Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൾക്കൂട്ട വിചാരണകൾ അവസാനിപ്പിക്കണം: അടൂർ

adoor-gopalakrishnan

മലയാളസിനിമയുടെ രാജ്യാന്തര മേൽവിലാസമാണ് അടൂർ ഗോപാലകൃഷ്ണൻ. എഴുപതുകളിലും എൺപതുകളിലും മലയാളത്തിൽ പുതിയൊരു സിനിമാസംസ്കാരത്തിനു തുടക്കമിട്ടവരിൽ പ്രധാനി. ഒത്തുതീർപ്പുകൾക്കു വഴങ്ങില്ലെന്നും അങ്ങനെ വഴങ്ങുന്നവരോടു ബഹുമാനമില്ലെന്നും തീർത്തു പറയുന്ന അടൂർ സംസാരിക്കുന്നു, വിവാദങ്ങളെപ്പറ്റി, താരസംഘടനയെപ്പറ്റി, സോഷ്യൽ മീഡിയയെപ്പറ്റി...

∙ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അവരുടെ ചെറുത്തുനിൽപ്പുകളുമാണ് ഇന്ന് കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ജീവിതത്തിന്റെ പ്രധാന ചർച്ചാവിഷയം. വ്യത്യസ്ത മാനസിക, സാമൂഹിക തലങ്ങളിലൂടെയുള്ള സ്ത്രീസഞ്ചാരങ്ങൾ സിനിമയുടെ പ്രമേയഭാഗമാക്കിയ ആൾ എന്ന നിലയിൽ ഇതിനെ എങ്ങനെ കാണുന്നു?

കയ്യേറ്റവും പീഡനവുമൊക്കെ സിനിമയിൽ‌ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളതാണ്. സിനിമയുടെ ഗ്ലാമർ‌ കാരണം സിനിമാമേഖല കൂടുതൽ പ്രൊജക്ട് ചെയ്യപ്പെടുന്നു. സിനിമക്കാരെപ്പറ്റി കേൾക്കാൻ ആളുകൾക്കു താൽപര്യമുള്ളതുകൊണ്ട് ദിവസവും പത്രങ്ങളിൽ തുടർക്കഥകളെഴുതുന്നു, പക്ഷേ ഇതെത്രത്തോളം സത്യമാണെന്നു നമുക്കറിഞ്ഞുകൂടാ. ഇതൊക്കെ വായിക്കുന്നവർക്കു കിട്ടുന്ന സന്തോഷം, അവരൊക്കെ വളരെ യോഗ്യരാണ്, മറ്റുള്ളവർക്കാണ് കുഴപ്പം മുഴുവൻ എന്നതരം സംതൃപ്തിയാണ്. അതിനെയാണ് ഇപ്പോൾ മാധ്യമങ്ങൾ ഫീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ആരാണു കുറ്റവാളികൾ എന്നു തീരുമാനിക്കാൻ കോടതികളുണ്ട്. എന്നോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ സഹികെട്ട് ഞാൻ പറഞ്ഞു, ‘നിങ്ങളെല്ലാവരുംകൂടി വിധി തീരുമാനിക്കരുത്. പരമാവധി നിങ്ങൾക്കു ചെയ്യാവുന്നത് റിപ്പോർട്ട് ചെയ്യുക എന്നതു മാത്രമാണ്, വാർത്തയുണ്ടാക്കലല്ല.’ അവരതിനെ വളച്ചൊടിച്ച് വേറെയാക്കി. 

