Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരവനിൽ ഇരുന്ന് ഞാൻ കരഞ്ഞു, ആളുകൾ എന്തുപറയുമെന്ന് ഓർത്തു: ജയസൂര്യ അഭിമുഖം

jayasurya-interview

തിരഞ്ഞെടുപ്പുകളാണ് ഒരു അഭിനേതാവിന്റെ അതിനേക്കാളുപരി ആര്‍ടിസ്റ്റ് എന്ന ജീവിതത്തെ നിര്‍ണയിക്കുന്നത്. അത് കൂടുതല്‍ സൂക്ഷ്മവും തെളിമയുള്ളതുമാകുമ്പോള്‍ ആ കഥാപാത്രങ്ങളും അഭിനേതാവും ഒരുപോലെ കാലാതീതമാകുന്നു. അദ്ദേഹത്തിന്റെ ഒരു ചിത്രമെത്തുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ, ഇന്നോളം കണ്ടിട്ടില്ലാത്ത എന്തോ ഒരു കാഴ്ച അവിടെ സാധ്യമാകുമെന്ന ഉറച്ച വിശ്വാസം പ്രേക്ഷകരിലുണ്ടാകുന്നതും അങ്ങനെ തന്നെ. സിനിമ ജീവിതത്തില്‍ ബോധപൂര്‍വ്വം വരുത്തിയൊരു വലിയ മാറ്റത്തിലൂടെ പ്രോമിസിങ് ആക്ടറിലേക്കുള്ള ജയസൂര്യയുടെ പരിവര്‍ത്തനം ആ തലത്തിലേക്കാണു പോകുന്നത്. കയ്യടികള്‍ക്കപ്പുറം എഴുന്നേറ്റു നിന്നുള്ള ആരവങ്ങളിലേക്ക് അവരുടെ പ്രതികരണം മാറുന്നതും അതുകൊണ്ടു മാത്രമാണ്....വീണ്ടുമൊരിക്കല്‍ കൂടി ജയസൂര്യയ്‌ക്കൊപ്പം...

എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന ചിത്രങ്ങളേ ചെയ്യാറുള്ളൂ...അതില്‍ എന്നെക്കൊണ്ടു കഴിയുന്നതിന്റെ ബെസ്റ്റ് നല്‍കുന്നു. മേരിക്കുട്ടിയും അതുപോലെ തന്നെ. അതൊരു സ്‌പെഷല്‍ തീരുമാനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ചിത്രമൊന്നുമല്ല. രഞ്ജിത്തിന്റെ മനസ്സില്‍ കുറേ കാലമായുണ്ട് മേരിക്കുട്ടി. അതെന്നോടു പറഞ്ഞപ്പോള്‍ എനിക്കൊരുപാട് ഇഷ്ടമായി...അത്രേയുള്ളൂ. ഇനിയതു പ്രേക്ഷകര്‍ തീരുമാനിക്കട്ടെ...ജയസൂര്യ പതിവു പോലെ കഥാപാത്രത്തോടു തോന്നുന്ന ആ എക്‌സൈറ്റ്‌മെന്റിന്റെ നൂറിലൊന്ന് ആവേശം പോലും നല്‍കാതെ തന്റെ പുത്തന്‍ ചിത്രത്തിനെ ആസ്പദമാക്കിയുള്ള അഭിമുഖത്തോടു സംസാരിച്ചു തുടങ്ങി.

പ്രേക്ഷകർ ഏറ്റെടുത്ത മേരിക്കുട്ടി

നമ്മളൊരു ചിത്രം ചെയ്തു കഴിഞ്ഞിട്ട് നമ്മുടെ പ്രതീക്ഷകളും ചിന്തകളും പങ്കുവയ്ക്കുന്നതില്‍ അര്‍ഥമില്ല. പ്രേക്ഷകരാണ് അതു തീരുമാനിക്കേണ്ടത്. അവര്‍ കാണട്ടെ. പിന്നെ ചിത്രം ആദ്യം കണ്ടപ്പോള്‍ വ്യക്തിപരമായി എനിക്കൊരുപാട് സന്തോഷം തോന്നി. അച്ഛാ...അച്ഛന്റെ ബെസ്റ്റ് പടമെന്ന് മോനും പറഞ്ഞു. സരിതയ്ക്കും മോള്‍ക്കും ഒത്തിരി ഇഷ്ടമായി. അത്രതന്നെ. ഇതൊരു നല്ല സിനിമയാകും എന്ന് എനിക്കുറപ്പുണ്ട്. അതിലൊന്നും കാര്യമില്ല. പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. ഞാന്‍ ഇതിനെ ഒരു ഭയങ്കര സംഭവമായി അവതരിപ്പിക്കുന്നില്ല. പക്ഷേ എനിക്കേറ്റവും സന്തോഷം തോന്നിയ കാര്യം ചിത്രം പുറത്തിറങ്ങിയ ശേഷം ഒരു ഇംഗ്ലിഷ് ഓണ്‍ലൈനില്‍ നിന്ന് വിളിച്ചിട്ട് പറഞ്ഞു...ഈ സിനിമയുടെ റേറ്റിങ് ഞങ്ങള്‍ അഞ്ച് എന്ന് തീരുമാനിച്ചുവെന്ന്. ഇതുവരെ ഏറ്റവും നല്ല ചിത്രത്തിന് 4.5 അല്ലെങ്കില്‍ 4 ഒക്കെ കൊടുത്ത ചരിത്രമേയുള്ളൂ. ആ സ്ഥാനത്താണ് ഇവിടെ ഇത് സംഭവിച്ചത്. മലയാളത്തിലെ ഓണ്‍ലൈന്‍ സൈറ്റുകളും ഒന്നടങ്കം നല്ലതു പറഞ്ഞു. സാധാരണ അങ്ങനെ സംഭവിക്കാറില്ല. മുന്‍പത്തേക്കാള്‍ വ്യത്യസ്തമായി എനിക്ക് അനുഭവപ്പെട്ട കാര്യം ഇതാണ്. അതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. അടുത്തൊരു നല്ല ചിത്രം വരുമ്പോഴും അതിന് വാക്കുകള്‍ കൊണ്ടു മാധ്യമങ്ങള്‍ നല്‍കുന്ന വലിയ പിന്തുണയ്ക്ക് ഒട്ടും പിശുക്കുണ്ടാവില്ല. അഞ്ചില്‍ അഞ്ച് നല്‍കാന്‍ അവര്‍ മടിച്ച് നില്‍ക്കില്ല. അതൊരു വലിയ കാര്യമാണ്.

jayasurya-interview-1

പിന്നെ മേരിക്കുട്ടി ഒരു ഭാഗ്യാനുഭവം കൂടിയാണ്. ഒരു ജന്മത്തില്‍ മനുഷ്യന് ആണായോ പെണ്ണായോ അല്ലെങ്കില്‍ അര്‍ദ്ധനാരിയായോ ജീവിക്കാനാകൂ. മേരിക്കുട്ടിയിലൂടെ എനിക്കീ മൂന്നു വേഷങ്ങളും കെട്ടിയാടാനായി. ജയസൂര്യ എന്ന ആണായും മാത്തുക്കുട്ടിയെന്ന അര്‍ഥനാരിയായും മേരിക്കുട്ടിയെന്ന സ്ത്രീയായും ജീവിക്കാനായി. 

