Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹത്തിൽ അലിയുന്ന ലാലിസം !

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്

വർഷങ്ങൾക്കു മുൻപു കൈലാസത്തിലേക്കു യാത്ര പോകാമെന്നു പറഞ്ഞതു മോഹൻലാലാണ്. അതനുസരിച്ചു ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പും നടത്തി. നടത്തം, യോഗ അങ്ങിനെ പലതും. യാത്രയ്ക്ക് ഒരാഴ്ച മുൻപു ലാൽ പറഞ്ഞു, ഞാനീ യാത്രക്കില്ലെന്ന്. അന്നു നിർമ്മാണം നടന്നുകൊണ്ടിരിന്ന സിനിമയുടെ നിർമ്മാതാവു ലാലിനോടു ചോദിച്ചു സിനിമ തീർക്കാതെ പോയാൽ എങ്ങിനെയാണെന്ന്.

യാത്രക്കിടയിൽ ലാലിനെന്തെങ്കിലും സംഭവിച്ചാൽ തന്റെ പണം പോകുമോ എന്നതായിരുന്നു ചോദ്യത്തിന്റെ അർഥം. ആ നിർമ്മാതാവിന്റെ മനസമാധാനത്തിനായി ലാൽ പറഞ്ഞു, ഞാൻ പിന്നീടു യാത്ര ചെയ്തു കൊള്ളാം. സിനിമ തീർന്ന് അയാൾക്കു മനസമാധാനമുണ്ടാകട്ടെ. സ്വപ്നം പോലെ കൊണ്ടു നടന്ന യാത്ര ലാൽ ഉപേക്ഷിച്ചു. ഇതുവരെ പിന്നീടതു നടത്തിയിട്ടുമില്ല.

സുഹൃത്തുക്കൾക്കു വേണ്ടി ലാൽ എന്തും ചെയ്യും. ലാലിനെ ഇപ്പോൾ ലാലിസത്തിൽപ്പെടുത്തിയതും അതുതന്നെയാണ്. ലാൽ തുടങ്ങിയ ബിസിനസ്സുകൾ പലതും പൊട്ടി. അതിൽ ഒന്നുപോലും ലാൽ കച്ചവടം അറിഞ്ഞുകൊണ്ടുതുടങ്ങിയ ബിസിനസ്സുകളല്ല. എല്ലാം സുഹൃത്തുക്കളെന്നു പറയുന്നവരുടെ താൽപര്യപ്രകാരം പങ്കുചേർന്ന് ബിസിനസ്സുകൾ. ലാൽ ഇപ്പോൾ താമസിക്കുന്ന വീട് ലക്ഷക്കണക്കിനു രൂപ ചിലവാക്കി പുതുക്കിപ്പണിതു. പണി കഴിയാറായപ്പോഴാണറിയുന്നത് അതാകെ കുളമാണെന്ന്. ഏതോ സുഹൃത്തു പരിചയപ്പെടുത്തിയ എഞ്ചിനീയറാണ്. അവസാനം ഒരു പൈസപോലും ആ എഞ്ചിനീയറിൽനിന്നു വാങ്ങാതെ മുഴുവനും വേറെ ഒരാളെക്കൊണ്ടു പൊളിച്ചു പണിതു.

ലാലിസമെന്ന ബാന്റ് തുടങ്ങുമ്പോഴെ ലാലിനറിയാം താൻ വലിയ പാട്ടുകാരനല്ല എന്ന്. സംഗീത്തിന്റെ പുതിയൊരു പരീക്ഷണവും മലയാള സിനിമയുടെ പുണ്യമായ കുറെ നല്ലു പാട്ടുകളിലൂടെ യാത്ര ചെയ്യാനുള്ള മോഹവുമാണ് ലാലിനെ ഇതിലേക്കു നയിച്ചത്. രതീഷ് വേഗയെന്ന യുവ സംഗീത സംവിധായകനും അതു ചെയ്യാനുള്ള കരുത്തുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. ഇതു ഹോട്ടൽ തുടങ്ങിയിതുപോലുള്ള പരിപാടിതന്നെയാണ്. ഹോട്ടൽ ബിസിനസ്സ് അറിഞ്ഞുകൊണ്ടല്ല ഹോട്ടൽ തുടങ്ങിയത്. കൂട്ടുകാരോടുള്ള സ്നേഹംകൊണ്ടായിരുന്നു.അതുപോലെ രതീഷ് വേഗയേയും കൂട്ടുകാരേയും സ്നേഹിച്ചു എന്നതുകൊണ്ടു മാത്രമാണു ലാലിസവും തുടങ്ങിയത്.

