Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശങ്കയില്ലാതെ ചാക്കോച്ചന്റെ ടേക്ക് ഓഫ്; അഭിമുഖം

chakochan-3

അഭിനയജീവിതത്തില്‍ രണ്ടു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിലെ പഴയ ചോക്ലേറ്റ് ഹീറോയല്ല ഇന്ന് ചാക്കോച്ചന്‍. കാലവും അനുഭവങ്ങളും അദ്ദേഹത്തിലെ അഭിനേതാവിനെയും വ്യക്തിയേയും ഏറെ രൂപപ്പെടുത്തിയിരിക്കുന്നു. ടേക്ക് ഓഫ്, രാമന്റെ ഏദന്‍തോട്ടം, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളുടെ ഹാട്രിക് വിജയത്തോടെ തന്റെ അഭിനയ ജീവിതത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷമാക്കി മാറ്റുകയാണ് അദ്ദേഹം. പിന്നിട്ട വര്‍ഷങ്ങളിലേക്കു ചാക്കോച്ചന്‍ തിരിച്ചു നടക്കുന്നു, ഒപ്പം അദ്ദേഹത്തിന്റെ കാഴ്ചകളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നു... 

സിനിമയിലെ 20 വര്‍ഷങ്ങളിലേക്ക് ഒരു തിരനോട്ടം നടത്തുമ്പോള്‍ സ്വയം എങ്ങനെ വിലയിരുത്തുന്നു

എന്റെ ചലച്ചിത്ര ജീവിതത്തെ മൂന്നു ഘട്ടങ്ങളായി തരംതിരിക്കാമെന്ന് തോന്നുന്നു. 1997 മുതല്‍ 2005 വരെയുള്ള ആദ്യഘട്ടം. അതിനു ശേഷം രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമുള്ള മടങ്ങിവരവ്. 2016 മുതലുള്ള കാലയളവിനെ മൂന്നാം ഘട്ടമെന്നും വിളിക്കാം. ആദ്യത്തെ ഘട്ടത്തില്‍ സിനിമയെ അത്ര ഗൗരവമായി സമീപിച്ചിരുന്നില്ല. രണ്ടാം വരവിലാണ് ഒരു നടനെന്ന നിലയില്‍ സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. സിനിമയില്‍ നിലനില്‍ക്കണമെന്ന ആഗ്രഹം ഉണ്ടാകുന്നതും അതിനു വേണ്ടി സ്വയം മാറ്റങ്ങള്‍ക്കും വിധേയമാകുന്നതും ഈ ഘട്ടത്തിലാണ്. 

chakochan-shalini

2016-ല്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ പുതിയൊരു ചുവടുവയ്പ്പു കൂടി നടത്തി. ഈ വര്‍ഷം തികച്ചും വ്യത്യസ്തമായ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും തികച്ചും വിഭിന്നങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും കഴിഞ്ഞു. അവയെല്ലാം എല്ലാ അര്‍ത്ഥത്തിലും വിജയംവരിച്ചു എന്നത് ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഒരുപാട് സന്തോഷം പകരുന്നു. 

തിരിഞ്ഞു നോക്കുമ്പോള്‍ അഭിനേതാവ് എന്ന നിലയിലും വ്യക്തിയെന്ന നിലയിലും മെച്ചപ്പെടാന്‍ കഴിഞ്ഞുവെന്നു ഞാന്‍ വിശ്വസിക്കുന്നു. അതില്‍ എല്ലാം ഉപരിയായി പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കുന്നുണ്ട്. നല്ല സിനിമകള്‍ക്കു അവര്‍ നല്‍കിയ സ്‌നേഹവും പ്രോത്സാഹനവും മൂലമാണ് മലയാള സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിഞ്ഞത്. സിനിമയിലേക്ക് കടന്നുവരുക താരതമ്യേന എളുപ്പമായിരിക്കാം, പക്ഷേ നമ്മുക്ക് ലഭിക്കുന്ന സ്‌നേഹവും അംഗീകാരവും നിലനിര്‍ത്തുക എളുപ്പമല്ല. പ്രത്യേകിച്ചും മലയാളികള്‍ക്ക് ഇടയില്‍. സിനിമയുടെ ജയപരാജയങ്ങള്‍ക്ക് അപ്പുറത്ത് നല്ല സിനിമകളുടെ ഭാഗമാകയതിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഒരു ഇടം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. 