മേരിക്കുട്ടി എവിടെയോ ജീവിച്ചിരിക്കുന്നൊരാളെ പോലെ...

അതാണ് എന്നോട് ഒരുപാടു പേര്‍ പറഞ്ഞത് സിനിമ കണ്ടിട്ട്. ഇത് വെറുമൊരു ചിത്രമല്ലെന്നു തോന്നിപ്പിക്കുന്ന വിപ്ലവാത്മകമായ പ്രതികരണം. ഈ വിഭാഗത്തില്‍പ്പെട്ട ഒത്തിരിപ്പേര്‍ മേരിക്കുട്ടിയുടെ ചിത്രത്തിനരികെ നിന്ന് ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതു കണ്ട്. അത് അവര്‍ക്കൊരു രസകരമായ സന്തോഷകരമായ ചെറിയൊരു കാര്യമല്ല. എനിക്കും അതുപോലെ തന്നെ. ഇത്രയും നാള്‍ അവരെ സിനിമകളില്‍ ഭൂരിപക്ഷത്തിലും അവതരിപ്പിച്ചത് നെഞ്ചത്തിട്ട് അടിച്ച് അലറുന്ന വേശ്യകളായി ജീവിക്കുന്ന രീതിയിലായിരുന്നു. 

അവരുടെ ജീവിതത്തിന്റെ കളര്‍ഫുള്‍ ആയൊരു വശം അധികമൊന്നും അവതരിപ്പിച്ചു കണ്ടിട്ടില്ല. പക്ഷേ നമ്മുടെ മേരിക്കുട്ടി വളരെ ക്ലാസിക് ആയ സ്ത്രീയാണ്. അവരുടെ വസ്ത്രത്തിലും നടപ്പിലും സംസാരത്തിലും നിലപാടിലും വിദ്യാഭ്യാസത്തിലുമെല്ലാം നിഴലിക്കുന്നത് അതാണ്. അവര്‍ക്കൊരു സ്വയം തിരിച്ചറിവിന് വഴിയൊരുക്കുന്ന കൂടുതല്‍ മനോഹരമായി പ്രതീക്ഷോടെ പുഞ്ചിരിച്ച് മുന്നോട്ടു പോകാന്‍ പറയുന്നൊരു ചിത്രമാണ്. അങ്ങനെയാണ് എനിക്ക് പ്രതികരണങ്ങളില്‍ നിന്നു തോന്നിയത്. അതൊരു വലിയ കാര്യമല്ലേ...ഇത്രയും നാള്‍ സിനിമകളിലും അഭിമുഖങ്ങളിലുമെല്ലാം ജയസൂര്യ പുരുഷനായിരുന്നു. 

jayasurya-interview-4

അങ്ങനെയുള്ളൊരു വ്യക്തി വലിയ മാറ്റങ്ങളൊന്നും വരുത്താതെ സ്ത്രീയായി കുറച്ചു മണിക്കൂര്‍ നേരത്തേയ്‌ക്കെങ്കിലും മുന്നില്‍ നില്‍ക്കുമ്പോള്‍ അത് വിശ്വസനീയമായ രീതിയിലാകണല്ലോ. അവര്‍ക്കത് ശരിക്കും ഫീല്‍ ചെയ്യണമല്ലോ. അത് സാധ്യമാകുകയും ആ കഥാപാത്രം പ്രതിനിധീകരിക്കുന്ന ഒരു പിടി മനുഷ്യര്‍ക്ക് അതൊരു വലിയ സന്തോഷമായി മാറുകയും ചെയ്യുന്നത് വലിയ കാര്യമല്ലേ. അതാണ് ഈ ചിത്രമെനിക്ക് സമ്മാനിച്ചത്. 

കെപിഎസി ലളിത ചേച്ചി, ഇന്നസെന്റ് ചേട്ടന്‍... തുടങ്ങിയവരൊക്കെ വിളിച്ചിരുന്നു. സിനിമ ആദ്യ ദിവസം തന്നെ കണ്ട് കഴിഞ്ഞ് പിറ്റേ ദിവസമായിട്ടും മനസ്സില്‍ നിന്നു പോണില്ല എന്ന് പലരും വിളിച്ചു പറഞ്ഞു ജയാ...എന്നായിരുന്നു അവരുടെ പ്രതികരണം. ആറു വര്‍ഷമായി സ്വന്തം പടം പോലും തീയറ്ററില്‍ പോയി കാണാത്ത ഇന്നസെന്റ് ചേട്ടന്‍ ഈ ചിത്രം ഈ അഭിപ്രായം കേട്ടതിനു ശേഷം കുടുംബത്തോടൊപ്പം പോയിക്കണ്ടു...

മേരിക്കുട്ടിയുടെ വയറ്...

മേരിക്കുട്ടിയുടെ വയറ്...അത് ഒരിക്കലും ഒരു വള്‍ഗര്‍ ആയ രീതിയില്‍ തോന്നിയോ...സാധാരണ സിനിമകളില്‍ നായികയുടെ വയറ് കാണിക്കുന്നതു പോലെ തോന്നിയോ...ഇല്ലെന്നാണ് എന്റെ വിശ്വാസം. കുറച്ച് മൃദുവാണ് ആ വയറ്. ആദ്യ മിനിറ്റുകളില്‍ തന്നെ അത്തരമൊരു സീന്‍ ഉള്‍പ്പെടുത്തിയതില്‍ കാരണമുണ്ട്. മേരിക്കുട്ടിയാകുവാന്‍ ഫിസിക്കലി വലിയ പ്രയത്‌നമൊന്നും വേണ്ടി വന്നില്ല. കുറച്ച് തടി കൂട്ടേണ്ടി വന്നു. കാരണം നമ്മള്‍ ഹോര്‍മോണ്‍ ചികിത്സയിലാണെങ്കില്‍ സ്വാഭാവികമായും ശരീരം വണ്ണം വയ്ക്കും. മേരിക്കുട്ടി സ്ത്രീയായി മാറാനുള്ള വഴിയില്‍ ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റിലാണ്. തടി വയ്ക്കണം എന്നാല്‍ മസില്‍ തെളിഞ്ഞ് കാണാതെ സോഫ്റ്റ് ആകുന്ന രീതിയിലാകണമായിരുന്നു. അതിനു വേണ്ടി ജിമ്മില്‍ പോകുന്നത് നിര്‍ത്തി. ഡയറ്റ് ആ രീതിയിലേക്ക് ആക്കിയെന്നു മാത്രം. അത്രേയുള്ളൂ. 

