Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പെൺകുട്ടിയെ നിങ്ങൾക്കൊന്നും ശരിക്കറിയില്ല

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
girl Representational image

ആ പെൺകുട്ടിയെ എനിക്കു അവരുടെ അഭിനയ ജീവിതത്തിന്റ തുടക്കം മുതൽ അറിയാം. അവരുടെ അഛനെയും അമ്മയെയും അറിയാം. വീട്ടുകാരെ അറിയാം. ആ കുട്ടി അല്ലായിരുന്നുവെങ്കിൽ എനിക്കുറപ്പാണ് നാലോ അഞ്ചോ ആണുങ്ങളുടെ കൈക്കരുത്തിൽനിന്നും ഒരിക്കലും രക്ഷപ്പെടില്ലായിരുന്നു. അത്രയേറെ തന്റേടത്തോടെയാണ് ആ കുട്ടി ജീവിതത്തെ എന്നും നേരിട്ടിട്ടുള്ളത്.

അപ്രതീക്ഷിതമായി അച്ഛൻ  മരിച്ച ദിവസം അവർ പറഞ്ഞു, ‘ഞാൻ പതറിപ്പോയാൽ അമ്മ തളർന്നുപോകും.. അതുകൊണ്ട് പിടിച്ചു നിൽക്കുകയാണ്. ’ പിന്നീടു ഒരു സഹപ്രവർത്തകയുടെ ജീവിത്തിലുണ്ടായ വേദനയിൽ അവർ നിഴലുപോലെയാണു കൂടെ നിന്നത്. അടുത്ത സുഹൃത്തുക്കളെന്നു കരുതിയ പലരും മടിച്ചു നിൽക്കെയാണ് ഈ കുട്ടി ധൈര്യത്തോടെ കൂടെനിന്നത്. അവർക്കു അതിന്റെ പേരിൽ പല വേഷങ്ങളും നഷ്ടപ്പെട്ടുവെന്നു പിന്നീടു പറഞ്ഞു. എന്നാലും തനിക്കതിൽ വേദനയില്ലെന്നു പരസ്യമായി പറയാൻ മടിച്ചതുമില്ല.

ഈ കുട്ടിയെ മൃഗീയമായി ഉപദ്രവിച്ചുവെന്ന വാർത്ത ഉണ്ടാക്കിയ അമ്പരപ്പു ചെറുതല്ല.വീട്ടില ആരെയോ ഉപദ്രവിച്ച അതേ വികാരമായിരുന്നു..മനസ്സിനകത്തു വല്ലാത്ത ഭാരം. അതിനിടയിൽ വേണ്ടപ്പെട്ട പലരും ചോദിച്ച ചോദ്യങ്ങൾ ആദ്യമുണ്ടായ വേദനിയിലും വലുതായിരുന്നു. പെൺകുട്ടിയെ വാഹനത്തിൽ കയറി നഗ്നചിത്രമെടുത്തവരെപ്പോലെ മറ്റൊരു കൂട്ടരുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അവരെക്കു‌റിച്ചു തോന്നിയതെല്ലാം എഴുതി വിട്ടവർ. നഗ്ന ചിത്രമെടുത്തവരെ പൊലീസ് പിടികൂടും. എന്നാൽ മനസ്സുകൊണ്ടു അവരെ മാനഭംഗപ്പെടുത്തിയവർ പുറത്തുതന്നെയുണ്ട്. അവരാണു സത്യത്തിൽ കൂടുതൽ വലിയ ക്രിമിനലുകൾ. അവർ ഇനിയും എല്ലാ കുട്ടികളുടെയും പുറകെ കാണും

∙ സത്യത്തിൽ അവരും പൾസർ സുനിയും തമ്മിൽ എന്തോ ഇടപാടില്ലെ ?

∙ അല്ലെങ്കിൽ അവർ അവർ അവരെ കാറിൽ കയറാൻ സമ്മതിക്കുമോ ?

