Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൽ എന്നും എപ്പോഴും പഠിക്കുന്ന കുട്ടി

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്

ഈ ഫോട്ടോ കുറച്ചു മാസങ്ങൾക്കു മുൻപു ആശുപത്രിക്കിടക്കയിൽനിന്നെടുത്തതാണ്. എന്നായിരുന്നു അതെടുത്തതെന്ന് ഒാർമ്മയില്ല. ഫോട്ടോ എടുക്കാൻ പറഞ്ഞതു ലാൽതന്നെയാണ്. ‘നിന്നതും കിടന്നതും ഇരുന്നതും ഒാർമ്മവേണം. അതുകൊണ്ടു നമുക്കൊരു പടമെടുക്കാം.’

മൊബൈലിലായിരുന്നു പടമെടുത്തത്. പിന്നീടതു മറന്നു. സ്വകാര്യ ആവശ്യത്തിനെടുത്തതായതിനാൽ അതു എവിടെയും ഉപയോഗിച്ചതുമില്ല. എന്നാൽ ലാലിന്റെ അമ്മ ആശുപത്രിൽ ചെക്കപ്പിനു പോയി എന്നു ലാൽ പറഞ്ഞപ്പോഴാണു ഇതേക്കുറിച്ചോർത്തത്. ലാലിനോടു ചോദിച്ചുകൊണ്ടു ഈ ചിത്രം പുറത്തു വിടുന്നു.

ആശുപത്രിയിൽ പോയി കണ്ട ദിവസം ലാലിന്റെ പുറം വേദന മാറിയിട്ടുണ്ടായിരുന്നു.ജോലിത്തിരക്കിൽ ശ്രദ്ധിക്കാതെ പോയ ശരീരത്തിനു കാലം സമ്മാനിച്ചതാണു പുറം വേദന. ഇടയ്ക്കതുവരും പിന്നീടു പോകും. ആശുപത്രിക്കിടക്കയിൽ കിടന്നു മുഴുവൻ സമയവും ലാൽ സംസാരിച്ചതു കുട്ടികളെക്കുറിച്ചാണ്. തനിക്കുണ്ടായിരുന്ന വേദനയെക്കുറിച്ചു പറഞ്ഞതെയില്ല. അമൃതയിലെ പ്രശസ്ത ഡോക്ടർ ഡോ.എ.ആനന്ദ്കുമാറും ഇതേ ആശങ്ക പങ്കുവയ്ക്കാനായി ഏറെ നേരം ലാലിനോടൊപ്പമുണ്ടായിരുന്നു.

കുട്ടികളെ ഏറ്റവും ശ്രദ്ധിക്കേണ്ടതു അഞ്ചുവയസ്സുവരെയാണെന്നായിരുന്നു ലാൽ ദിവസങ്ങളോളം വായിച്ച ശേഷം കണ്ടെത്തിയ കാര്യങ്ങളിലൊന്ന്. അവർ എന്താകണമെന്നു തീരുമാനിക്കുന്നതുപോലും ഈ സമയത്താണത്രെ. അവരുടെ തലച്ചോറിൽ ഭാവിയിലേക്കുള്ള എല്ലാ അടിത്തറയും രൂപപ്പെടുത്തുന്നതും ഈ പ്രായത്തിലാണെന്നു വായിച്ചു തള്ളിയ ന്യൂറോസയൻസ് പുസ്ത്കങ്ങളുടെ പിൻബലത്തോടെ ലാൽ സംസാരിച്ചുകൊണ്ടിരുന്നു. പ്രണയം , സ്നേഹം,ഭക്തി,അറിവ് എന്നിവയെല്ലാം രൂപപ്പെടുത്തുന്ന പ്രായം ഇതാണത്രെ. ഈ സമയത്തു നൽകുന്ന ശ്രദ്ധയിലൂടെ ഒരു കുട്ടിയുടെ ഭാവിതന്നെ മാറി മറഞ്ഞേക്കാം. ഈ പ്രായത്തിൽ വീഴുന്നൊരു വിത്ത് അവന്റെ തലച്ചോറിൽ അവന്റെ വഴിയുടെ ദിശ തിരിച്ചു വിട്ടേക്കാം. ഈ പ്രായത്തിനു ശേഷം കുട്ടികൾ പതുക്കെ കളിമണ്ണുപോലെ ഉറച്ചു തുടങ്ങും. പിന്നീടു നമുക്കു കാര്യമായി ഒന്നും ചെയ്യാനില്ലത്രെ.

