Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൽ, പ്രതിഭയുടെ മരുന്നുള്ളയാൾ

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
Laljose ലാൽ ജോസ്

ലോഹിതദാസാണ് ഷൊർണ്ണൂർ ഗസ്റ്റ്ഹൗസിൽവച്ചു ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തുന്നത്. കമലിന്റെ കൂടെ ജോലി ചെയ്യുന്ന ലാൽ ജോസ്. ഒറ്റപ്പാലം കാരനാണ്. എന്തോ ആവശ്യത്തിനു ലാൽ പുറത്തു പോയപ്പോൾ ലോഹിതദാസ് പറഞ്ഞു, ‘കുറെക്കാലത്തിനു ശേഷമാണ് അത്യാവശ്യം മരുന്നുള്ള ഒരുത്തനെ കാണുന്നത്’. അന്നു ലാൽ ജോസ് സ്വന്തമായി സംവിധാനം ചെയ്തിട്ടില്ല. പിന്നീടു പല തവണ ലാൽ ജോസിനെ പലയിടത്തായി കണ്ടു. പിന്നെകുറെക്കാലം ബന്ധമില്ലായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ കണ്ടു സന്തോഷം സഹിക്കാനാകാതെ വീണ്ടും തേടിപ്പിടിച്ചു വിളിച്ചു. ചെയ്യാൻ പോകുന്ന മീശ മാധവൻ എന്ന സിനിമയുടെ കഥയെക്കുറിച്ചു ലാൽ ജോസ് പതിവിലും ആവേശത്തോടെയാണു തൃശൂരിൽവച്ചു സംസാരിച്ചത്.

ലാൽ ജോസിന്റെ സിനിമപോലെ മനോഹരമാണു ലാൽ ജോസെന്ന മനുഷ്യനെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമയുടെ തിരക്കിനിടയിലും എത്രയോ വേദികളിൽ ലാൽ ജോസിനെ കണ്ടിട്ടുണ്ട്. സിനിമാ ക്യാംപുകൾ, സ്കൂൾ വാർഷികങ്ങൾ, പുസ്തക പ്രകാശനങ്ങൾ, ചർച്ചകൾ തുടങ്ങി കട ഉദ്ഘാടനം വരെ. ഭിന്നശേഷിയുള്ള ദരിദ്രരായ കുട്ടികളോടൊപ്പം കഴിഞ്ഞ ദിവസം ഒരു പകൽ മുഴുവൻ യാത്ര ചെയ്യുന്ന ലാൽ ജോസിനെ കണ്ടു. ചടങ്ങിന്റെ പകിട്ടോ ആളുകളുടെ എണ്ണമോ ഈ മനുഷ്യനെ ഒരിക്കലും ആകർഷിച്ചിട്ടില്ലെന്നു തോന്നിയിട്ടുണ്ട്. എട്ടോ പത്തോ കുട്ടികൾ ചേർന്നു സംഘടിപ്പിച്ചൊരു ഹ്രസ്വ ചിത്രമേളയിൽ അൻപതിൽ താഴെ കാഴ്ചക്കാരുടെ മുന്നിൽ മൂന്നു മണിക്കൂറോളം ലാൽ ഇരിക്കുന്നതു കണ്ടിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇരിക്കുന്ന അതേ ഗൗരവത്തോടെയാണ് ലാൽ അവിടെ ഇരുന്നിരുന്നത്. വന്നു പോകുന്നതിനു പകരം അവരൊടൊപ്പം ചിലവിട്ട മണിക്കൂറുകൾ ആ കുട്ടിൾക്കു നൽകിയ ഊർജ്ജം അവർ ആയുസ്സിൽ മറക്കില്ല.

Laljose with Family

ലാൽജോസിനെ കണ്ടതിൽ മിക്കതും ചെറിയ ഹൃദ്യമായ ചടങ്ങുകളിലാണ്. വണ്ടിക്കൂലി പോലും വാങ്ങാതെയാണു വന്നതെന്നു ഒരു സ്കൂൾ അധ്യാപകൻ പറഞ്ഞിട്ടുണ്ട്. അടുക്കളത്തോട്ടമായാലും വായനശാലയായാലും അവിടെ പൂർണ്ണ സമർപ്പണത്തോടെ എത്തുകയെന്നതു ലാൽ ജോസ് എന്ന മനുഷ്യൻ ഇന്നും സൂക്ഷിക്കുന്ന നന്മയുടെ തണലാണ്. ഈ തണൽ വളരുംതോറും ലാലിനോടൊപ്പം വളർന്നു എന്നതാണു സത്യം. പലപ്പോഴും വളരുന്തോറും ഈ തണൽ ചെറുതാകുകയാണു പതിവ്.

