Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹങ്കാരത്തിന് അടിതന്ന ദുബായ്; രൺജി പണിക്കർ പറയുന്നു

ranji-panicker

‘‘സിനിമയിൽ മദ്യപാനവും പുകവലിയും കാണിക്കുമ്പോൾ ‘ആരോഗ്യത്തിനു ഹാനികരം’ എന്നു താഴെ എഴുതി കാണിക്കുന്നതു പൊട്ടത്തരമാണ്. ഇതുകൊണ്ട് ആരെങ്കിലും കള്ളുകുടിയും പുകവലിയും നിർത്തുമോ? അധികാരികളുടെ ശുദ്ധ ഭോഷ്കിന്റെ ഭാഗമായുള്ള പ്രഹസനങ്ങളാണിത്. കരയരുത്, ചിരിക്കരുത് എന്നു പറയുന്ന പോലെ മനുഷ്യന്റെ സഹജമായ വാസനകളെയൊന്നും ഇത്തരം എഴുത്തുകൾ കൊണ്ടു തടയാനാവില്ല’’. ഭരത് ചന്ദ്രനെയും ജോസഫ് അലക്സിനെയും പോലെ അധികാര കേന്ദ്രങ്ങൾക്കെതിരെ കത്തുന്ന ഡയലോഗുകളുമായി പൊട്ടിത്തെറിക്കുകയാണു സിനിമയിലെ ഈ ക്ഷോഭിക്കുന്ന കഥാപാത്രങ്ങളെയെല്ലാം സൃഷ്ടിച്ച തിരക്കഥാകൃത്ത് രൺജി പണിക്കർ. മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ക്യാംപസ് യുവത്വവുമായി സംവദിക്കാൻ എത്തിയ അദ്ദേഹം നിലപാടുകൾ മറകൂടാതെ  തുറന്നു പറയുന്നു.

സെൻസർ ബോർഡ് ജനവിരുദ്ധം

സമൂഹത്തിന്റെ മനസ്സോ കാഴ്ചപ്പാടോ ആവാഹിക്കപ്പെട്ടിട്ടുള്ള സംവിധാനമല്ല സെൻസർ ബോർഡ്. ആരുടെയെങ്കിലും ശുപാർശകളിൽ കയറിപ്പറ്റുന്ന ബോർഡ് അംഗങ്ങൾക്കു സിനിമയെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ  ധാരണയുണ്ടാവണമെന്നില്ല. മനുഷ്യന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറ്റവും വികലമായ കാഴ്ചപ്പാട് പുലർത്തുന്ന സംവിധാനമാണത്. ഭരണാധികാരികളുടെ രാഷ്ട്രീയം സിനിമയിൽ നടപ്പാക്കാനുള്ള അവയവം. കേരളത്തിൽ ഏറ്റവും കർശനമായ സെൻസറിങ്ങിനു വിധേയമായിട്ടുള്ളത് എന്റെ സിനിമകളാണ്. 

Renji Panicker | Exclusive Interview | Part 1 | I Me Myself | Manorama Online

ലേലം സിനിമ സെൻസർ ചെയ്യുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും ബോർഡ് അംഗമായിരുന്നു. രണ്ടാമത്തെ റീൽ മുഴുവൻ ഒഴിവാക്കണമെന്നായിരുന്നു അവരുടെ ഉത്തരവ്. ‘നേരാ തിരുമേനി... ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല...’ എന്ന സോമൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗുള്ള ഭാഗമാണത്. സഭകളെ വ്രണപ്പെടുത്തും എന്നായിരുന്നു അവരുടെ വാദം. ഒടുവിൽ തർക്കയുദ്ധം തന്നെ നടത്തി അവരെ തോൽപ്പിച്ചാണ് ആ ഭാഗം നിലനിർത്തിയത്. സെൻസറിങ് ജനാധിപത്യ വിരുദ്ധമാണ്. അടിയന്തരാവസ്ഥക്കാലത്തു മാധ്യമങ്ങളിലെല്ലാം സെൻസർ ഓഫിസർമാരെ നിയോഗിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു വിലക്കിട്ട ആ കാലഘട്ടം അവസാനിപ്പിച്ച  ശേഷമാണു മാധ്യമ വസന്തം സംഭവിച്ചത്. 

