Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബച്ചൻ, രജനി, പിന്നെ ഇതാ നമ്മുടെ ലാൽ !

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
pranav-lal-suchi

മോഹൻലാലിന് ലോട്ടറിയടിച്ചു. പുലിമുരുകൻ എന്ന സിനിമ ചരിത്രത്തിലേക്കു കടക്കുമ്പോൾ പലരും പറയുന്നത് അതാണ്. ലാലിന് ലോട്ടറിയടിച്ചു. സത്യത്തിൽ പറയേണ്ടതു ലാലിന് ലോട്ടറിയടിച്ചു എന്നല്ല, മലയാളിക്ക് ലോട്ടറിയടിച്ചു എന്നാണ്.

മോഹൻലാലിന്റെ സിനിമാ ജീവിതം മലയാളി കണ്ടു തുടങ്ങിയിട്ടു 36 വർഷമായി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തതു 80ലാണ്. അതിനു ശേഷം ലാൽ തകർന്നു തരിപ്പണമായ സമയമുണ്ടായിരുന്നു.. ആളിപ്പടർന്ന സമയവും ഉണ്ടായിരുന്നു . തകർന്നു പോയപ്പോൾ ആൾക്കൂട്ടം വളരെ വളരെ ചെറുതായിരുന്നു. ആളിപ്പടർന്ന കാലത്തു ലാലിനു ചുറ്റും ആളുകളുമായിരുന്നു. മലയാളി ചെയ്യാവുന്ന എല്ലാ നികൃഷ്ട പ്രചാരണവും ലാലിനെതിരെ ചെയ്തിട്ടുണ്ട്. എയ്ഡ്സാണെന്നു പറഞ്ഞു, ശബ്ദം നഷ്ടമായെന്നു പറഞ്ഞു, നട്ടെല്ലു തകർന്നുവെന്നു പറഞ്ഞു, ലാലിന്റെ അശ്ളീല വീഡിയൊ ക്ളിപ്പ് ഉണ്ടെന്നു പറഞ്ഞു, ഇങ്ങനെ എത്രയോ കഥകളുടെ കത്തികൾ കൂടെ നിൽക്കുന്നവർ അടക്കമുള്ളവർ അടിവയറ്റിൽ കയറ്റിക്കൊടുത്തിട്ടും ഈ മനുഷ്യനെ കാലം ബാക്കിവച്ചതുതന്നെ ഇത്തരം വിജയങ്ങൾക്കാണെന്നു പറയാം.

lal-movie

36 വർഷമെന്നതു ലാലിന്റെ പ്രായമല്ല. സിനിമയിൽ ചിലവിട്ട കാലം മാത്രമാണ്. അന്നു ജനിച്ചിട്ടില്ലാത്ത പലരുടെയും പേരക്കുട്ടികൾ ഇപ്പോൾ ലാലിന്റെ ആരാധകരായി പുലിമുരുകനു വേണ്ടി തിയറ്ററിൽ ഇരുന്നു അലറുകയാണ്. ഇതുപോലെ തകർച്ചയും ഉയർച്ചയും കണ്ട രണ്ടു വലിയ നടന്മാരെ ഇന്ത്യയിലുണ്ടാകൂ. അമിതാഭ് ബച്ചനും രജനീകാന്തും. 36 വർഷം മുൻപുള്ള അമിതാഭിനെക്കാളും രജനിയെക്കാളും കരുത്തുള്ളവരാണ് ഇന്നത്തെ രജനിയും അമിതാഭും. ലാലിന്റെ കഥയും ഭിന്നമല്ല. അന്നു കണ്ട ലാലിനെക്കാൾ എത്രയോ കരുത്തനാണ് 36 വർഷത്തിനു ശേഷമുള്ള ലാൽ.

lal-movie-3

ഇതു കഠിനാധ്വാനത്തിനു കാലം കൊടുത്ത സമ്മാനമാണ്. അല്ലെങ്കിൽ തന്റെ സിനിമാ ജീവിതത്തിന്റെ മൂന്നര പതിറ്റാണ്ടു പിന്നിട്ട ഒരു താരത്തിനു ഇതുപോലെ തകർത്താടാനാകുമോ . ന്യൂജനറേഷൻ എന്നു വിശേഷിപ്പിച്ചതെല്ലാം എത്ര നിസ്സാരമായിരുന്നുവെന്നു ഈ മനുഷ്യനുണ്ടാക്കുന്ന കൊടുങ്കാറ്റു വ്യക്തമാക്കുന്നു. ഇതൊരു സമർപ്പണത്തിന്റെ വിജയമാണ്. കാരവന്റെ ശീതളിമയിൽനിന്നും പഞ്ചനക്ഷത്ര സൗകര്യങ്ങളുടെ സുഖത്തിലേക്കു പോകുന്ന ചോക്ളേറ്റ് മനുഷ്യനായി മാത്രമാണ് പലർക്കും ലാലിനെ അറിയൂ. എന്നാൽ ഉറങ്ങാതെ ഉണ്ണാതെ ഓരോ സിനിമയ്ക്കുവേണ്ടിയും പണിയെടുക്കുന്ന ലാലിനെ കൂടെ നടന്നവർക്കറിയാം.

