Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിനെ കണ്ട് വിതുമ്പിയ നാലാം ക്ലാസുകാരി

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്

നാലാം ക്ളാസിൽ പഠിക്കുന്ന ആ കുട്ടി മഞ്ജുവാരിയരെ കണ്ടപ്പോൾ വിതുമ്പി. എന്തിനാണ് കരയുന്നത് ? മറുപടി പറഞ്ഞില്ല. അപ്പോഴും മൈക്കിൽ അനൗസ്മെന്റ് തുടരുകയായിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ട നാലാം ക്ളാസുകാരനു നൽകുന്ന സ്കോർഷിപ്പു മഞ്ജു വാരിയർ സമ്മാനിക്കും.

അച്ഛനും അമ്മയും മരിച്ചുവെന്നു കേട്ടപ്പോഴാണു കുട്ടി വിതുമ്പിപ്പോയത്. മ‍ഞ്ജുവിനോടു ചേർന്നു നിന്നു സമ്മാനം വാങ്ങുമ്പോൾ എന്തെല്ലാമോ മഞ്ജു ആ കുട്ടിയുടെ ചെവിയിൽ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. പോകുന്നതിനു മുൻപു വീണ്ടും എന്തോ പറഞ്ഞു. കണ്ണീർ തുടച്ച് അവസാനം കുട്ടി ചിരിച്ചു. കൂട്ടുകാർ വച്ചുകൊടുത്ത വീടിന്റെ രേഖ വാങ്ങുന്ന കുട്ടിയുമായും മഞ്ജു ഏറെ നേരെ സംസാരിക്കുന്നുണ്ടായിരുന്നു. അട്ടപ്പാടിയിലെ കാരറ എന്ന കുഗ്രാമത്തിൽ ആദിവാസികൾ അടക്കമുള്ളവരുമായ കൈ കൊടുത്തും, ഫോട്ടോയ്ക്ക് പോസു ചെയ്തുമെല്ലാം മഞ്ജു സഹോദരിയെപ്പോലെ പെരുമാറി. പിടിച്ചു വലിച്ചപ്പോഴും തിരിക്കി കൊണ്ടുപോയപ്പോഴുമൊന്നും അസ്വസ്ഥത പ്രകടിപ്പിച്ചില്ല.

പലപ്പോഴും സ്നേഹം പരിധി കടക്കുമ്പോൾ സിനിമാ താരങ്ങൾ അസ്വസ്ഥരാകും. അതു ഗൾഫിലായാലും അട്ടപ്പാടിയാലായും ഒരു പോലെയാണ്. അവർക്കു അവരുടെതായ കാരണങ്ങൾ ഉണ്ടാകാം. ആരാധന ഒരടിവരെ അകലെ നിൽക്കുന്നതാണു പലർക്കും താൽപര്യം. ഇത്രയേറെ ഇടപഴകി ഒരു നടി പെരുമാറുമെന്നു കരുതുക വയ്യ.

മനോരമയുടെ നല്ല പാഠം പരിപാടിയിൽ കാരറ ഗവണ്‍മെന്റ് യുപി സ്കൂളിനു സംസ്ഥാനത്തു ഒന്നാം സ്ഥാനം കിട്ടിയത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളുമായും മത്സരിച്ചു നേടിയൊരു സമ്മാനം. അതും അട്ടപ്പാടിയിലെ കാരറ പോലുള്ളൊരു കുഗ്രാത്തിൽനിന്ന്. അതു സമ്മാനിക്കാനെത്തിയതായിരുന്നു മഞ്ജു.

അഗളിയിലെക്കു ചുരം വഴി കാർ കയറിക്കൊണ്ടിരിക്കെ മഞ്ജു വാരിയർ പറഞ്ഞു, ഭംഗിയുള്ള ഈ സ്ഥലങ്ങൾ പലതും കാണാതെ നാം ദൂരെ ഭംഗി തോടിപ്പോകും. അട്ടപ്പാടി ഇത്ര അടുത്തായിട്ടുപോലും ഇതുവരെ വരാൻ തോന്നിയില്ല. അട്ടപ്പാടിയെന്നു പറഞ്ഞാൽ ഒരു ദരിദ്രഭൂമിയെന്നായിരുന്നു മനസ്സിൽ. സൈലന്റ് വാലി അവിടെ ഉണ്ടായിട്ടുപോലും മനസ്സിൽ ആശങ്കയായിരുന്നു. കേരളത്തിലായിട്ടും സൈലന്റ് വാലി കണ്ടിട്ടില്ലെ എന്നു മുംബൈയിൽവച്ചു ഒരാൾ ചോദിച്ചപ്പോൾ സത്യത്തിൽ നാണിച്ചു പോയി.

