Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതാണ് ‘നസ്രിയ മാജിക്’: മാലാ പാർവതി

mala-parvathi-nazriya

നാടകത്തിലായാലും സിനിമയിലായാലും കാമ്പുള്ള കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുവാനും ഓരോ വേഷവും ഗംഭീരമാക്കാനും സാധിക്കുകയെന്നതാണ് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. കഥാപാത്രങ്ങളോടു പുലർത്തുന്ന സത്യസന്ധത ജീവിതത്തിലെ നിലപാടുകളിലും പുലർത്തുമ്പോഴാണ് അരങ്ങിലെ ജീവിതത്തിനപ്പുറം അവർ സമൂഹത്തിലും പ്രസക്തരാകുന്നത്. അങ്ങനെയൊരാളാണ് മാലാ പാര്‍വതി. പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത മഞ്ചാടിക്കുരുവിന്റെയും ബാംഗ്ലൂർ ഡേയ്സിന്റെയും സംവിധായിക അഞ്ജലി മേനോന്റെ പുത്തന്‍ ചിത്രം, ‘കൂടെ’ ആണ് മാലാ പാര്‍വതിയുടെ പുതിയ സിനിമ. ‘കൂടെ’ വിശേഷങ്ങളുായി മാലാ പാര്‍വതി.... 

സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല

എട്ടോ ഒമ്പതോ വര്‍ഷം മുന്‍പാണ് മനോരമയുടെ ഒരു പരിപാടിയില്‍ വച്ച് ഞാന്‍ അഞ്ജലി മേനോനെ കാണുന്നത്. അന്ന് കണ്ട് ഒന്നു ചിരിച്ചു കാണും അത്രേയുള്ളൂ. പക്ഷേ വായിച്ചും കണ്ടും കേട്ടുമറിഞ്ഞ അവരുടെ വ്യക്തിത്വത്തെയും  പ്രതിഭയെയും അങ്ങേയറ്റം ഇഷ്ടമാണെനിക്ക്. അവരുടെ എല്ലാ  സിനിമകളും പലവട്ടം കണ്ടിട്ടുണ്ട്‍. ജീവിതത്തെക്കുറിച്ചുള്ള അസാമാന്യമായ നിരീക്ഷണം, സത്യസന്ധത, എന്നിവയാണ് ആ സിനിമകളിൽ നിഴലിക്കുന്നത്. 

Anjali Menon Interview

അതുകൊണ്ടുതന്നെ ഓരോ കാഴ്ചയിലും അതൊരു പുതിയ അനുഭവമാണ് സമ്മാനിക്കുക. ഞാന്‍ എപ്പോഴെങ്കിലും ഒരുപാട് മൂഡ് ഓഫ് ആകുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ കാണുന്ന ചിത്രങ്ങളാണ് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സും ഉസ്താദ് ഹോട്ടലും. മഞ്ചാടിക്കുരു എന്ന ചിത്രമാകട്ടെ, ഒരു മഴ നനയുന്ന അനുഭൂതിയും. 

mala-parvathi-nazriya-3 കൂടെ ലൊക്കേഷൻ ചിത്രം

നമ്മുടെ ബാല്യത്തിലേക്ക്, ഓർമകളുടെ വേരുകളിലേക്ക് ആഴ്ന്നിറങ്ങുന്നൊരു പ്രതീതി. കേരള കഫേയിലെ അഞ്ജലിയുടെ കുഞ്ഞു ചിത്രവുമൊക്കെ മനസ്സിനോട് അത്രയും ചേര്‍ന്നു നില്‍ക്കുന്നുണ്ട്. സിനിമയില്‍ സജീവമായ സമയം തൊട്ടേയുള്ളൊരു സ്വപ്‌നമായിരുന്നു അഞ്ജലി മേനോന്റെ ചിത്രത്തില്‍ അഭിനയിക്കുക എന്നത്. അതുപക്ഷേ സാധ്യമാകുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. 

ബാംഗ്ലൂര്‍ ഡേയ്‌സ് പുറത്തിറങ്ങിയ സമയത്ത് അഭിനന്ദനം അറിയിച്ച് അഞ്ജലിക്ക് ഞാനൊരു സന്ദേശം അയച്ചിരുന്നു. താങ്ക്യു എന്നു മറുപടിയും വന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് അഞ്ജലിയുമായി സംസാരിക്കുന്നത്. ‘ഒരു കാര്യം പറയാനുണ്ട്’ എന്നു പറഞ്ഞ് സന്ദേശം അയച്ചു. എന്റെ സ്വപ്‌നം സാക്ഷാത്കരിക്കുകയാണോ എന്നു ചോദിച്ച് ഞാന്‍ മറുപടി കൊടുത്തു. അഞ്ജലി, ‘നമുക്ക് നോക്കാം, വൈകുന്നേരം വിളിക്കാം’ എന്നു പറഞ്ഞു. 