ഇതിനിടയിലും ലാൽ നിരന്തരം യാത്ര ചെയ്യുന്നു. സുഹൃത്തുക്കൾക്കുവേണ്ടി സിനിമാ ചർച്ചയിൽ പങ്കെടുക്കുന്നു. സിനിമ നിർമ്മിക്കുന്നു, വിതരണം ചെയ്യുന്നു. 12 സിനിമികൾ ലാൽ നിർമ്മിച്ചിട്ടുണ്ട്. അത്രതന്നെ വിതരണം ചെയ്തിട്ടുമുണ്ട്.സിനിമയുടെ വിതരണവും നിർമ്മാണവുംതന്നെ പിടിപ്പതു ജോലിയാണ്. അതിനിടയിലും സ്വന്തം മുദ്രയുള്ള സിനിമകൾ സംവിധാനം ചെയ്യുന്നു.

ലാൽ ജോസിന്റെ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും ഇഷ്ടപ്പെടാത്തവർക്കും അതിൽ ലാൽ ജോസ് എന്ന സംവിധായകന്റെ മുദ്രയുണ്ടെന്നു സമ്മതിക്കേണ്ടിവരും. ഏതു മോശം തിരക്കഥക്കിടയിലുമുള്ള സിനിമാ മുഹൂർത്തങ്ങൾ ലാൽ കണ്ടെടുക്കുന്നതു അത്ഭുതത്തോടെയാണ് കണ്ടിരുന്നിട്ടുള്ളത്. പത്മരാജനു ശേഷം ഇതുപോലെ സംവിധാനത്തിന്റെ സുവർണ്ണ ബിന്ദുക്കൾ കണ്ടെത്തിയ സംവിധായകർ വിരലിൽ എണ്ണാവരുന്നവരെ ഉണ്ടായിട്ടുള്ളു. സിനിമയുമായി ബന്ധപ്പെട്ട പലർക്കും ലോകം അതു മാത്രമാണ്. എന്നാൽ മനുഷ്യനുമായി നിരന്തരം ബന്ധപ്പെടുന്ന മേഖലകളിലെല്ലാം എത്തിപ്പെടുകയും അതിനെല്ലാം സമയം കണ്ടെത്തുകയും ചെയ്ത ശേഷം ഇത്തരം സിനിമയെടുക്കുക എന്നതു അത്ഭുതത്തോടെ മാത്രമെ കണ്ടു നിൽക്കാനാകൂ. ലാൽ ജോസിന്റെ മിക്ക സിനിമയും മലയാളി ആഘോഷിച്ചു എന്നതുകൂടി ഇതിനോടൊപ്പം കൂട്ടിവായിക്കണം. നീന എന്ന അവസാന സിനിമയിലും മലയാള സിനിമയെ പ്രതാപത്തിലേക്കു കൈ പിടിച്ചു കൊണ്ടുപോകുന്നൊരു സംവിധായകനുണ്ട്.

Joshy - Laljose

പത്തുമണിക്ക് ഓഫീസിലെത്തുകയും നാലു മണിക്കു പുറത്തു പോകുകയും ചെയ്ത ശേഷം വീട്ടിലൊരു വെണ്ടത്തൈ നടാൻ പോലും സമയം കിട്ടാത്ത മലയാളി പഠിക്കേണ്ടത് ലാൽ ജോസിൽനിന്നാണ്. നിരന്തരം പല വഴികളിലൂടെ യാത്ര ചെയ്യുമ്പോഴും സ്വന്തം ജോലിയുടെ തിളക്കം കളയാതെ ലാൽ നടന്നു പോകുന്നു. മണ്ണിൽ ചവിട്ടിനിന്നുകൊണ്ടുതന്നെ യാത്ര ചെയ്യുക എന്നതാണ് ലാലിന്റെ സിനിമയെപ്പോലെ മനോഹരമായ പാഠമാണ്.

ഇടത്തരം കുടുംബത്തിൽനിന്നു വരികയും അതുമായിത്തന്നെ ഏറെക്കാലം ജീവിക്കുകയും ചെയ്ത ഒരാൾ ആദ്യം മോഹിക്കുക അതിൽനിന്നു വിട്ടു പോകാനാണ്. ചുറ്റും പരിചാരകരുമായി ന‌ടക്കുന്നതിന്റെ ആഢ്യത്വമാണു പലരുടെയും സ്വപ്നം. പ്രത്യേകിച്ചും സിനിമയിൽ. വിരൽ പുറകോട്ടു നീട്ടുമ്പോഴേക്കും കത്തിച്ച സിഗരറ്റ് വിരൽത്തുമ്പിൽ പിടിപ്പിച്ചുകൊടുക്കാൻ ആരാധകർ ഉണ്ടാകണം. കാറിന്റെ വാതിൽ തുറന്നു കൊടുക്കണം. അടിവസ്ത്രം വരെ പെട്ടിയിൽവച്ചു കൊടുക്കണം. പിന്നീടു പങ്കെടുക്കുന്ന ചടങ്ങുകൾ പോലും അത്തരം വമ്പൻമാരുടെ കല്യാണവും പുലകുളി അടിയന്തരവുമായിരിക്കും. കൂടെ യാത്ര ചെയ്തവരെപ്പോലും കാണില്ല. അലറി വിളിക്കുന്ന കോംപിയർമാരില്ലാത്ത വേദികളിൽ അവർ വരില്ല.