 

സിനിമയിലേയും വ്യക്തി ജീവിതത്തിലേയും ഉയര്‍ച്ച-താഴ്ചകള്‍, അഭിനേതാവ്-വ്യക്തി എന്നീ നിലകളില്‍ എങ്ങനെ രൂപപ്പെടുത്തി 

എല്ലാവരുടെയും ജീവിതത്തിലും അത്തരത്തില്‍ കയറ്ററിക്കങ്ങളുണ്ട്. നമ്മുടെ ഹാര്‍ട്ട്ബീറ്റിന്റെ ഗ്രാഫ് കണ്ടിട്ടില്ലേ. അതില്‍ ആരോഹണ അവരോഹണങ്ങളില്ലേ. അത് നേര്‍രേഖയാകുമ്പോള്‍ അവിടെ മരണം സംഭവിച്ചു എന്നാണ് അര്‍ത്ഥം. ജീവിതം ഒരിക്കലും നേര്‍രേഖയല്ല. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം. സങ്കടം ഉണ്ടെങ്കിലേ സന്തോഷത്തിന്റെ പൂര്‍ണത നമുക്ക് ആസ്വദിക്കാന്‍ പറ്റുള്ളു. 

chakochan-fazil

ഒരു കരച്ചില്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു ചിരിയുടെ സൗന്ദര്യം നമുക്ക് ആസ്വദിക്കാന്‍ പറ്റുള്ളു. എന്തെങ്കിലും ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊണ്ടു മുന്നോട്ട് പോകാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രായഭേദമേന്യ എനിക്കു മുമ്പും പിന്‍പും കടന്നുപോയവരില്‍ നിന്ന് ഞാന്‍ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. പരാജയം വരുമ്പോള്‍ നമുക്ക് നിരാശയുണ്ടാകും ജീവിതം മടുപ്പിക്കുന്ന ഒരു നിരാശയായി അതിനെ മാറാന്‍ അനുവദിക്കരുത്. താഴ്ചകള്‍ വരുന്ന സമയത്ത് കൂടുതല്‍ ഊര്‍ജ്ജത്തോടെ ഉയരത്തിലേക്ക് കുതിക്കാനും ഉയര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ അതില്‍ മതിമറക്കാതെ ബാലന്‍സ് ചെയ്യാനും എന്റെ അനുഭവങ്ങള്‍ എന്നെ പ്രാപ്തനാക്കിയിട്ടുണ്ട്. 

ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള രൂപന്താരത്തെ എങ്ങനെ നോക്കി കാണുന്നു

ഇപ്പോള്‍ ചോക്ലേറ്റ് ഹീറോ അല്ല വ്യത്യസ്ത വേഷങ്ങളാണ് ചെയ്യുന്നതെന്നു ഞാന്‍ എന്നെക്കുറിച്ച് തന്നെ പറയുന്നതിനേക്കാള്‍ ഉപരി താങ്കളുടെ ചോദ്യം തന്നെയാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. തീര്‍ച്ചയായും അതൊരു വെല്‍കം ചെയിഞ്ചാണ്. ഹിറ്റായ ഒട്ടേറെ റൊമാന്റിക് ചിത്രങ്ങളുടെ ഭാഗമായതു കൊണ്ടു മാത്രം ഒരു റൊമാന്റിക് ഹീറോയായി ടാഗ് ചെയ്യപ്പെടുന്നു എന്നൊരു വല്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍. അത് അധികകാലം മുന്നോട്ടു പോകില്ലയെന്നു മറ്റാരെക്കാളും നന്നായി എനിക്ക് അറിയമായിരുന്നു. 