അട്ടപ്പാടിയിലെ ഒരു കുഗ്രാമത്തിലേക്കു മഞ്ജുവിനെ വിളിച്ചപ്പോൾ മഞ്ജു മണാലിയിൽനിന്നും 125 കിലോമീറ്റർ അകലെ മഞ്ഞുമലയിലായിരുന്നു. റാണി പത്മിനി എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ. അട്ടപ്പാടിയിലെക്കു വരണമെന്നു പറഞ്ഞപ്പോൾ തിരിച്ചെത്തിയ ശേഷം പറയാമെന്നു പറഞ്ഞു. രക്ഷപ്പെടാൻ വേണ്ടി പലരും പറയുന്നൊരു വാക്കാണിത്. തിരിച്ചു വരുന്നതുവരെ ഈ വാക്കുകൊണ്ടു രക്ഷപ്പെടാം. തിരിച്ചു വന്നാൽ വേറെ നല്ല കള്ളം ആലോചിക്കാം. മണാലിിൽനിന്നും തിരിച്ചുവരുമ്പോൾ ഡൽഹിയിൽനിന്നു വിമാനമിറങ്ങി തൃശൂരിലെ പുള്ളിലുള്ള വീട്ടിലേക്കു യാത്രക്കിടയിൽ മഞ്ജു വിളിച്ചു ചോദിച്ചു, എന്നാണു അട്ടപ്പാടിയിലെ പരിപാടി ? മഞ്ജുവിനെ അടുത്തറിയാമായിരുന്നുവെങ്കിലും ഈ യാത്ര മനസ്സിൽ ഒാർമ്മിച്ചുവച്ചു തിരിച്ചു വിളിക്കുമെന്നു കരുതിയില്ല.

‍രാവിലെ ഏഴിനുതന്നെ വീട്ടിൽനിന്നിറങ്ങേണ്ടിവന്നു. വീട്ടിയാത്രക്കിടയിൽ മഞ്ജു കാടിനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും സംസാരിച്ചു. മണാലിയിലും റോത്തങ്പാസിലും മഞ്ഞിലൂടെ നടന്നതിനെക്കുറിച്ചു പറഞ്ഞു. അവിടെ കണ്ട ഗ്രാമീണരുടെ സങ്കടങ്ങളെക്കുറിച്ചും നാം അനുഭവിക്കുന്ന ഭാഗ്യങ്ങളെക്കുറിച്ചും പറഞ്ഞു.

അഗളിക്കടുത്തു മുക്കാലിയിൽനിന്നു തിരിഞ്ഞാണു കാരറയ്ക്കു പോകുന്നത്. വളരെ നേർത്ത തകർന്നു തുടങ്ങിയ റോഡ്. ഇരുവശവും കുറെ മൊട്ടക്കുന്നും കുറച്ചു വീടുകളും. തലയിൽ പുല്ലും വിറകും ചുമന്നുപോകുന്ന സ്ത്രീകളെ കണ്ടു.പലരും പ്രായം ചെന്നവർ. വഴിയിൽ പലരും മഞ്ജു വരുന്നുവെന്നറിഞ്ഞു കാത്തുനിന്നവരാണ്. വണ്ടി നിർത്തി അവരോടു സൗഹൃദം പങ്കിട്ടു. ചിലർ തൊട്ടു നോക്കി, ചിലർ ചിരിച്ചുകൊണ്ടു മറുപടി പറയാതെ നിന്നു.