ഈയിടെ തിരൂരിൽ മലയാള സർവകലാശാലയിൽ കുട്ടികളുമായി ഒരു സംവാദത്തിനു ഞാൻ പോയിരുന്നു. അവിടെ  മാധ്യമപ്രവർത്തകരുമുണ്ട്. കുട്ടികളുമായുള്ള സെഷൻ കഴിഞ്ഞ് മാധ്യമപ്രവർത്തകർ എന്നോടു സംസാരിക്കാനെത്തി. ‘ അമ്മ എന്ന സംഘടന ഒരു പരാജയമല്ലേ?’ എന്നായിരുന്നു ചോദ്യം. അതൊരു പരാജയമാണോ വിജയമാണോ എന്ന് ഞാനെങ്ങനാ പറയുന്നത്? ഞാനതിലെ അംഗമല്ല. അപ്പോൾ അടുത്തയാളിന്റെ ചോദ്യം: ‘എന്തുകൊണ്ട് അംഗമല്ല?’. അമ്മ എന്ന സംഘടന എന്താണെന്ന് അവർക്കറിഞ്ഞുകൂടാ. അത് നടന്മാരും നടിമാരും മാത്രമുൾപ്പെടുന്ന ഒരു സ്വകാര്യസംഘടനയാണ്. അതിനെപ്പറ്റി പൊതുജനം ഇത്രയ്ക്കു വിഷമിക്കേണ്ടതില്ല. അതു ജനത്തിന്റെ സംഭാവന വാങ്ങിയോ ഗവൺമെന്റിന്റെ ഗ്രാന്റ് വാങ്ങിയോ പ്രവർത്തിക്കുന്നതല്ല. അവശതയുള്ള അഭിനേതാക്കളെ സഹായിക്കാനും മറ്റുമുള്ളതാണ്. ഗവൺമെന്റ് ചെയ്യുന്നതിൽ കൂടുതൽ അവർ ചെയ്യുന്നുമുണ്ട്. അതു പരാജയമാണോ എന്നു ചോദിച്ചാൽ ഞാനെങ്ങനെയാണ് അഭിപ്രായം പറയുന്നത്? വിജയമാണെന്നു ഞാൻ പറഞ്ഞാൽ അതു തിരിച്ചായിരിക്കും റിപ്പോർട്ട് ചെയ്യപ്പെടുക. അതുകൊണ്ടു മറുപടി പറഞ്ഞില്ല. 

നടി ആക്രമിക്കപ്പെട്ട കൃത്യം നടന്നതു ശരിയാണോ എന്നായിരുന്നു പിന്നെ ചോദ്യം. അതു ശരിയാണെന്ന് ആരെങ്കിലും പറയുമോ? തെറ്റു തന്നെയാണ്. നടക്കാൻ പാടില്ലാത്തതാണു നടന്നത്. ഒരു സ്ത്രീയോടും ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്. അതു ചെയ്ത, ഒരാളുണ്ട്. അയാളെപ്പറ്റിയല്ലാതെ മറ്റുള്ളവരെപ്പറ്റി ഇപ്പോഴും നമുക്കറിഞ്ഞുകൂടാ. ഇപ്പോഴുള്ളതു മുഴുവൻ കഥയായിക്കൂടേ? ഈ കുറ്റകൃത്യം ചെയ്തയാൾക്കറിയാം അക്രമത്തിനിരയായ നടിയും ആരോപണവിധേയനായ നടനുമായി ഇഷ്ടത്തിലല്ല, അതുകൊണ്ടുതന്നെ നടൻ അയാളുടെ സിനിമകളിൽനിന്ന് ഈ നടിയെ മാറ്റിയിരുന്നു. അത് ഉപയോഗപ്പെടുത്തി, ആ നടന്റെ പേര് ഇതിലുൾപ്പെടുത്താൻ വേണ്ടി ചെയ്തതായിക്കൂടേ? എനിക്കു ബലമായ സംശയമുണ്ട്.

 അതാരും പറയുന്നില്ല. അവർക്കെല്ലാം അത് ഈ നടൻ ചെയ്യിച്ചതാണെന്നു വരുത്തണം. വലിയൊരു അധോലോക നായകനെപ്പോലെയാണ് പത്രങ്ങൾ ആ നടനെപ്പറ്റി എഴുതുന്നത്. ഞാനിതു തിരൂരിൽവച്ചു പറഞ്ഞ് അന്ന് ഉച്ചകഴിഞ്ഞ് ഞാൻ പറഞ്ഞതായി ഒരു വാർത്ത വരുന്നു: ‘ഈ കൃത്യം ചെയ്തയാൾ സിനിമയിലെ എത്ര ഉന്നതനായാലും അയാൾക്കു കടുത്ത ശിക്ഷ കൊടുക്കണം- അടൂർ’. ഞാൻ മനസ്സിൽപ്പോലും വിചാരിച്ച കാര്യമല്ല അത്. ശിക്ഷ കൊടുക്കണമെന്നോ കൊടുക്കരുതെന്നോ പറയാൻ ഞാനാരാ? അതിനൊക്കെ നമ്മുടെ നാട്ടിൽ കൃത്യമായ സംവിധാനങ്ങളുണ്ട്.