chakochan-shalini-2

ഞാനൊരു മാറ്റത്തിനു വേണ്ടി ശ്രമിക്കുമ്പോള്‍ അതു അടിച്ചു പഴിപ്പിച്ചു എന്ന രീതിയിലാകാതെ പതുക്കെ പതുക്കെ മാറ്റത്തിനു വേണ്ടി ശ്രമിച്ചു. അതിനു ശേഷമാണ് ആളുകള്‍ ഇപ്പോള്‍ റൊമാന്റിക് ഹീറോ എന്ന ടാഗ് മാറ്റി കഥാപാത്രങ്ങളായി എന്നെ കാണുന്നതും അങ്ങനെയുള്ള സിനിമകള്‍ വിജയിക്കുന്നതും. പിന്നെ ഒരുപരിധി വരെ പ്രായവും. പ്രായത്തിന് അനുസരിച്ചു പക്വതയും പാകതയും കൈവന്നു. എന്നാലും എന്നെ ഇപ്പോഴും ചോക്ലേറ്റ് ഹീറോ എന്നു വിളിക്കുന്നവരുണ്ട്. 

രക്തം കൊണ്ടു കത്തുകള്‍ എഴുതുന്നവരുണ്ടോ ഇപ്പോഴും

ഹേയ് അതൊന്നുമില്ല, (ചിരിക്കുന്നു) അവര്‍ക്കും പക്വത കൈവന്നു എന്നു തോന്നുന്നു. 

ചാക്കോച്ചനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ ഗണത്തിലും മാറ്റം വന്നിട്ടുണ്ടല്ലോ

തീര്‍ച്ചയായിട്ടും. ഈ വര്‍ഷം ഇറങ്ങിയ സിനിമകള്‍ തന്നെ പരിശോധിക്കാം. അതില്‍ ടേക്ക് ഓഫിലെ ഷഹിദിന്റെയും രാമന്റെ ഏദന്‍തോട്ടത്തിലെ രാമന്റെയും കഥാപാത്രങ്ങളോട് സ്ത്രീ പ്രേക്ഷകര്‍ക്കു പ്രത്യേക താല്‍പര്യവും സ്‌നേഹവും തോന്നും. അതേസമയം അതേ സ്ത്രീ പ്രേക്ഷകര്‍ വര്‍ണ്യത്തില്‍ ആശങ്കയിലെ കൗട്ട ശിവനെ കാണുമ്പോള്‍ അയ്യേ ഈ മനുഷനെയാണോ ഞങ്ങള്‍ സ്‌നേഹിച്ചതെന്നു തിരിച്ചു ചിന്തിച്ചേക്കാം. അതേസമയം യുവാക്കള്‍ക്ക് കൂടുതല്‍ ഇഷ്ടമാകുക കൗട്ടശിവന്റെ കഥാപാത്രത്തെയായിരിക്കും. അത്തരത്തില്‍ വ്യത്യസ്തമായ വേഷങ്ങളുമായി തിരക്കഥാകൃത്തുകളും നിര്‍മ്മാതാവും സംവിധായകരും എന്നെ സമീപിക്കുന്നത് തന്നെ വലിയ അംഗീകാരമാണ്. മാറ്റത്തിനു വേണ്ടിയുള്ള എന്റെ ശ്രമങ്ങള്‍ വിജയിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളായി ഞാന്‍ അതിനെ കാണുന്നു. 

take-off-chakochan-1

നായിക കേന്ദ്രീകൃതമായ സിനിമകള്‍ ഇമേജ് ഭയമില്ലാതെ തിരഞ്ഞെടുക്കാന്‍ ചാക്കോച്ചനു കഴിയുന്നുണ്ടല്ലോ