mala-parvathi-nazriya-56 കൂടെ ലൊക്കേഷൻ ചിത്രം

വൈകുന്നേരം വിളിച്ചാണ് ഈ കഥാപാത്രത്തെ കുറിച്ച് പറയുന്നത്. എത്ര ചെറിയ വേഷമാണെങ്കിലും ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറായിരുന്നു. എനിക്ക് അപ്പോഴും വിശ്വസിക്കാനേ സാധിച്ചിരുന്നില്ല. സിനിമ തുടങ്ങുമെന്നു പറഞ്ഞ സമയത്തേക്കാള്‍ കുറച്ചു വൈകിയാണ് ആരംഭിച്ചത്. ആ കാത്തിരിപ്പ് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായി എത്തുകയും ചെയ്തു. 

കഥാപാത്രം

ലില്ലി എന്നാണ് കഥാപാത്രത്തിന്റെ പേര്. പഴയൊരു ക്രിസ്ത്യന്‍ കുടുംബത്തിലെ തീര്‍ത്തും സാധാരണക്കാരിയായ വീട്ടമ്മയാണു ലില്ലി. നമ്മുടെ നാട്ടുമ്പുറങ്ങളിലൊക്കെ കാണുന്ന പോലൊരു വീട്ടമ്മ. എല്ലാം നേര്‍രേഖയിലങ്ങു പോകണം എന്നു ചിന്തിക്കുന്ന ലില്ലി. മക്കള്‍, ഭര്‍ത്താവ്, കുടുംബം എന്നു ചിന്തിച്ചു ജീവിക്കുന്നൊരാള്‍. 

കഥാപാത്രങ്ങളിലേക്കുള്ള പരിവര്‍ത്തനം ഓരോ അഭിനേതാവിന്റെയും ജീവിതത്തിനു പുതിയൊരു തലമാണ് സമ്മാനിക്കുക. അനുഭവങ്ങളുടെ ഒരു കൂടാരം. ഇവിടെയതു മഞ്ഞുകൊണ്ടുള്ളൊരു കൂടാരമായിരുന്നു മാലാ പാര്‍വതിക്ക്. ഊട്ടിയില്‍നിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള ഗ്ലെന്‍മോര്‍ഗന്‍ എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്. ഊട്ടിയേക്കാള്‍ തണുപ്പുള്ള ഇടം. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ നടന്ന ആ ഷൂട്ടിങ്ങിനെ കുറിച്ച്...

mala-parvathi-nazriya-11

ഭൂമിയില്‍ ഇപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങളുണ്ടല്ലോ എന്നു തോന്നിപ്പോയി. അത്രയ്ക്കു മനോഹരമായിരുന്നു ആ സ്ഥലം. നമ്മള്‍ പോസ്റ്റ് കാര്‍ഡുകളിലൊക്കെ കാണാറുള്ള ചില സ്ഥലങ്ങളില്ലേ. പ്രകൃതിയെ അതീവ മനോഹാരിതയോടെ ചിത്രകാരന്‍ വരച്ചുവയ്ക്കാറുള്ള പോസ്റ്റ്കാര്‍ഡുകള്‍. അത്രമാത്രം സുന്ദരം. 

നമ്മള്‍ വെറുതെയെങ്കിലും ചിന്തിക്കാറില്ലേ മൊബൈലിന് റേഞ്ച് ഇല്ലാത്ത, കിളികളുടെ ശബ്ദം കേട്ടുണരാനാകുന്ന, ഇലകള്‍ക്കിടിയിലൂടെ അരിച്ചിറങ്ങുന്ന വെയിലുകൊള്ളാനാകുന്ന, ഇലകള്‍ പൊഴിഞ്ഞു വീണ അരികില്‍ തടാകങ്ങളുള്ള പാതയിലൂടെ നടക്കാന്‍ കഴിഞ്ഞെങ്കിലെന്ന്. ഗ്ലെന്‍മോര്‍ഗന്‍ ആ സഞ്ചാരം ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ്. അങ്ങനെയുള്ളൊരു സ്ഥലമായിരുന്നു അത്. 

രണ്ടു മാസത്തോളം പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ, ലോകത്തുനിന്ന് കട്ട് ആയി, വീട്ടുകാരെ കാണാതെ, അത്തരമൊരു സ്ഥലത്തു താമസിക്കാനായത് എനിക്കൊരു മെഡിറ്റേഷന്‍ പോലെയായിരുന്നു. ഓരോ പുലരിയിലും നമ്മള്‍ വീണ്ടും ജനിക്കുന്ന പോലെ തോന്നുമായിരുന്നു. 

