Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാസർ, വെള്ളിവെളിച്ചത്തിലെ പച്ചമനുഷ്യൻ

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്

നാസറിനെ കാണുന്നതു ശ്രീനിവാസന്റേയും ഇന്നസെന്റിനേയും ഒപ്പം അവരുടെ കാരവനിൽ വച്ചാണ്. സാധാരണ നിലയിൽ വളരെ അടുത്തു പരിചയമില്ലാത്ത ഒരാളെ അതിനകത്തേക്കു വിളിച്ചിരുത്തില്ല. ഭക്ഷണം കഴിക്കുകയും വസ്ത്രം മാറുകയും ചെയ്യുന്ന സ്ഥലത്തു വിരുന്നുകാരനൊരു ബാധ്യതയാകും.

നാസർ അവരോടൊപ്പം ഇരിക്കുന്നു എന്നു മാത്രമല്ല അവരുടെ തമാശകൾ ആസ്വദിച്ചു തലമറിഞ്ഞു അലറിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങിനെയൊരു സുഹൃത്തിനേക്കുറിച്ചു രണ്ടുപേരും ഇതുവരെ സൂചിപ്പിച്ചിട്ടില്ല. സെറ്റുകളിലോ ചടങ്ങുകളിലോ കണ്ടിട്ടുമില്ല.

ഇന്നസെന്റാണു പരിചയപ്പെടുത്തിയത്. ‘ ഇതു നാസർ. ഞാൻ പറയുന്ന തമാശ കേട്ടു ശ്രീനിവാസൻ വേണ്ടത്ര നന്നായി ചിരിക്കുന്നില്ല എന്നു തോന്നിയപ്പോൾ ചിരിക്കാൻ വേണ്ടി വിളിച്ചു വരുത്തിയതാണ്. നന്നായി ചിരിക്കും. നമ്മുടെ അടുത്ത സുഹൃത്താണ്. അതു കേട്ടതോടെ നാസൻ ഇരുന്ന സോഫയിൽ കിടന്നു ചിരിച്ചു.

നിഷ്ക്കളങ്കമായ മുഖം. വളരെ കൗതുകത്തോടെ ആരേയും ആസ്വദിക്കുന്ന മനസ്സ്. പറയുന്ന ആൾക്കു തൃപ്തിവരുവോളം ആസ്വദിച്ചു ചിരിക്കുന്ന പ്രകൃതവും. നാസറിനേക്കുറിച്ചു അന്വേഷിച്ചതു പിന്നീടാണ്. 17 വർഷം മുൻപു സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച ചേലക്കരക്കാരൻ പിന്നീടു നാടക രംഗത്തേക്കു പോയി. പക്ഷെ വീടും ജോലിയും വീട്ടുകാര്യവുമായി നാട്ടിലായിരുന്നു കൂടുതൽ സമയവും. ശ്രീനിയുടെ സഹോദര തുല്യ സുഹൃത്തായ ഖാലിദിന്റെ അനുജനാണ്. നാസർ ഇപ്പോൾ രണ്ടാം ഘട്ട വിദ്യാഭ്യാസമെന്ന നിലയിൽ സ്കൂൾ ഓഫ് ഡ്രാമയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുകയാണ്.

സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റായും ജോലി ചെയ്തു.സിനിമയിലെ ഇപ്പോഴത്തെ തിരക്കേറിയ നിർമ്മാതാവായ ഇ ഫോർ എന്റർടെയ്മെന്റ് ഉടമ സാരഥിയെപ്പോലുള്ളവരെ വളരെ അടുത്തറിയാം. ഷിബു ബാലന്റെ പുതിയ ചിത്രത്തിന്റെ സെറ്റിലായിരുന്നു നാസറിനെ കണ്ടത്. ആ സിനിമയിൽ ചെറിയൊരു വേഷവുമുണ്ട്. ഷിബുവിന്റെ ടിവി സീരിയലുകളിലെ സ്ഥിരം നടനായിരുന്ന നാസർ ഷിബുവിനേയും അടുത്തറിയാം.

സിനിമയിൽ കയറിപ്പറ്റാൻ ചെറിയൊരു ഗ്യാപ്പു കിട്ടിയാൽ ഇടിച്ചു കയറി എന്തും ചെയ്യുന്നവരുടെ കാലമാണ്. മലയാളത്തിലെ ഒരു കഥപോലും പൂർണ്ണമായും വായിക്കാതെ തിരക്കഥ എഴുതാൻ ധൈര്യം കാട്ടിയ നിർമ്മാതാക്കൾ പോലുമുണ്ട്. ആദ്യ സിനിമ പൊട്ടിയപ്പോൾ അതു സംവിധായകന്റെ കുഴപ്പമാണെന്നു പറഞ്ഞു, സ്വയം സംവിധാനം ചെയ്ത നിർമ്മാതാവുണ്ട്. സുരേഷ് ഗോപിയുടേയും മോഹൻലാലിന്റെയും ഡെയ്റ്റ് കിട്ടാതെ വന്നപ്പോൾ സ്വയം നായകനായ നിർമ്മാതാവുമുണ്ട്. അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നു പറയുന്നതുപോലെ സിനിമയിലെ ഭൂരിഭാഗം പേർക്കും എന്തു ചെയ്യാനും മടിയില്ല. സ്റ്റൻഡു ചെയ്തിരുന്ന ഒരാൾ ഒരു സുപ്രഭാതത്തിൽ ഓഫീസിലൊരു കത്തുമായി വന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജയ്ക്കു ക്ഷണിക്കാൻ വന്നതായിരുന്നു. സ്റ്റൻഡു ചെയ്യുന്നതു പാപമല്ല, പക്ഷെ അതാണ് അറിയാവുന്ന ജോലി എന്നു തിരിച്ചറിയാത്തതു പാപമാണ്. അദ്ദേഹത്തിന്റെ സിനിമാ സംവിധാനവും സ്റ്റൻഡുപോലെ അടിപിടിയിൽ കലാശിച്ചു.