∙ രാത്രി തനിയെ എന്തിനാണു കാറിൽപ്പോയത്.

ഇതു ചോദിച്ചവർ പലരുമുണ്ടായിരുന്നു. ചോദിക്കില്ല എന്നു കരുതിയവർപോലും ചോദിച്ചു. ഇതെല്ലാം ചോദിക്കുന്നത് നിങ്ങൾക്ക് ആ കുട്ടിയെ ശരിക്കും അറിയാത്തതുകൊണ്ടാണ്. ഒരിക്കലെങ്കിലും അവരുമായി ഇടപഴകിയെങ്കിൽ ഈ ചോദ്യമൊന്നും ചോദിക്കില്ല.

മലയാളത്തിൽനിന്നു പോയി അന്യഭാഷയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയ നടിമാരിൽ ഒരാളാണ് ഈ കുട്ടി. എന്നിട്ടും അവരുടെത് ഒരു സാധരാണ വീടാണ്. ഒരു ഗസറ്റഡ് ഓഫീസർക്കു വയ്ക്കാവുന്ന വീട്. അതിലും ലളിതമായ ജീവിതമാണ്. അവരുടെ അമ്മ ഒരു സ്ഥലത്തുപോലും ആ കുട്ടിയുടെ അമ്മയാണെന്നു പറഞ്ഞു പരിചയപ്പെടുത്തുന്നതു കണ്ടിട്ടില്ല. മരിച്ചുപോയ ഫോട്ടോഗ്രാഫറുടെ ഭാര്യയെന്നാണു പറയാറ്. ഒരു സദസ്സിലും അവർ മകളോടെപ്പം കാലിൽ കാലും കയറ്റി ഇരിക്കുന്നതും കണ്ടിട്ടില്ല.

എത്രയോ നല്ല പുസ്തകങ്ങൾ, സിനിമകൾ അവരുടെ ശേഖരത്തിലുണ്ട്. അതേക്കുറിച്ചു എന്തൊരു ആവേശത്തോടെയാണു സംസാരിക്കാറുള്ളതെന്നോ. എയർപോർട്ടുകളിലും വലിയ നഗരങ്ങളിലെ പുസ്തക കടകളിലും നിരന്തരം പുസ്തകം തേടി പോകുകയും അവിടെ നിൽക്കുന്നതു ബ്യൂട്ടി പാർലറിൽ പോകുന്നതിലും എത്രയോ സന്തോഷകരമാണെന്നു കണ്ടെത്തുകയും ചെയ്ത കുട്ടിയാണത്. ഏതെങ്കിലുമൊരു ഗുണ്ട തണലും കിടപ്പറയും തേടി പോകുന്നവരുടെ പട്ടികയിൽ അവരെ പെടുത്തി ചോദ്യം ചോദിക്കുന്നവർക്കു സങ്കൽപ്പിക്കാൻ കഴിയുന്നതിലും എത്രയോ ഉയരെയാണ് അവരുടെ മാനസിക നില. എനിക്കൊരു മനുഷ്യനുമായി സൗഹൃദമുണ്ടെന്നു തുറന്നു പറയാൻ മലയാള സിനിമയിലെ എത്ര നടിമാർക്കും നടന്മാർക്കും നട്ടെല്ലുണ്ടായിട്ടുണ്ട്.

