Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ എന്ന നല്ല കുട്ടി

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്

നിവിൻ പോളി വിളിക്കുമ്പോഴൊരു സന്തോഷമാണ്. ഇത്രയും പ്രസന്നതയോടെ പരിഭവം പറയുകപോലും ചെയ്യുന്ന സുഹൃത്തുക്കൾ വളരെ കുറവാണ്. ന്യൂജനറേഷന്റെ എല്ലാ ജാഡയമുണ്ടെങ്കിലും ഉള്ളിലൊരു സാധാരണ മനുഷ്യനുണ്ട്. കഞ്ചാവു വലിക്കുന്നതു പോലുള്ള കാര്യങ്ങൾ സ്വന്തം വേരുകൾ തകർക്കുമെന്നു പേടിക്കുന്നൊരു സാധാരണ മനുഷ്യൻ.

nivin

മോഹൻലാലിനേക്കുറിച്ചു നിവിൻ മോശമായി എന്തോ പറഞ്ഞുവെന്നു കുറച്ചു കാലം മുൻപു നെറ്റിൽ ആരോ പ്രചരണം നടത്തി. മോഹൻലാൽ ഫാൻസിലെ പലരും അരയു തലയും മുറുക്കി രംഗത്തുവന്നു. പ്രിയദർശന്റെ സിനിമയിൽ അഭിനയിക്കാൻ പ്രിയൻ വിളിച്ചപ്പോൾ നിവൻ പറ്റില്ലെന്നു പറഞ്ഞതായാണു പ്രചരണം. നിവിനെതിരെ നാനാ ഭാഗത്തുനിന്നും ചീത്തയുടെ പൊടിപൂരം.

നിവിൻ വിളിക്കുമ്പോൾ ഫോണിന്റെ മറുവശത്ത് പരിഭ്രമം വ്യക്തമായിരുന്നു. നിവിനു രണ്ടുകാര്യത്തിലായിരുന്നു സങ്കടം. ഒന്ന്, മറ്റൊരു സിനിമക്കിടയിൽ പ്രിയൻസാറിന്റെ പടം നഷ്ടപ്പെട്ടതിൽ. രണ്ട്, എവിടെയോ ഉണ്ടായ തെറ്റിദ്ധാരണമൂലം വലിയൊരു വിഭാഗം തനിക്ക് എതിരായതിൽ.

ലാൽ സാറിനെ വിളിച്ചു തെറ്റിദ്ധാരണമാറ്റാൻ ശ്രമിച്ചു. ലാലിനെ കിട്ടുന്നുമില്ല. ലാൽ അന്നു ചിക്കൻപോക്സ് പിടിപെട്ടു ചെന്നൈയിലെ വീട്ടിൽ കിടപ്പാണ്. ആന്റണി പെരുമ്പാവൂർ കൂടെയുണ്ട്. നിർബന്ധിച്ചപ്പോൾ ആന്റണി ഫോൺ കൊടുത്തു. ഈ കുട്ടികളോടെല്ലാം നമുക്കെന്തു ദേഷ്യം. അവനോട് പ്രയാസപ്പെടേണ്ടെന്നു പറ. ഞാൻ സംസാരിക്കാം. പിന്നീടു നിവിൻ ലാലുമായി സംസാരിച്ചോ എന്നറിയില്ല. അര മണിക്കൂർ കഴിഞ്ഞപ്പോൾ ആന്റണി വിളിച്ചു. വേണ്ടതു ചെയ്തിട്ടുണ്ട്. ഫെയ്സ്ബുക്കിലും ബ്ലോഗിലും നോക്കാൻ പറ. രണ്ടിടത്തും നിവിനെ സഹായിച്ചുകൊണ്ടു ലാലിന്റെ കുറിപ്പുണ്ടായിരുന്നു. നിവിൻ ഒരു വരി മാത്രം പറഞ്ഞു. ലാലേട്ടനെ പോലെ ഒരാൾക്കെ ഇതു ചെയ്യാനാകൂ. സ്വന്തം ഏട്ടനെപ്പോലെയാണ് ഇതു ചെയ്തത്.