്എഴുത്തുകാരനായ ആനന്ദകുട്ടന്റെ മകൻ ഡോ.ആനന്ദ്കുമാറും കുട്ടികളെ നേരത്തെ അറിഞ്ഞു സ്നേഹിക്കുകയും വഴി തിരിച്ചു വിടുകയും ചെയ്യണമെന്ന വാദം ശരിവയ്ക്കുന്നു. കുട്ടികളെ ശരിയായ വഴി തിരിച്ചു വിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ഏറെ സ്വപ്നം കാണുന്നയാളാണു ആനന്ദ്കുമാർ. ലാലിന്റെ ഏറ്റവും വലിയ ആശങ്ക നമ്മുടെ അധ്യാപകരും രക്ഷിതാക്കളും പലപ്പോഴും നിർണ്ണായമായ ഈ സമയത്തെക്കുറിച്ചറിയുന്നില്ല എന്നതായിരുന്നു.

പ്ളസ് ടു പഠിക്കുമ്പോൾ കുട്ടി ആരാകണമെന്നു തീരുമാനിക്കുന്ന നമ്മുടെ നാട്ടിൽ ചെറു പ്രായം തീരെ ശ്രദ്ധിക്കാതെ വിട്ടു കളയാനുള്ള പ്രായമാണ്. എട്ടാം ക്ളാസ് എത്തുമ്പോഴേക്കുമാണു കുട്ടിയെ പതുക്കെ പിടിച്ചു രൂപപ്പെടുത്തി തുടങ്ങുക. അപ്പോഴേക്കും കുട്ടിയുടെ തലച്ചോർ മറ്റു പലതും തീരുമാനിച്ചുകാണുമെന്നു ലാൽ പറഞ്ഞു. കുട്ടികൾ ലഹരി ഉപയോഗിക്കുന്നതു 12നും 17നും ഇടയിലുള്ള പ്രായത്തിലാണെന്നു അടുത്ത കാലത്തു നടത്തിയൊരു പഠനത്തിൽ പറയുന്നു. പഠന റിപ്പോർട്ട് പുറത്തുവരാനിരിക്കുന്നതെയുള്ളു.

ആശുപത്രിയിൽ കടുത്ത വേദനയിൽ കിടക്കുമ്പോഴു ചാഞ്ഞും ചാഞ്ഞുമിരുന്നു വായിച്ചും ഡോക്ടർമാരോടു സംസാരിച്ചും ലാൽ പഠിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. ആയുർവേദ ആശുപത്രിയിൽ തിരുമ്മലിനായി കിടന്ന രണ്ടാഴ്ച ലാൽ അക്വേറിയമുണ്ടാക്കുന്നതിനെക്കുറിച്ചാണു സംസാരിച്ചിരുന്നത്. കടൽ വെള്ളത്തിൽ ജീവിക്കുന്ന മത്സ്യങ്ങൾ, അവയ്ക്കു നല്ല നിറമുണ്ടകാനുള്ള കാരണങ്ങൾ അങ്ങിനെ പലതും. അതീവ മർദ്ദത്തിൽ ജീവിക്കുന്നൊരു കടൽജീവിയെ പിടിച്ചു പുറത്തു കൊണ്ടുവന്നാൽ അതൊരു പടക്കംപോലെ പൊട്ടുമെന്നു പറയുന്ന ഏതോ ലേഖനത്തിന്റെ കട്ടിംങ് ലാൽ കാണിച്ചുതന്നു. കടലിന്റെ അടിത്തട്ടിലെ മാസ്മര ലോകത്തെക്കുറിച്ചു പറയുന്ന പുസ്തകങ്ങൾ തേടലായിരുന്നു അന്നത്തെ ജോലി. അക്വേറിയ മുണ്ടാക്കുന്ന പലരെയും അന്നു ലാൽ വിളിച്ചു വരുത്തി കണ്ടു. വീട്ടിൽ നിറയെ കടൽ ചെടികൾ നിറച്ചൊരു അക്വേറിയം നിർമ്മിച്ചു. വീടിനു മുന്നിൽ നിറയെ മീനുകളെ വളർത്തി.

അതിനു മുൻപൊരു ആശുപത്രി വാസക്കാലത്താണു ലാൽ പുരാതന നഗരമായ മാച്ചുപ്പിച്ചുവിനെക്കുറിച്ചു പഠിച്ചത്. ലോകത്തിലെ ഏറ്റവും പുരാതന സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങളുള്ള നഗരമാണു മാച്ചുപ്പിച്ചു. അതിനും മുൻപു ആശുപത്രിക്കാലത്തു ചിത്രകലയെക്കുറിച്ചു പഠിച്ചു. പിന്നീടു പെയിന്റിംങ്ങളുടെ വലിയ ശേഖരം സ്വന്തമാക്കിയതിനു പിന്നീടായിരുന്നു. എം.എഫ്.ഹുസൈൻ വരച്ചു ‘മോഹൻലാലിന്’ എന്നെഴുതിയ ചിത്രം അഹങ്കാരത്തോടെ ലാലിന്റെ വീട്ടിലിരിപ്പുണ്ട്.നമ്പൂതിരിയുടെ എത്രയോ സ്കെച്ചുകൾ ഗാലറി നിറഞ്ഞിരിക്കുന്നു.