മലയാള സിനിമയിലെ മുൻനിരക്കാരുമായി വളരെ അടുത്തു പരിചയമുള്ള നാസർ കുഴപ്പമില്ലാത്ത നടനാണ്. ഇന്നുവരെ തന്റെ സൗഹൃദം ഉപയോഗിച്ചു നാസൻ അവസരം വാങ്ങിയിട്ടില്ല. നാസൻ അതിനുവേണ്ടി ഇറങ്ങിത്തിരിച്ചിരുന്നുവെങ്കിൽ എത്രയോ വേഷങ്ങളിൽ നാസറിനെ കാണാമായിരുന്നു. വളയാത്ത നട്ടെല്ലുമായി ജീവിക്കുക എന്നതു സിനിമയിൽ വളരെ അപൂർവ്വമാണ്. താരങ്ങളുടെ ജാഡയ്ക്കു മുന്നിലും സംവിധായകരുടെ ധാർഷ്ട്യത്തിനു മുന്നിലുമെല്ലാം പലപ്പോഴു ഇരകളായി തലകുനിക്കേണ്ടിവരും. സിനിമയിൽ ധാർഷട്യംകാണിക്കാൻ പറ്റാത്ത ഏകയാൾ നിർമ്മാതാവാണ്. അയാൾ കാണിച്ചാൽ ഇവരിൽ പലരും ഉടക്കിപ്പോയി അയാളെ കുത്തുപാളയെടുപ്പിക്കും.

ഭിക്ഷാംദ്ദേഹികളെപ്പോലെ അലയുന്ന പലരേയും കണ്ടിട്ടുണ്ട്. എന്നാൽ നാസർ അവരിൽനിന്നെല്ലാം വിഭിന്നയായി തന്റേടത്തോടെ ജീവിക്കുന്നു. കൂടപ്പിറപ്പുപോലെ പ്രിയപ്പെട്ട ശ്രീനിവാസനു മുന്നിൽപ്പോലും കെഞ്ചിയിട്ടില്ല. എത്രയോ ലൊക്കേഷനുകളിലുടെ യാത്ര ചെയപ്പോൾ പോലും ഒരു മോഹവുമില്ലാതെ സിനിമാക്കരുടെ സുഹൃത്തായി ജീവിക്കുന്നവരെ കണ്ടുമുട്ടിയിട്ടേ ഇല്ലെന്നു പറയാം. അതുകൊണ്ടുതന്നെയാണ് ഏതു കാരവനിലും നാസറിനു തല ഉയർത്തി ഇരിക്കാനുള്ള കസേര ബാക്കിയാകുന്നത്. ലൊക്കേഷൻ ഷിഫ്റ്റിൽ ഇന്നസെന്റ് നാസർ ഏതു വണ്ടിയിലാണ് എന്നു സ്വന്തം വണ്ടി നിർത്തി ചോദിക്കുന്നതു കേട്ടു.

ചിത്രീകരണത്തിന്റെ ഇടവേളയിൽ ഊണു വന്നു. ഇന്നസെന്റും ശ്രീനിയും പറഞ്ഞു,നാസറെ ഇവിടെ കഴിക്കാം. ‘അയ്യോ വേണ്ട. എനിക്കു പുറത്താണ് നല്ലത്. നാസർ കാരവന്റെ വാതിൽ തുറന്നു പുറത്തേക്കു പോയി. അവിടെ മറ്റു സിനിമാ പ്രവർത്തകരോടൊപ്പം ഭക്ഷണത്തിനു നാസർ നിൽക്കുന്നതു കാണാമായിരുന്നു. ഒരുവിധം ആളുകൾക്കൊന്നും അത്തരമൊരു ക്ഷണം കിട്ടില്ല. എന്നിട്ടും നാസർ വളരെ താഴ്മയോടെ സിനിമയിലെ സാധാരണക്കാരിൽ സാധാരണക്കാർക്കൊപ്പം ഭക്ഷണം കഴിക്കുന്നു, യാത്ര ചെയ്യുന്നു.

പ്രിയപ്പെട്ട നാസർ, നിങ്ങൾ വലിയ നടനാകുമോ എന്നെനിക്കറിയില്ല, വലിയ സംവിധായകനാകുമോ എന്നുമറിയില്ല. എന്നാൽ സ്വന്തം മനസ്സിനെ കൈക്കുമ്പിളിലെന്നപോലെ ഒതുക്കി കൊണ്ടു നടക്കാൻ കെൽപ്പുള്ളൊരു നല്ല മനുഷ്യനാണ് എന്നുറപ്പാണ്. സിനിമയുടെ വെള്ളിവെളിച്ചത്തിലും അത്തരം മനുഷ്യന്മാർ ഉണ്ടാകുന്നത് അപൂർവ്വമാണ്. നമ്മെ വലുതാക്കുന്നതു സൗഹൃദങ്ങളുടെ തിളക്കത്തേക്കാളുപരി നമ്മുടെ മനസ്സിന്റെ തിളക്കമാണെന്നു താങ്കൾ ഓർമ്മിപ്പിക്കുന്നു. ആ കാരവനിൽ താങ്കളെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിലതു നഷ്ടമായേനെ. കാരവനിലെ ഊണുപേക്ഷിച്ചു തുറന്ന ലോകത്തു മരച്ചുവട്ടിൽ സിനിമയിലെ സാധാരണക്കാരുടെ കൂടെ വരിനിന്നു ചിരിച്ചുകൊണ്ട ഊണുകഴിക്കുന്ന താങ്കളുടെ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.