കൈലാസ യാത്ര ആസൂത്രണം ചെയ്തു ഒരു വർഷത്തോളം മാനസികവും ശാരീരികവുമായി തയ്യാറെടുത്ത ലാൽ നാലു ദിവസം മുൻപു യാത്ര വേണ്ടെന്നുവച്ചു. ചിത്രീകരിച്ചുകൊണ്ടിരുന്ന സിനിമയുടെ നിർമ്മാതാവ് ആരോടോ പറഞ്ഞുവത്രെ ലാൽ പോകുന്നതു റിസ്ക്കാണെന്ന്. അതായതു തിരിച്ചു വന്നില്ലെങ്കിൽ എന്റെ കാര്യം കുളമാകും എന്നു. തൊട്ടടുത്ത ദിവസം ലാൽ യാത്ര വേണ്ടെന്നുവച്ചു. ചോദിച്ചപ്പോൾ പ​റഞ്ഞതു ‘ഒരാളുടെ മനപ്രയാസത്തെക്കാൾ വലുതല്ലല്ലോ യാത്ര’ എന്നാണ് .

Pulimurugan | First Day, First Show | Theatre Response | Manorama Online

പുലിമുരുകൻ എന്ന സിനിമയ്ക്കു വേണ്ടിയിരുന്നത് നൂറോളം ദിവസമാണ്. ലാൽ അതിലും എത്രയോ ദിവസം അതിനായി ചിലവിട്ടു. ഇതുകൊണ്ടുതന്നെ ആസൂത്രണം ചെയ്ത പല സിനിമകളും മാറ്റേണ്ടിവന്നു. സ്വകാര്യസംഭാഷണത്തിൽപ്പോലും ലാൽ ഇതിൽ അതൃപ്തി പ‌റഞ്ഞിട്ടില്ല. വിയറ്റ്നാമിൽപ്പോയി പുലിയോടൊപ്പം പെരുമാറിപ്പഠിച്ചു . ക്യാമറയ്ക്കു മുന്നിലെത്തുന്നതിനു മുൻപു പീറ്റർ ഹെയ്നിനെ ഗുരുവായി സ്വീകരിച്ചു ദിവസങ്ങളോളം കയറിൽ തൂങ്ങിയാടി ആക്‌ഷൻ ചെയ്തു പഠിച്ചു. കനത്ത മഴയിലും തണുപ്പിലും പരാതികളില്ലാതെ കാട്ടിൽ ചിലവിട്ടു. ഓരോ സിനിമയ്ക്കു വേണ്ടിയും ഇതുപോലെ ചെയ്ത സമർപ്പണത്തിന്റെ കഥകളുണ്ടാകും. . ഒരിക്കൽ കാട്ടിൽ മലമ്പാമ്പിനോടു ഗുസ്തി കൂടുന്നതിന്റെ രംഗം ഒരു ദിവസം മുഴുവൻ ചിത്രീകരിച്ച ശേഷം സിനിമയിൽനിന്നു വെട്ടിമാറ്റിയപ്പോൾ ഒന്നും പറയാതെ സംവിധാനകനെ ‌ആലിംഗനം ചെയ്തു.

vinu-mohanlal-1

കാവാലം നാരായണപ്പണിക്കരുടെ സംസ്കൃത നാടകം ഒരു വരിപോലും സംസ്കൃതം പഠിക്കാത്ത ലാൽ രാവും പകലും പരീക്ഷക്കെന്നപോലെയാണ് ഇരുന്നു പഠിച്ചത്. ടോയ്‌ലറ്റിൽ പോകുമ്പോൾ പോലും അന്നു ലാലിന്റെ കയ്യിൽ സ്ക്രിപ്റ്റ് കാണാമായിരുന്നു . അതിനിടയിൽ ചിത്രീകരിച്ച സിനിമയുടെ ഒരു ദിവസംപോലും ഇതിനായി എടുത്തതുമില്ല. കടലിലേക്കു ചാടുകയും ദിവസങ്ങളോളം മലമ്പാതയിലൂടെ ജീപ്പോടിക്കുകയും ചെയ്ത ലാലിനെ സിനിമക്കിടയിൽ കണ്ടിട്ടുണ്ട് .

