Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നിലെ അച്ഛനാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍‍; ജൂഡ് അഭിമുഖം

nivin-jude-video

കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചുവരുന്ന വാര്‍ത്തകളാണ് ദിനംപ്രതി നമുക്ക് മുന്നില്‍ നിറയുന്നത്. കുട്ടികളെ സംരക്ഷിക്കേണ്ടവരായ അധ്യാപകരും മാതാപിതാക്കളും ബന്ധുക്കളും പോലും ഇത്തരം കുറ്റകൃത്യങ്ങളുടെ പ്രതിപട്ടികയില്‍ ഇടം പിടിക്കുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത. താങ്കള്‍ സ്‌നേഹിക്കപ്പെടുകയാണോ ചൂഷണം ചെയ്യപ്പെടുകയാണോ എന്ന തിരിച്ചറിവു പോലും ഉണ്ടാകാത്ത പ്രായത്തിലാണ് കുട്ടികള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നത്. സമകാലിക കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനുള്ള എളിയ ശ്രമമാണ് 'No Go Tell' എന്ന ഹ്രസ്വചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും നടന്‍ നിവിന്‍ പോളിയും നടത്തുന്നത്. ഈ ഉദ്യമത്തിനു പിന്നിലെ പ്രേരണയെപ്പറ്റിയും ലക്ഷ്യത്തെപ്പറ്റിയും സംവിധായകന്‍ ജൂഡ് സംസാരിക്കുന്നു. 

ഇങ്ങനെയൊരു ഹ്രസ്വചിത്രത്തിനുള്ള പ്രചോദനം

കഴിഞ്ഞ നവംബറില്‍ വളരെ ഞെട്ടലോടെ ഞാന്‍ വായിച്ച ഒരു പത്രവാര്‍ത്തയാണ് ഇത്തരത്തില്‍ ഒരു ചിത്രം നിർമിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. മൂന്നരമാസം മാത്രം പ്രായമുള്ള കുട്ടിയെ ആശുപത്രിയില്‍വെച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു വാര്‍ത്ത. ഞാനും ഒരച്ഛനാണ് എനിക്കും വളര്‍ന്നു വരുന്ന ഒരു മകളുണ്ട്. ആ വാര്‍ത്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഇത് ഒരു ഒറ്റപ്പെട്ട സംഭവവുമല്ല. 

No Go Tell - Bodhini Short Film

ദിനംപ്രതി ഇത്തരത്തിലുള്ള നൂറുകണക്കിനു സംഭവങ്ങളാണ് നമ്മുക്ക് ചുറ്റും നടക്കുന്നത്. എന്നെകൊണ്ടു ഇതിനെതിരെ എന്തു ചെയ്യാം എന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു ബോധവത്ക്കരണ വീഡിയോ ചെയ്യാമെന്ന ആലോചന ഉണ്ടാകുന്നത്. ഹിന്ദിയില്‍ ആമീര്‍ ഖാന്‍ സമാനമായൊരു വീഡിയോ ചെയ്തിട്ടുണ്ട്. എന്തുകൊണ്ടു അത്തരത്തിലൊന്നു മലയാളത്തിലും ചെയ്തുകൂടാ എന്ന് ചിന്തിച്ചു. നേരേ വണ്ടിയെടുത്ത് നിവിന്റെയടുത്ത് പോയി.  ആശയം പങ്കുവെച്ചപ്പോള്‍ നിവിന്‍ വളരെ സന്തോഷത്തോടെ സമ്മതം മൂളി. 

ബാലാവകാശ കമ്മീഷനുമായും മന്ത്രി ശൈലജ ടീച്ചറിനോടും സംസാരിച്ചു. വളരെ പോസ്റ്റീവായ പ്രതികരണമാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സര്‍ക്കാര്‍ ഫണ്ടു ഉപയോഗിച്ചു നിര്‍മ്മിക്കാന്‍ സാധ്യത ഉണ്ടായിരുന്നു. സാങ്കേതികമായി ഉണ്ടായേക്കാവുന്ന കാലതാമസം പരിഗണിച്ച് ആ സാധ്യത വേണ്ടെന്നുവെച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇരകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ബോധിനി എന്ന സംഘടനയുമായി ബന്ധപ്പെടുകയും അവര്‍ ചിത്രം നിർമിക്കാന്‍ മുന്‍കൈയ്യെടുക്കുകയും ചെയ്തു. 

