Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനായകന് കിട്ടിയ അവാർഡ് എനിക്കു കിട്ടിയതു പോലെ

dulquer-cia-chat ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടി എന്ന മഹാനടന്റെ മകൻ മാത്രമല്ല ദുൽഖർ സൽമാൻ ഇന്ന്. മെഗാസ്റ്റാറിന്റെ മകൻ എന്ന ലേബലിനു മുകളിൽ സ്വന്തമായൊരു വിലാസം ദുൽഖർ എഴുതിച്ചേർത്തു കഴിഞ്ഞിരിക്കുന്നു. ആദ്യ സിനിമ കഴിഞ്ഞ് അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ മലയാള സിനിമയുടെ ഭാവിവാഗ്ദാനങ്ങളായ യുവതാരനിരയുടെ പ്രഥമ സ്ഥാനത്ത് തന്നെ ദുൽഖറിന്റെ സാന്നിധ്യമുണ്ട്. ചെറുപുഞ്ചിരിയോടെ എല്ലാവരെയും അഭിമുഖീകരിക്കുന്ന, താൻ സംസാരിക്കുന്നവർക്ക് സന്തോഷം പകർന്നു കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന ദുൽഖർ സൽമാൻ‌ തന്റെ പുതിയ ചിത്രമായി സി.ഐ.എ യെക്കുറിച്ചും മറ്റു വിശേഷങ്ങളെക്കുറിച്ചും മനോരമ       ഒാൺലൈനിനോട് സംസാരിക്കുന്നു. 

∙ സി.െഎ.എ ഒരു രാഷ്ട്രീയ സിനിമയാണോ ?

സി.െഎ.എ യിലെ നായകനായ അജി മാത്യുവിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. അയാൾക്ക് ഒരു പശ്ചാത്തലമുണ്ട്. അതിന് രാഷ്ട്രീയവുമായി ബന്ധമുണ്ട്. പക്ഷേ ഇതൊരു പ്രണയചിത്രമാണ്. ഞങ്ങൾ ഇൗ സിനിമ മാർക്കറ്റ് ചെയ്യുന്നതും അങ്ങനെ തന്നെയാണ്. പ്രണയത്തിനായി ഒരാൾക്ക് എവിടെ വരെ പോകാം എന്നതാണ് ഇൗ സിനിമ പറയുന്നത്. 

Comrade In America - CIA Malayalam Movie Teaser | Dulquer Salmaan | Amal Neerad

∙ മമ്മൂട്ടിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ദുൽഖറിനോ ?

നമ്മുടെ നാട് നന്നാവണം. നമ്മൾ വളരണം. എന്തു പറഞ്ഞാലും ചെയ്താലും അതു പോസിറ്റീവായി മാറ്റുക എന്നുള്ളതാണ്. ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ അത് പോസിറ്റീവായി മാറുക, നിങ്ങൾക്ക് ഒരു ഉൗർജം പകരുക അതിലൊക്കെയാണ് ഞാൻ വിശ്വസിക്കുന്നത്. അതാണ് എന്റെ വിശ്വാസവും രാഷ്ട്രീയവും. 

∙ അമലിന്റെ ആദ്യ സിനിമയിൽ മമ്മൂട്ടിയായിരുന്നു നായകൻ. ആറാം സിനിമയിൽ ദുൽഖർ നായകൻ. എങ്ങനെ കാണുന്നു ?

പത്ത് വർഷങ്ങൾക്കു മുമ്പായിരുന്നു ബിഗ്ബി ഇറങ്ങുന്നത്. അന്ന് മലയാള സിനിമയിൽ ഒരു മാറ്റത്തിന് വഴി വച്ച സിനിമയാണത്. അമൽ ഇന്നു വരെ ചെയ്ത സിനിമകളിൽ നിന്നു വ്യത്യസ്തമായിരിക്കും സി.ഐ.എ എന്നാണ് എനിക്കു തോന്നുന്നത്. കഥയിലായാലും മെയ്ക്കിങ്ങിലായാലും ഒരു പുതുമ ഇൗ ചിത്രത്തിലുണ്ട്. ഏതു തരം പ്രേക്ഷകനെയും ആകർഷിക്കാൻ പോന്ന ഘടകങ്ങൾ ചിത്രത്തിലുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അമൽ നീരദ് എന്ന ഫിലിം മേക്കറെ മലയാളികൾക്ക് നേരത്തെ അറിയാമല്ലോ. അദ്ദേഹം നമ്മെ നിരാശപ്പെടുത്തില്ല.

