Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധാർഥ്, ഇത് നിന്റെ ആൻ മേരിക്കുള്ള സിനിമ

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
sidharth-nivin സിദ്ധാര്‍ഥ്, നിവിൻ, ഡോ.വി.പി. ഗംഗാധരൻ

തൃശൂർ മെഡിക്കൽ കോളജിലെ വരാന്തയിൽവച്ചു ഡോ.വി.പി. ഗംഗാധരനെ കെട്ടിപ്പിടിച്ചു തോളിൽ മുഖമമർത്തി സിദ്ധാർഥ് ശിവ വിതുമ്പിയത് അധികമാരും കണ്ടുകാണില്ല. ഗംഗാധരന്റെ കൈകൾ ഒരു കുട്ടിയുടെ ചുമലിൽ തട്ടുന്നതുപോലെ തട്ടിക്കൊണ്ടിരുന്നു. ചെവിയിൽ നേരിയിൽ സ്വരത്തിൽ ആത്മധൈര്യം പകരുന്ന വാക്കുകൾ. കാസൻസറിന്റെ പൊള്ളുന്ന മരുഭൂമയിൽനിന്നു ജീവിതത്തിന്റെ മഴക്കാടുകളിലേക്കു നടന്നു കയറിയ സിദ്ധാർഥ് കരഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളു. പ്രത്യേകിച്ചും കൈ പിടിച്ചു കയറ്റിയ ആൾ ജീവിത സ്വപ്നത്തിൽ പടവിൽവച്ചു കൂടെ നിൽക്കുമ്പോൾ.

sidharth സിദ്ധാര്‍ഥ്, ഡോ.വി.പി. ഗംഗാധരൻ

കാൻസർ വന്നുവെന്നറിയുമ്പോൾ മനസ്സിൽ ആദ്യമെത്തുക ഇനി സ്വപ്നം കാണാൻ ദിവസങ്ങളില്ലെന്ന ചിന്തയായിരിക്കണം. സിനിമയെക്കുറിച്ചു ഒരു പാടു സ്വപ്നം കണ്ട സിദ്ധാർഥ് ശിവയ്ക്കു ഇപ്പോൾ 31 വയസ്സായിട്ടെ ഉള്ളു. ജീവിതം പിച്ചുവച്ചു തുടങ്ങുമ്പോഴാണ് കാൻസർ കയറി വരുന്നത്. അതിന്റെ കടത്തുകളെല്ലാം കടന്നു സിനിമയുടെ വർണ്ണ ശബളമായ ലോകത്തേക്കു സിദ്ധാർഥ് ശിവ എത്തി. പുതിയ സിനിമയുടെ വിളക്കു കൊളുത്താൻ സിദ്ധാർഥ് വിളിച്ചതു ഡോ.ഗംഗാധരനെയാണ്. രോഗത്തിൽനിന്നു ജീവിതത്തിലേക്കു വഴിയിൽ കൈ പിടിച്ചു നടത്തിയ ഡോക്ടറെ.
ഇരുണ്ടുപോകുമെന്നു കരുതിയ ജീവിതത്തിലേക്കു വെളിച്ചം തെളിയിച്ച ആൾതന്നെ സിനിമയുടെ ദീപവും തെളിയിക്കുന്നു. ആരാണു വിതുമ്പി പോകാതിരിക്കുക. പ്രത്യേകിച്ചും ഒരു ചെറുപ്പക്കാരൻ.

aishwarya-nivin ഐശ്വര്യ രാജേഷ്, നിവിൻ

സിദ്ധാർഥ് ശിവ പുതിയ സിനിമയ്ക്കു വേണ്ടി വിളിച്ചപ്പോൾ നിവിൻ പോളി സമ്മതിച്ചതു സുഹൃത്തായതുകൊണ്ടു മാത്രമല്ല. സുഹൃത്തുക്കൾക്കു ഡേറ്റു കൊടുക്കുമായിരുന്നെങ്കിൽ നേരത്തെ പലർക്കുമതു കിട്ടേണ്ടതായിരുന്നു. സിദ്ധാർഥ് സംവിധാനം ചെയ്ത 101 ചോദ്യങ്ങൾ, ഐൻ എന്നീ സിനിമകളുടെ ബലത്തിലാണ് നിവിൻ ഡേറ്റു കൊടുത്തത്. ദേശിയ അവാർഡും രജത ചകോരവും ബുസാൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കുള്ള ക്ഷണവുമെല്ലാം കിട്ടിയ സിനിമകൾ. തിയറ്ററിൽ വേണ്ടതുപോലെ ഓടിയില്ലെങ്കിലും അത്ഭുതപ്പെടുത്തുന്ന സിനിമകളായിരുന്നു ഇവ രണ്ടും. ആ സിനിമകൾക്കു നിവിൻ പോളി നൽകുന്ന സമ്മാനമാണ് ഈ സിനിമയിൽ അഭിനയിക്കാനുള്ള വാഗ്ദാനം.