പിന്നെ തലമുടിയും വസ്ത്രവുമായിരുന്നു. ഇത് രണ്ടും ഏത് കഥാപാത്രങ്ങളേയും കരുത്തുറ്റതാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതാണ്. പ്രത്യേകിച്ച് ഇങ്ങനെയൊരു കഥാപാത്രം ചെയ്യുമ്പോള്‍. സാരിയെല്ലാം എന്റെ പ്രിയതമയുടെ വകയായിരുന്നു. അവള്‍ ലൈറ്റ് കളറിലുള്ള എന്നാല്‍ നല്ല ലുക്കുള്ള സാരികളാണ് തിരഞ്ഞെടുത്ത് ഉടുപ്പിച്ച് തന്നത്. ഒരുപക്ഷേ ആ വസ്ത്രങ്ങള്‍ കൂടുതല്‍ കളര്‍ഫുള്‍ ആയ ഡിസൈനുള്ള വസ്ത്രമായിരുന്നെങ്കില്‍ മേരിക്കുട്ടി എന്ന കഥാപാത്രത്തിന്റെ ആഴമുള്ള നിലപാട് പ്രേക്ഷക മനസ്സില്‍ പ്രതിഫലിപ്പിക്കില്ലായിരുന്നുവെന്ന് ഉറപ്പാണ്.

പിന്നെ തലമുടി. അതിനു വേണ്ടി ഒരു രണ്ടു ലക്ഷത്തോളം രൂപ പരീക്ഷിച്ച് കളഞ്ഞിട്ടുണ്ട്. വിദേശത്തു നിന്ന് വിഗ് ഒക്കെ കൊണ്ടുവന്നു നോക്കി. ലോങ് ഹെയറും മീഡിയവും ഷോര്‍ട് ഹെയറുമൊക്കെ നോക്കി. അവസാനം ഷോര്‍ട് ഹെയര്‍ മതിയെന്നൊരു തീരുമാനത്തിലെത്തി. ഈ വിഗ് മേക്ക് അപ്പ് മാന്‍ റോണക്‌സ് സേവ്യറിന്റെ തിരഞ്ഞെടുപ്പായിരുന്നു. ആ കഥാപാത്രത്തിന്റെ ലുക്കിന് അതിന്റെ വ്യക്തിത്വം പോലെ കൂടുതല്‍ തെളിമ നല്‍കിയത് ഈ രണ്ട് തിരഞ്ഞെടുപ്പുകളായിരുന്നു.

അമിതമായ മേക്കപ്പും ഉപയോഗിച്ചിട്ടില്ല. പുരികം ത്രെഡ് ചെയ്തുവെന്നല്ലാതെ മറ്റെന്തെങ്കിലും സൗന്ദര്യവര്‍ധക കാര്യങ്ങള്‍ ചെയ്തിട്ടേയില്ല. സാധാരണ മേക്കപ്പിടാതെ ഒരു നായികയെ പോലും കാണാനാകില്ലല്ലോ. പുരുഷന്‍ സ്ത്രീയായി വേഷമിടുമ്പോള്‍ തീര്‍ച്ചയായും അത് കൂടിയേ തീരു. എന്നിട്ടും മേരിക്കുട്ടി അഞ്ചോളം സീനുകളില്‍ മേക്കപ്പില്ലാതെയാണ് വന്നത്. 

ഈ വയറിന്റെ കാര്യത്തില്‍ രസകരമായൊരു കഥ പറയാനുണ്ട്...ആ അജു വര്‍ഗീസ് അത്യാവശ്യം നന്നായി നോക്കിയ വയറാണിത്. അവന്റെ കള്ളനോട്ടം ഇടയ്ക്കിടെ ഞാന്‍ പിടിക്കും...അയ്യോ ചേട്ടാ സോറി എന്നൊക്കെ പറഞ്ഞ് അവന്‍ മുങ്ങും...സെറ്റിലേക്ക് വന്ന സുഹൃത്തുക്കളില്‍ പലരും ആദ്യം തിരിച്ചറിഞ്ഞിരുന്നതേയില്ല...

സങ്കടമുണ്ടാകും പക്ഷേ പോസിറ്റീവ്...

ഞാനും രഞ്ജിത് ശങ്കറും സംസാരിക്കുമ്പോൾ എന്ത് ടോപിക് മുന്നിലേക്കു വന്നാലും അവെറുതെയെങ്കിലും അത് സിനിമയാക്കാം എന്നൊക്കെ സംസാരിക്കാറുണ്ട്. അത് ഞങ്ങള്‍ക്കിടയിലെ സ്‌നേഹബന്ധത്തിന്റെ ആഴം കൊണ്ടാണ്...ഒരേ വേവ് ലെങ്ത് ആണെന്നൊക്കെ പറയില്ലേ അങ്ങനെ. രഞ്ജിത് അദ്ദേഹത്തിന്റെ മനസ്സിലെ ചിന്തകളൊക്കെ എന്നോടു പറയും. ഞാന്‍ തിരിച്ച് എനിക്ക് വായിച്ചും അറിഞ്ഞും കേട്ടും അറിവുള്ള കാര്യങ്ങള്‍ അങ്ങോട്ടു പറയും. അങ്ങനെയാണ് ഞങ്ങള്‍ക്കിടയില്‍ സിനിമയുണ്ടാകുന്നത്. 

അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ പുണ്യാളനിലെ ജോയ് താക്കോല്‍ക്കാരനായും സു സു സുധിയിലെ സുധിയായും മേരിക്കുട്ടിയായും വരുന്നത്. ഒരു സിനിമ ചെയ്യുമ്പോള്‍ അത് ആരുടെയെങ്കിലും ജീവിതത്തെ സ്പര്‍ശിക്കണം ചെറിയൊരു മാറ്റത്തിനെങ്കിലും വഴിവെക്കണം എന്നു ചിന്തിക്കാറുണ്ട്. അവിടെയാണ് അത് രഞ്ജിത് ശങ്കര്‍-ജയസൂര്യ ചിത്രം മാത്രമായി മാറാത്തത്. 

