി വിടുന്നതു മണിയെ മാനഭംഗപ്പെടുന്നതിനു തുല്യമാണ്. മരിച്ച ശേഷമെങ്കിലും സാമൂഹ്യ മാധ്യമ ലേഖകർക്കു ഇതൊഴിവാക്കാമായിരുന്നു. മണി മരിച്ചത് എങ്ങിനെയെന്നു പൊലീസ് കണ്ടെത്തട്ടെ. അല്ലാതെ അതിനു മുൻപെ പറഞ്ഞു ഇൻവസ്റ്റിഗേഷൻ നടക്കേണ്ട കാര്യമുണ്ടോ.

nimmy-mani

മണി മരിച്ചിട്ടു നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. തൃശൂർ സംഗീത നാടക അക്കാദമിയുടെ മുറ്റത്തും ചാലക്കുടി ദേശീയ പാതയിലും ആയിരങ്ങൾ മണിക്കു നൽകിയ അവസാന യാത്രയയപ്പിന്റെ ചിത്രം ആ വഴി കടന്നുപോകുമ്പോഴെല്ലാം ഓർമ്മവരും. എത്രയോ തവണ ചാലക്കുടിയുടെ റോഡരികിൽ വണ്ടി നിർത്തി മണി ദീർഘനേരം സംസാരിച്ചിട്ടുണ്ടെന്നോ. രാത്രി അവിടത്തെ തട്ടുകടയിൽനിന്നു ഭക്ഷണം വാങ്ങിത്തരും. മണിയുമായി അടുത്തവർക്കെല്ലാം ഈ അനുഭവമുണ്ടാകും. ഭക്ഷണവും സ്നേഹവും മണി ആവോളം വിളമ്പിക്കൊണ്ടിരുന്നു. ഇ.കെ.നായനാർക്കു ശേഷം കേരളം ഇതുപോലെ നെഞ്ചുപൊട്ടി ഒരാൾക്കു യാത്രയപ്പു നൽകിയിട്ടുണ്ടാകില്ല. രാത്രി മുഴുവൻ കാത്തുനിന്നിട്ടും മണിയെ അവസാനമായി ഒരു നോക്കു കാണാൻ പറ്റാത്ത ആയിരങ്ങളുണ്ട്. അവർ ചിതയുടെ അടുത്തെത്തി നമസ്ക്കരിച്ചു മടങ്ങുന്ന കാഴ്ച നെഞ്ചു പൊട്ടുന്നതായിരുന്നു. മണിയുടെ വീടിനു മുന്നിലെ ചിത്രത്തിൽ പൂക്കൾ അർപ്പിച്ചു പോകുന്നതു കണ്ടു. ഇത്രയും വലിയ ആരാധക വൃന്ദം മണിക്കുണ്ടായിരുന്നു എന്നറിയുന്നതുപോലും അപ്പോഴാണ്. സത്യത്തിൽ ജീവിച്ചിരിക്കുമ്പോൾ മണിയുടെ വലുപ്പം കേരളം കാണാതെ പോയി.

mani

ഇനിയുള്ള ഭാഗം കുറിക്കണോ വേണ്ടയോ എന്നു പലതവണ ചിന്തിച്ചതാണ്. മരണത്തിനു 100 ദിവസത്തിനു ശേഷമെങ്കിലും കുറിക്കാതെ പോകുന്നതു ശരിയല്ലെന്നു തോന്നി. മണിയുടെ മരണത്തെക്കുറിച്ചു പൊലീസ് അന്വേഷിക്കുന്നുണ്ട്. അത് ആ വഴിക്കു നടക്കും. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ മണിയുടെ പേരിൽ നടക്കുന്ന പേക്കൂത്ത് സഹിക്കാനാകുന്നില്ല. ആരാണു കൊന്നതെന്നുചിലർ പറയുന്നു. മണി മരിച്ച ശേഷം വേണ്ടപ്പട്ടവർ ആഹ്ളാദിക്കാൻ നാടുവിട്ടെന്നു ചിലർ പറയുന്നു. അതിനെ എതിർത്തു മറ്റു ചിലർ പോസ്റ്റിടുന്നു. മണിയെ കുടിപ്പിച്ചു കുടിപ്പിച്ചു നശിപ്പിച്ചവരെക്കുറിച്ചു ചിലർ പറയുന്നു, മണിയുടെ പണത്തിനു വേണ്ടി ദാഹിക്കുന്നവരെക്കുറിച്ചു മറ്റു ചിലർ പറയുന്നു. മണിയുടെ ഭാര്യയെയും കുട്ടിയെയും ഇതുവരെ ഇതിലേക്കു വഴിച്ചിഴച്ചിട്ടില്ല. അതു ഭാഗ്യം.

