Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുലപ്പാലിൽ കിനിയുന്ന സംസ്കാരം

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
manikandan

ചിലർ അങ്ങിനെയാണ്. കാരിരുമ്പുകൊണ്ടുണ്ടാക്കിയ കത്തിപോലെ വാക്കുകൾ െനഞ്ചിനകത്തേക്കു കയറ്റും. എന്തും മറച്ചുവയ്ക്കാതെ പറയും. മറയില്ലാതെ തുറന്നഭിനയിക്കുകയും ചെയ്യും. സംസ്ഥാന ചലചിത്ര അവാർഡു കിട്ടിയ സമയത്തു മണികണ്ഠൻ ആചാരി എന്ന നടൻ സംസാരിച്ചതു കാരിരുമ്പിന്റെ ഭാഷയിലാണ്. ഒരു അവാർഡു വേളയില്‍ ഒരിക്കലും കേൾക്കാൻ സാധ്യതയില്ലാത്ത വാക്കുകൾ.

മികച്ച സ്വഭാവനനടനുള്ള അവാർഡു നേടിയപ്പോൾ മണികണ്ഠൻ പറഞ്ഞു. ‘ നടനെന്ന നിലയിൽ ഇതു വലിയ കാര്യമാണ്. എന്നാൽ എന്റ ജീവിതത്തിലും സ്വഭാവം ഏറെ മെച്ചപ്പെടണം എന്നതാണ് അതിലും വലിയ കാര്യം. ’ പല ചെറിയ താരങ്ങൾക്കു വേണ്ടിയും മണിക്കൂറുകളോളം ഞാൻ അവരുടെ മുറിക്കു പുറത്തു കാത്തിരുന്നിട്ടുണ്ട്. ഒന്നുമല്ലെന്ന് അറിയാവുന്ന പല നടിമാരുടെയും ഫോണിനു വേണ്ടി ദിവസങ്ങൾ കാത്തിരുന്നിട്ടുണ്ട്. വിളിച്ചാൽ ഫോണെടുക്കാത്ത ചിലർ, എടുത്താലും കൃത്യമായ മറ​ുപടി തരാത്ത മറ്റു ചിലർ. മണികണ്ഠൻ എന്ന നടൻ സംസ്ഥാന അവാർഡിന്റെ തിളക്കത്തിൽനിന്നുകൊണ്ടു സ്വയം പറയുന്നു, ജീവിതത്തിൽ ഇനിയും മെച്ചപ്പെടണം. അതിനാണ് ഈ അവാർഡ് എന്ന്.

manikandan

കൊച്ചി ചമ്പക്കര മാർക്കറ്റിലെ മീൻവെട്ടുകാരനായും ചുമടെടുപ്പുകാരനായും ചായക്ക‌ടയിലെ ജോലിക്കാരനായും അമ്പലപ്പറമ്പിലെ നാടകക്കാരനായും ജീവിച്ച മണികണ്ഠൻ സംസാരിക്കുന്നതു ആരും പെരുമാറ്റ ചട്ടം പഠിപ്പിച്ചിട്ടല്ല. ഒരു ബിരുദത്തിന്റെയും ബലത്തിലുമല്ല. കമ്മട്ടിപ്പാടം എന്ന സിനിമ മണികണ്ഠൻ എന്ന നടനെ മലയാള സിനിമയിലെ സ്ഥിരം നടന്മാരിൽ ഒരാളാക്കിയിരിക്കുന്നു. അദ്ദേഹത്തിനു അത്രയേരെ ആരാധകരുമുണ്ട്. കൊച്ചിയിൽ ഫുട്ബോൾ നടക്കുമ്പോൾ അതു കാണാനെത്തിയ മണികണ്ഠന്റെ മുഖം ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഗാലറികൾ ഇളകി മറിഞ്ഞതു കണ്ടിട്ടുണ്ട്. ആരായാലും ഭൂമിയിൽനിന്നു ഉയർന്നുപോകും.. ഇതിനെല്ലാം പുറമെ സംസ്ഥാന അവാർഡിന്റെ കിരീടം വേറെയും. എന്നെ എല്ലാവരും അറിയുന്നുവെന്ന അഹന്തയുടെ പുറത്തു സംസാരിക്കാവുന്ന സമയമാണിത്. എന്നിട്ടും മണികണ്ഠൻ സംസാരിച്ചതു സാധാരണക്കാരന്റെ ഭാഷയിലാണ്. ഭൂമിയിൽ കാലുറപ്പിച്ചുകൊണ്ടാണ്.