bigb-dulque

∙ സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ദുൽഖറിന്റെ മാനദണ്ഡം എന്താണ് ?

അങ്ങനെ ഒരു സെറ്റ് ഫോർമുലയൊന്നും അക്കാര്യത്തിൽ ഇല്ല. എനിക്ക് കാണാൻ തോന്നുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. കഥ കേൾക്കുമ്പോൾ എനിക്കത് കാണാൻ തോന്നുമോ എന്നു മാത്രമാണ് ചിന്തിക്കുന്നത്. ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല. വിജയിക്കുമെന്നതിന് 100 ശതമാനം ഉറപ്പുമില്ല. തട്ടിക്കൂട്ട് സംഭവമാണോ അതോ ആത്മാർത്ഥ പരിശ്രമം ഉള്ളതാണോ എന്നൊക്കെ കഥ കേൾക്കുമ്പോൾ നമുക്ക് മനസ്സിലാകും. മികച്ച സിനിമകൾക്കൊപ്പം നിൽക്കുകയെന്നതാണ് എന്റെ ആഗ്രഹം.

cia-dulquer-karthika

∙ സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ വാപ്പച്ചിയോട് ആലോചിക്കാറുണ്ടോ ?

ഞാനും വാപ്പച്ചിയും ഒരുമിച്ച് വീട്ടിൽ കാണുന്നത് ചുരുക്കമാണ്. അതു കൊണ്ട് ചർച്ചയോ ആലോചനയോ ഒന്നും നടക്കില്ല. കൊച്ചിയിലാണ് ഷൂട്ടിങ്ങെങ്കിൽ മാത്രം വീട്ടിൽ വരാം. ഏതെങ്കിലും പ്രത്യേക ഐഡിയ ഒക്കെ കേൾക്കുമ്പോൾ ഇടയ്ക്ക് ചോദിക്കാറുണ്ട്. മാത്രമല്ല എന്റെ അടുത്ത കൂട്ടുകാരോടൊക്കെ ഞാൻ ചോദിക്കും. പക്ഷേ അതും എപ്പോഴുമില്ല. ചോദിക്കണമെന്ന് തോന്നുമ്പോൾ മാത്രം. അതിപ്പൊ പേടി കൊണ്ടും എക്സൈറ്റ്മെന്റ് കൊണ്ടും ആകാം. ഒരു മികച്ച കഥ കേട്ടാൽ അപ്പോൾ തന്നെ വിളിച്ച് ഇതെങ്ങനെ ഗംഭീരമല്ലേ എന്നൊക്കെ ചോദിച്ചേക്കാം. അല്ലെങ്കിൽ ഒരു കഥ കേട്ടിട്ട് ഇതെങ്ങനെ ഇഷ്ടപ്പെടുമോ വർക്കൗട്ട് ആകുമോ എന്നും ചോദിക്കാറുണ്ട്.

mammootty-dulquer

∙ ദുൽഖർ എന്ന നടനെ മമ്മൂട്ടി എന്ന നടൻ സ്വാധീനിച്ചിട്ടുണ്ടോ?

അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നൊന്നും പറയാനാവില്ല. നല്ല സിനിമകൾ ചെയ്യണമെന്നുള്ള താൽപര്യവും ഇഷ്ടവും അതിനുള്ള എനർജിയുമൊക്കെ എക്സ്ട്രീമാണ് വാപ്പച്ചിക്ക് ഇപ്പോഴും. അതെന്നെ സ്വാധീനിച്ചിട്ടുണ്ട്. നല്ലൊരു കഥ കേട്ടാൽ അതിനെപ്പറ്റി വളരെ എക്സൈറ്റഡായി സംസാരിക്കുകയും മറ്റും ചെയ്യും വാപ്പച്ചി. ആ ത്രില്ലും എനർജിയും ആ തലമുറയിലെ എല്ലാവർക്കുമുണ്ട്. പുതിയ തലമുറയിലെ ആളുകൾക്കെല്ലാം അതൊരു ഇൻസ്പിരേഷനാണ്. 

dulquer-mammootty

∙ ചില ചിത്രങ്ങളിൽ ദുൽഖറിനേക്കാൾ ഹോട്ടാണ് മമ്മൂട്ടി. അസൂയ തോന്നാറുണ്ടോ?

ഇല്ല. ഭയങ്കര അഭിമാനമാണ്. ഞാനും വലിയ ഫാനാണ്. എല്ലാവരും ഇഷ്ടപ്പെടുകയും എൻജോയ് ചെയ്യുകയും ചെയ്യുന്നതുപോലെയാണ് ഞാനും. ഞാനൊരിക്കലും എന്നെ വാപ്പച്ചിയുമായി കംപയർ ചെയ്യാറില്ല.

∙ കുഞ്ഞിക്ക എന്നൊരു വിളിപ്പേരുണ്ട്.

അതെങ്ങനെ വന്നു എന്നെനിക്കറിയില്ല. പക്ഷേ വളരെ ഇഷ്ടത്തോടെയാണ് ആളുകൾ അങ്ങനെ വിളിക്കുന്നത്. അതുകൊണ്ട് എനിക്കും ഇഷ്ടമാണ്.

dulquer-birthday

∙ ഡിക്യു എന്ന് ആദ്യം വിളിച്ചതാരാണ്?

സ്കൂളിൽ നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ എന്റെ ക്ലാസ്‌മേറ്റ്സ് ഇട്ട പേരാണ്. എന്റെ പേര് അവർക്ക് അന്നേ കോംപ്ലിക്കേറ്റ‍ഡായി തോന്നിക്കാണും. ഡിക്യു എന്നാവുമ്പോ വിളിക്കാനും എളുപ്പമുണ്ട്. പിന്നെ പലരും വിളിച്ചുതുടങ്ങി.

∙ മാസ് സിനിമകളെ മാറ്റിനിർത്തുന്നുണ്ടോ?

മറ്റുള്ള താരങ്ങളുടെ മാസ് സിനിമകൾ കാണുന്നത് എനിക്കിഷ്ടമാണ്. അവരത് ഗംഭീരമായി ചെയ്യും. ഞാനത് എൻജോയ് ചെയ്യും. പക്ഷേ ഞാൻ അത്തരം സിനിമകൾ ചെയ്യുന്നതായി എനിക്കു വിഷ്വലൈസ് ചെയ്യാൻ പറ്റിയിട്ടില്ല. ചെയ്താൽ അതൊരു നല്ല സിനിമയായിരിക്കണം, മാസ് എലമെന്റും ഉണ്ടാവണം. അങ്ങനെ എന്നെ എക്സൈറ്റ് ചെയ്യിക്കുന്നൊരു കഥ ഇതുവരെ കേട്ടിട്ടില്ല.

Fans infront of dulquer house

∙ പുതിയ തലമുറയിലെ അപൂർവം ഫ്ലെക്സിബിൾ നടന്മാരിൽ ദുൽഖറിന്റെ പേരും പറയാറുണ്ട്.