ഇതു ചെറുതായി തുടങ്ങി പദ്ധതിയാകണം. സിനിമയായാലും പരിപാടികളായാലും ലാൽ അതു മനസ്സിലിട്ടു പെരുക്കിപ്പെരുക്കി എടുക്കും. ഇതു പലപ്പോഴും യാഥാർഥ്യവുമായി ബന്ധമുള്ളതാകണമെന്നില്ല. ഒരു മോഹന സ്വപ്നമായിരിക്കും. ലാലിസവും അതുപോലെ പെരുക്കിപ്പെരുത്തി വലുതായതാണ്.

lalism

ടീമിന്റെ പരിചയക്കുറവും സാങ്കേതിക കാര്യത്തിലുള്ള മികവു കുറവുംകൊണ്ടു പരിപാടി പാളി എന്നതാണു സത്യം. ഇതുകൊണ്ടു രതീഷ വേഗ നല്ല സംഗീത സംവിധാകനല്ലാതാകുന്നില്ല. അയാളുടെ കഴിവുകൾ വറ്റിപ്പോകുന്നുമില്ല. യന്ത്രങ്ങൾക്കു പലപ്പോഴും പിഴയ്ക്കും. അവിയുടെണ്ടായിരുന്ന യന്ത്രങ്ങൾ പാട്ടും സംഗീതവും മിക്സുചെയ്തു പുറത്തുവിടുന്നതിൽ പാളി. അതു തിരുത്താനുള്ള വൈദഗ്ധ്യം സംഘത്തിനില്ലായിരുന്നു.

ഷോ കളിൽ താരങ്ങളും പാട്ടുകാരും പാട്ടു നേരത്തെ റെക്കോർഡു പാടുന്നതു പുതിയ പരിപാടിയൊന്നുമല്ല. രാജ്യാന്തരങ്ങൾപോലും അതാണു ചെയ്യുന്നത്. പേരുപോലെ പലതും ‘സ്റ്റേജ് ഷോ തന്നെയാണ്. നാം കണ്ട പരിപാടികളിൽ എത്രയോ എണ്ണം അതുതന്നെയായിരുന്നു. അവാർഡുനൈറ്റു വേദിയിൽ സ്ഥിരമായി തമാശ പൊട്ടിക്കുന്ന ലഘു നാടകങ്ങൾപോലും ശബ്ദം റെക്കോർഡു ചെയ്തു അവതരിപ്പിക്കുന്നതാണ്.

ലാസിസം പാളിയതുകൊണ്ടു ലാൽ ഇതെല്ലാം അവസാനിച്ചു എന്നു കരുതരുത്. ഇനിയും ലാൽ ഇതുപോലെ പലതും സുഹൃത്തുക്കൾക്കുവേണ്ടി ചെയ്യും. അതിൽ പലതും പാളും, പലതും വിജയിക്കും. പൊളിയും എന്നറിഞ്ഞു ലാൽ എത്രയോ പടങ്ങൾ ചെയ്തതു സുഹൃത്തുക്കളെ സന്തോഷിപ്പിക്കാനു രക്ഷിക്കാനുമാണ്. അങ്ങിനെ രക്ഷപ്പെട്ടവരും കൂടെനിന്നവരും പിന്നീടു ലാലിനെ കളിയാക്കി വിറ്റു കാശാക്കി എന്നതു വേറെക്കാര്യം.