ഒാരോ ആശുപത്രിവാസത്തിനു ശേഷവും ലാൽ പുറത്തിറങ്ങുന്നതു പുതിയൊരു വിഷയത്തിലെ വിവരങ്ങളുമായിട്ടായിരിക്കും. എങ്ങിനെ കടൽ മീനിനെ വീട്ടിൽ വളർത്താം എന്നു പഠിച്ചിട്ടെന്തു കാര്യമെന്നു ചോദിക്കാം. അതൊന്നും ചോദിക്കരുത്. സ്കൂൾ വിട്ടു വരുമ്പോവ്‍ പുതിയ പുതിയ വഴികളിലൂടെ യാത്ര ചെയ്യാൻ മോഹിക്കുന്നൊരു കുട്ടിയുടെ മനസ്സായി ഇതിനെ കണ്ടാൽ മതി. വഴിയിൽ കണ്ട കാര്യം കുട്ടി വീട്ടിലുള്ളവരോടു പറഞ്ഞുകൊണ്ടിരിക്കും. ലാലും പഠിച്ച കാര്യം വേണ്ടപ്പെട്ടവരോടു പറഞ്ഞുകൊണ്ടിരിക്കും.

അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജഗ്ഗു സ്വാമി ലാലിന്റെ ഈപഠനത്തിനെല്ലാം സാക്ഷിയാണ്.ആശുപത്രിയിൽനിന്നു യാത്ര പറയുന്ന ദിവസം തന്നെ പരിചരിച്ചവർക്കു ലാൽ സദ്യ കൊടുത്തു. ഉണ്ണുമ്പോൾ ലാൽ പറഞ്ഞു, ‘ഡോക്ടർക്കു എല്ലാം കൂടുതൽ കൊടുക്കണം. വർഷങ്ങൾകൊണ്ടു പഠിച്ചെടുത്ത വിവരമെല്ലാം മണിക്കൂറുകൾകൊണ്ടു നമുക്കു തന്നിട്ടുപോയ ആളാണ്. ’ കിടക്കയിലേക്കു നീട്ടിവച്ച മേശയിൽ ഇലയിട്ടു ലാലും ഉണ്ടു. യാത്ര പറയുമ്പോൾ സ്വന്തം വീട്ടിൽനിന്നെന്നപോലെയാണു മടങ്ങിയത്. ആശുപത്രി വാസംപോലും ഇത്രയെ ആസ്വദിച്ചൊരു രോഗിയുണ്ടാകുമോ. വെറുതെ കിടക്കുന്നതിനെക്കുറിച്ചു ലാൽ പറഞ്ഞു,

‘വെറുതെ കിടക്കുമ്പോൾ ഞാൻ ചിന്തിക്കുക ഇങ്ങിനെ വെറുതെ കിടക്കുന്നതിനെക്കുറിച്ചാണ്. അപ്പോൾ അവിടെ കിടന്നുതന്നെ പലതും ചെയ്യാൻ തോന്നും. വേദനയെല്ലാം മറന്നുപോകും. വേദന വരുന്ന വഴികളെക്കുറിച്ചാലോചിച്ചാൽപ്പോലും വേദന ഇല്ലാതാകും. വേദന എന്നതു തലച്ചോറിൽ കിട്ടുന്നൊരു സിഗ്നലിന്റെ ..................................... ’ ലാൽ പറഞ്ഞു കൊണ്ടിരുന്നു. ഇന്നസെന്റ് ആശുപത്രിയിൽ കിടക്കുന്ന കാലത്തു ലാൽ ലോകത്തിന്റെ പല ഭാഗത്തുമുള്ള സുഹൃത്തുക്കളിൽനിന്നും കാൻസറിനെക്കുറിച്ചുള്ള വിവരം ശേഖരിക്കുകയായിരുന്നു. ഒരു പക്ഷെ ഇതെല്ലാം പിന്നീടു മറന്നു പോയേക്കാം. എന്നാലും ഈ മനുഷ്യൻ ഇടക്കിടെ പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.