mani-cowd മണിയുടെ മൃതദേഹം സംഗീത നാടക അക്കാദമിയിൽ പൊതുദർശനത്തിനു വച്ചപ്പോൾ. ചിത്രം: ഉണ്ണി കെ. വാരിയർ

മണിയുടെ വേർപാടിൽ നേരിട്ടല്ലെങ്കിലും ധാർമ്മികമായി ഞാനടക്കമുള്ള എല്ലാ സുഹൃത്തുക്കൾക്കും പങ്കുണ്ട്. ഇപ്പോൾ സ്വന്തമെന്നവകാശപ്പെടുന്നവർക്കു അതിലേറെ പങ്കുണ്ട്. മണിക്കു സിനിമകൾ കുറയുകയും മണി ലഹരിയുടെ വഴിയെ പോകുകയും ചെയ്യുന്നതു കണ്ടുനിന്നവരാണ് ഇവരെല്ലാം. 20 ദിവസം മണി വീട്ടിൽപോകാതെ പാഡിയിൽ കഴിഞ്ഞുവെന്നാണ് പറയുന്നത്. അന്നൊന്നും ആരും മണിയെക്കുറിച്ചാലോചിച്ചില്ല. ഈ സമയത്തെങ്കിലും നമുക്കു മണിയെ വീണ്ടെടുക്കാമായിരുന്നു. വീട്ടിലേക്കു വിളിച്ചുകൊണ്ടുവരാമായിരുന്നു. മണിയുടെ പേരിൽ ഇപ്പോൾ സംഘടനകൾ ഉണ്ടാക്കി ചരമദിനം ആഘോഷിക്കുന്നവരിൽ നല്ലൊരു ശതമാനവും .കച്ചവടക്കാരാണ്. കാരണം, അവർക്കറിയാം മണിയുടെ പേരിലായാൽ ആരും ഒന്നും ചോദിക്കില്ലെന്ന്

സംവിധായകൻ ജയരാജിന്റെ ഭാര്യ സബിത ജയരാജ് നിർമ്മിച്ചു ഹക്കിം സംവിധാനം ചെയ്ത ഗാർഡ് എന്നൊരു സിനിമയുണ്ട്. അതിൽ ഒരു അഭിനേതാവെ ഉള്ളു. കലാഭവൻ മണി മാത്രം. ലോകത്ത് ആദ്യമായാണു ഒരു അഭിനേതാവു മാത്രമായി ഒരു സിനിമ റിലീസ് ചെയ്യുന്നതെന്നു ആ സിനിമയുടെ പോസ്റ്ററിൽ പറയുന്നുണ്ട്. ആ സിനിമ കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും കളിച്ചില്ല. വിരലിൽ എണ്ണാവുന്ന സ്ഥലത്തു റിലീസ് ചെയ്തുവെങ്കിലും കാണാൻ ആളുണ്ടായില്ല. മണി നന്നായി അഭിനയിച്ച പല സിനിമകളുടെയും ഗതി ഇതായിരുന്നു. മണിക്കുവേണ്ടി സ്മാരകമുണ്ടാക്കുന്നവരും അവാർഡു നൽകുന്നവരും അന്നും കേരളത്തിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഒരു നടനു കിട്ടാവുന്ന അത്യപൂർ‍വമായ ബഹുമതിയായിരുന്നു ആ സിനിമ. മണിയുടെ പേരിൽ ചെണ്ട കൊട്ടി നടക്കുന്നവർ ആ സിനിമ റിലീസ് ചെയ്യാനായി ചെറുവിരൽപോലും അനക്കിയില്ല.

mani...jpg.image.784.410 കലാഭവൻ മണിയുടെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് ചാലക്കുടി മുനിസിപ്പൽ ഓഫിസ് പരിസരത്ത് എത്തിയപ്പോൾ ഒരു നോക്കുകാണാനായെത്തിയ ജനക്കൂട്ടം വാഹനത്തെ പൊതിഞ്ഞപ്പോൾ. ചിത്രം: മനോരമ

