Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടുമായി എന്തിന് വീണ്ടും വന്നുവെന്ന് ചോദിച്ചവരുണ്ട്: വിജയ് ബാബു

vijay-babu-aadu-2

ഒരു ചിത്രം തീയറ്റററിലെത്തുമ്പോൾ ഏറ്റവുമധികം വേഗത്തിൽ ചങ്കിടിക്കുന്നത് ആരുടേതാണ്? സംശയമില്ല നിർമാതാവിന്റേതു തന്നെ. പൈസ മുടക്കുന്നത് അദ്ദേഹമാണല്ലോ. ചില സിനിമകൾ വൻ പരാജയത്തിലേക്കു പോകുമ്പോൾ, ഓ ഇതിനു പൈസ മുടക്കിയവനെ സമ്മതിക്കണം എന്നു പറയാറുമുണ്ട് നമ്മൾ. കുറേ പേരെങ്കിലും ഈ നിർമാതാവിനെ കുറിച്ച് അടുത്തിടെ വരെ പറഞ്ഞു നടന്നതും അതാണ്. തീയറ്ററിൽ നിന്നു പോയിക്കഴിഞ്ഞിട്ട് 'ഹിറ്റ്' ആയ ഒരു ചിത്രത്തിന് രണ്ടാം ഭാഗവുമായി വരുമ്പോള്‍ മറ്റെന്തു പറയാനാണ്. 

എന്നാൽ ആട് 2 എന്ന ചിത്രവും വിജയ് ബാബു(സർബത്ത് ഷമീർ)എന്ന നിർമാതാവും നമ്മളെയെല്ലാം കുടുകുടെ ചിരിപ്പിക്കുകയാണിപ്പോൾ. സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്സ് ആൻഡ് മങ്കിപെന്‍, അങ്കമാലി ഡയറീസ്, ആട്, അടി കപ്യാരേ കൂട്ടമണി തുടങ്ങിയ വൻ താരങ്ങളില്ലാത്ത ചിത്രങ്ങൾ, വ്യത്യസ്തമായ കഥയിലുള്ള സിനിമകൾ, പുതുമുഖങ്ങളെ മാത്രം വച്ചുള്ള ചിത്രങ്ങൾ പിന്നീട് അതിൽ മിക്കതിന്റെയും രണ്ടാം ഭാഗവും. ഇതാണ് വിജയ് ബാബുവും ഫ്രൈഡേ ഫിലിംസും ഇക്കാലയളവിൽ ചെയ്തു കൊണ്ടാരിക്കുന്നത്. വിജയ് ബാബു സംസാരിക്കുന്നു ആടിന്റെ കുതിപ്പിനേയും പിന്നെ സിനിമയുമായുള്ള ബന്ധത്തെക്കുറിച്ചും...

തീയറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാനുള്ള ധൈര്യം എവിടന്നായിരുന്നു. ക്രിസ്മസിന് വമ്പൻ ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്യാനുള്ള തീരുമാനം?

ആട് 2വിന്റെ രണ്ടാം ഭാഗം എടുക്കാനുള്ള തീരുമാനം ഒരു എടുത്തുചാട്ടമല്ല. വളരെ ആലോചിച്ച് , നിരീക്ഷിച്ച് ചെയ്തെടുത്ത ഒരു തീരുമാനമാണ്. ഏതു സിനിമ എടുക്കുമ്പോഴും ഞാൻ ഫ്രൈഡേ ഫിലിംസിലെ അണിയറപ്രവർത്തകരോടു കൂടി ആലോചിച്ച ശേഷമാണ്  തീരുമാനം എടുക്കുന്നത്. ആടിന്റെ മാത്രമല്ല, മങ്കിപെന്‍, അടികപ്യാരേ കൂട്ടമണി എന്നീ സിനിമകളുടെ രണ്ടാം ഭാഗം എടുക്കാനുള്ള തീരുമാനവും അങ്ങനെയായിരുന്നു. ഈ ചർച്ചകളിൽ നിന്നാണ് ധൈര്യം കിട്ടുന്നത്. ഞാൻ സിനിമ നിർമാതാവ് ആകുന്നതിനു മുൻപേ എന്റർടെയ്ൻമെന്റ് എന്ന മേഖലയിൽ വന്നയാളാണ്. പ്രേക്ഷകരുടെ മനസ് കുറേയൊക്കെ അറിയാമെന്നു കൂട്ടിക്കോളൂ. ആട് 2 ക്രിസ്മസിന് വമ്പൻ ചിത്രങ്ങളുടെ ഒപ്പം റിലീസ് ചെയ്യണമെങ്കിൽ അത്രയും ആത്മവിശ്വാസം ഉണ്ടായിരിക്കണമല്ലോ. 