കഴിഞ്ഞയാഴ്ച കൊച്ചിയിൽ ഒരു പരിപാടി കഴിഞ്ഞ് ഒരു കച്ചേരിയുണ്ടായിരുന്നു. അതു കേട്ടുകൊണ്ടിരിക്കെ രണ്ടു മാധ്യമപ്രവർത്തകർ വന്ന് ചോദിച്ചു: ഇന്നാരെപ്പറ്റി എന്തുപറയുന്നു? പേരു പറഞ്ഞിട്ടാണ് ചോദ്യം. എനിക്കു സഹികെട്ടു. ഞാൻ പറഞ്ഞു: ഞാനറിയുന്നിടത്തോളം അയാൾ അധോലോക നായകനോ കുറ്റവാളിയോ ചീത്തപ്രവണതക്കാരനോ ഒന്നുമല്ല. നിങ്ങളെല്ലാവരുംകൂടി എന്തിനാ അയാളെ ഇങ്ങനെയാക്കുന്നത്? നിങ്ങൾക്ക് എന്തധികാരമാണുള്ളത്, മാധ്യമങ്ങളാണെന്നു പറഞ്ഞ്? പറഞ്ഞുപറഞ്ഞ് ജനങ്ങളെ മുഴുവൻ അയാളുടെ ശത്രുക്കളാക്കി. അയാൾ പോകുന്നിടത്തെല്ലാം ജനങ്ങൾ കൂവുകയാണ്. അവരെന്തറിഞ്ഞിട്ടാണ്? ജനത്തെ ചാർജ് ചെയ്ത് നിർത്തിയിരിക്കുകയാണ്. അതു കോടതിയെപ്പോലും സ്വാധീനിക്കും. തെറ്റാണത്. ഒരാൾക്കു നീതി കിട്ടാൻ ഈ രാജ്യത്ത് അവകാശമില്ലേ? അതു നിഷേധിക്കാൻ നമ്മളാരാണ്? ഇപ്പോൾ നടക്കുന്നത് ആൾക്കൂട്ട വിചാരണയാണ്. അതു തെറ്റാണ്.

∙ ഈ നിലപാട് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിനു കാരണമായിരുന്നു.

അതിന്റെ പേരിൽ എന്നെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ വരുന്നുണ്ടെന്ന് അറിഞ്ഞു. ഞാനതു കാണാറില്ല. സോഷ്യൽ മീഡിയ നോക്കാറില്ല. സത്യം പറഞ്ഞാൽ ടിവിയും കാണാറില്ല. മനസ്സിനു സ്വസ്ഥമായിട്ടിരുന്നു വെറെന്തെങ്കിലും ചിന്തിക്കാം, എഴുതുകയോ വായിക്കുകയോ ചെയ്യാം, അതാണിഷ്ടം. ഇതൊന്നും കണ്ടിട്ട് ഒരു കാര്യവുമില്ല. ആളുകളെ ഇങ്ങനെ തേജോവധം ചെയ്യുകയാണ്. അതു മോശമാണ്. 

∙ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി സിനിമാ നിരൂപണങ്ങൾ വരുന്നുണ്ട്. മിക്കതും നിലവാരമില്ലാത്തതും സിനിമകളെ തകർക്കാനുള്ളതുമാണെന്നു പരാതിയുമുണ്ട്.

