Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൂട്ടിങ് കഴിഞ്ഞാൽ വീട്ടിൽ പോകുന്നതല്ല എന്റെ രീതി; നിവിൻ പോളി

nivin-sakhavu-1

കാറ്റുള്ളപ്പോൾ പിടിച്ചു കയറുക എന്നതാണു സിനിമയുടെ പൊതുതന്ത്രം. എന്നാൽ താരപ്രഭയുടെ നടുവിൽ നിൽക്കുമ്പോൾ പെട്ടെന്ന്  ഒരു വർഷവും ഒരു മാസവും സിനിമ റിലീസ് ചെയ്യാതെ വിട്ടു നിൽക്കുക. അതിനു നല്ല ധൈര്യം വേണം. ചിലർ പറയും റിസ്ക് എടുക്കലാണെന്ന്. നിവിൻ പോളിയെപ്പോലെ താരമൂല്യവും കച്ചവട മൂല്യവുമുള്ള ഒരാൾക്കു ഈ റിസ്ക് എട‌ുക്കേണ്ട ആവശ്യമില്ല. എന്നിട്ടും  എന്തിനിതു ചെയ്തു എന്നന്വേഷിക്കുമ്പോഴാണ് നിവിൻ പോളി എന്ന നടനെ നാം കണ്ടുമുട്ടുക.   

ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണു ‘സഖാവ് ’ എന്ന സിനിമ വന്നത്. ഈ സിനിമ കച്ചവടത്തിനു വേണ്ടി മാത്രമുള്ള സിനിമയാണെന്നു പറയാനും വയ്യ. എന്നിട്ടും  ഇത്രയേറെ സമയം കാത്തിരുന്നത് എന്തിനാണ്. ..?

ഇതൊരിക്കലും മനപൂർവ്വം ഉണ്ടാക്കിയ ഇടവേളയല്ല. സഖാവ് എന്ന സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയതുമല്ല.  ക്രിസ്മസിനു സഖാവ് റിലീസ് ചെയ്യുമെന്നാണ് കരുതിയിരുന്നത്. അതു വൈകിപ്പോയി. സഖാവൊരു നല്ല സിനിമയാണ്. അതിൽ നല്ലൊരു കുടുംബ ചിത്രമുണ്ട്. യുവാക്കൾ പ്രതീക്ഷിക്കുന്ന ആക്‌ഷനുണ്ട്. അതിനെല്ലാമുപരി കരുതലോടെ എടുത്തൊരു സിനിമയാണത്.  

nivin-sakhavu-2

രാഷ്ട്രീയം പ്രധാന ഘടകമായ ഇത്തരമൊരു സിനിമ ചെയ്യാനുള്ള തീരുമാനത്തിനു പിന്നിൽ...

സഖാവ് കൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ രണ്ടു പ്രായം ഈ സിനിമയിലുണ്ട്.  പ്രായമായിട്ടുള്ള ഭാഗം നടനെന്ന നിലയിൽ എനിക്കു വെല്ലുവിളിയായി തോന്നി.  പ്രായമായ സ‌ഖാവ് കൃഷ്ണന്റെ  വേഷം ഇതുവരെ ഞാൻ ചെയ്യാത്ത വേഷമാണ്. പാളിപ്പോയാൽ സ്കൂൾ നാടകത്തിലെ വേഷംപോലെ തോന്നുമെന്ന് എനിക്ക് അറിയാമായിരുന്നു. പലരും പറഞ്ഞു അതു നന്നായിട്ടുണ്ടെന്ന്.  പിന്നെ, സ‌ഖാവ് രാഷ്ട്രീയ സിനിമ മാത്രമല്ല.  ഒരു രാഷ്ട്രീയക്കാരന്റെ രാഷ്ട്രീയത്തിനു പുറത്തുള്ള വ്യക്തിജീവിതത്തിന്റെ കഥയാണിത്. 

nivin-sakhavu-1

അപൂർവ്വം സംവിധായകരുടെ സിനിമയിൽ മാത്രമേ നിവിൻ വീണ്ടും അഭിനയിച്ചിട്ടുള്ളു.  കാരണമെന്താണ്?  