തലസ്ഥാനം പൊട്ടിയെങ്കിൽ

ഞാനും ഷാജി കൈലാസും ഒന്നിച്ച തലസ്ഥാനം സിനിമയുടെ പ്രിവ്യു മദ്രാസിൽ കണ്ട പലരും രഹസ്യമായി പറഞ്ഞു പരത്തിയതു പടം ഓടില്ലെന്നായിരുന്നു. തിയറ്ററുകാരോടും  പലരും അതു വിളിച്ചു പറഞ്ഞു. ആ പടം ഓടിയില്ലെങ്കിൽ ഞങ്ങൾ രണ്ടുപേരും ഈ പണി നിർത്തി വിദേശത്തോ മറ്റോ ജോലി തേടാം എന്നുറപ്പിച്ചിരുന്നതാണ്. അത്രയ്ക്കു നെഞ്ചിടിപ്പോടെയാണു പടത്തിന്റെ ആദ്യ ഷോ കാണാൻ തിയറ്ററിലിരുന്നത്. അന്നു സുരേഷ് ഗോപി വലിയ താരമല്ല. നരേന്ദ്ര പ്രസാദിനെ ആരുമറിയില്ല. 

renji-panicker

എന്നിട്ടും ജനം ആ സിനിമ സ്വീകരിച്ചു; കയ്യടിച്ചു. ജനക്കൂട്ടത്തിനു നടുവിലിരുന്നു സ്വന്തം സിനിമ കാണുന്നതാണു ഭൂമിയിലെ നരകം. ആദ്യ ഷോ കാണുമ്പോഴും പിന്നീടു കണ്ടാലുമെല്ലാം ഇതാണ് എന്റെ അനുഭവം. ഏകലവ്യൻ 200-ാം ദിവസം തിയറ്ററിൽ കണ്ടപ്പോഴും ഇതേ ആശങ്ക തന്നെയായിരുന്നു. സിനിമയിൽ നമ്മൾ എഴുതുമ്പോൾ വിചാരിക്കാത്ത കാര്യങ്ങളും ഡയലോഗുമൊക്കെയാണു പലപ്പോഴും അപ്രതീക്ഷിത ഹിറ്റുകളായി മാറുന്നത്. ‘ഓർമയുണ്ടോ ഈ മുഖം’ എന്ന ഡയലോഗ് അത്തരത്തിലൊന്നാണ്.

അഹങ്കാരത്തിന് അടിതന്ന ദുബായ്

തുടർച്ചയായ വിജയങ്ങൾ നൽകിയ അഹങ്കാരവും ആത്മവിശ്വാസവും ദുബായ് സിനിമ എഴുതുമ്പോഴും ഉണ്ടായിരുന്നു. പക്ഷേ, ദുബായും പ്രജയും പ്രതീക്ഷിച്ച വിജയം നൽകാതെ വന്നതോടെ സിനിമാ ജീവിതം തന്നെ പ്രതിസന്ധിയിലായി. ഇത്രയും വിജയ സിനിമകൾ എഴുതിയിട്ടും ആ പരാജയങ്ങളുടെ പേരിൽ നാലു വർഷത്തോളം ഞാൻ സിനിമയിൽ നിന്നു നാടു കടത്തപ്പെട്ടു. വീട്ടിൽ വെറുതെ ഇരുന്നു. ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലൂടെ മടങ്ങിവരവിനു ശ്രമിച്ചപ്പോൾ അതിന്റെ വിതരണം ഏറ്റെടുക്കാൻ പോലും ആളുണ്ടായില്ല. 

അവസാന വിജയം മാത്രമാണു സിനിമയിൽ ഒരാളുടെ മാർക്കറ്റ് നിശ്ചയിക്കുന്നത്. പരാജയപ്പെട്ടാൽ വീണ്ടും പൂജ്യമായി മാറും. സിനിമയിൽ ആരുടെയും ഭാവി പ്രവചിക്കാനോ എഴുതിത്തള്ളാനോ കഴിയില്ല. എന്റെ രണ്ടാമത്തെ സിനിമയായ ‘ആകാശക്കോട്ടയിലെ സുൽത്താൻ’ ചെന്നൈയിലെ ഹോട്ടലിൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ നിർമാതാവ് കെ.ടി. കുഞ്ഞുമോൻ സഹായിയായി നിയോഗിച്ചിരുന്ന ആളാണു പിന്നീടു വസന്തകാലൈ പറവൈകൾ ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത പവിത്രൻ. ആ പവിത്രന്റെ മൂന്നാമത്തെ അസിസ്റ്റന്റായിരുന്നു ഇന്നു തമിഴിലെ ഏറ്റവും വലിയ ഹിറ്റ് മേക്കർ ആയ ശങ്കർ.

വിജയവഴി പിന്തുടരാത്ത ന്യൂജൻ

വിജയ സിനിമകളുടെ ഫോർമുല പിന്തുടരാതെ സ്വന്തം നിലയിൽ വിജയ ഫോർമുലകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരാണു മലയാള സിനിമയിലെ പുതിയ തലമുറ. അതാണ് ഈ കാലഘട്ടത്തിലെ  വലിയ സവിശേഷത. മലയാള സിനിമ സാമ്പ്രദായികതയിൽ നിന്നു മുക്തമായിരിക്കുന്നു. സ്ത്രീകൾക്കു സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുന്ന മേഖല തന്നെയാണിത്. ഇക്കാര്യത്തിൽ പുറത്തു സംഭവിക്കുന്നിടത്തോളമൊന്നും സിനിമയിലില്ല.