അതിനെപ്പറ്റി അറിയില്ല. എനിക്കു തോന്നുന്നത് മുൻപു പറഞ്ഞ മോശം സിനിമയെന്ന പേടി മാറുന്നതാണ്. അതേസമയം, ലെഗസിയുടെ ചെറിയൊരു പേടി എപ്പോഴും ഉള്ളിലുണ്ട്; ചെയ്യുന്ന സിനിമകൾ മോശമാവരുത്, മോശം ആക്ടറാവരുത് എന്നൊക്കെ. ആദ്യ‌കാലത്തെ ചില സിനിമകളിലൊക്കെ  മോശമായെന്നുള്ള റിവ്യുവൊക്കെ വായിച്ചിട്ടുണ്ട്. എനിക്കു പക്ഷേ കേൾക്കാനിഷ്ടം കഴിഞ്ഞ സിനിമയിലേതിനേക്കാൾ ഈ സിനിമയിൽ നന്നായിട്ടുണ്ടെന്നാണ്. അങ്ങനെ കേൾക്കുന്നുണ്ടെങ്കിൽ എന്റെ ജോലി ഞാൻ വൃത്തിയായിട്ടു ചെയ്യുന്നുവെന്നു തോന്നും. അതാണ് എന്റെ ലക്ഷ്യവും.

∙ പരാജയങ്ങളെ ദുൽഖർ എങ്ങനെ കാണുന്നു ?

പരാജയങ്ങൾ വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷേ എങ്ങനെ അതിനെ നേരിടാം എന്നാണ് ആലോചിച്ചിട്ടുള്ളത്. വെള്ളിയാഴ്ചകളാണ് ഒാരോ സിനിമയുടെയും വിജയവും പരാജയവും തീരുമാനിക്കുന്നത്. നാം നമ്മുടെ ജോലി ചെയ്തു കൊണ്ടേയിരിക്കുക. പരാജയത്തെക്കുറിച്ചോർത്ത് വീട്ടിലിരുന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകും, മാത്രമല്ല മാനസികമായും നാം തളരും. എല്ലാവരുടെയും ആഗ്രഹം നല്ല സിനിമകൾ ചെയ്യാനാണ്. മാസങ്ങളും വർഷങ്ങളും രാപ്പകൽ അധ്വാനിച്ചാണ് ഒരു സിനിമ ചെയ്യുന്നത്. ഒരുപാടു പേരുടെ കഠിനാധ്വാനമാണത്. ഒരു കാഴ്ചയിൽ ആളുകൾ അതിനെ തള്ളുമ്പോൾ നമുക്ക് സ്വാഭാവികമായും വിഷമം വരും. ചിലപ്പോൾ അതിനെക്കുറിച്ച് പിന്നെ ചിന്തിക്കാനേ തോന്നില്ല. 

dulquer-cia-chat-7

∙ കരിയറിന്റെ തുടക്കത്തിൽ സാധാരണ ഒരു അഭിനേതാവ് ധൈര്യപ്പെടാത്തതരം പരീക്ഷണചിത്രങ്ങൾ ചെയ്തിട്ടുണ്ട്.

ഇന്നാണെങ്കിൽ അതിനു കുറച്ചുകൂടി ആലോചിച്ചേനേ. അന്ന് എന്നെക്കുറിച്ചോ എന്റെ അഭിനയത്തെക്കുറിച്ചോ ആർക്കും വലിയ ധാരണയൊന്നുമില്ല. അതുകൊണ്ടു കിട്ടിയ ധൈര്യമാകണം. ഏതൊരു പുതുമുഖ അഭിനേതാവിനും അത്തരം ധൈര്യം കൂടുതലായിരിക്കുമെന്നു തോന്നുന്നു. പിന്നെ, നല്ല കുറേ സിനിമകൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എല്ലാം പ്ലാൻ ചെയ്തതൊന്നുമല്ല. ചില ചിത്രങ്ങൾ സംഭവിച്ചതാണ്. ഡെസ്റ്റിനി എന്നു പറയില്ലേ. സെക്കൻഡ് ഷോ അങ്ങനെയായിരുന്നു. അന്ന് എനിക്കവരെ പരിചയമില്ല. ആരോ സജസ്റ്റ് ചെയ്ത് കഥ കേട്ടതാണ്. ആ തിരക്കഥയിലും ടീമിലും താൽപര്യം തോന്നി, ചെയ്തു. അതൊരു നല്ല സിനിമയായിരിക്കുമെന്നു തോന്നിയിരുന്നു. അത്തരം തോന്നലാണ് എന്റെ ധൈര്യം. ചെയ്യുന്നത് മോശം സിനിമയാണെന്നു തോന്നിയാലാണ് എനിക്കു പേടി. അതിനെപ്പറ്റി ആലോചിച്ചുകൂട്ടും, ടെൻഷനാവും, ഉറക്കം നഷ്ടപ്പെടും. ആ പേടി ഇന്നുമുണ്ട്. നല്ല സിനിമയാണെന്നു തോന്നിയാൽ കണ്ണുംപൂട്ടി അഭിനയിക്കുകയും ചെയ്യും. നല്ല തിരക്കഥ, നല്ല മേക്കർ, ഇതൊക്കെയാണെങ്കിൽ പേടി പോകും. 