ആദ്യമായി ആക്‌ഷൻ ചെയ്തു പഠിപ്പിച്ച ത്യാഗരാജനെ എവിടെ കണ്ടാലും ലാൽ കാൽ തൊട്ടുവന്ദിക്കും. അതു പൊതുവഴിയിലാണെങ്കിൽപ്പോലും . ഇതു ലാൽ എന്ന മനുഷ്യന്റെ ഗുരുത്വത്തിനു കിട്ടിയ സമ്മാനമാണ്. തകർന്നുപോയ പ്രിയദർശൻ സിനിമ വേണ്ടെന്നു വച്ചു വീട്ടിലിരിക്കുന്ന കാലമുണ്ടായിരുന്നു . ഞാൻ ഒപ്പമുണ്ടെന്നു ലാൽ പറഞ്ഞപ്പോൾ പിറന്ന സമയമാണ് ഒപ്പം. പല സിനിമകളും പൊട്ടി നിൽക്കുന്നതു എത്ര വലിയ സുഹൃത്തായാലും ഏറ്റെടുക്കേണ്ടതുണ്ടോ ? കൈവിട്ടാൽ പ്രിയൻ പോലും ചോദിക്കില്ലായിരുന്നു.

mohanlal-vysakh-6

അതുകൊണ്ടുതന്നെ പുലിമുരുകൻ ഒരിക്കലും ലോട്ടറിയല്ല. 36 വർഷമായി ഓരോ ദിവസവും കഠിനാധ്വാനത്തിന്റെ പാതയിലൂടെ യാത്ര ചെയ്തൊരു മനുഷ്യനു ദൈവം നൽകിയ സമ്മാനമാണിത്. ഫാൻസുകാർ പറയുന്നതുപോലെ ഇതു ആരെയെങ്കിലും തോൽപ്പിക്കാനുണ്ടാക്കിയ സിനിമയൊന്നുമല്ല. ലാൽ എന്നും തോൽപ്പിക്കാൻ ശ്രമിച്ചിരുന്നതു ലാലിനെത്തന്നെയാണ് . ചിലപ്പോൾ ലാൽ തോൽക്കും ചിലപ്പോൾ വിജയിക്കും. പീറ്റർ ഹെയ്നിനെക്കുറിച്ചു ലാൽ പറഞ്ഞു, ‘അദ്ദേഹമൊരു വലിയ മനുഷ്യനാണ്. അദ്ദേഹത്തിന്റെ ഒരോ നിമിഷവും നമുക്കു നോക്കി പഠിക്കാനുള്ളതാണ് . ’ ഇവിടെയാണു ലാലിനെ തിരിച്ചറിയേണ്ടത്. പീറ്റർ ഹെയ്നായാലും കലാമണ്ഡലം ഗോപിയായാലും തനിക്കു മുകളിലാണെന്നു തിരിച്ചറിയുന്ന ഒരാൾക്കു മാത്രമെ ദൈവത്തിനു ഇത്തരമൊരു ജീവിതവും വിജയവും സമ്മാനിക്കാനാകൂ .

സൈനസൈറ്റിസ്സും പുറം വേദനയും കടുത്ത പനിയും ബാധിച്ചു അവശനായ ദിവസം ലാലിനെ പല തവണ വിളിച്ചിട്ടും കിട്ടിയില്ല. മെസേജ് ചെയ്തപ്പോൾ തിരിച്ചു മെസേജടിച്ചു, ‘ഞാൻ ഷൂട്ടിലാണ്. തിരിച്ചെത്തിയിട്ടു മെസേജു ചെയ്യാം. ’ മോഹൻലാൽ നാലു ദിവസം പനിയായി കിടക്കുകയാണെന്നു പറഞ്ഞാൽ, ആരും ചോദിക്കില്ല. എന്നിച്ചും അയാൾ ജോലി ചെയ്യുകയാണ് . വെയിലിൽ, മഴയിൽ, രാവും പകലും. ഇതൊന്നും ചെയ്തില്ലെങ്കിലും പ്രതിഫലം കുറയില്ലല്ലോ. ഈ സമർപ്പണത്തിനുള്ള ബഹുമതിയാണ് വന്നു പോയ വിജയങ്ങളെല്ലാം .ലാലിനെ അളക്കാൻ പുലിമുരുകനൊന്നു വേണ്ട. മലയാളിയുടെ സ്നേഹത്തിന്റെ അളവുകോൽമതി .
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.