പ്രതീകാത്മകമായ ആഖ്യാന രീതിയില്‍ നിന്ന് മാറിയുള്ള മേക്കിങാണല്ലോ പരീക്ഷിച്ചിരിക്കുന്നത് 

പ്രതീകാത്മകമായി ചെയ്യാതിരുന്നത് ബോധപൂര്‍വ്വമാണ്. കാരണം ഈ ചിത്രം നാലാം ക്ലാസിലോ അതില്‍ താഴെയോ പഠിക്കുന്ന വിദ്യാര്‍ഥികളെയോ ലക്ഷ്യംവെച്ചാണ് ചെയ്തത്. ആ പ്രായത്തിലുള്ള കുട്ടികളുടെ മുന്നിലേക്ക് നമ്മള്‍ പ്രതീകാത്മകമായി വലിയൊരു സന്ദേശവുമായി ഒരു ചിത്രം ചെയ്താല്‍ അവര്‍ക്ക് അത് ഉള്‍കൊള്ളാന്‍ കഴിയണമെന്നില്ല.

കുട്ടികളോട് തുറന്നു സംസാരിക്കാത്തത് കൊണ്ടാണ് പല പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. നിവിന്‍ പോളി എന്ന നടന്റെ ജനകീയതയും താരമൂല്യവും പോസ്റ്റീവായി ഉപയോഗപ്പെടുത്താനാണ് ചിത്രം ശ്രമിക്കുന്നത്. നിവിനെ പോലെ ഒരാള്‍ സംസാരിക്കുമ്പോള്‍ കുട്ടികളും മാതാപിതാക്കളും അത് ശ്രദ്ധയോടെ കാണുകയും കേള്‍ക്കുകയും ചെയ്യും. ചൂഷണം ചെയ്യുന്നവരെയും സ്‌നേഹിക്കുന്നവരെയും തിരച്ചറിയാന്‍ കുട്ടികളെ പ്രാപ്താരാകാനുള്ള ഒരു ചെറിയ ശ്രമമാണിത്. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തിലാണ്. 

തിയറ്ററുകളില്‍ സിനിമയുടെ ഇടവേളകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. സ്‌കൂളില്‍ ചിത്രം കണ്ട ശേഷം കുട്ടികള്‍ അവരുടെ സംശയങ്ങളുമായി അധ്യാപകരുടെയും മാതാപിതാക്കളുടെയും അടുത്ത് എത്തുമെന്നു പ്രതീക്ഷിക്കുന്നു. കുട്ടികളുമായി തുറന്നു സംവദിക്കുമ്പോള്‍ തന്നെ കൂറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ബാലാവകാശ കമ്മീഷനുമായി സംസാരിച്ചപ്പോള്‍ മനസ്സിലായത് മൂന്നു ശതമാനം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബാക്കി 97 ശതമാനം കേസുകളും പല കാരണങ്ങള്‍ കൊണ്ട് പുറത്ത് വരുന്നില്ല. കുട്ടികള്‍ക്ക് പല കാരണങ്ങള്‍ കൊണ്ട് അത് തുറന്നുപറയാന്‍ പറ്റുന്നില്ല. ആ സ്ഥിതി മാറാണം. 

കൊച്ചി മേയര്‍ സൗമിനി ജെയിനുമായുള്ള പ്രശ്്‌നങ്ങള്‍ ചിത്രത്തിന്റെ തിളക്കം കുറക്കുന്നുണ്ടോ

മേയറുമായുള്ള പ്രശ്‌നത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് കോടതിയില്‍ എത്തുമ്പോള്‍ അഭിമുഖീകരിക്കും. മേയറോട് ദേഷ്യപ്പെട്ടു എന്നത് ശരിയാണ്. അതിന് ഞാന്‍ അവരോട് മാപ്പു ചോദിക്കുകയും ചെയ്തിട്ടുണ്ട്. പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണം എന്നു പറയുന്നതിനോട് യോജിപ്പില്ല. 

ഇപ്പോഴും ഞാന്‍ എന്തോ മഹാപരാധം ചെയ്തായി എനിക്ക് തോന്നിയിട്ടുമില്ല.

ആ വിഷയവുമായി ബന്ധപ്പെടുത്തി ഞങ്ങളുടെ ഈ ശ്രമത്തെ കാണാതെ പോകരുത്. നിവിന്‍, ക്യാമറാമാന്‍ മുകേഷ് മുരളീധരന്‍, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍, സൗണ്ട് ഡിസൈനര്‍ രാധാകൃഷ്ണന്‍, എഡിറ്റര്‍ റിയാസ് തുടങ്ങി ഈ ശ്രമത്തിന്റെ ഭാഗമായിട്ടുള്ള എല്ലാവരും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിന്റെ ഭാഗമായിട്ടുള്ളത്. പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണം. ഇതു പ്രശസ്തിക്കോ കയ്യടിക്കോ വേണ്ടി ചെയ്യുന്നതല്ല. ഞാനും ഒരച്ഛനാണ് എന്റെ മകളെ പോലെ വളര്‍ന്നു വരുന്ന ഓരോ കുട്ടികളും സുരക്ഷിതമായ ഒരു ജീവിതം അര്‍ഹിക്കുന്നുണ്ടെന്ന് ഓര്‍മപ്പെടുത്താന്‍  മാത്രം ആഗ്രഹിക്കുന്നു.