ഒരു സിനിമയുടെ കഥകേട്ടു പൂര്‍ണമായും ഇഷ്ടപ്പെട്ടത്തിനു ശേഷമാണ് ഞാന്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അനിയത്തിപ്രാവിലെ മിനിയെന്ന കഥാപാത്രത്തിനൊപ്പം സുധിയെന്ന കഥാപാത്രത്തെയും ആള്‍ക്കാര്‍ നെഞ്ചിലേറ്റിയിട്ടുണ്ടെങ്കില്‍ അതൊരു ഫീമെയില്‍ ഓറിയന്റഡ് സബ്ജക്റ്റ് ആയതുകൊണ്ട് മാത്രമല്ല മറിച്ച് ആ സിനിമ എല്ലാവര്‍ക്കും ഇഷ്ടമായതു കൊണ്ടുകൂടിയാണ്. എല്‍സമ്മയെന്ന ആണ്‍കുട്ടിയില്‍ എല്‍സമ്മക്കൊപ്പം അതിലെ പാലുണ്ണി എന്ന കഥാപാത്രത്തെയും ടേക്ക് ഓഫിലെ സമീറക്കൊപ്പം ഷഹിദിനെയും ഏദന്‍തോട്ടത്തിലെ മാലിനിക്കൊപ്പം രാമനെയും പ്രേക്ഷകര്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ക്ക് ആ കഥാപാത്രങ്ങളെ ഇഷ്ടമായതു കൊണ്ടാണ്. 

take-off-chakochan

പ്രേക്ഷകര്‍ക്കു സിനിമ ഇഷ്ടപ്പെടുന്നു അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്നു, കഥാ സഹാചര്യങ്ങളെ ഇഷ്ടപ്പെടുന്നു. അങ്ങനെ മൊത്തത്തില്‍ ആ സിനിമയെയാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത്. ഈ സിനിമകളിലെല്ലാം ഫീമെയില്‍ ലീഡ്‌സിനൊപ്പം ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കും തുല്യ പ്രധാന്യം ഉണ്ടായിരുന്നു. ഈ സിനിമകളെല്ലാം നല്ലൊരു സന്ദേശം പ്രേക്ഷകരുമായി സംവദിക്കുകയും അവരെ രസിപ്പിക്കുകയും ചെയ്യുന്ന സബ്ജക്റ്റുകളുമായിരുന്നു. അങ്ങനെയുള്ളപ്പോള്‍ എന്തിന് ഞാന്‍ അത്തരം നല്ല സിനിമകള്‍ വേണ്ടെന്നുവെക്കണം. 

ചാക്കോച്ചന്റെ വ്യക്തി ജീവിതത്തിലെ സ്ത്രീകളുടെ സ്വാധീനം അത്തരം സിനിമകളുടെ ഭാഗമാകാന്‍ പ്രചോദനമായിട്ടുണ്ടോ

ഉണ്ടായിരിക്കണം. കാരണം ഞാന്‍ വളര്‍ന്നു വന്ന സാഹചര്യങ്ങള്‍ എന്നെ തീര്‍ച്ചയായും സ്വാധീനിക്കുമല്ലോ. ഞാന്‍ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നല്ലകാര്യങ്ങള്‍ നടക്കാന്‍ വേണ്ടി എന്നെ പാകപ്പെടുത്തിയിട്ടുള്ളതും എന്റെ ജീവിതത്തിലെ സ്ത്രീകളാണ്. എനിക്കും സ്ത്രീകളോട് എല്ലാകാലത്തും പ്രതിബദ്ധതയുണ്ട്. സമൂഹത്തിനു തീര്‍ച്ചയായും സ്ത്രീകളോട് പ്രതിബദ്ധത ഉണ്ടാകാണം. നിര്‍ഭാഗ്യച്ചാല്‍ സമൂഹത്തിനു സ്ത്രീകളോടുള്ള പ്രതിബദ്ധത കുറഞ്ഞുവരുകയാണ്. ഞാന്‍ തിരഞ്ഞെടുക്കുന്ന സിനിമകള്‍ക്കു അത്തരത്തില്‍ പ്രതിബദ്ധത ഉണ്ടെങ്കില്‍ ഞാന്‍ വളര്‍ന്നു വന്ന സാഹചര്യത്തിന്റെ കൂടിയാകാം. അതൊരിക്കലും മോശമല്ല, നല്ലകാര്യമാണ്. അതുകൊണ്ടു തന്നെയാകാം അത്തരം സിനിമകള്‍ വിജയിക്കുന്നതും. 

aju-chakochan

രാജേഷ് പിള്ളയുടെ ഓര്‍മകളിലേക്കുള്ള ടേക്ക് ഓഫുകള്‍ ഇനിയുമുണ്ടാകുമോ? മോട്ടര്‍ സൈക്കിള്‍ ഡയറീസ് എന്ന സ്വപ്‌നം യഥാര്‍ഥ്യമാകുമോ?

