Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വി വേറിട്ട് നിൽക്കുന്നത് ഇതുകൊണ്ടാണ്; ജിനു എബ്രഹാം

jinu-prithvi ജിനു എബ്രഹാം, പൃഥ്വിരാജ്

നീണ്ട ഇടവേളകളിൽ മാത്രം സിനിമകളെടുക്കുന്നയാൾ. തിരക്കഥാകൃത്തിൽ നിന്ന് ജിനു എബ്രഹാം സംവിധായകനായ ചിത്രമാണ് ആദം ജൊവാന്‍. മലയാള സിനിമ അധികം കൈകാര്യം ചെയ്തിട്ടില്ലാത്ത വിഷയം സ്കോട്‍ലന്‍ഡിനെ പശ്ചാത്തലമാക്കി തീർത്തും വേറിട്ടൊരു തലത്തിൽ നിന്നാണ് ജിനു തീര്‍ത്തത്. ചിത്രം പങ്കുവയ്ക്കുന്ന മൂഡ് പോലെ വ്യത്യസ്തമായ അഭിപ്രായ പ്രകടനമാണ് സിനിമ പങ്കുവയ്ക്കുന്നത്. അതുപോല ജിനു ഇതുവരെ ചെയ്ത മൂന്നു സിനിമകളിലേയും നായകനും പൃഥ്വിരാജ് ആയിരുന്നു. എന്താണ് ജിനു എബ്രഹാമിന്റെ സിനിമ നിലപാടുകൾ

എങ്ങനെയുള്ള ചിത്രങ്ങളുടെ സംവിധായകൻ ആകണമെന്നാണ് താൽപര്യം?

എന്നെ ഒരുപാട് എക്സൈറ്റ് ചെയ്യിപ്പിക്കുന്ന തിരക്കഥയിലും കഥയിലും സിനിമ ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത്. എനിക്ക് ഒരു തരത്തിലും ആകാംക്ഷ തരാത്ത ത്രില്ലടിപ്പിക്കാത്ത ഒരു വിഷയത്തിൽ സിനിമ ചെയ്യുമ്പോള്‍ മനസ് ഒരിക്കലും അതിനൊപ്പം നിൽക്കില്ല. പൂർണമായും എന്റെ ഭാവനയും യുക്തിയും ചേർത്തു സൃഷ്ടിക്കപ്പെടുന്ന എനിക്കോ എന്റെ പരിസരത്തിനോ ഒരു തരത്തിലും പരിചിതമല്ലാത്തതാകണം കഥയും കഥാപാത്രങ്ങളും. അത് എനിക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കും. പ്രേക്ഷകർക്കും അത് പുതിയൊരു അനുഭവമായിരിക്കും. അങ്ങനെയുള്ളതാകണം എന്റെ ചിത്രങ്ങൾ. എനിക്ക് യാതൊരു മുൻപരിചയവുമില്ലാത്ത കഥയും കഥാ പശ്ചാത്തലവും ആയിരിക്കണം. ഇതുവരെയുള്ള എന്റെ മൂന്നു ചിത്രങ്ങളും അങ്ങനെയുള്ളവയായിരുന്നു. സിനിമകൾക്കിടയിൽ വലിയ ഇടവേളകൾ വരുന്നതും അതുകൊണ്ടാണ്.

jinu-prithvi-6

സാത്താൻ സേവയൊക്കെ കടന്നുവരുന്ന ആദം ജൊവാൻ എവിടെ നിന്നാണു വന്നത്?

നാലു വർഷം നീണ്ട പ്രയത്നമാണ് ആദം ജൊവാൻ. ഞാൻ തിരക്കഥയെഴുതി അനിൽ.സി.മേനോൻ സംവിധാനം ചെയ്ത ലണ്ടൻ ബ്രിഡ്ജിന്റെ ലൊക്കേഷൻ നോക്കുന്നതിന്റെയൊക്കെ ഭാഗമായി സ്കോട്‍ലന്‍ഡിൽ യാത്ര ചെയ്തിരുന്നു. നിഗൂഢതയും ശാന്തതയും നിഴലിക്കുന്ന അവിടത്തെ വഴികളും സ്ഥലങ്ങളും മനസിൽ കയറിക്കൂടിയതാണ്. ആ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണം എന്നു ചിന്തിച്ചിരുന്നു. ആദം ജൊവാനിലേക്ക് എത്തുന്നത് അങ്ങനെയാണ്. ‌‌

jinu-prithvi-4

സ്കോട്‍ലൻഡില്‍ നിലനിൽക്കുന്ന ചില ആചാരങ്ങളെ കുറിച്ചൊക്കെ വിശദമായി പഠിച്ചു. രണ്ടു വർഷത്തോളം നീണ്ടുനിന്നു അതിനുള്ള പരിശ്രമം. ചിത്രത്തിന്റെ തിരക്കഥയിലേക്കും ഷൂട്ടിങിലേക്കുമൊക്കെ കടക്കുന്നത് ഈ പഠനത്തിനു ശേഷമാണ്. സ്കോട്‍ലൻഡിൽ പോയി ആ സ്ഥലം ഇഷ്ടപ്പെട്ട്,  പിന്നെ ആ യാത്രയ്ക്കിടയിൽ ആ അന്തരീക്ഷത്തിനു ചേരുന്ന സസ്പെൻസും ഇമോഷൻസും നിറഞ്ഞു നിൽക്കുന്നൊരു ചിത്രം ചെയ്യണമെന്നു തീരുമാനിച്ചതിനു ശേഷമാണ് ഇത്തരം നിഗൂഢമായ ആചാരങ്ങളെ കുറിച്ചൊക്കെ വായിച്ചതു തന്നെ. അത് വലിയ ത്രില്ലിങ് ആയ കാര്യമായിരുന്നു. ആദം ജൊവാന്‍ അങ്ങനെയൊക്കെയാണു കടന്നുവന്നത്. 

പൃഥ്വിയ്ക്കൊപ്പം മൂന്നാം ചിത്രം. നിങ്ങൾക്കിടയിലെ കെമിസ്ട്രി

പൃഥ്വിരാജ് എന്ന നടന്റെ പ്രത്യേകതയാണ് അത്. നമ്മൾ പറയുന്ന കഥ പോലും മുഴുവന്‍ കേൾക്കാൻ ക്ഷമ കാണിക്കാത്ത ആളുകളുണ്ട്. ഒന്നുമേ ആലോചിക്കാതെ തള്ളിക്കളയുന്നവരുണ്ട്. പൃഥ്വിരാജ് വേറിട്ട് നിൽക്കുന്നത് അതുകൊണ്ടാണ്. എന്ത് കഥയും അദ്ദേഹത്തോടു പറയാം. ക്ഷമയോടെ കേട്ടിരിക്കും. ചേരുന്നതല്ലെന്നു തോന്നിയാൽ ബഹുമാനത്തോടെ നിരസിക്കും. പുതിയ കാര്യങ്ങളും ആശയങ്ങളും ധൈര്യത്തോടെ അദ്ദേഹത്തോട് അവതരിപ്പിക്കാം. 

jinu-prithvi-2

എന്നെ സംബന്ധിച്ച് ഞാൻ ഒന്നിൽ നിന്ന് തീർത്തും വ്യത്യസ്തവും അതുപോലെ പുതിയൊരു കാഴ്ച അനുഭവവുമായിരിക്കണം അടുത്ത ചിത്രം എന്നു നിർബന്ധമുള്ളയാളാണ്. പൃഥ്വി ആ നിലപാടിനെ സ്വാഗതം ചെയ്യുന്നയാളാണ്. അതുപോലെ അദ്ദേഹത്തിന് വേർതിരിവുകൾ ഒന്നുമില്ല. പുതിയയാൾ പഴയയാൾ , പരിചയ സമ്പന്നൻ അങ്ങനെയൊരു വേർതിരിവോടെയല്ല സമീപനം. ഈ ചിത്രം തന്നെ അച്ഛൻ മകളെ തേടുന്നു എന്ന പശ്ചാത്തലത്തിലുള്ളതെന്നു മാത്രമാണ് പറഞ്ഞത്. എന്നിട്ടും അതിന്റെ കഥ കേള്‍ക്കാൻ അദ്ദേഹത്തിന് ആകാംക്ഷയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുതുമ്പോൾ നമ്മുടെ മനസിലുള്ളത് എന്താണ് അത് അതേപടി പൃഥ്വിയിലും ചില നേരങ്ങളിൽ പ്രതിഫലിക്കും. അദ്ദേഹത്തിന് സബ്ജക്ട് ആണു പ്രധാനം. അതാണ് എന്റെ മൂന്നു ചിത്രങ്ങളിലും പൃഥ്വി നായകനാകുള്ള കാരണം.

സ്ക്രിപ്റ്റിൽ ഇടപെടുന്നയാളാണ് പൃഥ്വി എന്ന് കേട്ടിട്ടുണ്ട്

ഒരു കാര്യം ഓർക്കണം. അദ്ദേഹം 15 വർഷമായി സിനിമയിലെത്തിയിട്ട്. 97ാമത്തെ ചിത്രമായിരുന്നു ഇതെന്നാണ് എന്റെ ചിന്ത. നന്നായി പഠിച്ച് സിനിമയിൽ സമീപിക്കുന്നൊരു ആക്ടറും കൂടിയാണ്. അദ്ദേഹത്തിന് അതുകൊണ്ടു തന്നെ നല്ല അറിവുമാണ്. സ്ക്രിപ്റ്റിൽ മാത്രമല്ല, സിനിമയിലുടനീളം നല്ല നിർദ്ദേശങ്ങൾ തരുന്നയാളാണ് അദ്ദേഹം. വളരെ പോസിറ്റിവ് ആയി മാത്രം. അങ്ങനെയുള്ള അഭിനേതാക്കള്‍ക്കൊപ്പം ജോലി ചെയ്യാനാകുന്നത് ഏതൊരു സംവിധായകനും നല്ല അനുഭവമേ സമ്മാനിക്കൂ. 

സിനിമ മേഖലയിലെ ഒരു നടിയ്ക്കെതിരെ ആക്രമണം നടന്ന സമയത്തൊക്കെയായിരുന്നല്ലോ ഷൂട്ടിങ്. എന്തെങ്കിലും തരത്തിൽ അത് ബാധിച്ചോ?

ഒരിക്കലുമില്ല. ആ വിഷയുമായി ബന്ധപ്പെട്ട് കുറച്ച് മൂഡി ആയിരുന്നു. എങ്കിലും അത് സിനിമയെ ഒരു തരത്തിലും ബാധിച്ചില്ല. സിനിമ തുടങ്ങുമ്പോൾ പിന്നെ സിനിമ മാത്രം.

adam-joan

നടി ഭാവന ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ ചെയ്ത മികച്ചൊരു കഥാപാത്രം കൂടിയായിരുന്നല്ലോ ഇത്

അതെ. അവർ ഒരു ബോൺ ആക്ട്രെസ് ആണ്. സ്ക്രിപ്റ്റ് ആയിരുന്നു അവര്‍ക്കും പ്രധാനം. ഒരു കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത് എന്നതൊന്നും അവർക്ക് ഒരു വിഷയമേയല്ലായിരുന്നു, നമ്മൾ ഉദ്ദേശിക്കുന്നത് എന്താണ് അത് അതേപടി ചെയ്തു തരും. ഭാവന മാത്രമല്ല, നരെയ്ൻ, ലെന, മണിയൻ പിള്ള രാജു, സിദ്ധാർഥ് ശിവ, ജയ മേനോൻ, മിഷ്ടി, പിന്നെ രാഹുൽ മാധവ് അങ്ങനെയെല്ലാവരും മികച്ച പ്രകടനമായിരുന്നു. 

സ്കോട്‍ലൻഡിലായിരുന്നു ചിത്രീകരണം. വിദേശങ്ങൾ ഷൂട്ടിങിന് മനഃപൂർവ്വം തിരഞ്ഞെടുക്കുന്നതാണോ? എന്താണ് വെല്ലുവിളികള്‍

ഒരിക്കലുമല്ല. മന:പൂർവ്വം ചെയ്യുന്നതല്ല. കഥ ആലോചിച്ച് വരുമ്പോൾ അങ്ങനെയാകുന്നതാണ്. ശരിക്കും വിദേശത്ത് ചിത്രീകരിക്കുന്നത് ചിലവേറിയ കാര്യമാണ്. ഒന്നാമത് ഷൂട്ടിങിൽ പങ്കാളികളായ എല്ലാവരേയും കൊണ്ടുപോകാനാകില്ല. അപ്പോൾ രണ്ടു മൂന്നു പേരുടെയോ അല്ലെങ്കിൽ അതിൽ അധികമോ ആളുകളുടെ ജോലി ഒരാൾ തന്നെ ചെയ്യേണ്ടി വരും. പിന്നെ നമ്മുടെ നാട് അല്ല എന്നതിന്റെ ഒരു ചെറിയ ടെൻഷനും. ആദം ജൊവിന്റെ ചിത്രീകരണ സമയത്ത് ഒരു ദിവസം കനത്ത മഞ്ഞുവീഴ്ചയായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു അത്. ആ ദിവസത്തെ ഷൂട്ടിങിനായി ലണ്ടനിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വാടകയ്ക്കെടുത്തിരുന്നത്. അന്ന് ഷൂട്ടിങ് നടന്നില്ലായിരുന്നുവെങ്കിൽ ഭീമമായ നഷ്ടം വരും. ആകെ വിഷമത്തിലായി പോയി. പക്ഷേ എല്ലാവര്‍ക്കും ആഗ്രഹം എങ്ങനേയും ഷൂട്ടിങ് നടത്തണം എന്നു തന്നെയായിരുന്നു. കുറേ കഷ്ടപ്പെട്ടെങ്കിലും അന്ന് അത് പൂർത്തിയാക്കാനായി. 

adam-joan-movie-1

ബ്ലാക് മാസുകൾ നടക്കുന്നതു കാണിക്കാൻ തിരഞ്ഞെടുത്ത ഓക്സെൻഫോർ‍‍ഡ് കാസെൽ, ക്രിക്റ്റൻ കാസിൽ എന്നിവിടങ്ങളൊക്കെ ഏറ്റവും അനുയോജ്യമായ ലൊക്കേഷനുകളായിരുന്നു. നമുക്കു തന്നെ പേടി തോന്നുന്ന ഇടങ്ങൾ. വിജനതയും നിഗൂഢതയും മാത്രമുള്ള ഇടങ്ങൾ. ഇമോഷനും ത്രില്ലറും ഒക്കെ ചേർന്നെത്തുന്ന ക്ലൈമാക്സ് രംഗം ചിത്രീകരിച്ച ക്രിക്റ്റൻ കാസെലിലായിരുന്നു ചിത്രീകരിച്ചത്. വിദേശത്തു പോയി കുറച്ച് വിഷമമൊക്കെ സഹിച്ചെങ്കിലും ഞാൻ ആഗ്രഹിച്ചതുപോലെ മനോഹരവും സിനിമയുടെ മൂഡിനോട് അത്രമേൽ േർന്നു നിൽക്കുന്നതുമായുള്ള സ്ഥലങ്ങൾ തന്നെ കിട്ടി. ആ സ്ഥലങ്ങളുടെ സൗന്ദര്യം ജിത്തു ദാമോദറെന്ന കാമറാമാൻ ആ മനോഹാരിത അതേപടി ഒപ്പിയെടുക്കുകയും ചെയ്തു. 

jinu-prithvi-1

ആദം ജൊവാനോടുള്ള പ്രതികരണം

എന്ത് കാര്യത്തിനും പോസിറ്റിവും നെഗറ്റീവും കാണും. പ്രത്യേകിച്ച് ആ ചിത്രം ഇന്നേവരെ കൈകാര്യം ചെയ്യാത്തൊരു വിഷയമാണ് എടുക്കുന്നതെങ്കിൽ‌. ആദം ജൊവാന്റെ കാര്യത്തിലും അങ്ങനെ തന്നെ. പിന്നെ വിമർശിക്കാൻ വേണ്ടി മാത്രം ചിലരുണ്ട്. അതുകേട്ട് വിഷമിക്കാറില്ല. സിനിമ ആസ്വദിക്കുന്നതിൽ ഓരോ പ്രേക്ഷകനും വ്യത്യാസപ്പെട്ടിരിക്കും. നല്ല വിമർശനങ്ങളെ തുറന്ന മനസോടു കൂടിയേ സ്വീകരിക്കാറുള്ളൂ. മനപൂർവ്വം വിമർശിക്കുന്നവർ നല്ല സിനിമയേയും നല്ല ആസ്വാദക മനസുകളേയും കൂടിയാണ് ഉപദ്രവിക്കുന്നതെന്നേ പറയാനുള്ളൂ. എല്ലാവരും ചിത്രം തീയറ്ററിൽ പോയി കാണണം എന്ന അഭ്യർഥനയേയുള്ളൂ.

അടുത്ത ചിത്രം?

ഒന്നും ഇപ്പോൾ മനസിലില്ല.