Neelakasham Pachakadal Chuvanna Bhoomi - Trailer

∙ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം വീടു ഉപേക്ഷിച്ചു പോകുന്നവരാണല്ലോ ?

ഒരു കഥ കേൾക്കുമ്പോൾ ആ ഒരു ഘടകത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേ ഇല്ല. ഉദാഹരണത്തിന് ഉസ്താദ് ഹോട്ടലിന്റെ കഥ ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയുമാണ്. നീലാകാശത്തിന്റെ കഥ പ്രണയത്തിനായി നാടു വിട്ടു പോകുന്ന ഒരു യുവാവിനെക്കുറിച്ചാണ്. എബിസിഡി എന്ന ചിത്രത്തിന്റെ ഏറ്റവും ആകർഷണീയമായ ഘടകം തന്നെ വീട്ടിൽ നിന്നു മാറി നിൽക്കേണ്ടി വന്ന യുവാക്കളുടെ അവസ്ഥയാണ്. വീടുപേക്ഷിച്ച് പോകുന്നവരാണ് ഇൗ കഥാപാത്രങ്ങൾ എന്നോർത്തു അവ ഉപേക്ഷിക്കുന്നതെങ്ങനെയാണ് ? ശരിയാണ് ഞാനും ഇൗ സാമ്യം ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ ചെയ്ത കഥാപാത്രങ്ങൾ ഒരിക്കലുംആവർത്തനങ്ങളാകുന്നില്ലല്ലോ. മികച്ച കഥയാണെങ്കില്‍ഇനിയും അങ്ങനെയുള്ള കഥാപാത്രങ്ങൾ വന്നാൽ‌ സ്വീകരിക്കും. 

∙ കമ്മട്ടിപ്പാടത്തിലെ കൃഷ്ണന് ഗംഗയെക്കുറിച്ച് പറയാനുള്ളത് എന്താണ് ?

കമ്മട്ടിപ്പാടം എന്ന സിനിമയിൽ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് വിനായകൻ ചേട്ടനും മണികണ്ഠൻ ചേട്ടനുമാണ്. കാരണം കമ്മട്ടിപ്പാടത്തിന്റെ കഥയോ കഥാപശ്ചാത്തലമോ എനിക്ക് ഒട്ടും പരിചിതമല്ല. എല്ലാം എന്താണ് ഏതാണ് എന്നൊക്കെ കാണിച്ചു തന്നത് അവരാണ്. അവരുടെ സംസാരത്തിലൂടെയാണ് ഞാൻ ആ സിനിമയെ അടുത്തറിഞ്ഞത്. ആ സിനിമ ഒരു പ്രത്യേക രീതിയിലാണ് ചിത്രീകരിച്ചതു പോലും. ശരിക്കും കൊച്ചിയുടെ ചരിത്രം പറഞ്ഞ സിനിമ കൂടിയാണ്. ചിത്രം. 

balachandran-dulqer-vinayakan-1

∙ വിനായകന്റെ അവാർഡ് നേട്ടത്തെക്കുറിച്ച് ?