തൃശൂരിൽനിന്നു എറണാകുളത്തേക്കു രാത്രി തിരക്കേറിയ ദേശീയ പാതയിലൂടെ പോകുന്നതിനു തന്റേടം ഈ കുട്ടി 15 വർഷം മുൻപെങ്കിലും ആർജ്ജിച്ചിട്ടുണ്ട്. അത് ഏതെങ്കിലും വനിതാ പോരാട്ട സംഘടനയിൽ അംഗത്വമെടുത്തു നേടിയതല്ല. സ്വന്തം പെരുമാറ്റത്തിന്റെ ബലത്തിലും ആത്മ വിശ്വാസത്തിലും നേടിയതാണ്. വേഷത്തിനു വേണ്ടി ഏതെങ്കിലും സംവി‌ധായനോ എഴുത്തുകാരനോ നട്ടപ്പാതിരയ്ക്കു ‘ഹൈ’ എന്നടിക്കുന്നവരുടെ തലമുറയിൽപ്പെട്ട കുട്ടിയല്ല ഇത്. സ്വന്തം കഴിവുകൊണ്ടു മാത്രം എന്തെങ്കിലും നേടിയാൽ മതിയെന്നു വർഷങ്ങൾക്കു മുൻപെ വിശ്വസിച്ച കുട്ടിയാണിത്. അച്ഛനും അമ്മയ്ക്കും വൻ വരുമാനമില്ലാത്ത ജോലി ഉണ്ടായിരുന്ന കാലത്തുപോലും ഇതേ കരുത്തോടെയാണ് ഈ കുട്ടി പെരുമാറിയിട്ടുള്ളത്.

വെറുമൊരു നീർക്കോലിയെ കണ്ടാൽ വിറച്ചു പോകുന്നവരാണ് ചോദ്യം ചോദിച്ച പലരും. രണ്ടു ഗുണ്ടകൾ എന്തിനും തയ്യാറായി ഇരു വശത്തും കൈ പിടിച്ചു ഭീഷണിപ്പെടുത്തവെ ഒരു മണിക്കൂറോളം രാത്രി കാറിൽ അവരോടു യുദ്ധം ചെയ്തു യാത്ര ചെയ്ത കുട്ടിയാണിത്. ആ ചങ്കൂറ്റത്തിനു മുന്നിൽ നമസ്ക്കരിക്കണം. ഒരു മണിക്കൂറോളം ഉപദ്രവിച്ചിട്ടും വേണ്ടതൊന്നും കിട്ടാതെ ഉപേക്ഷിക്കേണ്ടി വന്നു എന്നതല്ലെ സത്യം. സഹായിക്കാൻ ആരുമില്ലാത്തൊരു പെൺകുട്ടിയെ നഗ്ന ചിത്രമെടുക്കാൻ ഒരു മണിക്കൂർ വേണോ.

സ്വന്തം ധീരതകൊണ്ടു മാത്രമാണു ആ കുട്ടി പിടിച്ചുനിന്നത്. പൊലീസിൽ പരാതിപ്പെട്ടത്. അനുഭവിച്ചതെല്ലാം മൊഴിനൽകിയത്. സഹായത്തിനു നിഴലുപോലും ഇല്ലായിരുന്ന അവസ്ഥയാണു അവർ ഈ ധീരതകൊണ്ടു മറി കടന്നത്.രാത്രി ഫ്യൂസുപോയാൽപ്പോലും വിരണ്ടുപോകുന്നവരാണു പലരും. അവർക്കിടയിൽ തല ഉയർത്തി ഈ പെൺകുട്ടി ബാക്കിയാകുന്നു. സ്വയമെങ്കിലും മനസ്സിൽ ഇത്തരം ചോദ്യം ചോദിച്ചവരോടു ഒന്നേ പറയാനുള്ളു, നിങ്ങൾക്ക് ഈ കുട്ടിയെ ശരിക്കും അറിയില്ല. നിങ്ങളുടെ സങ്കൽപ്പത്തിനും അപ്പുറത്തു ജീവിക്കുന്നൊരു കുട്ടിയാണിത്. അവരെപ്പോലെ ഒരാൾ ഈ സമൂഹത്തിലുണ്ടായി എന്നോർത്ത് അഭിമാനിക്കുക. പ്രായം കുറവാണെങ്കിൽപ്പോലും അവരെ നമസ്ക്കരിക്കുക. മനസ്സുകൊണ്ടെങ്കിലും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.