രാജേഷിന്റെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു എനിക്ക് തോന്നുന്നില്ല. കാരണം രാജേഷിന്റെ സിനിമകളെന്നും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നവയാണ്. അദ്ദേഹത്തിന്റെ ഒരു സ്വപ്‌ന സിനിമയായിരുന്നു മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. അത് പൂര്‍ത്തിയാക്കുക എന്നത് വലിയൊരു കടമ്പയാണ്. രാജേഷ് വിഭാവനം ചെയ്ത പോലെ ആ സിനിമ പൂര്‍ത്തിയാക്കുക എന്നത് ഏറെ ശ്രമകരവും. വലിയ ബഡ്ജറ്റുള്ളൊരു സിനിമയാണത്. ഒട്ടെറെ ആര്‍ട്ടിസ്റ്റുകളെയും ടെക്‌ന്യഷിന്‍മാരെയും ലൊക്കേഷനുകളുമൊക്കെ ആവശ്യപ്പെടുന്ന തിരക്കഥയാണ് ചിത്രത്തിന്റേത്. ആ സിനിമയുടെ ഭാഗമാകുന്ന എല്ലാ അണിയറ പ്രവര്‍ത്തകരുെയും ഒരുപാട് അദ്ധ്വാനവും സമയവുമൊക്ക വേണ്ടിവരുന്ന വലിയൊരു സിനിമയാണത്. അതുകൊണ്ടു തന്നെ ആ പ്രൊജക്റ്റ് രൂപകല്‍പ്പന ചെയ്യാനും പൂര്‍ത്തിയാക്കാനും വലിയൊരു സമയപരിധി വേണ്ടി വരും. ഞാനും നിവിനും കാണുമ്പോഴെല്ലാം ആദ്യം സംസാരിക്കുന്ന വിഷയം മോട്ടോര്‍ സൈക്കിള്‍ ഡയറീസ് തന്നെയാണ്. അതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും സജീവമായി തന്നെയുണ്ട്. ദൈവം സഹായിച്ചാല്‍ ആ സ്വപ്നം എന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു തന്നെയാണ് വിശ്വാസം.

chakochan-priya

ഉദയുടെ ബാനറില്‍ പുതിയ സിനിമകള്‍ പ്രതീക്ഷിക്കാമോ

തീര്‍ച്ചയായിട്ടും ഉദയയുടെ ബാനറില്‍ ഇനിയും സിനിമകള്‍ പ്രതീക്ഷിക്കാം. ഉടനെ ഉണ്ടാകില്ല. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. 

വര്‍ണ്യത്തില്‍ ആശങ്കയിലെ കൗട്ട ശിവനെന്ന പരുക്കന്‍ കഥാപാത്രം അഭിനയ ജീവിതത്തിലെ പുതിയ വഴിത്തിരിവാകുമോ