വേണ്ടപ്പെട്ട സമയത്തു സഹായിച്ചതിന്റെ സന്തോഷം എത്രയോ കാലം നിവിൻ പറയുമായിരുന്നു. വളരെ പ്രമുഖനായൊരു സംവിധായകൻ നിവിനോടു കഥ പറഞ്ഞു. നിവിൻ പതുക്കെ അതിൽനിന്നും മാറി. നിവിൻ മാറിയതിനേക്കുറിച്ചു ചോദിക്കാൻ അദ്ദേഹം പല തവണ ആവശ്യപ്പെട്ടപ്പോൾ നിവിനെ വിളിച്ചു. നേരം റിലീസ് ചെയ്യുന്നതിനു മുൻപുള്ള സമയമാണ്. നിവൻ രക്ഷപ്പെട്ടിട്ടില്ല. എന്തു കിട്ടിയാലും ചാടിപ്പിടിച്ചു പണമുണ്ടാക്കാൻ ശ്രമിക്കുന്ന കാലം. നിവിൻ പറഞ്ഞു, കഥ എനിക്കു ചേരുന്നതാണെന്നു തോന്നിയില്ല. മനസ്സിനു തൃപ്തിയില്ലാതെ ചെയ്തിട്ടു പൊളിയുന്നതിലു നല്ലതു മിണ്ടാതിരിക്കുകയാണ്. പണം നല്ല വണ്ണം കിട്ടും. പക്ഷെ, ഞാൻ മലയാള സിനിമയിൽ പിടിച്ചുനിൽക്കാൻ വല്ലാതെ മോഹിക്കുന്ന ഒരാളാണ്. എത്ര കാത്തിരുന്നാലും നല്ലതു മതി. ആ പടം നിവൻ ചെയ്തില്ല.

കിട്ടിയതെന്തും ചാടിപ്പിടിക്കാവുന്നൊരു സമയത്തു ഇത്രയേറെ സമചിത്തതയോടെ പെരുമാറുന്നൊരു പുതുമുഖ നടനെ കാണുക പ്രയാസമാണ്. നേരം എന്ന സിനിമ വിജയിപ്പോഴും മറ്റു പല സിനിമകളും പൊളിഞ്ഞപ്പോഴും നിവിൻ ഒരേ മനസ്സോടെയാണ് പെരുമാറിയത്. ദൈവം ഒരു കിടിലൻ വേഷം വച്ചിട്ടുണ്ടാകും. ലാലേട്ടൻ ചെയ്തതുപോലെ എന്തെങ്കിലുമൊന്ന്.

ഇടവേളകളിൽ വീട്ടിലേക്ക് ഓടിപ്പോയി കുടുംബത്തെ കാണുകയും , യാത്രകളിൽ അവർക്കുവേണ്ടി എന്തെങ്കിലും അന്വേഷിക്കുകയും ചെയ്യുന്ന നിവിനെ കണ്ടിട്ടുണ്ട്. എത്ര തിരക്കിലായാലും വീട്ടിൽ നിന്നുള്ള ഫോൺ വന്നാൽ നിവിൻ എഴുന്നേറ്റു പോകും. ക്രിക്കറ്റ് കളിക്കുന്ന ഗ്രൗണ്ടിൽനിന്നുപോലും വീട്ടിലേക്ക് പല തവണ വിളിക്കുന്ന നിവിനെ ശ്രദ്ധിക്കാതിരിക്കാനാകില്ല. ഈ സ്നേഹവും ഇല്ലായ്മയുടെ കാലത്തുപോലും ചാഞ്ചാടിപോകാത്തൊരു മനസ്സുമായി നിൽക്കാനായി എന്നതുതന്നെയാകും നിവിനെ രക്ഷപ്പെടുത്തിയത്. ബാംഗ്ലൂർ ഡെയ്സിലെ നിവിന്റെ കഥാപാത്രവും ഇതുപോലെ പെരുമാറുന്നതു കണ്ടപ്പോൾ അത്ഭുതം തോന്നി.

1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്സ് ........... നല്ല മനസ്സും സന്തോഷവും വലിയ കാര്യമാണ്. നില നിന്ന പലരും ഇതെല്ലാമുള്ളവരായിരുന്നു.അവരുടെ പരമ്പരയിലേക്കുതന്നെയാണ് നിവിനും വരുന്നത്. നല്ല നേരവും പണവും ചീത്തയാക്കാത്ത ഒരു സാധാരണ മനുഷ്യൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.