അവിടെയൊരു ചെറിയ ഹോട്ടലിലായിരുന്നു താമസം. ഞാന്‍, പൗളി വര്‍ഗീസ്, നിലമ്പൂര്‍ ആയിഷ ചേച്ചി, പഴയ നടന്‍ കൃഷ്ണന്‍ കുട്ടി നായരുടെ മകന്‍ ശിവകുമാര്‍, നാടക നടന്‍ സി.ആര്‍ രാജന്‍ തുടങ്ങി ഞങ്ങളൊരു ചെറിയ ബാച്ച് തന്നെയുണ്ടായിരുന്നു ഹോട്ടലില്‍. 

mala-parvathi-nazriya-9 കൂടെ ലൊക്കേഷൻ ചിത്രം

എന്താണ് അവരെക്കുറിച്ച് പറയേണ്ടതെന്ന് എനിക്കറിയില്ല. പച്ചയായ മനുഷ്യര്‍ എന്നൊക്കെ നമ്മള്‍ പറയില്ലേ. അത് ശരിക്കും അറിയുകയായിരുന്നു. നാടകത്തില്‍നിന്നു വന്നവരല്ലേ ഞങ്ങളില്‍ മിക്കവരും. ഒരുപാടു കഥകള്‍ ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞിരിക്കും. രണ്ടു മാസം കൊണ്ട് ഞങ്ങള്‍ നല്ലൊരു സുഹൃദ് വലയം തന്നെയായി മാറി. എന്റെ മുറിയായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച നടക്കുന്ന ഇടം. 

രാവിലെ ആകുമ്പോള്‍ കഴിക്കാനുള്ളതൊക്കെയായി എല്ലാവരും എന്റെ മുറിയില്‍ ഒത്തുകൂടും. കട്ടിലില്‍ ഇരുന്ന് എല്ലാവരുടെയും പാത്രങ്ങള്‍ തുറന്നുവച്ച് ഒരുമിച്ചിരുന്നു കഴിക്കും. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും മനസ്സുകൊണ്ട് എല്ലാവരും ഒരുമിച്ചുവെന്നു തന്നെ പറയാം. ആ സ്ഥലത്തിന്റെ ഭംഗിയും അതുപോലുള്ള കുറേ മനുഷ്യരും കൂടിയായപ്പോള്‍ ഒരുപാടു പ്രിയപ്പെട്ടൊരു പുസ്തകം വീണ്ടും വായിക്കുന്ന പോലെ തോന്നിയെനിക്ക്. 

കുറച്ചകലെയാണ് ഷൂട്ടിങ് നടക്കുന്നത്. മിക്ക ദിവസവും ആറു മണിക്ക് അവിടെയെത്തണം. രാത്രി പന്ത്രണ്ടു മണിയാകും വന്നു കിടന്ന് ഉറങ്ങാനൊക്കെ. അതുകഴിഞ്ഞ് ആ തണുപ്പത്ത് അതിരാവിലെ എണീക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ഓര്‍ക്കാമല്ലോ. ആറു മണിക്കു തന്നെ വണ്ടിയെത്തും. 

ഒരു മണിക്കൂര്‍ യാത്രയുണ്ട് ഷൂട്ടിങ് സ്ഥലത്തേക്ക്. അതിനേക്കാളുപരിയായി ഞാനൊരു കടുത്ത മഞ്ഞ് അലര്‍ജിക്കാരിയും. തണുപ്പും ഞാനും തമ്മില്‍ ചേരുകയേയില്ല. മാര്‍ച്ചില്‍ പോലും പുതച്ചു മൂടി ഉറങ്ങുന്ന ഞാന്‍ 5-6 ഡിഗ്രി സെല്‍ഷ്യസ് മാത്രം താപനിലയുള്ളൊരു സ്ഥലത്ത് അകപ്പെട്ടു പോയാലുള്ള കാര്യം പറയേണ്ടതില്ലല്ലോ. ദേഹത്തു വെള്ളം വീഴുമ്പോള്‍ കീറിമുറിക്കുന്ന പോലെയൊക്കെ എനിക്കു തോന്നുമായിരുന്നു. എല്ലു മുറിയുന്ന വേദന, പക്ഷേ എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാന്‍ ഓരോ ദിവസവും അതിനോടു പടവെട്ടി ജയിച്ചു കയറി. 