മോഹൻലാൽ എന്ന നടനെ ഫേസ് ബുക്കിൽ തെറി വിളിച്ചതു ലാസിസം പാളിയതുകൊണ്ടു മാത്രമല്ല. അതു മലയാളിയുടെ കുശുമ്പു കൂടിയാണ്. ലാൽ എന്ന താരം ഉയരത്തിൽ എത്തിയതിലുള്ള ദേഷ്യം. അവിടെനിന്നു അയാൾ വീഴുമെന്നു കരുതി നടത്തിയ കയ്യടിയാണു നാം കണ്ടത്. ആദായ നികുതി റെയ്ഡിന്റെ സമയത്തു കണ്ടതും ഇതേ കയ്യടിയാണ്. മമ്മൂട്ടിയുടെയായാലും ലാലിന്റെയായാലും ഒരു പടം പൊട്ടുമ്പോഴാണു മലയാളിയുടെ ഫേസ് ബുക്കിൽ കൂടുതൽ സജീവമാകുന്നത്. ലാലിസം പരാജയപ്പെട്ടതിനേക്കുറിച്ചുള്ള ഫേസ് ബുക്കിൽ ആശങ്ക പ്രകടിപ്പിച്ച പലരുമുണ്ട്. അവരുടെ വിമർശനം ലാൽ ഗൗരവമായി എടുക്കുകയും തിരുത്തുകയും വേണം. ലാലിനെ വളർത്തിയവരുടെ വിമർശനമാണിത്. അവരുടെ വിമർശനം വേദനിപ്പിച്ചുവെന്നു ലാൽ പറയുന്നതുപോലെ ലാലിന്റെ പ്രകടനം അവരേയും വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ ഫേസ് ബുക്കിൽ കിടന്നു പടക്കം പൊട്ടിച്ചവരെ ഇതിൽപ്പെടുത്തരുത്. അവർ പരാജയത്തിൽ സന്തോഷിച്ചവരും അതു പ്രചരിപ്പിക്കാനായി മണിക്കൂറുകളോളം ഫേസ് ബുക്കിനു മുന്നിൽ കുത്തിയിരുന്നവരുമാണ്. ഒരു തരം സൈബർ ക്വട്ടേഷൻ പണി.

വീഴ്ചകൾ മലയാളിക്ക് ആഘോഷാണ്. പ്രത്യേകിച്ചും നല്ല കഴിവുള്ളവരുടെ വീഴ്ചകൾ. പശ്ചിമഘട്ടംപോലെ, കായൽത്തീരംപോലെ,സൈലന്റ് വാലിപോലെ മലയാളിക്കു മാത്രമായി ദൈവം സമ്മാനിച്ച പൊതു സ്വത്താണു യേശുദാസ്. പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതിനേക്കുറിച്ചു അദ്ദേഹം പറഞ്ഞ അഭിപ്രായത്തെ എത്രയും നിന്ദ്യമായാണു മലയാളി കൈകാര്യം ചെയ്തതെന്നു പഴയ പോസ്റ്റുകൾ നോക്കിയാലറിയാം. സ്വന്തം വീട്ടിലും നാട്ടിലും തെറി പറഞ്ഞാൽ അടികിട്ടുമെന്നു അറിയാവുന്നവർ ഫെയ്സ് ബുക്കു നിവർത്തിവച്ചു തെറി പറഞ്ഞു സ്വന്തം മനസ്സിന്റെ പിരിമുറുക്കം തീർക്കുന്നു. ഏതെങ്കിലും പെൺകുട്ടിയുടെ വയർ അറിയാതെ പുറത്തുകണ്ടാൽ അതുവെട്ടിയെടുത്തു പോസ്റ്റ് ചെയ്യുന്നു. അതിനു ലൈക്കുകൾ അടിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം സഹോദരിയുടെ നഗ്നചിത്രത്തിനുപോലും ലൈക്കടിക്കുന്നവരുടെ കാലമാണിത്. ഇത്തരം എത്രയോ മനോരോഗികളുടെ പിരിമുറുക്കം ഇല്ലാതാക്കാൻ ലാൽ കാരണക്കാരനായി എന്നു മാത്രം. ലാലെങ്കിൽ ലാൽ സരിതയെങ്കിൽ സരിത.

