Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ചാൻസ് വേണ്ടെന്നു പറഞ്ഞവർ

സ്പെഷല്‍ കറസ്പോണ്ടന്‍റ്

മലയാള നാടകവേദിയിലെ പ്രശസ്തനായ ആ നടനെ ആദ്യം കാണുന്നത് വേദിയിലാണ്. തൃശൂർ റീജനൽ തിയറ്ററിലെ നാടക വേദിയിൽ അദ്ദേഹത്തിന്റെ അഭിനയം കണ്ടു തരിച്ചിരുന്നു പോയി. അടുത്ത കാലത്തൊന്നും ഇതുപോലൊരു നടനെ കണ്ടിരുന്നില്ല. നാടകം അത്ര പരിചത മേഖല അല്ലാത്തതിനാൽ പ്രശസ്ത സംവിധായകൻ കേശവനാണ് അദ്ദേഹത്തേക്കുറിച്ചു പറഞ്ഞു തന്നത്. പിന്നീടു നാടകത്തിലും സിനിമയിലും അഭിനയിക്കാറുള്ള അഭിനേത്രി പാർവതി വിടർന്ന കണ്ണുകളോടെ ആ നടനേക്കുറിച്ചു പറഞ്ഞു.

നാടക വേദിയിലെ ആ പ്രതിഭ ലക്ഷക്കണക്കിനു സിനിമാ പ്രേക്ഷകർക്കു മുന്നിൽ എന്തുകൊണ്ട് ഇനിയുമെത്തിയില്ല എന്നു വേദന തോന്നുകയും ചെയ്തു. രണ്ടാഴ്ചക്കകം അദ്ദേഹം സിനിമയിലെത്തുന്നുവെന്ന വാർത്ത കണ്ടപ്പോൾ അതു തന്ന സന്തോഷം ചെറുതായിരുന്നില്ല. എന്തു കൊണ്ടോ സിനിമ പാതിവഴിയിൽ നിന്നുപോയി. പിന്നീട് ഏതോ സിനിമയിൽ അദ്ദേഹം അഭിനയിച്ചുവെന്നു കേട്ടുവെങ്കിലും അതു തിയറ്ററിൽ പോയി കാണാനായില്ല. പതുക്കെ മറന്നുകൊണ്ടിരിക്കെയാണ് അദ്ദേഹത്തെ ക്യാമാറാമാൻ വേണുവിന്റെ സിനിമയുടെ സെറ്റിൽ കണ്ടത്. നല്ല സിനിമയിലേക്കു തിരിച്ചുവരുന്നതു കണ്ടപ്പോൾ ആദരവോടെയാണ് ദൂരെ നോക്കി നിന്നത്. പക്ഷെ തൊട്ടുടുത്ത ദിവസം അറിഞ്ഞു, അദ്ദേഹം അഭിനയിക്കാതെ പോയി എന്ന്.

അടുത്ത കാലത്തൊന്നും ഇത്രയും വിസ്മയിപ്പിച്ച നടനെ കണ്ടിട്ടില്ല. എന്നിട്ടും എന്തുകൊണ്ടുപോയി എന്നു ചോദിച്ചപ്പോൾ ആർക്കും കൃത്യമായ മറുപടി ഇല്ലായിരുന്നു. ‘ഇതെനിക്കു ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല. എന്നെ ഒഴിവാക്കുക, പ്ലീസ് . അത്ര മാത്രമേ യാത്രയാകുമ്പോൾ പറഞ്ഞുള്ളുവത്രെ. സിനിമയിൽ അവസരം കിട്ടാനായി രാവും പകലും അലയുന്നവരെ കണ്ടിട്ടുണ്ട്. രാത്രി രണ്ടിനു ശ്രീനിയുടെ മുറിയിൽവന്നു അവസരം ചോദിച്ചവരെ കണ്ടു ഞെട്ടിയിട്ടുണ്ട്. ‘റിസപ്ഷനിൽനിന്നു അനുവാദം ചോദിച്ചു വന്നുകൂടെ എന്നുചോദിച്ചപ്പോൾ വെളുപ്പിനു ഏഴിനു റിസപ്ഷനിൽ നിന്നു ‘സാർ ഞാൻ വന്നോട്ടെ എന്നു വിളിച്ചു ചോദിച്ചു കൊണ്ടാണ് അദ്ദേഹം ശ്രീനിയെ ഉണർത്തിയത്. രാത്രി മുഴുവൻ ഉറങ്ങാതിരുന്ന അദ്ദേഹത്തിനു ശ്രീനിയൊരു വേഷം കൊടുത്തു.

