Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റ്

mohanlal-new

താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ എത്തിയേക്കുമെന്ന് സൂചന. ഇൗ മാസം 24–ന് നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കും.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായാണ് ഇൗ മാസം അമ്മ ജനറൽ ബോഡി വിളിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റായ ഇന്നസെന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുന്നതെന്നാണ് സൂചന. എന്നാൽ മറ്റൊരാൾ ഇതേ സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുകയും മത്സരമുണ്ടാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ താൻ പിന്മാറുമെന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുന്ന ഇടവേള ബാബുവിന്റെയും നിലപാട് ഇതു തന്നെയാണ്. 

17 വർഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് ഒഴിയുന്നതോടെ ഇതേ സ്ഥാനത്തേക്ക് ആരു വരുമെന്ന ചർച്ചകൾ കുറച്ചു ദിവസങ്ങളായി സജീവമായിരുന്നു. എല്ലാ തലമുറയിലുംപെട്ട താരങ്ങൾക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹൻലാലിനെ ഇൗ സ്ഥാനത്തേക്ക് കൊണ്ടു വരാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്. ഇപ്പോൾ ഒാസ്ട്രേലിയയിലുള്ള മോഹൻലാൽ ജനറൽ ബോഡി യോഗത്തിനു മുമ്പായി നാട്ടിൽ തിരിച്ചെത്തും. നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമുണ്ടായ ചില വഴിത്തിരിവുകളും സിനിമയിലെ വനിതാ സംഘടനയുടെ രൂപീകരണവും അമ്മ നേതൃമാറ്റത്തെ സ്വാധീനിക്കുമെന്ന് വ്യക്തം. ജനറൽ ബോഡി യോഗത്തിൽ ഒൗദ്യോഗിക പാനലിന് എതിരായി ആരെങ്കിലും മത്സരിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. 

amma-meeting-444