എനിക്ക് കിട്ടിയ പോലെ തന്നെയായിരുന്നു. അത്ര സന്തോഷമായിരുന്നു എനിക്ക്. എനിക്ക് അവാർഡ് കിട്ടാത്തതിൽ വിഷമമുണ്ടോ എന്ന് ആരൊക്കെയോ ചോദിച്ചു. പക്ഷേ എനിക്ക് അങ്ങനെ ചിന്തിക്കാൻ പോലും സാധിക്കില്ല. ഒാരോ സിനിമയിലും നമ്മൾ പലർക്കൊപ്പം വർക്ക് ചെയ്യും. പോകും. പക്ഷേ ആ സിനിമയിൽ ഉണ്ടായ ഒരു കൂട്ടുകെട്ട് ഒന്നു വേറെ തന്നൊണ്. അതിൽ ഉൾപ്പെട്ട എല്ലാവരും നൂറ്റമ്പത് ശതമാനവും ആ സിനിമയ്ക്കായി പരിശ്രമിച്ചിട്ടുണ്ട്. അതു കൊണ്ട് ആർക്ക് അവാർഡ് കിട്ടിയാലും എനിക്ക് കിട്ടിയ അത്രയും തന്നെ സന്തോഷമാണ്. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്ന് തന്നെയാണ് കമ്മട്ടിപ്പാടം. 

dulquer-kammattipadam

∙ സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടോ ?

ശരിക്കും സംവിധാനമായിരുന്നു എന്റെ ആഗ്രഹം. ഏറ്റവും പേടി അഭിനയമായിരുന്നു. ആ പേടി മാറാനാണ് അഭിനയിച്ചു തുടങ്ങിയത്. നല്ല സിനിമകളുമായി സഹകരിക്കണമെന്ന് വലിയ ആഗ്രഹമാണ്. അഭിനയത്തിനിടെ തിടുക്കപ്പെട്ട് സംവിധാനം ചെയ്യാൻ ആഗ്രഹമില്ല. സമയമെടുത്ത് നന്നായി ചെയ്യാനാണ് ആഗ്രഹം. നല്ല സിനിമകൾ നിർമിക്കണമെന്നും ആഗ്രഹമുണ്ട്. എന്റെ സിനിമകളല്ല. മറിച്ച് അടുത്ത് മലയാളത്തിലിറങ്ങിയ ചില കൊച്ചു ചിത്രങ്ങളില്ലേ. അതു പോലുള്ള ചിലത്. നായകനായാലും നിർമാതാവായാലും ഇനി ഒരു ഗസ്റ്റ് റോൾ ആണെങ്കിൽ കൂടി നല്ല സിനിമകളുമായി ചേർന്ന് പേരു വരണമെന്നാണ് ആഗ്രഹം. 

dulquer-cia-chat-5

∙ ദുൽക്കർ എന്ന വ്യക്തിക്ക് ദുൽക്കർ അഭിനയിച്ച ഏതു കഥാപാത്രത്തോടാവും കൂടുതൽ സാമ്യം ?

ഉസ്താദ് ഹോട്ടലിലെ ഫൈസിയോടാവും എന്നു തോന്നുന്നു. ഉപ്പൂപ്പ, ഇത്താത്തമാർ ആ കുടുംബം ഒക്കെ ജീവിതത്തിലും എന്നോട് ചേർന്നു നിൽക്കുന്നതാണ്. ‌

dulquer-family

∙ 5 കൊല്ലം കൊണ്ട് ദുൽക്കർ സ്വന്തമായി പേരെടുത്തിരിക്കുന്നു. ഇനിയെന്താണ്  ?

എന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങിയതിൽ സന്തോഷമുണ്ട്. അഭിമാനമുണ്ട്. മമ്മൂട്ടിയുടെ മകനായതു കൊണ്ട് എല്ലായിടത്തു നിന്നും ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്. അതു പോകാതെ കാത്തു സൂക്ഷിക്കണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം.  സിനിമകളിലൂടെയും വ്യക്തിജീവിതത്തിലൂടെയുമൊക്കെ അതു നിലനിർത്തണം എന്നതാണ് ആഗ്രഹം.