മനപൂർവ്വമല്ല. പുതിയവർ പുതിയ കഥയുമായി വരുമ്പോൾ പറ്റില്ലെന്നു പറയാനാകില്ലല്ലോ. ഞാനും ഇതുപോലെ പലരുടെ മുന്നിലും പുതിയ നടനായി നിന്നിട്ടില്ലേ?.  കഥയിൽ എന്നെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതിനു പുറകിലുള്ളവർക്കു നന്നായി ചെയ്യാനുള്ള കഴിവുണ്ടോ എന്നു മാത്രമേ ഞാൻ നോക്കാറുള്ളു.  

nivin2

പീരുമേട്ടിൽ ജീവിച്ച സഖാവ് കൃഷ്ണന്റെ കഥയിൽനിന്നാണു സ‌ഖാവ് കൃഷ്ണൻ എന്ന കഥാപാത്രം ഉണ്ടാകുന്നത്. അദ്ദഹത്തെ കണ്ടിരുന്നോ?. 

സഖാവ് കൃഷ്ണനായി അഭിനയിക്കുന്നതിനു മുൻപു മൂന്നു തവണ അദ്ദേഹത്തെ വീട്ടിൽപോയി കണ്ടിരുന്നു.  ഒരു ഭാഗം തളർന്ന അദ്ദേഹത്തിന്റെ ഓർമകൾ ഈ വേഷം ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്.  സിനിമ കണ്ട ശേഷം വളരെ വികാര ഭരിതനായി അദ്ദേഹം എന്നോടു സംസാരിച്ചിരുന്നു. ചില സിനിമകൾ തരുന്ന ഭാഗ്യമാണത്.  

nivin-sakhavu

ഇനി എന്തെല്ലാം മുന്നിലുണ്ട് ?

ഗീതു മോഹൻദാസിന്റെ സിനിമ ‘മൂത്തോൻ’ ചെയ്തുകൊണ്ടിരിക്കുന്നു . ഇതു വ്യത്യസ്ത സിനിമയാണ്. യാ‌ഥ​ാർഥ്യവും മാജിക്കൽ റിയലിസവുമെല്ലാം ചേർന്ന സിനിമ. ഒരു മാസത്തോളം ഈ സിനിമയ്ക്കുവേണ്ടി അ​തുൽ മോറിയ എന്ന പ്രശസ്ത പരിശീലകന്റെ കീഴിൽ അഭിനയം പരിശീലിച്ചു. കഥാപാത്രത്തെ എങ്ങിനെ പഠിക്കണം, വിലയിരുത്തണം എന്നെല്ലാം പഠിച്ചു. ശരീര ഭാഷ പഠിക്കാനായി പ്രത്യേക പരിശീലനം തന്നു. ഒരു സിനിമയ്ക്കുവേണ്ടി ഇത്രയേറെ തയറെടുപ്പു നടത്തുന്നതു സന്തോഷമല്ലേ? . റോഷൻ സംവിധാനം ചെയ്യുന്ന കായംകുളം  കൊച്ചുണ്ണിയാണു മറ്റൊരു സിനിമ. അൽത്താഫ് സലീം സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള’യുടെ ഷൂട്ട് തീർന്നു. അതാണ് അടുത്തു വരാനിരിക്കുന്ന സിനിമ. 

അൽഫോൻസ് പുത്രൻ, എബ്രിഡ് ഷൈൻ, സിദ്ധാർഥ്  ശിവ, അഞ്ജലി മേനോൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയ പ്രതിഭകളൊപ്പം ജോലി ചെയ്യാനായി എന്നതാണ് എനിക്ക് ഊർജം നൽകുന്നത്. അവരുടെ കഥയിലും തിരക്കഥയിലും ജോലിയിലുമെല്ലാം ആ സിനിമയുടെ ആത്മാവുണ്ട‌ാകും. സത്യത്തിൽ നിവിൻ പോളി അവർക്കൊപ്പമെത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്.. 

nivin22

സിനിമയ്ക്കു പണം  മുടക്കിയ ആളും സംവിധായകനും തിരക്കഥാകൃത്തുമെല്ലാം എന്നെപ്പോലെയോ എന്നെക്കാളുമോ ആ സിനിമയുടെ വിജയം മോഹിക്കുന്നവരാണ്.   ജനം സിനിമ കാണുക എന്നതാണു വിജയ ഘടകം. ജനങ്ങളെ തിയറ്റ​റിൽ എത്തിക്കാൻ എന്റെ സാന്നിധ്യത്തിനു കഴിയുമെങ്കിൽ ഞാൻ അവരെ നേരിൽ കണ്ടിരിക്കും. ഷൂട്ടിങ് കഴിഞ്ഞാൽ വീട്ടിൽ പോകുന്നതല്ല എന്റെ രീതി.