നേരത്തേ പറഞ്ഞതുപോലെ, ഒന്നിനെപ്പറ്റിയും അറിയാത്ത ആളുകളാണ്. അവരുടെ റിവ്യൂ ആണ്. എന്റെ പടം  ആദ്യ ഷോ ഓടിക്കൊണ്ടിരിക്കുമ്പോൾത്തന്നെ പടം മോശമാണെന്നും നാടകം പോലെയിരിക്കുന്നെന്നും സോഷ്യൽമീഡിയയിൽ കമന്റാണ്. സിനിമ എടുക്കുന്ന ആളുകളും അതിലുണ്ട്. ഞാൻ ഒരു ദിവസം ഓടിച്ചെന്നു പടമെടുത്തതല്ല. ഇവരാരും പടമെടുക്കുന്ന സ്റ്റേജിലുമല്ല എന്റെ പടം. വളരെ കൃത്യമായി ആലോചിച്ചാണ് ഞാൻ പടമെടുക്കുന്നത്. എന്താണ് ചെയ്തിരിക്കുന്നതെന്ന് എനിക്കറിയാം. മറ്റാരും പറഞ്ഞുതരേണ്ട കാര്യമില്ല, നല്ല ബോധ്യമുണ്ട്. വേറൊരാൾ അതു കൊള്ളില്ലെന്നു പറഞ്ഞാൽ അതു കൊള്ളില്ലേ എന്നു വിചാരിക്കുന്ന ആളല്ല ഞാൻ. അവരുടെ വിവരക്കേടാണ് കൊള്ളില്ലെന്നു പറയുന്നത്. എന്റെ പടം കണ്ടിട്ടു മനസ്സിലായില്ലെങ്കിൽ വീണ്ടും കാണുകയാണു വേണ്ടത്. അത്ര വേഗം മനസ്സിലാവില്ല. കാരണം വളരെ വഷളായ സിനിമ കണ്ടു ശീലിച്ച ആളുകൾക്ക് വാസനയുണ്ടാവില്ല. നല്ലതു കണ്ടാൽ അവർക്കിഷ്ടപ്പെടില്ല. അതിനുള്ള പരിശീലനമില്ല അവരുടെ മനസ്സിന്. സിനിമ മനസ്സിലായില്ലെങ്കിൽ അത് അവരുടെ കുറ്റമാണ്. അവർ നിരൂപകരാകുന്നത് എങ്ങനെയാണ്? സിനിമ കാണുന്ന എല്ലാവർക്കും ഓരോ അഭിപ്രായമുണ്ടാകും. അതൊക്കെ നിരൂപണമാകുന്നത് എങ്ങനെയാണ്?  ഈ സിനിമ കണ്ടിട്ട് വളരെ മോശമാണെന്നു പറയുന്ന ആളുകൾ, അവർ സിനിമ എടുക്കുന്നവരാണെങ്കിൽ, അവർക്ക് ഇതുവരെ നല്ല സിനിമ എടുക്കാൻ പറ്റിയിട്ടില്ലെന്നു മാത്രമല്ല ഭാവിയിലും എടുക്കാൻ സാധിക്കില്ല എന്നതിന്റെ തെളിവാണത്. മലയാളത്തിൽ വരുന്ന മൗലികമായൊരു കൃതി ചീത്തയാണെന്നു പറയുക, വിവരമുള്ളവരാരും അങ്ങനെ പറയില്ല. സിനിമ എടുക്കുന്ന ഒരാളാണ് അങ്ങനെ പറയുന്നതെങ്കിൽ അതിനർഥം അയാൾക്ക് സിനിമയിൽ വലിയ ഫ്യൂച്ചറൊന്നും ഇല്ലെന്നാണ്. ചീത്ത സിനിമകൾ തന്നെ അയാൾ തുടർന്നും ചെയ്യും. നല്ല സിനിമകൾ ചെയ്യാൻ യോഗമില്ല.  

∙ ബാഹുബലിയെപ്പറ്റിയുള്ള താങ്കളുടെ വിമർശനവും കടുപ്പത്തിലായിരുന്നു.