പുണ്യാളന്‍ അഗര്‍ബത്തീസ് കണ്ടിട്ട് പുതിയ ബിസിനസ് തുടങ്ങി...ഇതല്ല എന്റെ ജോലിയെന്ന് തിരിച്ചറിഞ്ഞു എന്നൊക്കെ പറഞ്ഞ് എന്നെ വിളിച്ചവരുണ്ട്. അതുപോലെ സു സു സുധി കണ്ടിട്ട് വിക്ക് ഒരു ആത്മവിശ്വാസ കുറവ് അല്ലാതായി മാറിയെന്നു പറഞ്ഞവരുണ്ട്. അങ്ങനെയാണു മേരിക്കുട്ടിയുടേയും യാത്ര. ദുഃഖങ്ങളോടും കുറവുകളോടും പടവെട്ടി പോസിറ്റീവ് ആയി മാത്രം ചിന്തിച്ച് ജീവിതത്തില്‍ വിജയം കൊതിക്കുന്നവരുടെ ചിത്രങ്ങളാണ് ഇത് മൂന്നും. മേരിക്കുട്ടി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വേണ്ടി മാത്രമുള്ളൊരു ചിത്രമായി മാറാത്തതും അതുകൊണ്ടാണ്. ജീവിതത്തില്‍ വിജയിക്കണം എന്നാഗ്രഹിക്കുന്ന എല്ലാവര്‍ക്കുമുള്ള ചിത്രമാണിത്.

njan-marykutty-making

ഞാന്‍ വ്യക്തിപരമായി നല്ല പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്നയാളാണ്. ഇടയ്ക്കു വിഷമമൊക്കെ വരും. പക്ഷേ അതൊരു വിഷാദ രോഗത്തിലേക്കോ കഠിന ദുഃഖത്തിലേക്കോ പോകാതെ നില്‍ക്കുന്നത് ആ പോസിറ്റീവ് ചിന്താഗതി അത്രയ്ക്കുള്ളതു കൊണ്ടാണ്. എന്തെങ്കിലുമൊരു നല്ല വശം, അത് ഏത് തിരിച്ചടികളിലും സങ്കടപ്പെടുത്തുന്ന കാര്യത്തിലും ഞാന്‍ കണ്ടെത്താറുണ്ട്. എന്നെപ്പോലെ തന്നെയാണു രഞ്ജിത്തും. അതൊക്കെയാവും ഈ ചിത്രങ്ങളിലൊക്കെ പ്രതിഫലിക്കുന്നത്. 

അവര്‍ ആദ്യം പറഞ്ഞിരുന്നില്ല...

മേരിക്കുട്ടിയെ കുറിച്ച് രഞ്ജിത് പറഞ്ഞതിനു ശേഷം അതിനെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമം നടത്തി. രഞ്ജിത് മേരിക്കുട്ടിയെ കുറിച്ച് പങ്കുവച്ച അയാളുടെ ചിന്തകള്‍ക്കൊപ്പം ഞാനും ഈ ജീവിതങ്ങളെ അറിയാന്‍ ശ്രമിച്ചു. നമ്മള്‍ അത്തരം ആളുകളെ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, കുറച്ചു നേരം സംസാരിക്കുകയും ചെയ്തു എന്നതിനപ്പുറം അടുത്ത് നിന്ന് അറിയാനൊരിക്കലും ശ്രമിച്ചിട്ടില്ലല്ലോ. അതിനു വേണ്ടി കുറേ ആളുകളെ നേരില്‍ കണ്ട് സംസാരിച്ചു. അവര്‍ ആദ്യം നമ്മളോട് സംസാരിക്കാന്‍ തയാറായിരുന്നില്ല. കാരണം അവരെ സിനിമയില്‍ ഇന്നോളം ചിത്രീകരിച്ചിട്ടുള്ളത് അങ്ങനെയാണല്ലോ. അവര്‍ക്ക് പേടിയാണ് അവരെ കളിയാക്കുന്ന ചിത്രമാണോ ഇതെന്ന്. 

പിന്നീട് കഥയുടെ ലൈന്‍ പറഞ്ഞ് മനസ്സിലാക്കിയതിനു ശേഷമാണ് അവര്‍ സംസാരിച്ചത്. അത്രയും ശക്തമായിരുന്നു അവരുടെ വാക്കുകളും അനുഭവങ്ങളും. മേരിക്കുട്ടിയായി മാറുവാന്‍ എനിക്ക് അവരുടെ ജീവിതമെല്ലാം അവര്‍ പറഞ്ഞു തന്നു. സിനിമയില്‍ അവര്‍ക്ക് ക്രെഡിറ്റ് പറഞ്ഞിട്ടുണ്ട്. സിനിമ പുറത്തിറങ്ങിയതിനു ശേഷം വളരെയധികം ഇമോഷനല്‍ ആയി വിഡിയോ ഒക്കെ പോസ്റ്റ് ചെയ്തത് കണ്ടു. അതൊക്കെ ആ കഥാപാത്രം അവരെ സ്പര്‍ശിച്ചതു കൊണ്ടല്ലേ...അതൊക്കെയാണു സന്തോഷം...

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നതിലും ഇന്‍ഡസ്ട്രിയില്‍ തന്നെ നമ്പര്‍ വണ്‍ ആകുന്നതു പോലെ...

അങ്ങനെയൊന്നും പറയരുത്. നമ്പര്‍ 1 നമ്പര്‍ 2..അങ്ങനെയൊന്നും കരുതരുത്. ഞാന്‍ അങ്ങനെ ചിന്തിക്കുന്നില്ല. ജീവിതത്തില്‍ ചില നിയോഗങ്ങളുണ്ട്, നിമിത്തങ്ങളുണ്ട് എന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍. സിനിമ എന്നത് എന്റെ നിമിത്തമായിരിക്കും. ചില വ്യക്തികള്‍ക്കു സമൂഹത്തോട് സംസാരിക്കാനുണ്ട്, ചില കാര്യങ്ങള്‍ അവതരിപ്പിക്കാനുണ്ട്. അവരുടെ മാധ്യമം സിനിമയാണ്. 

അവര്‍ ആ മാധ്യമത്തിലൂടെ ഞാന്‍ എന്ന നടനെ ഒരു ഉപകരണമാക്കി പറയുന്നു. അത്രേയുള്ളൂ.  മേരിക്കുട്ടി പ്രതിനീധീകരിക്കുന്ന ഒരു വലിയ വിഭാഗം ആളുകളുണ്ട്. അവര്‍ക്ക് പറയാനുള്ളത് അവര്‍ മേരിക്കുട്ടിയിലൂടെ പറയുന്നു. വി.പി. സത്യന്‍ എന്ന മഹാനായ ഫുട്‌ബോളറുടെ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. അത് എന്നിലൂടെ ആളുക നിമിത്തം എന്നതുണ്ട്. അതിനു വേണ്ടി നിന്നു കൊടുത്തു. മേരിക്കുട്ടിയ്ക്കും വി പി സത്യനും വേണ്ടി നിന്നു കൊടുത്തു. 

renju-marykutty-1

ഞാനൊരു ടൂള്‍ മാത്രമാണ് എന്നാണ് ഞാന്‍ കരുതുന്നത്.അങ്ങനെ അല്ലാതെ ചിന്തിക്കുമ്പോള്‍ നമ്മള്‍ വലിയ സംഭവമായി നമുക്ക് തോന്നും. അങ്ങനെ വേണ്ട. കഥാപാത്രങ്ങള്‍ എന്നിലൂടെ കയറിയിറങ്ങി പോകട്ടെ. ആളുകള്‍ അത് കാണട്ടെ. അവരുടെ ജീവിതത്തിലേക്ക് വളരെ നല്ല കാര്യങ്ങള്‍ മാത്രം അത് പകര്‍ന്നു കൊടുക്കട്ടേ. അത്രേയുള്ളൂ. ഞാന്‍ അങ്ങനെ തന്നെ നിലനില്‍ക്കും എന്നെന്നും. അതുമതി...  

വെല്ലുവിളികളില്ല...

മേരിക്കുട്ടി ചെയ്യുമ്പോള്‍ വെല്ലുവിളികളൊന്നുമില്ലായിരുന്നു. കാരണം ഞങ്ങള്‍ക്ക് അത്രയ്ക്കിഷ്ടമായിരുന്നു മേരിക്കുട്ടിയോട്. നേരത്തെ പറഞ്ഞ പോലെ മേരിക്കുട്ടി എവിടെയോ ജീവിച്ചിരിപ്പുണ്ട്. അയാളോട് അത്രയ്ക്കിഷ്ടമാണ്. അവളുടെ ജീവിതം സിനിമയാക്കുന്നു. അതും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയുടെ സംവിധാനത്തില്‍. അപ്പോള്‍ വെല്ലുവിളികള്‍ എന്നു പറയാനാകില്ല. 

കാരണം, കുറേ നാളായി ഊണിലും ഉറക്കത്തിലും മേരിക്കുട്ടിയെ കുറിച്ചുള്ള ചിന്ത മാത്രമേയുള്ളൂ. പിന്നെ ഞാനും രഞ്ജിതും തമ്മില്‍.. സംവിധായകന്‍-നായകന്‍ എന്ന വ്യത്യാസമൊന്നുമില്ലായിരുന്നു. ചില ഷോട്ടുകള്‍...ഇത് കൊള്ളില്ല നമുക്ക് വേറെ നോക്കിയാലോ എന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അങ്ങനെ ചെയ്തിട്ടുമുണ്ട്. ചില സംവിധായകര്‍ക്ക് അതിഷ്ടപ്പെടില്ല...ഞാനാണ് സംവിധായകന്‍ ഞാന്‍ പറയുന്നത് മതി എന്ന ആറ്റിറ്റ്യൂട് ആണെങ്കില്‍ അവിടെ അയാളുടെ നാശം തുടങ്ങുകയാണ്. ഒരുപക്ഷേ സംവിധായകന്‍ പറയുന്നതാകും ശരി. പക്ഷേ കേള്‍ക്കാനുള്ളൊരു മനസ്സ് കാണിക്കണം. ഇവിടെ അങ്ങനെയൊരു പ്രശ്‌നമില്ല. ചില ഷോട്ടുകള്‍ നമുക്കൊരുപാടിഷ്ടപ്പെട്ട് മാറ്റി വച്ചിട്ടുണ്ട്. പിന്നീടത് വേണ്ടെന്നു വച്ചിട്ടുണ്ട്. അതിലൊന്നും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അങ്ങനെ മത്സരങ്ങളില്ലാതെ പോയതു കൊണ്ടു തന്നെ വെല്ലുവിളികളില്ല...

നിര്‍ത്താന്‍ തീരുമാനിച്ച സിനിമ...

മേരിക്കുട്ടിയെ എങ്ങനെ അവതരിപ്പിച്ചുവെന്ന് ചോദിക്കുമ്പോള്‍ ആദ്യമേ പറയാനുള്ളത് ഇതാണ്. മുന്‍പൊരിക്കലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. മേരിക്കുട്ടിയുടെ ഷൂട്ടിങ് മൂന്നു ദിവസം പിന്നിടുന്നു. ഷോട്ട് പറയുന്നു ആക്​ഷനും കട്ടും ഓകെയും പറയുന്നു. എല്ലാം സാധാരണ പോലെ പോകുന്നെങ്കിലും എനിക്ക് ഒട്ടും തൃപ്തിയില്ല. രഞ്ജിത്തിനും അതുപോലെ. പക്ഷേ ഞങ്ങള്‍ അതേപ്പറ്റി പരസ്പരം ഒന്നും പറയുന്നുമില്ല. 

ഞാന്‍ മനസ്സു കൊണ്ട് നമുക്കിത് നിര്‍ത്തിയാലോ എന്നു പറഞ്ഞു കൊണ്ടേയിരുന്നു. എനിക്ക് പറ്റുന്നില്ല. കാരവാനില്‍ പോയിരുന്നു, ഒറ്റയ്ക്കിരുന്നു കരച്ചിലും ബഹളവുമൊക്കെയായി..എന്താ ഈശ്വരാ ഇങ്ങനെ എന്നൊക്കെ ചോദിച്ചു കൊണ്ടേയിരുന്നു. വേറെ ആരെയെങ്കിലും കൊണ്ടു ചെയ്യിക്കാമെന്ന് രഞ്ജിത്തിനോടു പറയാം...ഇന്‍ഡസ്ട്രിയില്‍ ആകെ സംസാരം ആകുമല്ലോ...ജയസൂര്യയ്ക്കത് ചെയ്യാന്‍ പറ്റിയില്ലല്ലോ എന്നൊക്കെ ആളുകള്‍ പറയുമല്ലോ എന്നൊക്കെ ചിന്തിച്ചു.

എന്തോ ഒരു ചെറിയ പ്രശ്‌നമാണ്. മനസ്സു കൊണ്ട് എനിക്കാ കഥാപാത്രം ആകാന്‍ കഴിയുന്നുണ്ട്. പക്ഷേ പുറമേ കാണുമ്പോള്‍ ആ സംതൃപ്തിയില്ല. മൂന്നാം ദിവസം രാത്രിയാണ് സിനിമയില്‍ ജ്യുവലിന്റെ മകളായി അഭിനയിക്കുന്ന കുട്ടി അല്‍ഫാം ചിക്കന്‍ വേണം എന്നു പറയുന്ന സീന്‍ എടുക്കുന്നത്. ആ സീനാണ് വഴിത്തിരവായത്. ആ നിമിഷത്തിലെ മേരിക്കുട്ടിയെയാണ് വേണ്ടതെന്ന് എല്ലാവരും പറഞ്ഞു. ഈ മീറ്ററാണ് നമുക്ക് വേണ്ടതെന്ന് രഞ്ജിത് ശങ്കറും പറഞ്ഞു. ഭയങ്കര രസമുണ്ടെന്ന് എല്ലാവരും പറഞ്ഞു.

marykutty-jayan

പ്രശ്‌നമെന്താണെന്നു വച്ചാല്‍ അതുവരെ ശബ്ദം കുറച്ച് പിടിച്ചാണ് സംസാരിച്ചിരുന്നത്. അതായത് ചെറിയൊരു ഫീമെയ്ല്‍ വോയ്‌സ് ടച്ച് വേണമെന്നു ചിന്തിച്ചു കൊണ്ട്. അങ്ങനെ ശബ്ദം ഒതുക്കിയപ്പോള്‍ ശരീരവും പ്രകടനും അതിനൊത്ത് ഒതുങ്ങി. ഉള്ളിലുള്ളത് ശരിയായ രീതിയില്‍ പുറത്തു വരാതെയായി. അത് വേണ്ടെന്നു വച്ചു അതോടെ. കാരണം, പെണ്ണായി മാറിയ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഭൂരിപക്ഷത്തിനും മെയ്ല്‍ വോയ്‌സ് തന്നെയാണ്. പെണ് ശബ്ദത്തിലേക്കെത്താന്‍ ശസ്ത്രക്രിയയൊക്കെ കഴിഞ്ഞ് വര്‍ഷങ്ങള്‍ വേണ്ടി വരും. അതുകൊണ്ട് അതു വേണ്ട ശബ്ദം അങ്ങനെ തന്നെ എന്നാല്‍ വളരെ കുറച്ചൊന്നു ഒതുക്കി മതിയെന്ന് തീരുമാനിച്ചു. അതോടെ ആ  മുറുക്കം അങ്ങുപോയി. 

പിന്നെ അതുവരെ മേരിക്കുട്ടി നൈറ്റിയും ചുരിദാറുമൊക്കെ ഇട്ടിരുന്നു. മൂന്നാം ദിവസം സാരി മാത്രമായിരുന്നു. അത് സരിതയാണ് ഉടുപ്പിച്ചതും. മോന് പരീക്ഷയായതു കൊണ്ട് ആദ്യത്തെ രണ്ടു ദിവസം എത്താനായില്ല. അവള്‍ സാരി ഉടുപ്പിച്ചതോടെ ലുക്ക് തന്നെ മാറി. ഞാന്‍ വേറൊരു രീതിയിലാണ് അതുവരെ സാരി ഉടുത്തത്. അതൊക്കെ മാറ്റിയതോടെ നമ്മളെ ശരിക്കും സന്തോഷിപ്പിക്കുന്ന കഥാപാത്ര അവതരണത്തിലേക്കെത്താനായി. അതോടെ രഞ്ജിത് ആദ്യത്തെ മൂന്നു ദിവസം ഷൂട്ട് ചെയ്ത കാര്യങ്ങളൊക്കെ റീ ഷൂട്ട് ചെയ്യാമെന്നു പറഞ്ഞു. 

രഞ്ജിത് പ്രേതം ചെയ്യുന്ന സമയത്ത് അതിലെ സഹസംവിധായകനായൊരു കുട്ടിയാണ് എന്തുകൊണ്ട് ഇങ്ങനെയൊരു തീമില്‍ ഒരു ചിത്രം ചെയ്തു കൂടാ എന്ന് ആദ്യം ചോദിക്കുന്നത്. അത് എന്റെയും രഞ്ജിത്തിന്റേയും മനസ്സിലങ്ങനെ കിടന്നു. അല്ലാതെ ഒരു ദിവസം പെട്ടെന്ന് രഞ്ജിത് വീട്ടിലേക്ക് വന്ന് നമുക്കിങ്ങനൊരു ചിത്രം ചെയ്യണം എന്നു പറഞ്ഞതല്ല. കുറേ കാലമായി മനസ്സിലുണ്ട്. ഞാന്‍ കരുതി ഇതൊരു കുറച്ച് കോമഡി രൂപത്തിലൊക്കെയാകും ചെയ്യുകയെന്ന്. പിന്നീട് രഞ്ജിത് തായ്‌ലന്‍ഡിലേക്ക് ഒരു യാത്ര പോയി വന്നതിനു ശേഷമാണ് സിനിമ ചൂടുപിടിക്കുന്നത്. അവിടെ എല്ലാത്തരം ജോലികള്‍ക്കും അവര്‍ നിയോഗിക്കപ്പെടുകയും അവര്‍ക്ക് ഐഡന്ററ്റി കാര്‍ഡ് ഉള്‍പ്പെടെ നല്‍കി ഒരു പ്രശ്‌നവുമില്ലാത്ത ജീവിതം നയിക്കുന്നതിനുള്ള അവസരമുണ്ട് എന്നൊക്കെ പറഞ്ഞു. എന്തുകൊണ്ട് നമ്മളുടെ നാട്ടിലും അത വന്നുകൂടാ...എന്തുകൊണ്ട് അങ്ങനെയൊരു ചിത്രം ചെയ്തു കൂടാ എന്നൊരു തോന്നല്‍ വന്നു. അവിടെ നിന്നു തുടങ്ങിയതാണ് മേരിക്കുട്ടി. എന്നിട്ടും ആ ദൗത്യം അതിന്റെ പൂര്‍ണതയിലേക്കു വന്നത് ഷൂട്ടിങ് തുടങ്ങി മൂന്നു ദിവസം കഴിഞ്ഞിട്ടാണ്.

സാരിയൊക്കെ ഉടുത്ത് നിന്നപ്പോള്‍...

