Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജു വാരിയരുടെ മൂക്കും മലയാള സിനിമയും

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
manju

സുഹൃത്തും ഭാര്യയും രാത്രി വളരെ വൈകിയാണു വിളിച്ചത്. അവരുടെ കുടുംബസദസ്സിൽ ഒരു തർക്കം നടക്കുന്നു. അതിന്റെ സത്യമറിയാൻ വിളിച്ചതായിരുന്നു. രാത്രി വൈകിയതിനു ക്ഷമ ചോദിച്ചുകൊണ്ടാണ് ചോദിച്ചത്. ‘മഞ്ജു വാരിയരുടെ മൂക്ക് ഓപ്പറേറ്റ് ചെയ്തു ശരിയാക്കിയതാണോ, അല്ലേ ?

ഉറക്കത്തിൽനിന്നും എഴുനേറ്റതിനാൽ പെട്ടെന്നു മനസ്സിലായില്ല. അവർക്ക് എന്തോ സംഭവിച്ചു എന്നാണു തോന്നിയത്. ഒരു മിനിറ്റു കഴിഞ്ഞാണു കാര്യം മനസ്സിലായത്. മഞ്ജുവിനെ അടുത്തറിയാമെങ്കിലും അവരുടെ മൂക്കുമായി അത്ര പരിചയമില്ലാത്തതിനാൽ കൃത്യമായ ഉത്തരം പറഞ്ഞില്ല. മഞ്ജു മൂക്കിനേക്കുറച്ചു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത് ഇതാണ്,

‘എനിക്കു ജീവിക്കാൻതന്നെ സമയം കിട്ടിയിട്ടില്ല. പുതിയ ജീവിതം തുടങ്ങുമ്പോൾ അത്യാവശ്യം പിടിച്ചു നിൽക്കാനുള്ള പണമേ കയ്യിലുണ്ടായിരുന്നുള്ളു. അതിനിടയിൽ ആരെങ്കിലും മൂക്ക് ഓപ്പറേറ്റ് ചെയ്യാൻ പോകുമോ. അന്നും ഇന്നും എന്റെ മൂക്കിനു ഉള്ള ഭംഗിയേ ഉള്ളു. കൂടിയിട്ടില്ല, കുറഞ്ഞുവോ എന്നറിയില്ല. ഇതു കേട്ടു മടുത്തിരിക്കുന്നു.

സ്വകാര്യ സംഭാഷണം അനുമതിയില്ലാതെ പുറത്തു പറയുന്നതു ശരിയോ എന്നറിയില്ല. ആ കുട്ടി പറഞ്ഞതു കേട്ടാലും ആളുകൾ വിശ്വസിക്കണമെന്നുമില്ല. രണ്ടു മൂക്കുകളുടേയും ഫോട്ടോ എടുത്തു ഓപ്പറേഷൻ നടത്തി എന്നു സ്ഥാപിക്കാൻ ശ്രമിക്കും. മഞ്ജുവാരിയരുടെ മൂക്കു കാണുവാനായി ആരും 14 വർഷം മുൻപോ ഇപ്പോഴോ തിയറ്ററിൽ പോയിട്ടില്ല. അവരുടെ ഭംഗിയും അഭിനയവും കാണാനാണു പോയത്. മൂക്കുകൊണ്ടുമാത്രമായി അവർ അഭിനയിച്ചതായും അറിവില്ല.

തന്റെ മൂക്കിനു ചന്തം പോരാ എന്നു തോന്നിയിട്ടുണ്ടെങ്കിൽ അതു ശരിയാക്കാൻ മഞ്ജുവിനു അധികാരമുണ്ട്. കയ്യിൽ ചില്ലാനം വേണം എന്നു മാത്രം.അവരതു ചെയ്തു ചെയ്ട്ടില്ല എന്നു പറഞ്ഞ സ്ഥിതിക്കു അതു വിശ്വസിക്കുക. അല്ലെങ്കിൽ കള്ളം പറഞ്ഞുവെന്നു കരുതി വിട്ടേക്കുക. മലയാളി അതേക്കുറിച്ചു ഇത്രയേറെ ആശങ്കപ്പെടേണ്ട ആവശ്യമുണ്ടോ. നടി എന്ന നിലയിലോ നർത്തകി എന്ന നിലയിലോ മഞ്ജുവിനെ ആസ്വദിക്കാൻ മൂക്ക് തടസ്സമാകുന്നുവെങ്കിൽ മാത്രം അതേക്കുറിച്ച് ആലോചിച്ചാൽപ്പോരെ.