അതെ. ബാഹുബലി കേരളത്തിൽ പണം കൊയ്യുകയായിരുന്നു. അതുപോലെ മറ്റൊരു പടമായിരുന്നു പുലിമുരുകൻ. ആ പേരു കേട്ടാൽപ്പോലും ഞാനാവഴി പോകില്ല, ആര് അഭിനയിച്ചാലും ശരി. ആ സാധനമെന്താണെന്ന് പേരു കേൾക്കുമ്പോഴേ അറിയാം. കുഞ്ഞുകുട്ടി ആബാലവൃദ്ധം പോയി വെളുപ്പാൻകാലത്തൊക്കെ ക്യൂ നിന്നു കാണുകയാണ് ഈ പടങ്ങൾ. ഒരു ഭേദപ്പെട്ട പടം കാണാൻ ഇവരൊന്നും പോവില്ല. നമ്മുടെ ആളുകൾക്ക് ടേസ്റ്റ് എന്നു പറഞ്ഞത് ഇല്ല എന്നാണർഥം. നമ്മുടെ സംസ്കാരം എന്നൊക്കെ സ്റ്റേജിൽ പറയും. നമ്മൾ സംസ്കൃത ചിത്തരാണ്, വിദ്യാഭ്യാസം നൂറുശതമാനമാണ് എന്നൊക്കെ പറയില്ലേ, ഒരർഥവുമില്ല. ചിലരെപ്പറ്റി പറയാറില്ലേ പഠിച്ച വിവരദോഷിയെന്ന്. അങ്ങനെയാണ് നമ്മൾ. 

∙ കെട്ടുകാഴ്ചകൾ എന്ന പേരുദോഷത്തിൽനിന്ന് സിനിമ റിയലിസത്തിലേത്തു തിരിച്ചുപോകുന്നതിന്റെ ലക്ഷണങ്ങളുണ്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും ഒക്കെപ്പോലെ.

ഈ രണ്ടു സിനിമകളും ഞാൻ കണ്ടില്ല. കേട്ടിടത്തോളം നല്ല അഭിപ്രായമാണ്. ചില നല്ല പടങ്ങളൊക്കെ ഉണ്ടായിട്ട് ആളുകൾ കാണുന്നേയില്ല. എന്തുചെയ്യാൻപറ്റും?

∙ പുതിയ തലമുറയിലെ പ്രതീക്ഷ തോന്നുന്ന സംവിധായകരാരൊക്കെയാണ്?

ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. വിപിൻ വിജയൻ, സനൽ കുമാർ ശശിധരൻ, സുദേവൻ ഇവരൊക്കെ കോംപ്രമൈസ് ചെയ്യാതെ പടമെടുക്കുന്നവരാണ്. അതാണ് എനിക്ക് അവരോടുള്ള ഇഷ്ടം. ഇതുവരെ ഇവർ ചെയ്തതൊക്കെ നല്ല വർക്കുകളുമാണ്. നല്ല രീതിയിൽ പടമെടുക്കുന്നുവെന്നു മുൻപു പറഞ്ഞ ആൾക്കാരൊക്കെ പകുതി കോംപ്രമൈസാണ്. കണ്ടിട്ടു പറയുന്ന അഭിപ്രായമല്ല. പക്ഷേ എനിക്കറിയാം, അതൊന്നും അവിടെയുമല്ല ഇവിടെയുമല്ല.

∙ വ്യവസായമെന്ന നിലയിൽ നിലനിൽപ്പിന്റെ പ്രശ്നം കൂടിയില്ലേ?

നിലനിൽപ്പെന്നു പറയുന്നത് കോംപ്രമൈസ് ചെയ്തുകൊണ്ടാണെങ്കിൽ എനിക്കതിനോടു ബഹുമാനമില്ല. ഞാനതു ചെയ്യാത്തയാളാണ്. പിന്നെന്തിനാണ് അതു ചെയ്യുന്ന മറ്റൊരാളെ ബഹുമാനിക്കുന്നത്. 

∙ താങ്കളെപ്പോലെ ഒരു വലിയ സംവിധായകന് വർക്കിലും താരങ്ങളിലും മറ്റുമുള്ള നിയന്ത്രണമോ മേൽക്കയ്യോ പുതിയ ആളുകൾക്ക് ഉണ്ടാവണമെന്നില്ലല്ലോ.

ഞാൻ ജനിച്ചപ്പോഴേ അങ്ങനെ വന്നതല്ലല്ലോ. നമ്മുടെ വർക്കിലൂടെ കിട്ടുന്നതല്ലേ. അങ്ങനെ കിട്ടുന്ന ബഹുമാനമല്ലേ. ഞാൻ ആദ്യത്തെ സിനിമയെടുക്കുമ്പൊഴേ എന്റെ സിനിമയിൽ താരങ്ങളുണ്ട്.

∙ ഭൂതകാലത്തിലേക്കു തിരിഞ്ഞിരിക്കുന്നതാണ് അടൂർ സിനിമകളിൽ പലതും എന്നു പറയാം, അവസാനം വന്ന പിന്നെയും ഉൾപ്പെടെ.

ഭൂതകാലമല്ല പിന്നെയും എന്ന പടത്തിലുള്ളത്. ഇപ്പോഴത്തെ കാലമാണ്. അതിലെ കാലയളവ് ഇപ്പോഴത്തേതിൽനിന്ന് പിന്നോട്ടു പോയിട്ട് പതിനഞ്ചു വർഷവും മുന്നോട്ടു വന്നിട്ട് ഇന്നത്തെ കാലവുമാണ്. പല പടങ്ങളും അങ്ങനെയാണ്. സ്വയംവരം 72 ൽ എടുത്ത പടമാണ്. ആ സമയത്തെ തിരുവനന്തപുരം പോലെ ഒരു ടൗണിൽ നടക്കുന്നതാണ്. കൊടിയേറ്റം, 75 ൽ ഷൂട്ട് ചെയ്തു, 77 ൽ പൂർത്തിയാക്കി. നമ്മുടെ നാട്ടിൻപുറത്തെ കഥാപാത്രങ്ങളും സംഭവങ്ങളുമാണ്. മതിലുകൾ 42 ൽ നടന്ന സംഭവമാണ്. അതിന്റെ കാലം നമുക്കു മാറ്റാനാവില്ല. നമ്മൾ പടത്തിലൂടെ പറയുന്നതെന്താണ് എന്നതാണ് പ്രധാനം. നമ്മൾ എടുക്കുന്നത് പീരീഡ് ഫിലിം അല്ലല്ലോ. പീരീഡ് ഫിലിമിന് ആ കാലഘട്ടത്തെ നന്നായിട്ട് അവതരിപ്പിച്ചു എന്നതിനപ്പുറം ഒന്നുമില്ല.  എന്റെ പടങ്ങൾ‌ സ്പെസിഫിക്കായി ഒരു പീരീഡിലായിരിക്കും. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിന്റെ ഒരു ഡോക്യുമെന്റാണ് ഓരോ പടവും. 

∙ സിനിമയിലെ താരാധിപത്യത്തെപ്പറ്റി പരാതികളുണ്ടാകുന്നുണ്ട്.

അതെന്തിനാണു പരാതി പറയുന്നത്? താരങ്ങളാരെങ്കിലും നിങ്ങളോടു വന്ന് സിനിമയെടുക്കാൻ പറ‍ഞ്ഞോ? നിങ്ങൾ താരങ്ങളുടെ പുറകെ പോയി ‍‍ഡേറ്റ് വാങ്ങിച്ച് താരങ്ങൾക്കു പറ്റുന്ന രീതിയിൽ‌ കഥയെഴുതി പടമെടുക്കുകയാണ്. എന്നിട്ട് താരാധിപത്യമെന്നു പരാതി പറയുന്നതിൽ അർഥമുണ്ടോ? ആരെങ്കിലും പറഞ്ഞോ നിങ്ങളോട് താരങ്ങളെ വച്ചു പടമെടുക്കാൻ? അത്തരം പരാതിയിൽ കാര്യമില്ല. 

∙ സിനിമാ മേഖല മെച്ചപ്പെടുത്താൻ അടൂർസമിതി സർക്കാരിനു ചില ശുപാർശകൾ നൽകിയിരുന്നു. 

അത് അംഗീകരിച്ചെന്നാണു പറയുന്നത്. പക്ഷേ ഗവൺമെന്റ് അംഗീകരിച്ചെന്നു വാക്കാൽ പറഞ്ഞാൽപ്പോരാ, ഉത്തരവിറക്കണം. എന്നിട്ട് നടപ്പാക്കാനുള്ള നടപടികൾ വേണം. അല്ലാതെ പറ്റില്ല. നടപ്പാക്കാൻപോകുന്നെന്നൊക്കെ പറയുന്നുണ്ട്. 

∙ ചലച്ചിത്രമേഖലയിലെ സംഘടനകളുടെ ആവശ്യകതയെപ്പറ്റി പലരും പറയുന്നുണ്ട്. അതേസമയം വിലക്ക് പോലെയുള്ള പ്രവർത്തനങ്ങളുമുണ്ട്. ചലച്ചിത്ര സംഘടനകളുടെ പ്രസക്തിയെന്താണ്?

സിനിമയിൽത്തന്നെ പല സംഘടനകളുണ്ട്. അവയൊക്കെത്തമ്മിൽ തർക്കങ്ങളുണ്ടാവാറുണ്ട്. അതൊഴിവാക്കാനാണ് സിനിമാ അതോറിറ്റി വേണമെന്ന് സർക്കാരിനു നമ്മൾ ശുപാർശ കൊടുത്തത്. ഇൻഡസ്ട്രിയിലെ ആളുകളും പ്രഫഷണലുകളും സർക്കാരും ചേർന്ന ഒരു ബോഡിയായിരിക്കും അത്. തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാൽ അവിടെ അതു പരിഹരിക്കും. അതൊരു ലീഗൽ സ്ഥാപനമാകുമ്പോൾ അതിന്റെ തീരുമാനങ്ങൾ നല്ലതായിരിക്കും. അതുകൊണ്ടാണ്. ഇൻഡസ്ട്രിയെ നിയന്ത്രിക്കാൻ വേണ്ടിയല്ല, സഹായിക്കാൻ വേണ്ടിയാണ്.

ഇപ്പോൾ നിയന്ത്രണങ്ങൾ സംഘടനകളാണ്. ചിലരുടെയൊന്നും സിനിമ ഓടിക്കില്ല എന്നൊക്കെ തീരുമാനമെടുക്കുന്നുണ്ട്. ഡിസ്ട്രിബ്യൂട്ടേഴ്സ് ഇപ്പോൾ വീക്കാണ്. എല്ലാവരും അവരവരുടെ പടം ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നവരാണ്. തിയറ്ററുകാരുടെ സംഘടനയൊക്കെ ചിലരുടെ പടം ഓടിക്കില്ലെന്നൊക്കെ പറയുകയാണ്. അങ്ങനെ പറയാൻ ആർക്കും അവകാശമില്ല. സിനിമയില്ലാതെ തിയറ്ററുകാരുണ്ടോ? അവർ വിചാരിക്കുന്നത് മലയാളപടമില്ലെങ്കിലും വേറെ പടം കാണിക്കാമെന്നാണ്. അതു സമ്മതിക്കാൻ പാടില്ല. തിയറ്ററുകാർ കാണിക്കുന്നതിന്റെ ഇത്ര ശതമാനം മലയാളം പടമായിരിക്കമെന്ന് നിർബന്ധം വയ്ക്കണം. അതോറിറ്റി വന്നാൽ അതൊക്കെ കഴിയും. താരങ്ങളില്ലെങ്കിലും മലയാളം പടം കാണിക്കാൻ അവർ ബാധ്യസ്ഥരാകണം. പ്രത്യേകിച്ച് മെറിറ്റുള്ള പടങ്ങൾ.