മണി രണ്ടു മൂന്നുവർഷമായി ഏറെക്കുറെ സിനിമയിൽനിന്നു വിട്ടു നിൽക്കുകയായിരുന്നു. അന്നൊന്നും മണി എവിടെയെന്നു ആരും അന്വേഷിച്ചില്ല. മണിയെ തിരിച്ചുകൊണ്ടുവരാൻ നോക്കിയില്ല. മണിക്ക് എന്താണെന്ന് അന്വേഷിച്ചില്ല. സ്വർണ്ണം കടത്തി എന്നു പറഞ്ഞു മണിയെ എയർപോർട്ടിൽ തടഞ്ഞുവച്ചിരുന്നു. അവസാനം മണിയുടെ വാദം അംഗീകരിച്ചു ചെറിയ പിഴ നൽകി മണിയെ നിരുപാധികം വിടേണ്ടിവന്നു. അന്നും ആരും മണിയെ തുണയ്ക്കാൻ കണ്ടില്ല. മണി സ്വർണ്ണ വള കടത്തി വിവാദത്തിൽപെട്ടെന്നു സാമൂഹ്യ മാധ്യമങ്ങൾ എഴുതി വിട്ടു. മരണ ശേഷം മണിയുടെ നിറം, ജാതി, കുലം, ദരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം എന്നിവയുടെ പേരിലെല്ലാം അവകാശ വാദമുന്നയിച്ചു പലരും രംഗത്തു വരുന്നു. നിറത്തെയും ജാതിയെയും കുലത്തെയുമെല്ലാം സ്വന്തം പ്രതിഭകൊണ്ടു മറി കടന്നയാളാണ് മണി.

im-vijayan.jpg.image.784.410

ആ പ്രതിഭയ്ക്കു മുന്നിലാണ് കേരളത്തിലെ ലക്ഷോലക്ഷം നെഞ്ചുപൊട്ടി കണ്ണീരോടെ നമിച്ചു നിന്നത്. അവരുടെ നെഞ്ചിലെ വേദന നൂറല്ല 365 ദിവസം കഴിഞ്ഞാലും മായില്ല. അവർക്കു മണി സ്വന്തം കൂടപ്പിറപ്പായിരുന്നു. അടിച്ചമർത്തപ്പെട്ട എത്രയോ പേർക്കു മണി ഊർജ്ജമായിരുന്നു. അവരാണു ചാലക്കുടിയിൽ രാവും പകലും കാത്തുനിന്നത്. എന്നാൽ ആ പ്രതിഭ മങ്ങിത്തുടങ്ങിയപ്പോൾ കാരണം അന്വേഷിക്കാൻ മിനക്കെടാത്തവരാണു നൂറാം ജന്മദിനത്തിൽ ഫ്ളക്സു കെട്ടി ബലിയിടുന്നത്. മണിയെ ഓർത്തു കരയുന്നത്.

Mani.jpg.image.784.410

മണിയോടു ചെയ്യുന്ന ഏറ്റവും വലിയ അനാദരവ് ഈ വ്യാജ കരച്ചിലുകളും സാമൂഹ്യ മാധ്യമത്തിൽ നടത്തുന്ന യുദ്ധവും ആ പ്രതിഭയുടെ പേരി‍ൽ കാട്ടിക്കൂട്ടുന്ന കോപ്രായത്തരങ്ങളുമാണ്. മണി ജീവിക്കുന്നത് ലക്ഷങ്ങളുടെ മനസ്സിലാണ്. മലയാളത്തിലെ മഹാനടന്മാർക്കുപോലും നൽകാത്തൊരിടം അവർ മണിക്കു നൽകിയിട്ടുണ്ട്. അവരാരും മണിയെ ഫ്ളസ്കെട്ടി ഓർക്കുന്നവരല്ല. മണിയുടെ ഭാര്യ, കുട്ടി എന്നിവരെ ഓർത്തെങ്കിലും ഈ സാമൂഹ്യ മാധ്യമ പേക്കൂത്തും ഫ്ളക്സ് പൂജയും അവാർഡും വിളക്കുകൊളുത്തലും അവസാനിപ്പിക്കണം. ഒരാൾ മരിച്ചു ഒരു വർഷം തികയും വരെയെങ്കിലും മൗനമായി പ്രാർഥനയോടെ ആ ഓർമ്മകളുമായി ജീവിക്കുക എന്നതു സാമൂഹ്യ മര്യാദയാണ്.

jayaram.jpg.image.784.410

പണ്ടത്തെ കണക്കനുസരിച്ചു മരണ ദീക്ഷ വീടുന്നതുപോലും ആണ്ടു കഴിഞ്ഞ ശേഷമാണ്. ആണ്ടു വീടുക എന്നൊരു ചടങ്ങുപോലും പലരും ആചരിക്കാറുണ്ട്. അതു വേദനയുടെ ആണ്ടുവീടലാണ്. മണിയുടെ ചിതയുടെ ചൂടാറുന്നതുവരെയെങ്കിലും കാത്തിരിക്കുക. പരിപാടികൾ നടത്താനായി മണിയുടെ പേരിൽ കച്ചവടക്കാരുടെയും പണക്കാരുടെയും മുന്നിൽപോയി ഇരക്കുന്നത് ആ ആത്മാവ് ഒരിക്കലും ക്ഷമിക്കില്ല. ചിതയിൽനിന്നു മണി എഴുന്നേറ്റു വന്നു അവരുടെ മുഖത്തു കാർക്കിച്ചു തുപ്പും. 

Your Rating: