Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂമരം വൈകിയതിന് കാരണമുണ്ട്: എബ്രിഡ് ഷൈൻ

poomaram-abird

ക്രിസ്മസിന് എറണാകുളം ബ്രോഡ്‌വേയിൽ വിൽപനയ്ക്കുവച്ച ക്രിസ്മസ് ട്രീകളിലൊന്നിന്റെ പേര് ‘പൂമരം’ എന്നായിരുന്നു. അതിലെ സെറ്റിങ്സ് അനുസരിച്ച് രാത്രിയിൽ എല്ലാ വിളക്കുകളും അണയുമ്പോൾ ഒരു നക്ഷത്രവിളക്കു മാത്രം വൈകി തെളിയും. അതു പുലർച്ചെവരെ കത്തി നിൽക്കും. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘പൂമരം’ പാട്ടായും മരമായും കാറ്റായും ട്രോളായും കത്തിനിൽക്കാൻ തുടങ്ങിയിട്ടു രണ്ടുവർഷം കഴിഞ്ഞു. ‘ഞാനും ഞാനുമെന്റാളും’ ഉയർത്തിയ പാട്ടലകൾ കാതോർത്തവരോട് എബ്രിഡ് ഷൈൻ പൂമരത്തിന്റെ റിലീസിങ് ഡേറ്റും പ്രഖ്യാപിക്കുന്നു – സെൻസർ നടപടികൾ പൂർത്തിയായാൽ മാർച്ച് ഒൻപതിനു റിലീസ്. 2016 സെപ്റ്റംബർ 16നു മഹാരാജാസ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച യാത്ര 2018 മാർച്ച് ഒൻപതിനു സ്ക്രീനിൽ.

∙ പതിനേഴു മാസം നീണ്ട കാത്തിരിപ്പ്. എന്താണ് പൂമരം റിലീസിനൊരുങ്ങാൻ വൈകിയത് ? 

പൂമരം ക്യാംപസ് പശ്ചാത്തലത്തിലുള്ള സിനിമയാണ്. കോളജും വിദ്യാർഥികളും അവരുടെ കലയും ടാലന്റും ഫെസ്റ്റിവലുമെല്ലാമുള്ള സിനിമ. ഇതിന്റെ തിരക്കഥ സിനിമയ്ക്കൊപ്പം വികസിക്കുകയായിരുന്നു. മഹാരാജാസ് ഗ്രൗണ്ടിലെ സെറ്റിൽ ആദ്യ ദിനങ്ങളിൽ തന്നെ എനിക്ക് ഇതു പെട്ടെന്നു ഷൂട്ട് ചെയ്തു തീർക്കാൻ ആകില്ല എന്നു ബോധ്യപ്പെട്ടിരുന്നു. 2017ൽ സിനിമ റിലീസ് ചെയ്യണം എന്നു തന്നെയായിരുന്നു ഞാൻ കരുതിയത്. ഷൂട്ടിന്റെ ആദ്യ നാളുകളിൽ തന്നെ അതിന്റെ വിഷ്വലുകൾ നമ്മൾ വിചാരിക്കുന്നതുപോലെ കിട്ടുന്നില്ല എന്നു തോന്നി. ക്ഷമയോടെ നീങ്ങിയാലേ പ്ലാൻ ചെയ്ത വിഷ്വൽ സീനുകൾ എക്സിക്യൂട്ട് ചെയ്യാൻ കഴിയൂ എന്നു ബോധ്യപ്പെട്ടു. ആ ബോധ്യത്തിൽ നിന്നാണ് ഒരു റിലീസ് ഡേറ്റ് നിശ്ചയിച്ച് മുന്നേറണ്ട എന്നു തീരുമാനിച്ചത്. പകരം നമ്മുടെ മനസ്സിലെ സിനിമ നന്നായി ചിത്രീകരിക്കാൻ തീരുമാനിച്ചു. അതിന്റെ പിന്നിൽ ഒരുപാടു പേർ ക്ഷമയോടെ ഒത്തുചേർന്നു. കാളിദാസനും നിർമാതാവ് ഡോ. പോളും എല്ലാം ഉൾപ്പെട്ട വലിയൊരു ടീം വർക്ക്.

Poomaram pooja-kalidasan-4

∙പൂമരത്തിലെ പാട്ടിന്റെ പുതുമ നഷ്ടപ്പെട്ടുവെന്ന തോന്നലുണ്ടോ ? 

ഞങ്ങൾ സെപ്റ്റംബറിൽ ഷൂട്ടിങ് ആരംഭിച്ചു. നവംബറിൽ ‘ഞാനും ‍ഞാനുമെന്റാളും ...’ എന്ന പാട്ട് പുറത്തുവന്നു. പാട്ട് യുട്യൂബിലും റേഡിയോയിലുമൊക്കെയാണ് ഇതുവരെ കേട്ടത്. യുട്യൂബിൽ മാത്രം രണ്ടുകോടിയിലേറെപ്പേർ കണ്ടു. തിയറ്ററിന്റെ പശ്ചാത്തലത്തിൽ അതു കാണുക പുതുമയാർന്ന അനുഭവമാകും. ആ പാട്ട് തുടക്കത്തിലേ വലിയ ഹിറ്റായതു കൊണ്ടു തോന്നിയതാകാം ഇങ്ങനെയൊരു ചിന്ത. ഇനിയും പ്രേക്ഷകർക്കായി ഒരുപിടി മനോഹര ഗാനങ്ങൾ ചിത്രത്തിലുണ്ട്. പൂമരം ഒരു മ്യൂസിക്കൽ ജേർണിയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

Poomaram pooja-kalidasan-5

∙സിനിമയുടെ സാമ്പ്രദായിക രീതിയെ പലതും പൊളിച്ചടുക്കുന്നതായിരുന്നു പൂമരത്തിന്റെ ചിത്രീകരണം എന്നു പറയുന്നുണ്ടല്ലോ ? 

ഞാൻ മൂന്നു സിനിമകളേ സംവിധാനം ചെയ്തിട്ടുള്ളൂ. എനിക്കു സിനിമയുടെ സാമ്പ്രദായിക രീതികളൊന്നും അത്ര പരിചിതമല്ല. ഒരു സിനിമയുടെ വിഷയം എങ്ങനെ ആളുകളിലേക്കു നന്നായി കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും എന്നാണ് ഞാൻ ആലോചിക്കാറുള്ളത്. അത് എങ്ങനെ എക്സിക്യൂട്ട് ചെയ്യാൻ പറ്റും എന്നാണ് ചിന്തിക്കാറുള്ളത്.

Poomaram pooja-kalidasan-1

∙പുതിയ കുട്ടികൾ ധാരാളമുണ്ട് പൂമരത്തിൽ ? 

പുതിയ ടാലന്റ്സ് ധാരാളമുണ്ട് ഈ ചിത്രത്തില്‍. അവർ ഈ സിനിമയ്ക്കുവേണ്ടി ഹൃദയം പറിച്ചു തന്നു. അവർക്കെല്ലാം വലിയ അവസരം കൊടുത്തുവെന്നു ഞാൻ അവകാശപ്പെടുന്നില്ല. ഈ സിനിമ അവർക്കെല്ലാം എനിക്കൊപ്പം എക്സ്പീരിയൻസ് ചെയ്യാൻ കഴിഞ്ഞു. അഭിനയത്തിൽ, സംഗീതത്തിൽ, പാട്ടിൽ എല്ലാം പുതിയ കുട്ടികൾ. മുന്നോട്ടുള്ള വഴിയിൽ അവർക്ക് ഇതുവഴി പ്രയോജനമുണ്ടാകുന്നുവെങ്കിൽ സന്തോഷം.