കാരറയിൽ മഞ്ജു എത്തിയതു എത്രയോ കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ആവേശമാകുമെന്നുറപ്പാണ്. കാരണം, അവരുടെ ചെറിയ സ്കൂൾ സംസ്ഥാനത്തിന്റെ നെറുകയിലേക്കു അടിവച്ചു കയറിയതിന്റെ സ്നേഹം പങ്കിടാനാണു മഞ്ജു എത്തിയത്. താരത്തെ കാണുന്നതിലുപരി അവരുടെ നാടുണ്ടാക്കിയൊരു നേട്ടത്തെ അംഗീകരിച്ചതിലുള്ള സന്തോഷമായിരുന്നു ഏവർക്കു പറയാനുണ്ടായിരുന്നത്. അട്ടപ്പാടിയിലെ ഒരു യുപി സ്കൂൾ ഇത്രയേറെ ഭാവനാ സമ്പന്നതോടെ ചിന്തിക്കുമെന്നു ആരും കരുതില്ല. അവർ ഗോത്രഭാഷയുടെ നിഘണ്ടു ഉണ്ടാക്കിയിരിക്കുന്നു. ആദിവാസി ഊരുകളിൽ പോഷകാഹാരമില്ലാതെ കിടക്കുന്ന ഗർഭിണികളായ അമ്മമാരെ കണ്ടെത്തി അവർക്കു പോഷകാഹാരം വീട്ടിലെത്തിച്ചു കൊടുത്തിരിക്കുന്നു. അതും മണിക്കൂറുകൾ മല നടന്നു കയറിയ ശേഷം. ഇതെല്ലാം ചെയ്തതിള്ള സമ്മാനം മഞ്ജുവിന്റെ സാന്നിധ്യമാണ്.

ഏതെങ്കിലുമൊരു കട ഉദ്ഘാടനത്തിനു പോയാൽ പഞ്ചനക്ഷത്ര സൗകര്യത്തോടെ യാത്ര ചെയ്യുകയും നല്ല പ്രതിഫലം വാങ്ങുകയും ചെയ്യാം. പ്രാഥമികസൗകര്യംപോലും നിർവഹിക്കാൻ സൗകര്യമില്ലാത്ത വഴികളിലൂടെ മണിക്കൂറുകൾ യാത്ര ചെയ്താണ് ഈ നടി അവിടെ എത്തിയത്. അതിനവർക്കു നന്ദിയല്ലാതെ പ്രതിഫലവും കിട്ടില്ല. യാത്ര പ്രതീക്ഷിച്ചതിലും നീണ്ടതിനാൽ പരിപാടി വൈകി. തിരിച്ചിറങ്ങാനും വൈകി. വൈകീട്ടു മുംബൈയിലെക്കു പോകേണ്ടതിനാൽ കൂടുതൽ സമയം അവിടെ ചിലവിടാനായില്ല. കാർ കുന്നിറങ്ങുമ്പോൾ മഞ്ജു പറഞ്ഞു, ‘തീരെ സമയമില്ലാത്തതുകൊണ്ടാണ്. അവർ കരുതിവച്ച ഭക്ഷണം കഴിച്ചു വൈകീട്ടുവരെ അവരുടെ കൂടെനിന്നു പോരേണ്ടതായിരുന്നു. അവർ കാണിച്ചത് എന്തൊരു അടുപ്പമാണ്. പല ചടങ്ങിലും ഇത്രയേറെ അടുപ്പം ആരും കാണിക്കാറില്ല. ’

കുട്ടികൾ സമ്മാനിച്ച പൊതി പതുക്കെ അഴിച്ചു നോക്കി. ഹോർലിക്സ് കുപ്പിയിൽ നിറയെ കാട്ടുതേൻ. ഭംഗിയായി കണ്ണാടി കൂട്ടിൽ വച്ചൊരു പഴയ കുഴലും. കുറെക്കാലം ആരോ ഉപയോഗിച്ചൊരു ഒരു ആദിവാസി സംഗീതോപകരണമാണ്. കുപ്പിയുടെ പുറത്തുകൂടി ഒലിച്ചിറങ്ങിയ തേൻ വിരലിലെടുത്തു നുണഞ്ഞു നോക്കി. ദിവസങ്ങൾ കഴിഞ്ഞ ശേഷം പുള്ളിലെത്തിയപ്പോൾ വലിയ അംഗീകാരങ്ങൾക്കൊപ്പം ആ കുഴലും ചേർത്തു വച്ചിരിക്കുന്നതു കണ്ടു. ചടങ്ങുകൾ സ്മരണീയമാകുന്നതു ആർഭാഡം കൊണ്ടല്ല,ഹൃദയത്തിന്റെ നിറം കൊണ്ടാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.