Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‘കുഞ്ഞച്ചൻ കുറച്ചോടെ ചെറുപ്പമായി’; ഡെന്നീസ് ജോസഫ് പറയുന്നു

dennis-mammootty

ഇന്ന് മാർച്ച് 15, ഇരുപത്തിയെട്ട് വർഷം മുൻപ് ഇതേദിവസമായിരുന്നു വെള്ളിത്തിരയിൽ കുഞ്ഞച്ചന്റെ പിറവി. വെറും കു‍ഞ്ഞച്ചനല്ല സാക്ഷാൽ കോട്ടയം കുഞ്ഞച്ചൻ. 1990ലാണ്  ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ടി.എസ്.സുരേഷ്ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചൻ പുറത്തിറങ്ങുന്നത്. 

പക്ഷേ രണ്ടാംഭാഗത്തിന് ചുക്കാൻ പിടിക്കുന്നത് പൂർണമായും യുവതലമുറക്കാരാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ്ബാബു നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസാണ്. എന്തിനാണ് രണ്ടാം ഭാഗത്തിനായി 28 വർഷം കാത്തിരുന്നത്...? തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മനോരമന്യൂസ് ഡോഡ്കോമിനോട് പ്രതികരിക്കുന്നു.

" എന്നെ ജോഷി ചതിച്ചു ആശാനെ " | kottayam Kunjachan | Super Hit Comedy Scene

പ്രഖ്യാപനത്തോടുള്ള ആദ്യ പ്രതികരണം എന്താണ്?

നൂറ് ശതമാനമല്ല ഇരുനൂറ് ശതമാനം സന്തോഷത്തോടെയാണ് ഞാൻ ഇൗ വാർത്ത സ്വീകരിക്കുന്നത്. പ്രഖ്യാപനത്തിന് മുൻപ് തന്നെ മിഥുൻ വിളിച്ച് പറഞ്ഞിരുന്നു. അയാളുമായി എനിക്ക് നല്ല സൗഹൃദമാണുള്ളത്. ഒരു പുതുതലമുറക്കാരന്റെ കയ്യിൽ കോട്ടയം കുഞ്ഞച്ചൻ വീണ്ടും പിറവിയെടുക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാൻ. ഇന്നലെ രാത്രി മമ്മൂട്ടിയും വിളിച്ചിരുന്നു. ഇതുവരെ എഴുതിയ ചില സീനുകളെക്കുറിച്ചൊക്കെ മമ്മൂട്ടി വായിച്ചുകേള്‍പ്പിച്ചു. കേട്ടിടത്തോളം ഞാൻ ആകാംക്ഷയിലാണ്. കാത്തിരിപ്പിന്റെ ആശ കൂടുകയാണ് രണ്ടാംഭാഗത്തിനായി.

ഇരുപത്തിയെട്ട് വർഷം എന്തിന് കാത്തിരുന്നു?

പതിനഞ്ച് വർഷം മുൻപ് സുരേഷ്ബാബു എന്നോട് ആവശ്യപ്പെട്ടതാണ് കോട്ടയം കുഞ്ഞച്ചനൊരു രണ്ടാംഭാഗമൊരുക്കണമെന്ന്. എന്നാൽ എനിക്ക് അതിനോട് തീരെ താൽപര്യം തോന്നിയില്ല. എന്റെ ഒരു സിനിമയ്ക്കും രണ്ടാംഭാഗമെഴുതാൻ താൽപര്യപ്പെടുന്നില്ല. അതുകൊണ്ടാണ് സുരേഷിന്റെ ആവശ്യം ഞാൻ നിരാകരിച്ചത്. പക്ഷേ രണ്ടാംഭാഗമൊരുക്കാൻ സുരേഷിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതുമനസിലാക്കി ഞാൻ മറ്റുപല തിരക്കഥാകൃത്തുക്കളോടും എഴുതാൻ പറഞ്ഞു. ആദ്യം സിബി–ഉദയനോടാണ് പ‌റ‍ഞ്ഞത്. പക്ഷേ കിലുക്കത്തിന്റെ രണ്ടാംഭാഗത്തിന്റെ പരാജയം കൊണ്ടാവണം അവർ താൽപര്യം കാട്ടിയില്ല. പിന്നീടാണ് രണ്‍ജി പണിക്കരോട് ഇക്കാര്യം പറയുന്നത്. രണ്‍ജിക്ക് അതിനോട് താൽപര്യമായിരുന്നു. പക്ഷേ അഭിനയത്തിന്റെ തിരക്കുകളിലേക്ക് കടന്നതോടെ അതും നടന്നില്ല. പിന്നീടാണ് മിഥുൻ ഇതേ ആവശ്യവുമായി സമീപിക്കുന്നത്. അത് ഇപ്പോൾ യാഥാർഥ്യമാകുന്നു.‌‌

comedy scene from kottayamkunjachan

മമ്മൂട്ടി വീണ്ടും കുഞ്ഞച്ചനാകുമ്പോള്‍..?

അന്നും ഇന്നും മമ്മൂട്ടി ‘കോട്ടയം കുഞ്ഞച്ചൻ’ തന്നെയാണ്. 28വർഷങ്ങൾക്കിപ്പുറവും അതിനൊരു മാറ്റവും വന്നിട്ടില്ല. ഒരുപക്ഷേ കുറച്ചുകൂടി ചെറുപ്പമായി കുഞ്ഞച്ചൻ. 

ഒറ്റരാത്രി കൊണ്ട് സമൂഹമാധ്യമങ്ങളിൽ രണ്ടാംഭാഗത്തിന് ലഭിച്ച ഇൗ സ്വീകരണം തന്നെയാണ് തനിക്ക് കിട്ടുന്ന എറ്റവും വലിയ അംഗീകാരമെന്നും ഡെന്നീസ് ജോസഫ് പറയുന്നു. മിഥുനിൽ വിശ്വസമുണ്ട്. ജനത്തിന്റെ പൾസ് അറിയാവുന്ന സംവിധായകനാണ്. ആട് ടുവിന്റെ ഗംഭീരവിജയം അതിന് അടിവരയിടുന്നു. അയാളുടെ കണ്ണിലൂടെ ന്യൂജെൻ പ്രേക്ഷകന്റെ മുന്നിൽ കോട്ടയം കുഞ്ഞച്ചൻ പുതിയ രൂപത്തിലെത്തുന്നതിന്റെ കാത്തിരിപ്പിലാണ് ഞാനും.  മറ്റൊരു സുരേഷ്ബാബു–മമ്മൂട്ടി ചിത്രം ഉടൻ യാഥാർത്ഥ്യമാകുെമന്ന കാര്യം കൂടി ഡെന്നിസ് ജോസഫ് വെളിപ്പെടുത്തി.

related stories