അതൊരു വല്ലാത്ത അവസ്ഥയല്ലേ. പുരുഷനില്‍ നിന്ന് സ്ത്രീയായി വേഷമിടുക...അതും വളരെ സീരിയസായി...അതൊരു വലിയ കാര്യമായിരുന്നു. ഏതൊരു സത്രീയും അവളുടെ ഭംഗി ആസ്വദിക്കും പോലെ തന്നെയാണ് ചെയ്തത്. എന്നിലെ പുരുഷനാണ് അങ്ങനെ ആസ്വദിച്ചതെങ്കില്‍ പണി പാളിയേനെ. പക്ഷേ അങ്ങനെയുണ്ടായില്ല. 

marykutty-movie

എന്നിലെ സ്ത്രീ തന്നെയായിരുന്നു അത്. ഇടയ്ക്കു വച്ച് എനിക്ക് തന്നെ തോന്നി...ദൈവമേ ഞാന്‍ ഇങ്ങനെയായി പോകുമോ എന്ന്. ചുമ്മാ പറഞ്ഞതാണേ. ആ സമയത്തൊക്കെ സെറ്റില്‍ നന്നായി ഒരുങ്ങി വരുന്ന പെണ്‍കുട്ടികളെയൊക്കെ ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. അവരുടെ വസ്ത്രം കമ്മല്‍...അതൊക്കെ. അതുപോലെ ചുള്ളന്‍ ചെക്കന്‍മാര്‍ വന്നാലും നോക്കുമായിരുന്നു. പക്ഷേ ഷൂട്ടിങ് കഴിഞ്ഞ് മേരിക്കുട്ടി എന്നില്‍ നിന്നു പോയി...പോയി എന്നല്ല ഞാന്‍ ഒരിടത്ത് കരുതി വച്ചു. വായിക്കുന്നവര്‍ക്ക് ഇതെന്ത് വട്ടാ...എന്നു തോന്നാം. പക്ഷേ എന്റെ കഥാപാത്രങ്ങളോട് എല്ലാവരോടും...ഷാജി പാപ്പനേയും സുധിയേയും ഒക്കെ മനസ്സില്‍ ഒരിടത്ത് കരുതി വച്ചിട്ടുണ്ട്. ഇടയ്ക്ക് അവരോടു സംസാരിക്കും. എനിക്കെന്റെ വീട്ടുകാരെ മിസ് ചെയ്യുന്ന പോലെ അവരെയും തോന്നും....

കട്ട് പറയാത്തതു കൊണ്ട്...

രഞ്ജിത് സാധാരണ അഭിനയിക്കുമ്പോള്‍ എന്നോട് കട്ട് പറയാറില്ല. ഞാനാണ് കഴിഞ്ഞൂട്ടോ...എന്നു പറഞ്ഞ് അത് അവസാനിപ്പിക്കുന്നത്. വേറൊന്നും കൊണ്ടല്ല, വൈകി കട്ട് പറയുന്നത് ആളിന്റെ ഒരു ശീലമാണ്. ആ ശീലം കൊണ്ട് സംഭവിച്ച കുറേ നല്ല സീനുകളുണ്ട്. മേരിക്കുട്ടി മുഖത്തടിച്ച് കരയുന്ന സീന്‍. അത് ശരിക്കും എന്നോട് ചെയ്യാന്‍ പറഞ്ഞതല്ല. ആക്​ഷന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്തതാണ്. ഇതെന്തൊരു ജന്മമാണെന്ന മട്ടില്‍ ഞാന്‍ തലയ്ക്ക് അടിച്ചതാണ്. പിന്നെ കത്ത് വാങ്ങിയിട്ട് ഓടിപ്പോകുന്ന സീന്‍. അതും ഓടാന്‍ പറഞ്ഞതല്ല, കട്ട് പറയാത്തതു കൊണ്ട് ഞാന്‍ ഓടിപ്പോയതാണ്. പിന്നെ പൊലീസ് ഗ്രൗണ്ടില്‍ അച്ഛനെ കണ്ട ശേഷമുള്ള ചിരിയും കരച്ചിലും ഒരുമിച്ച് വന്ന നേരം. അതും പറയാതെ ചെയ്തതാണ്. 

njan-marykutty-review-2

ഇതിനിടയില്‍ രഞ്ജിത് ഒരു പണി തന്നു, സ്‌കിപ്പിങ് ചെയ്യണമെന്ന് ഒരു രാത്രിയാണ് വന്ന് പറയുന്നത്. എടോ മനുഷ്യാ എനിക്കതൊന്നും അറിയില്ലെന്നൊക്കെ പറഞ്ഞു...‘അതെനിക്കറിയില്ല എങ്ങനെയെങ്കിലും ചെയ്യണം’ എന്നു പറഞ്ഞു. ജീവിതത്തില്‍ ആദ്യമായി സ്‌കിപ്പിങ് ചെയ്തതാണ് സിനിമയില്‍ കാണുന്നത്. അങ്ങനെ കുറേ അനുഭവങ്ങള്‍. കാരണം ഷൂട്ടിങിനിടയില്‍ നമുക്കൊന്നും പഠിക്കാനാകില്ല. പഠിക്കാനുളളതെല്ലാം നേരത്തെ പഠിച്ചോണം. അതുകൊണ്ട് പഠിക്കാതെ ചെയ്ത സ്‌കിപ്പിങ് ആണത്. അതെനിക്ക് വലിയൊരു സംഭവമായി തോന്നി. 

ചെയ്യുന്നതെല്ലാം ഹിറ്റുകള്‍...നല്ല ചിത്രങ്ങളും

നമ്മള്‍ നമ്മെ തിരിച്ചറിയുന്ന ഒരു സമയമുണ്ട്. അത് കഴിഞ്ഞാല്‍ പിന്നെ ആ പാതയിലൂടെയേ സഞ്ചരിക്കാനാകൂ. ജനങ്ങള്‍ നമ്മളിലൊരു വിശ്വാസം അര്‍പ്പിക്കുന്നുണ്ടെന്ന് തോന്നിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് മാറി നടക്കാനാകില്ല. ഒരു സമാധാനമുണ്ടാകില്ല പിന്നീട്. അതുകൊണ്ടാണ്. മേരിക്കുട്ടി കഴിഞ്ഞാല്‍ എനിക്ക് ചിത്രങ്ങളേയില്ല. അത് വേറൊന്നും കൊണ്ടല്ല, എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന ചിത്രങ്ങളേ ചെയ്യൂ എന്ന് തീരുമാനിച്ച് കഴിഞ്ഞതു കൊണ്ടാണ്. 

കഴിഞ്ഞ വര്‍ഷം ആകെ മൂന്നു സിനിമകളേ ചെയ്തുള്ളൂ. വരുമ്പോള്‍ ചെയ്യാം...അതെന്തായാലും നന്നായി ചെയ്യണം. വലിയ ഹിറ്റ് ആയില്ലെങ്കിലും നല്ല ചിത്രങ്ങളാകണം എന്ന് ആഗ്രഹമുണ്ട്. നമ്മള്‍ എത്രമാത്രം ഒരു കഥാപാത്രത്തെ അന്വേഷിക്കുന്നുവോ അത്രമാത്രം അതിലേക്കെത്താനാകും. അതാണ് കഥാപാത്രമായി മാറുന്ന കാര്യത്തില്‍ സംഭവിക്കുന്നത്. അത്രേയുള്ളൂ. അങ്ങനെ എനിക്ക് അന്വേഷിക്കാന്‍ തോന്നുന്ന കഥാപാത്രങ്ങള്‍ വരട്ടെ. അപ്പോള്‍ നോക്കാം.

ബ്രാന്‍ഡ് അംബാസിഡറാകാനില്ല

അങ്ങനെയൊരു രീതിയിലേക്ക് വരാനില്ല. നമ്മുടെ തല ഉപയോഗിച്ച് പ്രചരണം നടത്താനുള്ള അവസരം കൊടുക്കരുത്. അങ്ങനെ ചെയ്യുന്നെങ്കില്‍ ശരിക്കും ആത്മാര്‍ഥമായി ആ സംരംഭത്തിന്റെ ഭാഗമാകണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ അടുത്തിടെയും ഒരു ബ്രാന്‍ഡ് എത്തിയിരുന്നു. ഞാന്‍ സമ്മതമല്ലെന്നു പറഞ്ഞു. കാരണം അതിനു വേണ്ടി പ്രവര്‍ത്തിക്കാനെനിക്കാകില്ല. അങ്ങനെ ചെയ്യാത്ത പക്ഷം നമ്മള്‍ ആളുകളെ പറ്റിക്കുന്നത് പോലെയാണ്. 

സോഷ്യല്‍മീഡിയ ആയാലും സംഘടന പ്രവര്‍ത്തനം ആയാലും ആവശ്യത്തിനു മതി എന്നാണ് നിലപാട്. കാരണം സിനിമയാണ് എല്ലാത്തിനും എനിക്ക് ആധാരം. സിനിമയാണ് എന്റെ സന്തോഷവും സങ്കടവും ആഗ്രഹവും ദുഃഖവും ലഹരിയും കാമവും വിശപ്പുമെലലാം. വേറൊന്നുമില്ല. എനിക്ക് ചെയ്യാമെന്നുറപ്പുള്ള കാര്യങ്ങള്‍ക്കേ ഞാന്‍ കൈ കൊടുക്കാറുള്ളൂ. അല്ലെങ്കില്‍ അത് ബോറാകും. 

രഞ്ജിത്, സരിത, ഇന്നസെന്റ് ചേട്ടന്‍...

രഞ്ജിതും സരിതയും...എന്റെ സഹോദരനും ഭാര്യയുമാണ്. അവരോടുള്ള എന്റെ സ്‌നേഹം ബന്ധം എന്നതിനു വാക്കുകളില്ല. വാക്കുകള്‍ക്ക് അതീതമാണ്. രണ്ടു പേരും നല്ല കഠിനാധ്വാനികളാണ്. തന്റെ ഓരോ ചിത്രങ്ങളിലൂടെയും സ്വയം മിനുക്കുന്ന സംവിധായകനാണ് രഞ്ജിത്. ഇന്നസെന്റ് ചേട്ടന്‍ എംപിയാണ് നടനാണ് പ്രൊഡ്യൂസറാണ്.. അങ്ങനെ എത്രയോ റോളുകള്‍. എന്നിട്ടും ഞാന്‍ എന്നൊരു ഭാവമില്ല. അതാണ് ആ മനുഷ്യന്റെ വിജയരഹസ്യം. കുട്ടികളോടൊക്കെ അദ്ദേഹം സംസാരിക്കുന്നതു കാണുമ്പോള്‍ കഥ പറഞ്ഞിരിക്കുന്നതു കാണുമ്പോള്‍ അവര്‍ അദ്ദേഹത്തെ കാത്തിരിക്കുന്നതു കാണുമ്പോള്‍ കുശുമ്പാണ്. എനിക്കൊക്കെ കാലങ്ങള്‍ കഴിയുമ്പോള്‍ ഇങ്ങനെയാകാനാകുമോ എന്ന് തോന്നാറുണ്ട്. അത്രമാത്രം സരസമായാണ് അദ്ദേഹം സംസാരിക്കുന്നത്. 

പിന്നെ ചിത്രത്തിന്റെ കാമറാമാന്‍ അസാധ്യമായി കാമറ ചെയ്തിട്ടുണ്ട്. സംഗീത സംവിധായകനായ ആനന്ദും മനോഹരമാക്കി. എന്റെ അച്ഛനമ്മമാരായി വേഷമിട്ട  ശിവജി ഗുരുവായൂരും ശോഭ മോഹനും സഹോദരിയായി വന്ന മാളവികയുമൊക്കെ ഗംഭീരമാക്കി വേഷങ്ങള്‍. 

അവാര്‍ഡുകള്‍, പിന്നെ നിർമാണം

അതെന്നെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. നല്ല ചിത്രങ്ങള്‍ ചെയ്യണം എന്നേയുള്ളൂ. അതും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന, മനസ്സില്‍ തങ്ങി നില്‍ക്കുന്ന സിനിമകള്‍. ഷാജി പാപ്പനെ ഓര്‍ത്തിരിക്കും നമ്മള്‍. അയാളുടെ കോമഡിയും രൂപവുമെല്ലാം അങ്ങനെ പെട്ടെന്ന് മറക്കില്ല. പക്ഷേ ഞാന്‍ അവാര്‍ഡും വാങ്ങി നില്‍ക്കുന്ന സ്റ്റില്‍ ഫോട്ടോ എത്ര പേരുടെ മനസ്സില്‍ നിലനില്‍ക്കും. സത്യമല്ലേ ഞാന്‍ പറയുന്നേ. 

പിന്നെ പ്രൊഡ്യൂസര്‍ എന്നത് അല്‍പം ടെന്‍ഷനുള്ള കാര്യമാണ്. പക്ഷേ സുഖമുള്ള ടെന്‍ഷന്‍ ആ കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നതു മാത്രമാണ്. അതു കഴിഞ്ഞിട്ടേ വേറെന്തുമുള്ളൂ. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.