Vijay Babu

ഫെസ്റ്റിവൽ മൂഡിൽ ജനങ്ങൾക്ക് ചിരിക്കണം, ആസ്വദിക്കണം എന്ന ഉദ്ദേശത്തോടെയാണ് ക്രിസ്മസിന് തന്നെ ആട് 2 റിലീസ് ചെയ്തത്. കലാമൂല്യമുള്ള സിനിമകൾ നമ്മൾ ആസ്വദിക്കുന്നുണ്ട്. പക്ഷേ ഓണം, വിഷു, ക്രിസ്മസ്, ഈദ് എന്നീ ആഘോഷങ്ങളിൽ കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണുവാനുള്ള  സിനിമകൾ വേണം റിലീസിനു തിരഞ്ഞെടുക്കേണ്ടത്. ക്രിസ്മസിന് സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമ റിലീസ് ചെയ്തിട്ട് കാര്യമില്ല. പ്രേക്ഷകർക്ക് ആസ്വദിക്കാനും ചിരിക്കാനുമുള്ള സിനിമയാണ് വേണ്ടത്. അതിനാൽ ആട് 2വിൽ ചിരിക്കാനും ആസ്വദിക്കാനുമുള്ള എല്ലാ വിഭവങ്ങളും ഉണ്ട്. അതിനാൽ അത് വൻ വിജയത്തിലേക്ക് നീങ്ങുന്നു. 

അടി കപ്യാരേ കൂട്ടമണി കഴി‍ഞ്ഞ വർഷം വമ്പൻ ക്രിസ്മസ് ചിത്രങ്ങളുടെ കൂടെ കൊച്ചു താരങ്ങളെ വച്ച് വിജയിപ്പിച്ച ഒരു പടമായിരുന്നു. അതിന്റെ രണ്ടാം ഭാഗവും വരുന്നുണ്ട്. മങ്കി പെന്നും അതുപോലെ തന്നെ. 

നിങ്ങൾ എന്തിനു വന്നുവെന്ന് ചോദിച്ച തീയറ്ററുകാർ ഉണ്ട്

ആട് 2 എന്ന സിനിമയുടെ റിലീസ് ദിവസത്തിനു തൊട്ടു മുൻപ് വരെ ഞങ്ങളുടെ ടീമിലല്ലാതെ ആർക്കും വിശ്വാസം ഇല്ലായിരുന്നു ഇത് വിജയിക്കും എന്ന്. വളരെ ബുദ്ധിമുട്ടിയാണ് തീയറ്ററുകൾ  കിട്ടിയത്. മേജർ ടൗണുകളിൽ ഒന്നും തീയറ്ററുകൾ കിട്ടിയില്ല. വലിയ പടങ്ങൾ വരുന്ന സമയത്ത് നിങ്ങൾ ഇതുപോലെ ചെറിയ പടങ്ങൾ വരുന്നതെന്നാണ് തിയറ്ററുകാർ ചോദിച്ചത്. അവരുടെ കാലുപിടിച്ചു ചോദിച്ചു രണ്ട് ഷോ എങ്കിലും തരണം എന്ന്. തിയറ്റർ 100 എണ്ണം ഉണ്ടായിരുന്നുവെങ്കിലും വലിയ തീയറ്ററുകളി‍ൽ ഒരു ഷോ രണ്ടു ഷോ ആയി തിരുകി കയറ്റിയ അവസ്ഥയായിരുന്നു. ആർക്കും വിശ്വാസം ഉണ്ടായിരുന്നില്ല. 

എന്നോട് പറഞ്ഞു നിങ്ങൾ വിളിച്ചതുകൊണ്ട് ചുമ്മാ ഒരു ഷോ  തന്നതാണ് എന്നു പറഞ്ഞിട്ടുണ്ട് ചില വലിയ തിയറ്ററിന്റെ ഉടമസ്ഥർ. പിന്നീട് അവര്‍ പറഞ്ഞു, ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ഇത് വിജയിക്കുമെന്ന്. നിങ്ങൾക്ക് വട്ടാണെന്നാണ് ഞങ്ങൾ‌  വിചാരിച്ചത് എന്ന്. അങ്കമാലി ഡയറീസ് ഹിറ്റായതിന്റെ പേരിൽ വേറൊരു സിനിമ എടുക്കുന്നു എന്നായിരുന്നു ഞങ്ങൾ വിചാരിച്ചത് എന്നും പറഞ്ഞു. അതേ തിയറ്ററിലെ ഓണേഴ്സ് തന്നെ രാത്രി 12 മണിക്കും 2 മണിക്കും സെക്കന്റ് ഷോ വച്ചിട്ട് ആളുകളെ നിയന്ത്രിക്കാൻ പറ്റാതെ എന്നെ വിളിച്ചപ്പോൾ  സന്തോഷം തോന്നി. ഒരു ഷോയ്ക്കുവേണ്ടി കാലു പിടിച്ച തിയറ്ററിൽ അതേ ഉടമസ്ഥൻ വിളിച്ച് എനിക്ക് നാല് ഷോ കളിക്കാൻ നാളെ മുതൽ പടം തരുമോ എന്ന് ചോദിച്ചപ്പോൾ സന്തോഷം തോന്നി. 153 തിയറ്റുകളിൽ 4 ഷോ വച്ചാണ് ആദ്യ ആഴ്ചയിൽ കളിക്കുന്നത്. 

aadu-2-review

ആട് ഒന്നാം ഭാഗം തീയറ്ററിൽ വിജയിക്കാതെ പോയ ചിത്രമാണ്. പിന്നീട് അത് യുട്യൂബിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വിജയിക്കുകായിയരുന്നു. അതിലെ കഥാപാത്രങ്ങൾ അത്രമാത്രം ശ്രദ്ധിക്കപ്പെട്ടു. എന്താണ് അതിനു പിന്നിെലന്നാണ് താങ്കൾ കരുതുന്നത്?

ആട് ഒന്നാം ഭാഗം പരാജയപ്പെട്ടു എന്ന് പറയുന്നുണ്ടെങ്കിലും പ്രൊഡക്ഷൻ വഴി ലാഭമുണ്ടാക്കിയ സിനിമ തന്നെയാണ്. ആട് 1 ഒരു പരീക്ഷണം ആയിരുന്നു. കുറേ മണ്ടൻമാരായിട്ടുള്ള നായകൻ‌മാരുടെ സിനിമ.  ആ പരീക്ഷണം എഡിറ്റിങ്ങിലും കഥ പറയുന്ന രീതിയിലും ഉപയോഗിച്ചു. ആദ്യ ദിവസം തിയറ്ററിൽ ഇരുന്ന് ഓഡിയൻസിന്റെ കൂടെ ഞങ്ങൾ കണ്ടപ്പോൾ തന്നെ മനസിലായി കഥ മനസിലായില്ല എന്ന്.  

പിന്നീട് കഥ റീ എഡിറ്റ് ചെയ്ത് ലോഡ് ചെയ്ത് അഞ്ചാം ദിവസം എത്തിയപ്പോൾ തിയറ്ററുകളിൽ നിന്നൊക്കെ ചിത്രം പുറത്തായിയിരുന്നു. ഈ കറക്ട് ചെയ്ത രംഗങ്ങളാണ് സോഷ്യൽ മീഡിയകൾ വഴിയും ടിവിയിലൂടെയും വന്നുകൊണ്ടിരുന്നത്.  

ആടിനൊരു ഗുണമുള്ളത് അതിന്റെ  ഹ്യൂമർ എത്രവേണമെങ്കിലും കണ്ടുകൊണ്ടിരിക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടമാണ്. നിഷ്കളങ്കമായ ഹ്യൂമറാണ്. അസഭ്യമായ ഒരു വാക്കും അതിൽ ഇല്ല. എല്ലാവരും പേടിപ്പിക്കുന്ന കഥാപാത്രമായിട്ട് തോന്നിയാലും നിഷ്കളങ്കരായ കഥാപാത്രങ്ങളാണ്. ഗ്രാമീണതയുടെ നിഷ്കളങ്കതയാണ് ആ പടത്തിൽ പ്രതിപാദിക്കുന്നത്. ആളുകൾ ഇതിലെ കഥാപാത്രങ്ങളെ ഏറ്റെടുത്തു. കുട്ടികൾക്ക് അബു, ക്ലീറ്റസ്, പാപ്പൻ , ഡൂഡ്, ഷമീർ, ഇവരൊക്കെ ഓരോ കാർട്ടൂൺ കഥാപാത്രങ്ങളെപ്പോലെയാണ്. 

എന്റെ മകൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള സിനിമ ആട് ആണ്. അതു കാണുമ്പോഴെല്ലാം വീണ്ടും വീണ്ടും ചിരിക്കുകയാണ് അവൻ. കുറേ കുട്ടികളുടെ അമ്മമാർ എന്നോട് ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. അവർ ചോദിക്കുന്നത് ഇത് എന്താണ് തിയറ്ററിൽ പരാജയപ്പെട്ടതെന്നാണ്. ജയസൂര്യ എന്നോട് പറഞ്ഞിട്ടുണ്ട് ഒരു സ്വർണക്കടയുടെ ഉദ്ഘാടനത്തിനു പോയപ്പോൾ അവിടെ വിഡിയോയിൽ പ്ലേ ചെയ്യുന്ന പാട്ട് ‘പരപരപാപ്പൻ’ ആണെന്ന്. അന്ന് അവർ പറഞ്ഞു പാപ്പനാണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം എന്ന്. അങ്ങനെ എത്രയോ അനുഭവങ്ങൾ എനിക്കുൾപ്പെടെ ചിത്രത്തിൽ അഭിനയിച്ച എല്ലാവർക്കും ഉണ്ടായിട്ടുണ്ട്. 

aadu-poster

എവിടെ പോയാലും എന്നെ വിളിക്കുന്നത് ഷമീർ എന്നാണ്. ജയസൂര്യയെ ഷാജി പാപ്പൻ എന്നാണ് എവിടെ ചെന്നാലും കുട്ടികൾ വിളിക്കുന്നത്. അതുപോലെ തന്നെ സർബത്ത് ഷെമിർ എന്നും.  താടി വച്ചിട്ട് പോയാൽ മങ്കിപെന്നിലെ മാർട്ടിൻ എന്നും പറയാറുണ്ട്. താടി ഇല്ലാതെപോയാൽ ഷെമീർ എന്നും പറയാറുണ്ട്. കുട്ടികളുടെ മനസിൽ നമ്മൾ കയറിപ്പറ്റിയാൽ ഒരിക്കലും അവർ മറക്കില്ല. അത് ആ കഥാപാത്രത്തിന്റെ മൂല്യമാണ്. വിനായകന്‍ പറയാറുണ്ട്, ‘ഞാൻ എത്ര പടത്തിൽ അഭിനയിച്ചു. പക്ഷേ ഡ്യൂഡിനെയാണ് എല്ലാവർക്കും വേണ്ടത്. ഇവരെല്ലാവരും എവിടെപ്പോയാലും ആടിന്റെ കഥാപാത്രത്തെ വിളിച്ചാണ് പ്രേക്ഷകർ വരവേൽക്കുന്നത് എന്ന്.

ചിത്രത്തിലെ കഥാപാത്രങ്ങൾ വിജയിച്ചു എന്ന് വ്യക്തമായിട്ട് ഇതിൽ നിന്നും മനസിലാക്കാം. അതുപോലെ ആട് 2 വിലേയും കഥാപാത്രങ്ങളെ അവർ ഏറ്റെടുക്കുകയാണ് ഉണ്ടായത്. നടുവേദനയുള്ള പാപ്പൻ, പേടി ഇല്ലെന്ന് നടിക്കുകയും എന്നാൽ ഉള്ളിൽ പേടിത്തൊണ്ടനായ സർബത്ത് ഷമീർ,  മണ്ടനായ ഓർമ്മക്കുറവുള്ള ഡൂഡ്,കാഴ്ചയിൽ അതിഭീകരനും എന്നാൽ കുഞ്ഞുങ്ങളുടെ മനസുമുള്ള അറയ്ക്കൽ അബു, ഹൈറേഞ്ചിന്റെ ‍ഡോൺ എന്നു വിശേഷിപ്പിക്കുന്ന സാത്താൻ സേവ്യർ, ശശി ആശാൻ അങ്ങനെ ഈ കഥാപാത്രങ്ങളെ മുഴുവൻ‌ കൊണ്ടുവന്ന് ഒരു നല്ല കഥ പറയുക എന്നതായിരുന്നു രണ്ടാം വരവിന്റെ ഉദ്ദേശം. 

ആട് ഒന്നിൽ നിന്ന് രണ്ടാം ഭാഗത്തിലേക്കു വന്നപ്പോൾ എന്തൊക്കെയാണു ശ്രദ്ധിച്ചത്?

സത്യത്തിൽ നിഥിൻ ഒരു ഷോർട്ട് ഫിലിമിനു വേണ്ടി ചെയ്ത കഥയായിരുന്നു ആട് ഒരു ഭീകരജീവി . ഞാനാണ് നിർബന്ധിച്ച് അതൊരു സിനിമയാക്കുന്നത്. ഷോർട്ട് ഫിലിമിലുള്ള കഥ വലിച്ചു നീട്ടി സിനിമ ആക്കിയപ്പോൾ ഉണ്ടായിട്ടുള്ള ചില പോരായ്മകൾ ആദ്യ ഭാഗത്തിൽ സംഭവിച്ചു. വടംവലിക്ക് പോകുമ്പോൾ ഒരു ആടിനെ കിട്ടുന്നു. അതുമായിട്ട് ഒരു യാത്ര, ആ യാത്രയിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ ഇതാണ് ആട് എന്ന സിനിമ. അര മണിക്കൂർ ഉള്ള ഷോർട്ട് ഫിലിമിന് ഈ കഥ ഉചിതം ആണ്. അതിന്റെ പോരായ്മകൾ മനസ്സിലാക്കിയാണ് ആട് 2 ആരംഭിച്ചത്. വര്‍ത്തമാനകാല സാമൂഹ്യ രാഷ്‌ട്രീയ സംഭവങ്ങള്‍ ഉൾക്കൊള്ളിച്ചു. 

നിർമാതാവെന്ന നിലയിലെ നിലപാടുകൾ?

ഞാൻ ഭയങ്കര പണക്കാരനായ മറുനാടൻ പ്രൊഡ്യൂസർ ഒന്നും അല്ല. എന്റെ  ജോലി സിനിമയാണ്. ഭാവിയിലും സിനിമ മാത്രമാണ് മനസിൽ. മുടക്കിയ പൈസ തിരിച്ചു കിട്ടുന്ന സിനിമ ആയിരിക്കണം. ഇല്ലെങ്കിൽ പടം ചെയ്തിട്ട് കാര്യമില്ല. പൈസ തിരിച്ച് കിട്ടുന്നതിനോടൊപ്പം തന്നെ, കാലാമൂല്യമുള്ളതും ആളുകളെ സന്തോഷിപ്പിക്കുന്നതുമായ സിനിമകൾ ചെയ്യണം. പൈസയ്ക്കു വേണ്ടി മാത്രം സിനിമ ചെയ്യാനും തയ്യാറല്ല. അതുപോലെ വൻനിര താരങ്ങളെ വച്ചു മാത്രമേ സിനിമയെടുക്കൂ എന്ന വാശിയുമില്ല. പക്ഷേ കഥാപാത്രമാകാൻ അതിനു ഏറ്റവുമിണങ്ങിയ ആളുകൾ തന്നെ വേണം. അതാണ് എന്റെ നിലപാട്. 

സിനിമ കണ്ട് ഇറങ്ങുന്ന പ്രേക്ഷകന് നല്ല ഒരു ബിരിയാണി കഴിച്ച സംതൃപ്തി ഉണ്ടാകണം. അങ്കമാലി ഡയറീസ് കണ്ട ആളുകൾ ചിരിച്ചിട്ടുണ്ടാവും, അതുപോലെ അവർക്ക് അങ്ങനെയൊരു അനുഭവമാണ് ഉണ്ടായിരിക്കുക. അങ്കമാലി ഡയറീസ് പരാജയപ്പെട്ടിരുന്നെങ്കിൽ പുതിയ ഒരു സിനിമ എടുക്കാൻ കാലതാമസം വന്നേനെ. ഭാഗ്യം കൊണ്ട് ഫ്രൈഡേ ഫിലിംസിന്റെ  9 സിനിമകൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നിട്ടില്ല. 2017 ദൈവാനുഗ്രമുള്ള വർഷമാണ്. രണ്ട് വ്യത്യസ്ത തലങ്ങളിലുള്ള സിനിമകൾ റിലീസ് ചെയ്യാൻ സാധിച്ചു. 

vijay-babu-aadu-2-1

2017 ലെ ഏറ്റവും നല്ല സിനിമ ആകാൻ സാധ്യതയുള്ള സിനിമയാണ് അങ്കമാലി ഡയറീസ്. ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും, ലാഭമുണ്ടാക്കിയ സിനിമയും  എന്ന രീതിയിൽ ആദ്യത്തെ മൂന്ന് സിനിമയിൽ വരാനുള്ള സാധ്യത ആടിനുമുണ്ട്. പോപ്പുലർ മൂവിയും ബെസ്റ്റ് മൂവിയും  എന്ന രണ്ട് കാറ്റഗറിയിലും യോഗ്യത നേടാനുള്ള ഭാഗ്യം കിട്ടി. പ്രൊഡ്യൂസർ എന്ന നിലയിൽ ഏറ്റവും നല്ല വർഷമായിരുന്നു 2017.

വ്യത്യസ്തമായ ചിത്രങ്ങളുടെ നിർമാതാവാണ്. വൻ താരനിരകളൊന്നുമില്ലാത്ത ചിത്രങ്ങൾ എടുക്കാനുള്ള ധൈര്യമുണ്ട്. അഭിനയിക്കുന്നുമുണ്ട്. ഈ കോമ്പിനേഷൻ അപൂർവമാണല്ലോ? 

ഞാനൊരു എൻആർഐ ആണ്. എനിക്ക് അഭിനയിക്കാൻ വേണ്ടി മാത്രം പടം ചെയ്യുന്നു എന്ന പറഞ്ഞ ആളുകളുണ്ട്. ഇതൊന്നും സത്യമല്ല. ഞാനൊരു എൻആർഐ ഒന്നുമല്ല. ഈ നാട്ടിൽ തന്നെയാണ് ഇക്കഴിഞ്ഞ കാലമെല്ലാം ജീവിച്ചത്. എന്നെ അറിയാവുന്ന സിനിമാമേഖലയിലെ സുഹൃത്തുക്കൾക്ക് അറിയാം എന്റർടെയ്ന്റ്മെന്റ് മേഖലയിൽ പുതിയ ആളല്ല എന്ന്. 18 വർഷമായിട്ട് ഈ മേഖലയിൽ പ്രവർത്തിക്കുന്നു. 14 വർഷത്തോളം ടെലിവിഷൻ രംഗത്തായിരുന്നു പ്രവർത്തിച്ചത്. ടെലിവിഷൻ രംഗത്ത് ജോലിചെയ്യുമ്പോൾ റേറ്റിങ് കൂടുകയും കുറയുകയും ചെയ്യുമ്പോൾ അത് എന്തുകൊണ്ട് കുറഞ്ഞു, കൂടി എന്ന് എല്ലാ ആഴ്ചയിലും പഠിക്കാറുണ്ട്. ആളുകൾക്ക് എന്തുതരം വിനോദങ്ങളാണ് ഇഷ്ടപ്പെടുന്നത്,എന്തുതരം കോമഡിയാണ് അവർക്കിഷ്ടം, റേറ്റിങ് എന്തുകൊണ്ട് കുറഞ്ഞു. ഇതെല്ലാം ചർച്ച ചെയ്യാറുണ്ട്. അതാണ് എന്റെ പഠന കളരി.  

80 കളിലും 90 കളിലും ഉള്ള കോമഡികളോ ഷോകളോ അല്ല ഇപ്പോഴുള്ളത്. കാലം മാറി. മൊബൈൽഫോണും ഇന്റർനെറ്റും വന്നുകഴിഞ്ഞു. ആളുകളുടെ ചിന്താഗതി തന്നെ മാറി. ഇഷ്ടങ്ങൾ മാറി. കോമഡിയും അതുപോലെ മാറി. അഭിരുചികൾ മാറുന്നതനുസരിച്ചുള്ള കാര്യങ്ങൾ സിനിമയിൽ കൊടുത്തതുകൊണ്ടാണ് ആട് 2 വിജയിക്കാൻ കാരണം. സിനിമാ മേഖലയിൽ നിന്നുള്ള പ്രതികരണം വളരെ നല്ലതാണ്. സിനിമയിലേക്ക് വന്നിട്ട് മൂന്നര വർഷം ആയി. ഈ വർഷത്തിൽ 9 വ്യത്യസ്തമായ ചിത്രങ്ങൾ റിലീസ് ചെയ്തു. 25 ഓളം സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു. എല്ലാവരുടേയും ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടല്ലോ. അത് കിട്ടിയതിൽ സന്തോഷമുണ്ട്.

ഫ്രൈഡേ സിനിമ എന്ന ബ്രാൻഡിന് ജനങ്ങൾക്കിടയിൽ വിശ്വാസതയേറി വരുന്നു എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. തീർച്ചയായും ഇനിയും പ്രേക്ഷകർക്കിഷ്ടപ്പെടുന്ന നല്ല സിനിമകൾ മലയാളത്തിന് സമ്മാനിക്കും.

അടുത്ത വർഷത്തെ പ്രതീക്ഷകൾ എന്തെല്ലാം ?

ആട് 2 വിജയിച്ചു. ഇനി പത്തുകോടിയുടെ പടം ചെയ്യാം എന്നൊന്നും തീരുമാനിച്ചിട്ടില്ല. എടുത്താൽ വിജയിക്കും എന്ന് ഉറപ്പുള്ള നല്ല സ്ക്രിപ്റ്റും, കലാമൂല്യവുമുള്ള സിനിമ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. രണ്ട് മൂന്ന് സ്ക്രിപ്റ്റുകൾ ഉണ്ട്. ആദ്യം ഏതു സിനിമ ചെയ്യണം എന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. ജനുവരിയിൽ തന്നെ തീരുമാനിക്കും. ഏപ്രിലിൽ ഷൂട്ട് തുടങ്ങാനാണു പ്ലാൻ. 

ചങ്കാണ് ജയസൂര്യയും മിഥുനും

ജയസൂര്യയോടും മിഥുനോടും ഉള്ള നന്ദി പറഞ്ഞറിയിക്കാൻ പറ്റില്ല. കഴിഞ്ഞ ജനുവരിയിൽ ഞാൻ ചെറിയൊരു പ്രശ്നത്തിൽ പെട്ടിരുന്നു. അങ്കമാലി ഡയറീസ് റിലീസ് ചെയ്തു സമയവുമായിരുന്നു. അതിനെന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാൽ പിന്നെ ഒരു പടം ഞങ്ങൾക്ക് ചെയ്യാൻ‌ പറ്റില്ല. എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചിരുന്ന നേരം. അന്നേരമാണ് മിഥുൻ അലമാര എന്ന സിനിമ സംവിധാനം ചെയ്തത്. തിയറ്ററിൽ ആ പടം പരാജയമായിരുന്നു. 

aadu-2

മിഥുൻ വിഷമിച്ചിരുന്നപ്പോൾ ആദ്യം വിളിക്കുന്നത് ഞാനായിരുന്നു. മിഥുൻ പറഞ്ഞു ഞാൻ ഒരു ഇടവേളയ്ക്ക് ശേഷമേ ഇനി പടം ചെയ്യുന്നുള്ളൂ എന്ന്. പക്ഷേ ഞാൻ സമ്മതിച്ചില്ല, ആട് 2 ചെയ്യാം എന്ന് പറഞ്ഞു നിർബന്ധിച്ചത്. അപ്പോൾ കഥയൊന്നും ശരിയായിട്ടില്ല. എന്നിട്ട് ഞങ്ങൾ രണ്ടാളും ജയന്റെ(ജയസൂര്യ) അടുത്ത് ചെന്ന് ആട് 2 വിന്റെ കാര്യം പറയുകയും ചെയ്തു. സെപ്റ്റംബറിൽ ഡേറ്റ് ബ്ലോക്ക് ചെയ്യാനും പറഞ്ഞു. മാർച്ച്-ഏപ്രിൽ ആകുമ്പോൾ കഥയുമായി വരാം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡേറ്റ് മാറ്റിക്കൊടുക്കാം എന്നും പറഞ്ഞു. അങ്ങനെ ഒരു കഥയില്ലാതെ അനൗൺസ് ചെയ്ത ചിത്രമാണ് ആട് 2.  ഞാനും മിഥുനും ആറേഴ് കഥകൾ ചർച്ച ചെയ്തു. അതിൽ നിന്നും എല്ലാവർക്കും നല്ലതെന്നു തോന്നിയത്, നോട്ടു നിരോധനത്തെക്കുറിച്ചുള്ള ഒരു കഥയാണ്. 

ജയസൂര്യ എന്ന വ്യക്തി കഠിനാധ്വാനിയും, ആത്മാർഥയുമുള്ള ആളാണ്. ഒരു കഥാപാത്രത്തിനുവേണ്ടി ഏതറ്റം വരെ പോകുവാനും തയാറാണ്. മലയാള സിനിമ അദ്ദേഹത്തെ ഒരുപാട് ഉപയോഗിക്കേണ്ടിയിരിക്കുന്നു. പട്ടിണികിടക്കാൻ പറഞ്ഞാലും, 50 കിലോ കൂട്ടണമെന്ന് പറഞ്ഞാലും കളരിപ്പയറ്റ് പഠിക്കണമെന്ന് പറഞ്ഞാലും അദ്ദേഹം അത് ചെയ്തിരിക്കും. സിനിമയ്ക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയാറായി നിൽക്കുന്ന യുവ താരമാണ് ജയസൂര്യ. മലയാള സിനിമയുടെ ഉന്നതിയിലേക്ക് അധികം താമസിക്കാതെ ജയന്‍ എത്തും എന്നതിൽ യാതൊരു സംശയവും വേണ്ട. ഞങ്ങൾ തമ്മിൽ കാണുമ്പോൾ തന്നെ സിനിമാ ഡയലോഗിലാണ് സംസാരം പോലും. അത്രയ്ക്ക് അടുപ്പമാണ്. 

എന്തെങ്കിലും ഘടകം ഭയപ്പെടുത്തുന്നുണ്ടോ നിർമാതാവെന്ന നിലയിൽ?

ഇന്ത്യൻ സിനിമ ഏറ്റവും കൂടുതൽ പ്രശ്നങ്ങളിൽ ചെന്നു വീഴാൻ പോകുന്നത് ടെക്നോളജിയുടെ സഹായത്തോടെയുള്ള കോപ്പി ചെയ്യുന്ന രീതിയാണ്. ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ കോപ്പി ചെയ്യുന്നത് മുഴുവൻ കുട്ടികളാണ്. 15 വയസുമുതൽ 22 വയസുവരെയുള്ള കുട്ടികൾ ചെയ്യുന്നത് ഒരു ക്രിമിനൽ കുറ്റമാണ്. ക്രിമിനൽ പശ്ചാത്തലത്തിലേക്കാണ് അവർ ചെന്നെത്തുന്നത്. അവർക്ക് എത്രയും വേഗം അവരുടെ മൊബൈലിൽ പിടിച്ചെടുക്കുക എന്ന ഉദ്ദേശമാണ് അവർക്ക്. രണ്ട് കുട്ടികളെ ഈയിടെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവർ. അവരുടെ അച്ഛനും അമ്മയും സ്റ്റേഷനിൽ ചെന്ന് കരഞ്ഞു പറഞ്ഞിട്ട് അവിത്തെ സിഐ എന്നെ വിളിക്കുകയും അവരെ വിട്ടയയ്ക്കാൻ പറയുകയും ചെയ്തു. 

ആട് 2വിലെ രംഗങ്ങൾ അപ്‍ലോഡ് ചെയ്ത ഏകദേശം 3000 പേജുകൾ ഫെയ്സ്ബുക്കിന്റെയും യു ട്യൂബിന്റേയും സഹായത്തോടെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസമായി ഞാൻ ഇത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. പൈറസിയെ കുറിച്ച് കൃത്യമായ ഒരു വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കണം. സിനിമ ഒരു വ്യവസായമാണ്. ഇങ്ങനെ പോയാൽ അത് തകർന്നുപോകും. ഒരുപാടു പേരുടെ ജീവിതമാണത്. അത് മനസിലാക്കി കൊടുക്കണം കുട്ടികൾക്ക്. പലർക്കും അതിന്റെ ഗൗരവം അറിയില്ല. ഇങ്ങനെ ചെയ്താല്‍ ശിക്ഷ വളരെ വലുതാണ്.