manju

ഇത്രയും തികച്ചും സ്വകാര്യമായ കാര്യങ്ങളിലുള്ള ഒളിഞ്ഞു നോട്ടം ഒരു പാടു തവണ കാണേണ്ടിയും കേൾക്കേണ്ടിയും വന്നിട്ടുണ്ട്. താരങ്ങൾ വിഗ്ഗ് ഉപയോഗിക്കുന്നുണ്ടോ അതോ ശരിക്കുള്ള മുടിയാണോ എന്നു ചോദിക്കാത്തവർ കുറവാണ്. ഇവരുടെ തലയിൽ വിഗ്ഗ് ഉണ്ടോ ഇല്ലയോ എന്നതാണോ ഇവരുടെ അഭിനയ പാടവം തെളിയിക്കുന്നത് ? നായകൻ മൊട്ടയടിച്ച് അഭിനയിച്ച സിനിമകൾ പലതും അവരുടെ അഭിനയ ജീവിതത്തിലെ തിളങ്ങുന്ന നിമിഷങ്ങളാണ്. തലയിൽ മുടിയില്ല എന്നതിന്റെ പേരിൽ ആരും ഈ സിനിമകൾ കാണാതിരുന്നിട്ടില്ല. മുടി കറുപ്പിക്കുക, വിഗ്ഗ് വയ്ക്കുക തുടങ്ങിയവയെല്ലാം തികച്ചും വ്യക്തി പരമായ കാര്യമാണ്. സിനിമപോലുള്ളൊരു വ്യവസായത്തിൽ ശരീരവും ഭംഗിയും വലിയ ഘടകമായതിനാൽ അതിലുള്ള അഭിനേതാക്കളിൽ 99 ശതമാനവും അതു സംരക്ഷിക്കാനാവശ്യമായ കാര്യങ്ങളും ചെയ്യും.

സിനിമയിലെ താരങ്ങൾ അഭിനയിക്കുന്നുണ്ടോ എന്നു മാത്രം നോക്കിയാൽ പോരെ. പണം കൊടുത്തു ടിക്കറ്റെടുത്തു സിനിമ കാണാൻ പോകുമ്പോൾ മൂക്കും, വിഗ്ഗും , തടിയും നോക്കിയിരുക്കുമ്പോൾ കൊടുത്ത പണം വെറുതെ പോകുകയാണ് എന്നെങ്കിലും മനസ്സിലാക്കേണ്ടെ.

അടുത്ത കാലത്തു പതിനഞ്ചു കിലോയോളം കുറച്ചൊരു നടിയേക്കുറിച്ചു വളരെ ആധികാരികമായി ഒരാൾ പറഞ്ഞു, ‘അതു മുംബൈയിൽപോയി ആരുമറിയാതെ ഓപ്പറേഷൻ നടത്തി തടി കുറച്ചതാണ്. അല്ലെങ്കിൽ ഇങ്ങിനെ തടി കുറയില്ല . ആറുമാസത്തിനകം അവർ വീണ്ടും പഴയ തടിയാകും എന്നുറപ്പാണ്. തനിക്കു പ്രിയപ്പെട്ട ഭക്ഷണമെല്ലാം ഉപേക്ഷിച്ച്, വെളുപ്പിന് എഴുന്നേറ്റു നടന്നു നടന്നു അവർ കുറച്ച തടിക്കു അവർ മാത്രമാണ് ഉത്തരവാദി എന്നുറപ്പാണ്. ഭക്ഷണത്തോടുള്ള കൊതി മൂത്ത സമയത്തു മുറിയിൽ അടച്ചിരിക്കുകപോലും ചെയ്തു. തടി കുറച്ചതു നന്നായി എന്നു പറയുന്നതിനു പകരം ആറുമാസത്തിനകം പഴയതുപോലെ തടിച്ചിയാകുമെന്നു പ്രതീക്ഷിക്കുകയാണു പലരും ചെയ്യുന്നത്.

അഭിനേതാക്കളെ അവരുടെ അഭിനയം കൊണ്ടുമാത്രം വിലയിരുത്തുകയും സ്നേഹിക്കുകയും വേണം. ക്ലിന്റ് ഈസ്റ്റുവുഡിനു പ്രായമായി എന്നതിന്റെ പേരിൽ അദ്ദേഹത്തെ നമുക്കു വെറുക്കാനാകുമോ ? കഷണ്ടി ഉണ്ട് എന്നതിന്റെ പേരിൽ ഫഹദ് ഫാസിലിനെ വെറുക്കാനാകുമോ ? തലയും മൂക്കും മുടിയുമെല്ലാം അവർക്കിഷ്ടംപോലെ കൊണ്ടു നടക്കട്ടെ. ഇവരുടെയെല്ലാം നല്ല വേഷങ്ങൾക്കു മാത്രമായി നമുക്കു കാത്തിരിക്കാം. മൂക്കിനെ വെറുതെ വിടുക. മലയാളിയുടെ സ്വാതന്ത്യ്രം മഞ്ജുവാരിയരുടെ മൂക്കിൻ തുമ്പത്ത് അവസാനിക്കുന്നു എന്നെങ്കിലും ഓർക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.