anto നിർമാതാവ് ആന്റോ ജോസഫ്

ചില സിനിമകൾ ഇങ്ങിനെയാണ്. അതു ജനിക്കുന്നതുതന്നെ നന്മയിൽനിന്നാണ്. യൂണിവേഴ്സൽ സിനിമയുടെ ബി.രാകേഷിനെ മലയാള സിനിമ കാണാൻ തുടങ്ങിയിട്ടു കുറെക്കാലമായി. തട്ടിപ്പോ വെട്ടിപ്പോ ഉണ്ടായിരുന്നുവെങ്കിൽ രാജേഷിനു ഒരു സിനിമ തട്ടിക്കൂട്ടാൻ ഒരു പ്രയാസവുമില്ല. എന്നിട്ടും രാകേഷ് ശരിയായ വഴിയിലൂടെ മാത്രം നടന്നു. ഏറെ കാത്തിരിപ്പിനു ശേഷം ഇപ്പോൾ ഈ സിനിമ നിർമ്മിക്കുന്നു. ആന്റോ ജോസഫ് എന്ന നിർമ്മാതാവു ഒരു പാടു സിനിമയെടുത്തിട്ടുണ്ട്. വിതരണം ചെയ്തിട്ടുമുണ്ട്. സിനിമ വിജയിച്ചാലും പൊട്ടിയാലും ആന്റോ ചതിച്ചു എന്നാരും പറയില്ല. ഇടുന്ന തൂവെള്ള ഷർട്ടുപോലുള്ള നന്മ പണ്ടു സിനിമയിലെ ചെറിയ ജോലികൾ ചെയ്ത കാലം മുതൽ ആന്റോയോയൊപ്പമുണ്ടായിരുന്നു. ആന്റോയുടെ വളർച്ച അമ്പരപ്പിക്കുന്നതാണ്.

sidharth-nivin-movie

പക്ഷെ ആന്റോ വളരുമ്പോഴും കോട്ടയത്തെ ഒരു ഗ്രാമീണ മനസ്സുകൂടെയുണ്ടായിരുന്നു. സിനിമയെടുത്തു തകർന്നിരിക്കുമ്പോൾ പോലും ആന്റോ ആരെയും ചീത്ത വിളിക്കുന്നതു കേട്ടിട്ടില്ല. പകരം സൗഹൃദപൂർവ്വം ചിരിച്ചു. ഈ സിനിമയിലെക്കു ആന്റോ വിതരണക്കാരനായി വന്നതു പണം മോഹിച്ചാണെന്നു പറയാനാകില്ല. കാരണം, ആന്റോയ്ക്കു വൻകിട സിനിമകൾ ഉണ്ടാക്കാനും വിതരണം ചെയ്യാനും നല്ലപോലെ അറിയാം. തെരിയെന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ക്യാമറാമാൻ ജോർജ്ജ് വില്യം മലയാള സിനിമയുടെ ഈ ചെറിയ ലോകത്തേക്കു വന്നതു എന്തിനാണെന്നുചോദിച്ചാലും ഒരുത്തരമെയുള്ളു. ഈ നന്മയുടെ കൂട്ടായ്മയിലേക്ക് അയാളും അറിയാതെ വന്നുപോയി.

ജേക്കബിന്റെ സ്വർഗ്ഗരാജ്യം പൂർത്തിയാക്കിയിട്ടു രണ്ടു മാസത്തോളമായി. നിവിൻ പോളി എന്ന നടനു ഏതു വലിയ സംവിധായകന്റെ സിനിമയും കിട്ടുന്നൊരു അവസ്ഥയുണ്ട്. കാശു വാരുന്ന അവരുടെ പട്ടികയിലൊന്നും സിദ്ധാർഥ് ശിവയില്ല. രണ്ടുമാസംകൊണ്ടു ചുരുങ്ങിയതു 75 ലക്ഷം രൂപയും നിവിനുണ്ടാക്കാമായിരുന്നു. എന്നിട്ടും രണ്ടുമാസം വെറുതെയിരുന്നു സിദ്ധാർഥിന്റെ പടത്തിലേക്കു വന്നതു നിവിനെന്ന ഇടത്തരക്കാരന്റെ നന്മയാണ്. ഒരു പുഴയുടെ തുടക്കംപോലും ഒരു തുള്ളിയിൽനിന്നാണ്. നന്മയുടെ പലതുള്ളികൾ ഇവിടെ കണ്ടു മുട്ടുന്നു. പുഴയായി വളരാൻ.

nivin-pooja

10 വർഷം മുൻപു കോളജിൽ കണ്ടുമുട്ടിയ ആൻമേരി എബ്രാഹം എന്ന കുട്ടിയാണു സിദ്ധാർഥിന്റെ ജീവിത സഖി. കാൻസറാണെന്നറിഞ്ഞിട്ടുപോലും ആൻ വർഷങ്ങളോളം കാത്തിരുന്നു.ആ സ്നേഹത്തിന്റെ പെരുമഴയിലാരിക്കണം സിദ്ധാർഥിന്റെ രോഗത്തിന്റ കനലുകൾ അഞ്ഞുപോയത്. നന്മയുടെ തീരത്തു കണ്ടുമുട്ടിയ കുറെപ്പേരെ ആദ്യ ഷോട്ടെടുക്കുമ്പോൾ ഞാൻ ആശുപത്രി വരാന്തയിൽ കണ്ടു. ഇനിയും പേരിടാത്ത ഈ സിനിമയും ഇവരുടെ മനസ്സുപോലെയാകട്ടെ എന്നു പ്രാർഥിക്കുന്നു. സിദ്ധാർഥ്, സത്യത്തിൽ ഈ സിനിമ നിനക്കുള്ള സമ്മാനമല്ല. നിന്നിൽ മഴയായി പെയ്ത ആൻ മേരിക്കുള്ള സമ്മാനമാണ്.  

Your Rating: