Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടുംകാട്ടിൽ കൂസലില്ലാതെ ഫഹദ്

fahad-venu-carbon

മഴ കണക്കിന്റെ പെരുക്കൽപട്ടിക പോലെയാണ്. രണ്ടു നാലാകും നാലു എട്ടാകും എട്ടു പതിനാറാകും. കാട്ടിലേക്കു കടക്കുന്നതോടെ ഇതു ഇരട്ടപ്പെരുക്കമാകും. എവിടെവച്ചാണു ഇരട്ടിയാകുന്നതെന്നും പ്രളയംപോലെ ചുറ്റും നിറയുന്നതെന്നും അറിയാനാകില്ല. ആകാശപ്പന്തലിട്ട ഇലകൾക്കിടയിലൂടെ വീഴുന്ന തുള്ളി കണ്ടാൽ കുഴപ്പമില്ലെന്നു തോന്നും പക്ഷെ നിമിഷർദ്ധം കൊണ്ടു അതു കുത്തൊഴുക്കായി കലങ്ങി മറിഞ്ഞു കാൽക്കീഴിലെത്തും. കുന്നുകളിലൂടെ തെന്നിയിറങ്ങും. എത്രയോ കാലമായി കാടു കണ്ടും കേട്ടും തൊട്ടും നടക്കുന്ന വേണുവിനോടുപോലും കാടു പറഞ്ഞു, ‘കണ്ടോളൂ ഇതാണു കാട്ടിലെ മഴ’. 

fahad-venu-carbon-1

കാർബൺ എന്ന സിനിമയുടെ മിക്ക ഭാഗവും ചിത്രീകരിച്ചതു കാട്ടിലാണ്. ഷൂട്ടു തുടങ്ങിയതുമുതൽ അവസാനിക്കുന്നതുവരെ കാട്ടിൽ മഴ പെയ്യുകയായിരുന്നു.വെറും മഴയല്ല, കാടിളക്കിയ മഴ. കാട്ടിനകത്തു മഴയിൽ നനഞ്ഞും ഒഴുക്കിൽപ്പെട്ടും വീണും ചളിപുരണ്ടും നിന്ന ദിവസങ്ങൾ കാടറിയുന്ന വേണുവിനെപ്പോലും പേടിപ്പിച്ചു. നനഞ്ഞു കുതിർന്ന കാട്ടിലൂടെ സംവിധായകൻ വേണുവും കൂട്ടരും യാത്ര ചെയ്യുകയാണ്. വേണുവിന്റെ വാക്കുകളിലൂടെ. 

fahad-venu-carbon-3

‘കാട് വർഷങ്ങളായി എനിക്കു പരിചിതമാണ്. എന്നാൽ കാട്ടിലെ മഴ അത്ര പരിചിതമല്ല. പലപ്പോഴും സുരക്ഷിതമായ ദിവസങ്ങളിലാണു കാടു കയറിയിട്ടുള്ളത്. കാർബൺ എന്ന സിനിമ കാട്ടിൽ ചിത്രീകരിക്കാൻ ആലോചിച്ചപ്പോഴും ഇത്രയും മഴ പ്രതീക്ഷിച്ചിരുന്നില്ല. ഓഗസ്റ്റോടു കൂടി മഴ ഒതുങ്ങുമെന്നാണു കരുതിയത്. മഴ കഴിഞ്ഞു പച്ച പിടിച്ചു നിൽക്കുന്ന കാടായിരുന്നു വേണ്ടിയിരുന്നത്. 

fahad-venu-carbon-6

ഇടുക്കിയിലെ അഞ്ചുരുളിയിൽനിന്നു  ലൊക്കേഷനിലേക്കു 20 മിനിറ്റു നടക്കണം. വഴിയില്ല. കാട്ടുപുല്ലു വകഞ്ഞുമാറ്റിവേണം പോകാൻ. ചിലയിടത്തു നടപ്പാതയുണ്ട്. കുത്തനെയുള്ള കയറ്റവും ഇറക്കവുമാണ്. കുറെ ദൂരം ജീപ്പിൽപോകാം. മഴ കനത്തപ്പോഴാണു ഞങ്ങൾ തിരിച്ചിറങ്ങിത്തുടങ്ങിയത്. 20 മിനിറ്റുകൊണ്ടു പുറത്തെത്താമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മഴ വന്നതു ഇരുട്ടു കുത്തിയാണ്. പെയ്യുന്തോറും മാനം കറുത്തു കറുത്തവന്നു. അഞ്ചു മണിയാകുമ്പോഴേക്കും ഇരുട്ടു പരന്നു തുടങ്ങി. ആറു മണിയോടെ രാത്രിയായി. മഴ മരങ്ങളിൽ ആഞ്ഞടിച്ചാണു പെയ്യുന്നത്. മരങ്ങൾ ആടിയുലയുന്നതിന്റെ ശബ്ദം കേൾക്കാം. ടോർച്ചിന്റെ ചെറിയ വെളിച്ചം  കാലിയിൽനിന്നു ദൂരെക്കു പോകില്ല. ഓരോ അടി വയ്ക്കുമ്പോഴും അടുത്ത അടി വയ്ക്കുന്നതു വെളിച്ചം വന്നതിനു ശേഷമാണ്. ചുറ്റം ഇരുട്ട്. 

fahad-venu-carbon-7

ആദ്യം കുറച്ചു പേർ നടന്നതോടെ കയറ്റത്തിലെ വഴി കുഴമ്പുപോലെയായി. ഇരു കയ്യിലും വടി കുത്തിപ്പിടിച്ചാണു മിക്കവരും നടക്കുന്നത്. പലരും ഇഴയുന്നതുപോലെ പിടിച്ചു കയറുന്നു. തൊട്ടു മുന്നിലുള്ള ആളെപ്പോലും കാണുന്നതു ടോർച്ചിന്റെ മിന്നാമിന്നി വെളിച്ചത്തിലാണ്. ആകാശത്തുനിന്നു തുള്ളി വെളിച്ചംപോലും വീഴുന്നില്ല. മഴ മാത്രം പെയ്തിറങ്ങുന്നു.ചുറ്റും കൂരാക്കുരിരുട്ടാണ്. തണുപ്പ് ഓരോ നിമിഷവും കൂടി കൂടി വന്നു. പലരും വിറച്ചു തുടങ്ങി.

fahad-venu-carbon-5

രണ്ടു മണിക്കൂറിനു ശേഷമാണു മനസ്സിലാകുന്നത് ഓരാളെ കാണാനില്ല എന്ന്. താഴെക്കു കുത്തനെ ഇറക്കമാണ്. ഒരു വശത്തു വലിയ താഴ്്വാരം.വീണു പോയ ഒരാൾ താഴെ മരത്തിൽ തട്ടിനിന്നതുകൊണ്ടു ജീവിതത്തിലേക്കു തിരിച്ചു കയറി. കാണാതെപോയ ആളെയും തേടി ചിലർപോയി. ബാക്കിയുള്ളവർ മണ്ണിലും മരച്ചുവട്ടിലും കാത്തുനിന്നു. ഏറെ നേരത്തിനു ശേഷം ഒരു പാറയ്ക്കടിയിൽ വിറച്ചിരിക്കുന്ന അവനെ കണ്ടു കിട്ടി. വലിയ പാറയുടെ ഒരറ്റമായിരുന്നു അത്. തെന്നിയിരുന്നുവെങ്കിൽ താഴെ പാറക്കൂട്ടത്തിനിടയിലെ ആഴങ്ങളിലേക്കു പോകുമായിരുന്നു. തൊട്ടു മുന്നിലുള്ള ആളെ ഏതോ നിമിഷം കാണാതായെന്നെ അവനറിയൂ. 

fahad-venu-carbon-8

താഴെക്കിട്ട വടത്തിൽ പിടിച്ചും സ്വയം കെട്ടിവച്ചുമാണു എല്ലാവരും കയറുന്നത്. ഒരു കുന്നു കയറി വേണം താഴോട്ടിറങ്ങാൻ. തനിച്ചുപ്പോലും നടക്കാനാകുന്നില്ല. വലിയ ക്യാമറയും ഭാരമുള്ള ഉപകരണങ്ങളുമായി അവർ എങ്ങിനെ എന്റെ പുറകെ വന്നുവെന്ന് ആർക്കുമറിയില്ല. പല ഉപകരണങ്ങളും കാട്ടിൽ രാത്രി ഉപേക്ഷിച്ചു. അവ  രാവിലെ എത്തിയാണു എടുത്തത്. പത്തുംഇരുപതും കിലോ ഭാരമുള്ള ലൈറ്റുകളും സ്റ്റാന്റുകളും ചുമന്നാണു പലരും ഈ ദുരിതത്തിലൂടെ നടന്നത്. അന്നു രാത്രി മുഴുവൻ മഴ പെയ്തു തിമർക്കുകയായിരുന്നു.’ വേണു പറഞ്ഞു. 

fahad-venu-carbon-14

ചിത്രീകരണത്തിനുവേണ്ടി തയ്യാറാക്കിയൊരു ക്യാംപുണ്ടായിരുന്നു. രാവിലെ വന്നു നോക്കിയപ്പോൾ അവിടെ മുഴുവൻ മണ്ണും വലിയ കല്ലുകളും നിറഞ്ഞിരിക്കുന്നു. എല്ലാ ചളിയിൽ  പുതഞ്ഞു കിടക്കുന്നു. രാത്രി സീനാണു അവിടെ ചിത്രീകരിച്ചിരുന്നത്. അവിടെ കുറച്ചു സീനുകൾ കൂടി എടുക്കാൻ ബാക്കിയുണ്ട്. എനിക്കു കൂടെയുള്ളവരുടെ ദുരിതം കണ്ടു നിൽക്കാനായില്ല. പലരും ജീവിതത്തിൽ ആദ്യമായി കാടു കാണുന്നവരാണ്. നല്ല സുഖ സൗകര്യത്തിൽ അച്ഛനമ്മമാർ വളർത്തിയ കുട്ടികളാണ്. ഒരു തുള്ളി ചോരകണ്ടാൽപ്പോലും തല കറഞ്ഞുന്ന അവരുടെ ദേഹത്തു അട്ട കടച്ചു ചോര നീർച്ചാലുപോലെ ഒഴുകുകയാണ്. 

fahad-venu-carbon-12

ഇനിയും ഇത്രയും ദുരിതത്തിലേക്കു തിരിച്ചുപോയി ഷൂട്ടു ചെയ്യേണ്ടെന്നു തീരുമാനിച്ചു. പക്ഷെ കൂടെയുള്ള എല്ലാവരും അവിടെത്തന്നെ പോയ ഷൂട്ടു ചെയ്യണമെന്നു നിർബന്ധിച്ചു.  ഞാൻ കുന്നിനു മുകളിൽത്തന്നെ ഇരുന്നു. ബാക്കിയുള്ളവർ താഴ്‌വാരത്തേക്കു പോയി. എല്ലാം റെഡിയായി എന്നു പറഞ്ഞവർ വിളിച്ചപ്പോൾ ഞാൻ ഇറങ്ങിച്ചെന്നു. ടൺ കണക്കിനു മണ്ണും കല്ലുമെല്ലാം മാറ്റി അവിടെ പഴയതുപോലായിരിക്കുന്നു.

fahad-venu-carbon-9

മുംബൈയിലെ എല്ലാ സുഖ സൗകര്യങ്ങൾക്കിടയിലും സൂപ്പർ താരങ്ങളുടെ സിനിമ ചിത്രീകരിച്ചു ശീലിച്ച ക്യാമറാമാൻ കെ.യു.മോഹനൻ പോലും അവിടെ സാധാരണ കൂലിത്തൊഴിലാളിയെപ്പോലെ ജോലി ചെയ്തിരിക്കുന്നു. അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. അന്നെനിക്കു മനസ്സിലായി നമ്മുടെ മനസ്സു തീരുമാനിച്ചാൽ പെരുമഴയത്തുപോലും നാം പതറാതെ നിൽക്കുമെന്ന്. അതിനു കാടു കയറിയ പരിചയമൊന്നും വേണ്ട. 

fahad-venu-carbon-16

അട്ടപ്പാടിയിൽ ഒന്നര മണിക്കൂർ ജീപ്പിൽ സഞ്ചരിച്ചാണു ലൊക്കേഷനിൽ എത്തിയിരുന്നത്. ജീപ്പ് കല്ലിൽനിന്നു കല്ലിലേക്കു ചാടിയാണു പോകുന്നത്. കാരവനും കുടപിടിക്കാൻ ആളുമൊന്നുമില്ലെങ്കിലും ഫഹദ് ഫാസിലും മമ്ത മോഹൻദാസുമെല്ലാം മുഖം കറുപ്പിക്കുകപോലും ചെയ്യാതെ ആ ജീപ്പിലിരുന്നു ആടിയുലഞ്ഞു.

fahad-venu-carbon-15

ഇത്തരം യാത്ര ഒരിക്കൽപ്പോലും അവർക്കു ജീവിതത്തിലുണ്ടായിട്ടുണ്ടാകില്ല. രോഗത്തിൽനിന്നും മോചനം നേടി വന്നതാണു മംമ്ത. കഴിച്ച മരുന്നുകളുടെ ശക്തി അവരെ തളർത്തിയിട്ടുണ്ടാകണം. എന്നാൽ ഒരിടത്തുപോലും അവർ വയ്യ എന്നു പറഞ്ഞില്ല.  ഈ കഷ്ടപ്പാടിനിടയിലും അവരുടെ മനസ്സിലേക്കു സഹത്തിന്റെ നദി എവിടെനിന്നാണു നിറഞ്ഞു വരുന്നതെന്നു മനസ്സിലാക്കാനായില്ല. 

fahad-venu-carbon-22

ഞാൻ 20 വർഷം മുൻപു അപൂർവ്വ ഓർക്കിഡ് അന്വേഷിച്ചു കാട്ടിൽപ്പോയ രണ്ടു ഗവേഷകർക്കൊപ്പം കാട്ടിൽപോയിട്ടുണ്ട്. അത്തരമൊരു അന്വേഷണാണു ഈ സിനിമയും. പക്ഷെ ജീവിതത്തിൽ ഒരിക്കലും കാട് ഇതുപോലെ എന്നെ പേടിപ്പിച്ചിട്ടില്ല. തനിയെ എത്രയോ രാത്രി ഞാൻ കാട്ടിനകത്തു കൊച്ചു വീടുകളിലും ടെന്റുകളിലും കിടന്നിട്ടുണ്ട്. അന്നെല്ലാം കാടിനു നിശബ്ദമായ സംഗീതത്തിന്റെ ശബ്ദമായിരുന്നു. പക്ഷെ കാർബൺ എന്ന സിനിമ 25 ദിവസത്തോളം കാട്ടിനു നടക്കു ചിത്രീകരിച്ചപ്പോഴും ഞാൻ കേട്ടതു ആടിയുലഞ്ഞു അലറുന്ന കാടിനെയാണ്. 

fahad-venu-carbon-18

പക്ഷെ പതുക്കെ പതുക്കെ എല്ലാവരും കാടിനെ സ്നേഹിച്ചു തുടങ്ങി. മഴയെ ചേർത്തു പിടിച്ചു തുടങ്ങി. പുൽമേടുകളും മരക്കൂട്ടങ്ങളും ഞങ്ങൾക്കു ഇടയ്ക്കിടെ ഇരുളിന്റെ ആകാശം തുറന്നു വെളിച്ചത്തിന്റെ മേലാപ്പു പിടിച്ചു തന്നു.അവിടെ ഞങ്ങൾ ക്യാമറ വച്ചു.ശുദ്ധമായ വായുവും വെളിച്ചവും വെള്ളവും ഞങ്ങൾ തൊട്ടു.പുൽമേടുകൾക്കു മുകളിൽ പാറപ്പുറത്തിരുന്നു ഞങ്ങൾ ക്യാമറയിലൂടെയും നേരിട്ടും കണ്ണെത്താദൂരത്തോളം കിടക്കുന്ന കാടു കണ്ടു. 

fahad-venu-carbon-24

കാടിന്റെ അതിർത്തി ആകാശത്തിലേക്കു ലയിക്കുന്നതു  കണ്ടു. ഇടയ്ക്കിടെ അഗ്നികുണ്ഡങ്ങൾ പോലെ പൂത്തുനിൽക്കുന്ന മരങ്ങൾ കണ്ടു. കാർബൺ എന്ന സിനിമ ജനിച്ചതു കാട്ടിലാണ്. വടം ദേഹത്തു  ചുറ്റിയും കൈകോർത്തും കമ്പു കുത്തിപ്പിടിച്ചുമെല്ലാം കാടിറങ്ങുമ്പോഴും മഴ കനത്തിരുന്നു.

fahad-venu-carbon-19

ദേഹം മുഴുവൻ ചളി പറ്റിയും നനഞ്ഞു കുതിർന്നും എവിടെയെല്ലാമോ ഉരഞ്ഞുണ്ടായ മുറിവുകളിലെ നീറ്റൽ പുകഞ്ഞും വാഹനത്തിലിരിക്കുമ്പോഴും ആരും പരാതിപ്പെട്ടില്ല. കാട് സ്നേഹമായി ഇരുവശവും നിന്നു ഞങ്ങളെ യാത്രയാക്കുകയായിരുന്നു. എനിക്കുറപ്പാണ് കണ്ണടച്ചാൽ ഓരോരുത്തരുടെ മനസ്സിൽ ആ പുൽമേടുകൾ കാണം, മഴ പെയ്തു പെയ്തു അടുത്തേക്കു വരുന്നതു കാണാം,മരങ്ങളുടെയും വള്ളികളുടെയും ഇരുളും വെളിച്ചവും കാണാം. 

fahad-venu-carbon-25