Vikramadithyan Team

സ്വന്തം സിനിമയുടെ ഭംഗി ലാൽ ജോസിന്റെ ജീവിതത്തിനുമുണ്ട്.അതു കാണുന്നതുതന്നെ സന്തോഷമാണ്. ഒരു പകൽ മുഴുവൻ ഭിന്നശേഷിയുള്ള ദരിദ്രരായ കുട്ടികളോടൊപ്പം യാത്ര ചെയ്തും സംസാരിച്ചുമിരുന്ന ശേഷം വൈകീട്ടു മതിവരാതെ അവരെ കെട്ടിപ്പിടിച്ചു മടങ്ങുന്ന ലാൽ ജോസിന്റെ ചിത്രം ഒരു പക്ഷെ ഞാൻ കണ്ട ലാൽ ജോസ് സിനിമകളോടൊപ്പംതന്നെ ഹൃദ്യമായിരുന്നു. ഇതെളുപ്പമല്ല. വന്ന വഴികൾ, കൂടെ നിന്നവർ, കൈവിട്ടുപോയവർ, അവഗണിക്കപ്പെട്ടവർ, താഴത്തെ പടവുകളിൽ ഇരുന്നു നോക്കുന്നവർ അങ്ങിനെ പലരെയും ചേർത്തു നിർത്തുക എളുപ്പമല്ല. പ്രത്യേകിച്ചും സിനിമയുടെ കോടികൾ കിലുങ്ങുന്ന ലോകം സ്വന്തമായുള്ളപ്പോൾ. മലയാളത്തിലെ ഏറ്റവും സമ്പന്നനായ സംവിധായകരിൽ മുൻ നിരയിലുള്ള ഒരാൾ ഈ മനുഷ്യനാണെന്നോർക്കണ. ഈ ചടങ്ങുകളും യാത്രകളും ഉപേക്ഷിച്ചാലും ലാൽ ജോസിനെ ആരും കുറ്റം പറയില്ല. ചുറ്റുമുള്ളവർക്കു വേണ്ടതു സിനിമയാണ്. ലാൽ ‌ഇതിനെല്ലാം നീക്കിവയ്ക്കുന്ന സമയംകൂടി എടുത്താൽ ചിലപ്പോൾ ലാൽ ജോസ് എന്ന സംവിധാകനും നിർമ്മാതാവിനും വിതരണക്കാനും ലക്ഷക്കണക്കിനു രൂപയുണ്ടാക്കാം. അതുകൊണ്ടു കൂടുതൽ ഭൂമി വാങ്ങുകയും കൂടുതൽ വലിയ കാറുകൾ വാങ്ങുകയും ചെയ്യാം. ഇതിനർഥം ഏതു ലൊട്ടുലൊടുക്കു ചടങ്ങിനും ലാലിനെ വിളിക്കാം എന്നല്ല. അയാളെ കൂടുതൽ സമയം സിനിമയിലേക്കു വിടേണ്ടതു നമ്മുടെ കടമയാണ് എന്നാണ്.

ലോഹിതദാസ് പറഞ്ഞതു ഇപ്പോഴും പ്രസക്തമാണ്. ‘അയാൾ മരുന്നുള്ള ഒരാളാണ്. ’ സിനിമയുടെ മരുന്നു മാത്രമല്ല. ജീവിതത്തിന്റെ മരുന്നും. ന്യൂ ജനറേഷൻ ലാൽ ജോസിൽനിന്നു സിനിമ പഠിക്കുമ്പോൾ കുറച്ചു സമയം ആ ജീവിതം കടന്നുപോകുന്ന വഴികളിലേക്കു കൂടെ കണ്ണോടിക്കണം. അവിടെക്കാണാം, മണ്ണിൽ ചവിട്ടിനിൽക്കുന്ന ഒരാളെ. അവിടെനിന്നു ഒരു ഫ്രെയിമെങ്കിലും സ്വന്തം ജീവതത്തിലേക്കു പകർത്തി സൂക്ഷിക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.