വര്‍ണ്യത്തില്‍ ആശങ്കയിലെ കൗട്ട ശിവന്‍ വളരെ യാദൃചികമായി എന്നിലേക്കു വന്നിട്ടുള്ള ഒരു കഥാപാത്രമാണ്. അങ്ങനെയൊരു വേഷത്തില്‍ അഭിനയിക്കണമെന്നു പ്ലാന്‍ ചെയ്തു സംഭവിച്ചതല്ല. അങ്ങനൊരു വേഷം വേണമെന്നു പറഞ്ഞു ഞാന്‍ എഴുതിച്ചൊരു കഥാപാത്രമേ അല്ല. ഒരുപക്ഷേ ആ സിനിമയിലേക്ക് ഏറ്റവും അവസാനം കാസ്റ്റ് ചെയ്യപ്പെട്ട അഭിനേതാവ് ഞാനായിരിക്കും. ചിത്രത്തിന്റെ നിർമാതാവ് ആഷിക്ക് ഉസ്മാനാണ് ഇത്തരത്തിലൊരു കഥാപാത്രത്തെപ്പറ്റി എന്നോട് ആദ്യം പറയുന്നത്. കേട്ടു നോക്കു ചക്കോച്ചന്‍ ചെയ്താല്‍ പ്രേക്ഷകര്‍ക്കു ഒരു പുതുമ അനുഭവപ്പെടും. ചിലപ്പോള്‍ ഇങ്ങനത്തെ കഥാപാത്രങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുട്ടാകും. ചാക്കോച്ചന്‍ ഇതുവരെ ഇങ്ങനത്തെ ഒരു വേഷം ചെയ്തിട്ടില്ല. ഇങ്ങനത്തെയൊരു ഗെറ്റപ്പില്‍ ചാക്കോച്ചനെ ആരും കണ്ടിട്ടില്ല. അതുകൊണ്ട് ചാക്കോച്ചന്‍ ചെയ്താല്‍ നന്നാകുമെന്ന് ആഷിക്ക് ഉസ്മാന്‍ പറഞ്ഞു. കഥാപാത്രം മാത്രം നന്നായതുകൊണ്ട് കാര്യമില്ലല്ലോ കഥയും നന്നാകണമല്ലോ. പിന്നീട് സിദ്ധാര്‍ഥും തൃശൂര്‍ ഗോപാല്‍ജിയും വന്നു കഥ പറഞ്ഞപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. അങ്ങനെയാണ് കൗട്ട ശിവന്‍ എന്നിലേക്ക് എത്തിചേരുന്നത്. ഇതൊരു ഗ്രൂപ്പ് ഗെയിമാണ്. നാലോ അഞ്ചോ നായകമാരുള്ള ചിത്രത്തില്‍ കൗട്ട ശിവന്‍ വേറിട്ടതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഞാന്‍ ഇതുവരെ അത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടല്ലാത്തതുകൊണ്ടാകാം. 

kunchako-mammootty

കൗട്ട ശിവനെ പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ ഒരു താരത്തിനേക്കാള്‍ നടന്‍ എന്ന നിലയില്‍ ഒരുപാട് ആത്മവിശ്വാസവും സന്തോഷവും തോന്നുന്നു. ഇനി അങ്ങോട്ട് പുതിയ കഥയും കഥാപാത്രങ്ങളെയും തിരഞ്ഞെടുക്കാന്‍ എനിക്കും പുതിയ കഥാപാത്രങ്ങളുമായി എന്നെ സമീപിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും പ്രേരകമാകുന്ന ഘടകമായി അത് മാറുമെന്നു പ്രതീക്ഷിക്കുന്നു. 

  

ആദ്യ സിനിമ മുതല്‍ ഒട്ടെറെ ഹിറ്റുഗാനങ്ങളുടെ ഭാഗമാകാന്‍ ഭാഗ്യം സിദ്ധിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. അഭിനയിച്ച സിനിമകളില്‍ ചാക്കോച്ചന് ഏറ്റവും പ്രിയപ്പെട്ട ഗാനം ഏതാണെന്ന ചോദ്യമെറിഞ്ഞത്  കൗതുകം കൊണ്ടായിരുന്നു. തന്റെ സിനിമകളിലെ മെലഡികളും അടിപൊളി ഗാനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന ചാക്കോച്ചന്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന ഒരു ഗാനമുണ്ട്. അത് സത്യം ശിവം സുന്ദരമെന്ന സിനിമയിലെ 'സൂര്യനായി തഴുകി ഉറക്കം ഉണര്‍ത്തുമെന്‍ അച്ഛനെയാണ് എനിക്കിഷ്ടം'  എന്ന ഗാനമാണ്. മലയാള സിനിമയില്‍ തുടര്‍ച്ചയായ വിജയങ്ങളിലൂടെ ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഒരുപക്ഷേ ചാക്കോച്ചന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതും പിതാവിനെയാകും. മകന്റെ വിജയങ്ങളില്‍ എവിടെയൊ ഇരുന്ന് അപ്പന്‍ സന്തോഷിക്കുന്നുണ്ടാകാണം. ചാക്കോച്ചന്‍ യാത്ര തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.