ഇതിനിടയിൽ മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞതാണു കലക്കിയത്. ആ പണം തന്നിരുന്നുവെങ്കിൽ വാദ്യ വിദ്യാലയം തുടങ്ങി കുട്ടികളെ കൊട്ടുപഠിപ്പിക്കാമെന്നാണു ശങ്കരേട്ടൻ പറഞ്ഞത്. ശങ്കരനേട്ടനു വാദ്യ വിദ്യാലയം തുടങ്ങാൻ സർക്കാർ സഹായിക്കുന്നതിൽ തെറ്റില്ല. കാരണം തായമ്പകക്കു പുതിയ ജനകീയ അടിത്തറ പണിത മഹാനാണ് മട്ടന്നൂർ. പക്ഷെ ലാലിനു പണം കൂടുതൽ കൊടുത്തതിനുള്ള പ്രയാസം മട്ടന്നൂർ പറയാൻ പാടില്ലായിരുന്നു. കാരണം, എത്രയോ കൊട്ടുകാർക്കു നൂറു ഇരുനൂറും രൂപ കൊടുക്കുമ്പോൾ മട്ടന്നൂരിനു കൊടുക്കുന്നതു ആയിരങ്ങളാണ്. അതിനു കാരണം മട്ടന്നൂരിനുള്ള ഗ്ലാമറാണ്. അതു സാദാ കൊട്ടുകാർ പ്രതീക്ഷിക്കരുത്. എല്ലാ കൊട്ടുകാർക്കും തുല്യ പ്രതിഫലം കിട്ടുന്ന ദിവസം വന്നാൽ തീർച്ചയായും മോഹൻലാലിനു കൊടുക്കുന്ന പണം മട്ടന്നൂരിനും ചോദിക്കാം. പ്രതിഫലത്തിൽ പലപ്പോഴും പരിഗണിക്കുന്നതു കഴിവു മാത്രമല്ല. കലാമണ്ഡലം ഗോപിക്കു 4000 രൂപ കൊടുത്ത അതേ പരിപാടിയിൽ ഉത്തരേന്ത്യയിൽനിന്നെത്തിയ സന്തൂർ വാദകനും രണ്ടര ലക്ഷം രൂപ കൊടുത്ത സംഭവമുണ്ട്. അതിനർഥം ഗോപിയാശാന്റെ കളി സന്തൂർ വാദനത്തേക്കാൾ എത്രയോ പടി താഴെയാണെന്നാണോ.

ലാലിസം തകരുമ്പോൾ കണ്ടതു തകർന്ന മോഹൻലാലിനേയും മനോരോഗിയായ ലക്ഷക്കണക്കിനു മലയാളികളെയുമാണ്. മമ്മൂട്ടിയോടായാലും മോഹൻലാലിനോടായാലും ഇത്തരം സന്ദർഭങ്ങളിൽ നമുക്കു പൊറുക്കൻ കഴിയേണ്ടെ. അവർ സമ്മാനിച്ച അനുഭവ നിമിഷങ്ങൾ ഒരു ദിവസംകൊണ്ടു മറക്കാനാകുന്നതാണോ. മൂന്നരക്കോടി രൂപയ്ക്കും ഒരു മോഹൻലാലും ഒരു മമ്മൂട്ടിയുമെ ഉള്ളുവെന്നെങ്കിലും ഓർക്കണം. മൂന്നരപതിറ്റാണ്ടായിട്ടും അവർ ബാക്കിയാകുന്നതു നമ്മുടെയെല്ലാം മനസ്സിൽ അവരുണ്ട് എന്നതുകൊണ്ടുകൂടിയാണ്.

എല്ലാ ശാപവചനങ്ങൾക്കും ശേഷം സുകുമാർ അഴീക്കോടിന്റെ മരണക്കിടയുടെ അരികിൽ അദ്ദേഹത്തിന്റെ വിറക്കുന്ന കൈകളും പിടിച്ചു മോഹൻലാൽ നിന്നതിനു ഞാനും സാക്ഷിയാണ്. തിരിച്ചറിയാനാകാത്ത വാക്കുകളിൽ ‘സന്തോഷമായി എന്നു തോന്നിക്കൊന്നു വാചകം അഴീക്കോട് സാർ പറഞ്ഞതായി കൂടെയുള്ളവർ പറഞ്ഞപ്പോൾ ലാൽ ചോദിച്ചു, ‘സാർ വിളിച്ചാൽ എനിക്കു വരാതിരിക്കാനാകുമോ. ? ഇരുപതു വർഷമായി ഞാൻ കണ്ട മോഹൻലാൽ അത്രയെ ഉള്ളു. എല്ലാ പകയും പഴിയും ഒരു സ്പർശത്തിൽ അലിയുന്ന ഒരു സാധാരണ ഇടത്തരക്കാരൻ മനുഷ്യൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.