manikandan

വേർപെട്ടുപോയ രണ്ടു പേരെ മണികണ്ഠൻ ഓർമ്മിപ്പിക്കുന്നു. കലാഭവൻ മണിയെയും ലോഹിതദദാസിനെയും.. സ്വന്തം അച്ഛൻ മരിച്ചതിനു ശേഷം നാലോ അഞ്ചോ ദിവസങ്ങൾ കഴിഞ്ഞു മണി ഒരു പരിപാടിക്കു വേണ്ടി ഓടിയെത്തി. തിരിച്ചു പോകുമ്പോൾ പറഞ്ഞു, കർമ്മം പകുതിയാക്കി വച്ചിരിക്കുകയാണ്. വരാതിരുന്നാൽ നിങ്ങൾക്കു പ്രയാസമാകും എന്നറിയാം അതുകൊണ്ടു വന്നതാണ്. പോട്ടെ’. ആ വാക്കുകൾ നെഞ്ചിൽ കോരിയിട്ടതു തീയായിരുന്നു. ഇതിലും നന്നായി ആർക്കാണു പെരുമാറാനാകുക.. ഓട്ടോ ഡ്രൈവർമാരുടെയും ചുടമട്ടു തൊഴിലാളികളുടെയും കൂടെ ജീവിച്ചു വളർന്ന ഒരാളെ ഇങ്ങിനെ നന്നായി പെരുമാറാൻ പഠിപ്പിച്ചതു പേരിനൊപ്പമുള്ള ബിരുദങ്ങളല്ല. മുലപ്പാലിൽനിന്നു കിട്ടിയ സംസ്ക്കാരമാണ്. മണികണ്ഠൻ സംസാരിച്ചതും ഇതേ ഭാഷയിലാണ്.

My energy from Chambakkara fish market, says Manikandan| Manorama News

ഒരു ഉപകാരവും ഇല്ലാതെ എത്രയോ ചെറുപ്പക്കാരുടെ കഥ ലോഹി കേട്ടിട്ടുണ്ട്. അതിനെക്കു‌റിച്ചു ലോഹി പറഞ്ഞത്, ‍ഞാനാ കഥ കേട്ടു എന്നതുകൊണ്ടു ഒരു പക്ഷെ അവരിൽനിന്നു വലിയൊരു തിരക്കഥാ കൃത്തുണ്ടായേക്കും.. എനിക്കൊരു തീപ്പൊരി കൊടുക്കാനായേക്കും . ’ റിസപ്ഷനിൽനിന്നു പല തവണ വിളിച്ചാലും മറുപടി നൽകാതെ കാണാൻ വന്നവരെ മണിക്കൂറുകളോളം കാത്തിരിപ്പിക്കുന്നവരുടെ ഇടയിൽ ലോഹിയെ എന്നും ഓർക്കും. ലോഹി എല്ലാ ഹോട്ടലുകളിലും വാതിലുകൾ തുറന്നിട്ടു ചെറുപ്പക്കാരെ കണ്ടു. ചിലരോടു മാത്രം കലഹിച്ചു. സ്വന്തം കാറിൽ പലരെയും കുത്തിനിറച്ചു. അവരിൽ പലരും പിന്നീടു ലോഹി ആശയം മോഷ്ടിച്ചുവെന്നു പരാതിപ്പെട്ടു. അപ്പോഴും ലോഹി ചിരിച്ചു. വലിയൊരു ഖനി കയ്യിലുള്ളവർ ഒരു തുണ്ടു മുക്കുപണ്ടം തേടി പോകുമോ.

തിരക്കിനിടയിൽ എപ്പോഴോ വിട്ടുപോയ ഫോൺ സന്ദേശം നാലാം ദിവസം കണ്ടപ്പോൾ വളരെ ഭവ്യതയോടെ മാപ്പു ചോദിച്ച പ്രഭു എന്ന നടനെ കണ്ടിട്ടുണ്ട്. പല തവണ കണ്ടപ്പോളും പ്രഭു ആവർത്തിച്ചു, ‘ഞാൻ ഫോണെടുക്കാത്ത ആളല്ല കെട്ടോ’. ഞാൻ കാലു തൊട്ടു വന്ദിച്ച ശേഷം പോകാൻ ഒരുങ്ങുമ്പോൾ ശിവാജി ഗണേശൻ വീടിന്റെ പോർട്ടിക്കോവരെ വന്ന ശേഷം കാറിന്റെ വാതിൽ തുറന്നു തന്നു. തട‍ഞ്ഞപ്പോൾ പറഞ്ഞു, ‘നിങ്ങൾ അതിഥിയാണ്. ’ മലയാളത്തിലും ഇതുപോലെ പെരുമാറുന്നവർ പലരും ഉണ്ട്. എന്നാലും മണികണ്ഠനിൽനിന്നു മലയാളം പഠിക്കേണ്ടത് എങ്ങിനെ അവാർഡ് നേടി എന്നല്ല. അവാർഡ് നേടാൻ ആർക്കും കഴിയും.

ആ തിളച്ചു പൊങ്ങുന്ന സമയത്തു ഞാൻ ഇനിയും ലോകത്തോടു നന്നായി പെരുമാറാൻ കഴിയണമെന്ന പ്രാർഥനയാണു മലയാളം കണ്ടു പഠിക്കേണ്ടത്. മണികണ്ഠൻ എന്ന നടനെ ജൂറി കണ്ടെത്തി. അതിലൂടെ ഹൃദയമുള്ള, ഭൂമിയിൽ കാലുറപ്പിച്ചു നിൽക്കുന്ന ഒരു മനുഷ്യനെ മലയാളികളും കണ്ടെത്തുന്നു. ഈ അവാർഡിലെ ഏറ്റവും സന്തോഷകരമായ നിമിഷവും അതാകാം. ആരെയെങ്കിലു കുറിച്ചു നന്നായി എഴുതുമ്പോൾ പുറകിൽ കമന്റു വരും ‘എന്തു കിട്ടി’ എന്ന്. മണികണ്ഠനെ ഞാൻ നേരിൽ കണ്ടിട്ടില്ല. ഒരു തവണപോലും ഫോണിൽ സംസാരിച്ചിട്ടുമില്ല.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.