രാത്രി മുഴുവൻ ഉറങ്ങാതിരുന്നതിനുള്ള കൂലിയായി മാത്രം ആ വേഷത്തെ കണ്ടാൽ മതി. സിനിമയിൽ നാലു മിനിറ്റു മുഖം കാണിക്കാനായി ഒരു ദിവസം മുഴുവൻ കോൺസ്റ്റബിളിന്റെ വേഷമിട്ടിരുന്നൊരു എസ്പിയേയും കണ്ടിട്ടുണ്ട്. സിനിമയൊരു ലഹരിയാണ്. മോഹമുള്ളവർ പിടിച്ചു കയറാൻ എന്തു ത്യാഗവും സഹിക്കും. ഒരു പ്രതിഫലവും ഇല്ലെങ്കിൽപ്പോലും.

ഇത്തരക്കാരുടെ തിരക്കിനിടയിലാണ് സിനിമയുടെ വെള്ളിവെളിച്ചത്തിൽനിന്നും സ്വയം ഇറങ്ങിപ്പോയ നാടക നടനെ കണ്ടത്. അദ്ദേഹത്തിന്റെ പേരു തൽക്കാലം പറയുന്നില്ല. സെറ്റിലെ എല്ലാവരും ആദരവോടെ കാണുന്ന അദ്ദേഹം ഇതു തന്റെ മേഖലയല്ലെന്നു തിരിച്ചറിയുകയായിരുന്നു. ഇങ്ങിനെ തിരിച്ചറിഞ്ഞവരെ അപൂർവ്വമായെ കണ്ടിട്ടുള്ളു.

rajasree രാജശ്രീ വാരിയർ

സിനിമ പല തവണ വിളിച്ചിട്ടും വരാതിരിക്കുകയും വന്ന ശേഷം സ്വയം മാറി നിൽക്കുകയും ചെയ്ത രണ്ടു പേരെ സ്നേഹത്തോടെ ഓർക്കാം. പ്രശസ്ത മാധ്യമ പ്രവർത്തകനായ ശശികുമാറും നർത്തകിയായ രാജശ്രീ വാരിയരും.

ശശികുമാറിനെ അഭിനയിപ്പിക്കാനായി കൊണ്ടുവരാൻ ജയരാജും( ലൗഡ് സ്പീക്കർ), ബ്ലസ്സിയും( പ്രണയം) നന്നായി അധ്വാനിച്ചിരിക്കും. പിന്നെ എത്രയോ പേർ ശശികുമാറിനെക്കുറിച്ചാലോചിച്ചിരുന്നു. പക്ഷെ ശശികുമാർ വന്നില്ല. പ്രശസ്തരുടെ ചിത്രത്തിൽപ്പോലും ശശികുമാറിനെ പരിഗണിക്കുന്നുവെന്നു കേട്ടിരുന്നു. പക്ഷെ കണ്ടില്ല. സിനിമയുടെ പ്രഭ ശശികുമാറിനെ മോഹിപ്പിച്ചില്ല എന്നുറപ്പാണ്. അല്ലെങ്കിൽ എത്രയോ സിനിമകളിൽ അദ്ദേഹത്തെ കണ്ടേനെ. പ്രത്യേകിച്ചും അദ്ദേഹത്തിനു പ്രായത്തിൽ പരിഗണിക്കാവുന്ന നടന്മാർ കുറവായ ഈ കാലത്ത്.

രാജശ്രീ വാരിയർ സിനിമയിൽ വന്നതേയില്ല. പഴയകാല സുഹൃത്തുക്കളടക്കം നാലു പേരെങ്കിലും രാജശ്രീയെ വിളിച്ചതായി അറിയാം. നിർബന്ധിച്ചിരുന്നു എന്നതാണു സത്യം. അതു തന്റെ മേഖലയല്ല എന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാകണം രാജശ്രി വിട്ടുനിന്നത്. നർത്തകി എന്ന നിലയിൽ സിനിമാഭിനയം രാജശ്രീയുടെ മാർക്കറ്റ് വാല്യു വർധിപ്പിക്കുമായിരുന്നു. ഒരുു നൃത്തത്തിനു ഇന്നു വാങ്ങുന്നതിലും എത്രയോ ഇരട്ടി പ്രതിഫലം വാങ്ങാം. ബുക്കിംങ്ങുകളും കൂടും.