നമ്മുടെ മറ്റൊരു പ്രധാന ശുപാർശ, രണ്ടു കോടിയിൽത്താഴെ പണം മുടക്കിയെടുത്ത പടങ്ങൾക്ക് പ്രത്യേകം സഹായം ചെയ്യണം, പ്രമോഷനും മറ്റും. രാജ്യാന്തര ചലച്ചിത്ര മേളകൾക്കൊക്കെ പോകുകയാണെങ്കിൽ അതിനു വേണ്ട സഹായധനം, എടുത്തതിനു സബ്സിഡി, ദേശീയ- സംസ്ഥാന അവാർഡുകൾ കിട്ടിയാലും പരിഗണന. ഇതൊക്കെ ചെയ്യുന്ന സ്ഥലമുണ്ട്- മഹാരാഷ്ട്ര. ഇപ്പൊ ഇന്ത്യയിൽ ഏറ്റവും നല്ല പടങ്ങളെടുക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്- മറാത്തിയിൽ. ഹിന്ദി സിനിമ കാരണം രക്ഷപ്പെടാതെ കിടക്കുകയായിരുന്നു മറാത്തി സിനിമ. പക്ഷേ സർക്കാർ തീരുമാനിച്ചു, ഇത്ര ശതമാനം മറാത്തി സിനിമ കാണിച്ചിരിക്കണം. അല്ലാതെ അവയ്ക്കു തിയറ്റർ കിട്ടുമായിരുന്നില്ല. കുഴപ്പം ഗുണമേന്മയുള്ള സിനിമയ്ക്കാണ്. വഷളായ സിനിമയ്ക്ക് പ്രശ്നമില്ല. ബാഹുബലിയൊക്കെ കെട്ടുകാഴ്ചയാണ്. അതിനവർ നാഷനൽ അവാർഡ് വരെ കൊടുക്കുന്നു. നമ്മൾ എങ്ങോട്ടാണു പോകുന്നതെന്ന് നമുക്കറിഞ്ഞുകൂടാ.

 

∙ ഫിലിം സൊസൈറ്റികളിലൂടെ പുതിയൊരു സിനിമാബോധം കേരളത്തിൽ വളർത്തിയെടുക്കാൻ മുന്നിൽനിന്നവരിൽ ഒരാളെന്ന നിലയിൽ മലയാളസിനിമയുടെ ഭാവിയെപ്പറ്റിയുള്ള വിചാരമെന്താണ്?

ഭാവിയെപ്പറ്റി ആർക്കെങ്കിലും പറയാനാവുമോ? ഇന്നിപ്പൊ ഇതുപോലെ സിനിമ ഡിജിറ്റലാകുമെന്ന് നമ്മളൊരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ ഡിജിറ്റലായപ്പോൾ ഒരുപാടു സൗകര്യങ്ങളുണ്ട്. ആദ്യമായിട്ട് എന്റെയൊരു സിനിമ- പിന്നെയും- 125 തിയറ്ററുകളിൽ റിലീസ് ചെയ്തു. കേരളത്തിനൊപ്പം ഡൽഹി, ബോംബെ, കൽക്കട്ട, മദ്രാസ്, പുണെയിൽവരെ ഉണ്ടായിരുന്നു. ഇതിനുമുൻപ് പറ്റില്ലായിരുന്നു. കാരണം ഒരു പ്രിന്റിനു തന്നെ ഒരു ലക്ഷം രൂപ വരെ ചെലവു വരും. അപ്പൊ നൂറു പ്രിന്റ് എന്നെക്കൊണ്ടു താങ്ങാനാവുമോ. ഇപ്പോഴതു പ്രശ്നമല്ല. എന്റെയൊരാഗ്രഹമായിരുന്നു സിനിമ വൈഡായി റിലീസ് ചെയ്യണമെന്ന്. പക്ഷേ ചില പ്രശ്നങ്ങളുമുണ്ടായി. കൊച്ചു കൊച്ചു തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ പെട്ടെന്നു റിലീസ് ചെയ്യേണ്ടിവന്നപ്പോൾ കൊച്ചു തിയറ്ററുകൾ കിട്ടിയില്ല. അവിടെ പടമുണ്ടായിരുന്നു. വലിയ തിയറ്ററുകൾ ഫ്രീയായിരുന്നു. കാരണം ഇപ്പോൾ ആളുകൾ ചെറിയ തിയറ്ററുകളിലാണു പോകുന്നത്. വലിയ തിയറ്ററുകൾ കിട്ടിയപ്പോൾ ഉണ്ടായ മറ്റൊരു പ്രശ്നം, അവിടെ മൂന്നിലൊന്നോ നാലിലൊന്നോ ആളു കയറിയാലും അവരുടെ മൊത്തം കലക്‌ഷൻ വച്ച് അത് ഫെയിലാവും. വലിയ തിയറ്ററിൽ ആളില്ലെന്നു തോന്നിയാൽ അതു കാണാനിരിക്കുന്നവരെയും ബാധിക്കും. അങ്ങനെ കുറച്ചു ബാധ്യതകളുണ്ടായി.