Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂജയ്ക്കു വിളിച്ച എന്നെ, പിന്നെ ആ സിനിമയിൽ വിളിച്ചില്ല: ടൊവിനോ

tovino

ഒരു നടന്റെ അഭിനയ ജീവിതത്തിലെ നിർ‌ണായക ഘട്ടമാണു താരപദവി. പ്രേക്ഷകന്റെ ഇഷ്ടം സിനിമയുടെ സാമ്പത്തിക വിജയങ്ങൾ, തുടർച്ചയായ ഹിറ്റുകൾ എന്നിവയൊക്കെയാണു താരപദവി നിർണയിക്കുന്ന ഘടകമെങ്കിൽ ടൊവിനോ തോമസ് ആ പദവി നേടിക്കഴിഞ്ഞു. ഒരു മെക്സിക്കൻ അപാരതയുടെയും ഗോദയുടെയും വിജയത്തോടെ യുവതാര നിരയിൽ ടൊവിനോ തന്റെ കസേര ഭദ്രമാക്കിയിരിക്കുന്നു. 16 കോടിയോളം കലക്ട് ചെയ്ത മെക്സിക്കൻ അപാരത ടൊവിനോയുടെ സിനിമാജീവിതത്തിൽ വഴിത്തിരിവായെങ്കിൽ ഗോദയിലൂടെ ടൊവിനോ യുവതയുടെ പ്രിയതാരമായി

മെക്സിക്കൻ അപാരതയുടെ വിജയം സത്യസന്ധമായ സിനിമയുടെ വിജയമായിരുന്നു. അനുപ് കണ്ണൻ ചേട്ടനും ടോമും കഥ പറയുമ്പോൾ തന്നെ ഇതിലൊരു ഫയറുണ്ട് എന്നെനിക്കു ബോധ്യമായിരുന്നു എന്നു നിന്റെ മൊയ്തീനു ശേഷം ഞാൻ ധാരാളം കഥകൾ കേട്ടിരുന്നു. വേണമെങ്കിൽ കഴിഞ്ഞ വർഷം എനിക്ക് അഞ്ചു സിനിമയെങ്കിലും ചെയ്യാമായിരുന്നു. പക്ഷേ ആവേശം കൊള്ളിക്കുന്ന ഒരു കഥയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. മെക്സിക്കനും ഗോദയും അത് യാഥാർഥ്യമാക്കി. ടൊവിനോയുടെ മുഖത്തു നിറഞ്ഞ സംതൃപ്തി

∙ പ്രതീക്ഷയോടെ പുതുചിത്രങ്ങൾ

ടൊവിനോയുടെ മുന്നോട്ടുള്ള ചിത്രങ്ങളുടെ പട്ടികയും പ്രതീക്ഷാ നിർഭരമാണ് പുതിയ ചിത്രം മായാനദിയുടെ സംവിധായകൻ ആഷിക് അബു. നിർമാണം അമൽ നീരദ്. വിതരണം അൻവർ റഷീദ്. മറ്റൊരു ചിത്രമായ തരംഗം നിർമിക്കുന്നത് കാക്കമുട്ടൈയും വിസാരണൈയുമൊക്കെ ചെയ്ത ധനുഷിന്റെ നിർമാണകമ്പനിയായ  വണ്ടർബാർ ഫിലിംസ്.

സിനിമയിലെത്തുമ്പോൾ ആദ്യം മുഖം കാണിച്ചാൽ മതിയെന്നു തോന്നും. പിന്നെയൊരു സംഭാഷണം കിട്ടണമെന്നു തോന്നും. പിന്നെ ശ്രദ്ധിക്കപ്പെടണമെന്നു തോന്നും. ഞാൻ‌ ജോലി രാജിവച്ചു സിനിമയിലേക്കെടുത്തു ചാടിയതു സ്വന്തം തീരുമാനപ്രകാരമായിരുന്നു. ഒരു പുതുമുഖ സംവിധായകന്റെ രണ്ടാമത്തെ ചിത്രത്തിൽ നാലു നായകന്മാരിലൊരാൾ ഞാനായിരുന്നു. പൂജയ്ക്കു വിളിച്ച എന്നെ പിന്നെ സിനിമയിൽ വിളിച്ചില്ല. ഏതായാലും ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ഒരു പക്ഷേ ആ സിനിമയിലൂടെയായിരുന്നു നമ്മുടെ വരവെങ്കിൽ പണി പാളിയേനെ. 

ഞാനും രൂപേഷ് പീതാംബരനും സിനിമ സ്വപ്നം കണ്ടു കൊച്ചിയിൽ ഒന്നിച്ചു താമസം തുടങ്ങിയവരാണ്. രാത്രിയിൽ ഭക്ഷണം കഴിക്കാൻ കയ്യിൽ പത്തു പൈസ കയ്യിലില്ലാത്ത കാലമുണ്ടായിരുന്നു. വീട്ടിൽ നിന്നു ചോദിച്ചാൽ പൈസ കിട്ടും. പക്ഷേ നമ്മൾ സ്വയം തിരഞ്ഞെടുത്ത പ്രഫഷനാണല്ലോ. അപ്പോൾ ചോദിക്കാൻ മടി. സങ്കടം വരുമ്പോൾ ചിരിച്ചു കൊണ്ടു സെൽഫിയെടുക്കു. അതാണ് അന്നത്തെ ഊർജം –പുതിയ സിനിമയുടെ ലൊക്കേഷനിലിരുന്നു ടൊവിനോ പറഞ്ഞു.

∙ ഗുസ്തിക്കാരൻ

ഗോദയിലെ ആഞ്ജനേയദാസിൽ കുറച്ചൊക്കെ ടൊവിനോയുമുണ്ട്. കോളജിൽ പഠിക്കുമ്പോൾ മിസ്റ്റർ യൂണിവേഴ്സിറ്റിയായിരുന്നു ടൊവിനോ. ശരീരം ഫിറ്റാക്കാൻ മുടിഞ്ഞ വർക്കൗണ്ട് നടത്തിയിരുന്ന കാലം. ഗുസ്തിക്കാരനായപ്പോൾ അതൊന്നും തുണച്ചില്ല. ‘ നിങ്ങൾ സിനിമയിൽ കാണുമ്പോൾ ഗുസ്തി സീനിലെ എന്റെ മുഖത്തെ വേദന ശരിക്കും വേദന തന്നെയാണ്. സംസ്ഥാന ചാംപ്യനാണ് എന്റെ കഴുത്തിനു പിടിച്ചു ഞെരിച്ചത്. എനിക്കു കുറച്ചുനേരം ശ്വാസം പോലും കിട്ടിയില്ല. ഗുസ്തിക്കാരന്റേതു സിക്സ്പായ്ക്ക് ശരീരമല്ല. അതൊരു വഴക്കമാണ്–ഇളകിയ മസിലുകളിൽ കയ്യോടിച്ച് ടൊവിനോ പറയുന്നു.