ശശികുമാറിനെപ്പോലുള്ളൊരു മാധ്യമ പ്രവർത്തകനു മാർക്കറ്റ് വാല്യു ഉയർത്താൻ സിനിമ വേണ്ട. എന്നാൽ പല നർത്തകിമാരും നിരക്കും വേദികളുടെ എണ്ണവും ഉയർത്തിയതു സിനിമയുടെ ബലം കൊണ്ടാണ്. അതു വേണ്ടെന്നു വയ്ക്കാനുള്ള മനസ്സ് ചെറുതല്ല. സിനിമയിൽ നിന്നുള്ള വരുമാനവും ഗ്ലാമറും വേണ്ടെന്നുവച്ചവരെ അത്ഭുതത്തോടെ മാത്രമേ കാണാനാകൂ.

ഒരു വേഷത്തിനു വേണ്ടി രാവും പകലും അലയുന്നവരിലും നല്ല അഭിനേതാക്കളുണ്ടാകാം. എത്രയോ സെറ്റുകളിൽ ഭക്ഷണംപോലുമില്ലാതെ അലയുന്ന ഇവരെ കണ്ടിട്ടുണ്ടെന്നോ. അഭയാർഥികളെപ്പോലെ അവർ സെറ്റുകളിൽനിന്നു സെറ്റുകളിലേക്കു പലായനം ചെയ്തു കൊണ്ടേയിരിക്കുന്നു. രോഗികളും ദരിദ്രരുമായി അവസാനം ധർമ്മക്കാരെപ്പോലെ പണം പിരിക്കാനെത്തുന്നു. 300 സിനിമയിൽ അഭിനയിച്ച ആൾ മരിച്ചപ്പോൾ സിനിമാ ലോകത്തുനിന്നു ആരും തിരിഞ്ഞു നോക്കിയില്ല എന്നു പത്രത്തിൽ കാണാം. തിരിഞ്ഞു നോക്കാതിരിക്കാതിരിക്കാൻ ഒരു കാരണം, അതു മുഖം കാണിക്കൽ മാത്രമായിരുന്നു എന്നാണ്. സത്യത്തിൽ അവരെ സിനിമയ്ക്കു വേണ്ടിയിരുന്നില്ല, അവർക്കു സിനിമയെ വേണമായിരുന്നു താനും. ഏതു കലയിലും കലയ്ക്കു വേണ്ടവർ മാത്രമാണു ബാക്കിയാകുക. സെറ്റുകളിൽ വേഷത്തിനായി അലയുന്നവരിൽ ധാരാളം ചെറുപ്പക്കാരുമുണ്ട്.

‘ഒരു ഡയലോഗു കിട്ടി എന്ന സന്തോഷത്തിൽ സെറ്റിൽ ലഡു വിതരണം ചെയ്ത ചെറുപ്പക്കാരന്റെ മുഖം ഇപ്പോഴും മറന്നിട്ടില്ല. രണ്ടോ മൂന്നോ മിനിറ്റു സ്ക്രീനിൽ വരുന്ന ഈ പയ്യനെ ആര് ഓർക്കാനാണ്. ജീവിതം ഇങ്ങിനെ അലഞ്ഞു തീർക്കുന്നവർ കാണേണ്ടതു ഇതിൽനിന്നും സ്വയം മാറിനിന്നവരെയാണ്. അതിന്റെ പണവു ഗ്ലാമറും സ്വയം ഉപേക്ഷിക്കാൻ തയ്യാറായവരെയാണ്. സ്വന്തം മേഖലയിൽ കഴിവു തെളിയിച്ച ഇവരിൽ പലർക്കും സിനിമയേക്കാൾ ഗ്ലാമറുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ ആർട് ഡയറക്ടരായി വളരുമായിരുന്ന ഒരു ചെറുപ്പക്കാരൻ സംവിധാനത്തിന്റെ ലോകത്തിലേക്കു പോയതു ഇപ്പോഴും വേദനയോടെ മാത്രമേ ഓർക്കാനാകൂ. അദ്ദേഹത്തിനതിൽ ഒരു പ്രയാസവും കാണില്ല.

പക്ഷെ, മലയാള സിനിമയിലെ പലരും വേദനിച്ചു. ആ വിരലുകളിൽ നാലോ അഞ്ചോ സിനിമകൾക്കു വേണ്ടി വിരിഞ്ഞ അത്ഭുതം അത്രയേറെ മനോഹരമായിരുന്നു. ശശികുമാറിനേയും രാജശ്രീയേയും ഓർത്തുകൊണ്ട് ഒരോരുത്തരും ചോദിക്കുക, ‘എന്നെ ഇവിടെ വേണോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.