മനസ്സു കീഴടക്കുന്ന സ്ഥലവും അതുപോലുള്ള മനുഷ്യരും ഒപ്പമുണ്ടായിരുന്നതു കൊണ്ടാകും. ചിലപ്പോഴൊക്കെ എട്ടു മണിക്ക് ഷൂട്ടിങ് സൈറ്റില്‍ എത്തിയാല്‍ മതിയായിരിക്കും. അന്നേരം ഈ മേളത്തിന്റെ സമയവും കൂടും. എന്തൊക്കെയായാലും രാവിലെ ആറു മണിക്ക് വണ്ടിയെത്തും എന്നു പറഞ്ഞാല്‍ പുലര്‍ച്ചെ നാലരയ്ക്കു തന്നെ റെഡിയായി ഒരാള്‍ കാത്തിരിക്കുന്നുണ്ടാകും, ആയിഷ ചേച്ചി. 

കടുകുമണി പോലും അഞ്ജലിക്കറിയാം...

സെറ്റിലെത്തിയാല്‍ കുറച്ചു നേരം ഒറ്റയ്ക്കു നടക്കാന്‍ പോകും. അതുകഴിഞ്ഞാണ് മേക്കപ്പ് ഒക്കെ. എനിക്ക് തലമുടിയില്‍ മാത്രമേ പണിയുള്ളൂ. അമ്മയായതു കൊണ്ടു തന്നെ മുഖത്ത് അധികം മേക്കപ്പ് വേണ്ട. അസിസ്റ്റന്റ് ഡയറക്ടര്‍മാരാണ് അതാത് ദിവസം ഷൂട്ട് ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ചു പറയുക. അതുകഴിഞ്ഞാണ് അഞ്ജലിയുടെ വരവ്...

അവര്‍ എത്രമാത്രം സുന്ദരിയായൊരു സ്ത്രീയാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. അതിനേക്കാള്‍ മനോഹാരിതയുണ്ട് അവര്‍ ഓരോ ചലച്ചിത്രവും തയാറാക്കുന്ന വഴികള്‍ക്കും. മഹാനായൊരു ചിത്രകാരന്‍ തന്റെ ചിത്രത്തിലേക്കു ചായങ്ങള്‍ ഇഴുകി ചേര്‍ക്കും പോലെ, അത്രമേല്‍ തന്മയത്തത്തോടെയാണ് അവര്‍ ഓരോ കഥാപാത്രമായും അഭിനേതാക്കളെ മാറ്റുന്നത്. 

നമ്മള്‍ അറിയാതെ  ആ കഥാപാത്രമായിത്തീരും. അത് വാക്കുകള്‍ക്ക് അതീതമായൊരു അഞ്ജലി മേനോന്‍ മാജിക് ആണ്. അത്രമാത്രം ആഴമുള്ള പഠനവും തയാറെടുപ്പുകളുമാണ് ഓരോ ചിത്രത്തിനു വേണ്ടിയും അവര്‍ നടത്തുക. ആ ചിത്രത്തിന്റെ ഏതു കാര്യത്തെക്കുറിച്ചു ചോദിച്ചാലും കൃത്യമായി ഉത്തരം പറയും. അതിലൊരു സംശയവും ഉണ്ടാവില്ല. 

ചിലപ്പോള്‍ സ്‌ക്രിപ്റ്റ് ഒന്നും ഉണ്ടാകില്ല. ഇതാണ് ഇന്നു ചെയ്യാന്‍ പോകുന്നത്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ എന്നു പറയും അഞ്ജലി‍. ഞങ്ങള്‍ അങ്ങനെ കണ്ടെത്തിയ ചില സീനുകളില്‍ അഞ്ജലി തിരുത്തലുകളൊക്കെ പറഞ്ഞ് ശരിയാക്കി ചെയ്യിക്കും. അതാണ് രീതി. നമ്മളിലൂടെ തന്നെ കഥാപാത്രത്തെ  അവതരിപ്പിക്കും ചിലപ്പോള്‍. അതിലവര്‍ വിജയിക്കുകയും ചെയ്യും.

ഒരു അഭിനേതാവില്‍നിന്ന് എന്താണു വേണ്ടത്, എത്രമാത്രം അളവില്‍ വേണം എന്നു നിഷ്‌കര്‍ഷിക്കുന്ന സംവിധായികയാണ്. അതു നമ്മള്‍ കൊടുക്കുകയും വേണം. അതു നിര്‍ബന്ധമുള്ള കാര്യമാണ്. എട്ടു തവണ ടേക്ക് എടുക്കേണ്ടി വന്നാലും പതിനാറു തവണ എടുക്കേണ്ടി വന്നാലും കണ്ണു നിറയണം എന്നു പറഞ്ഞാല്‍ നിറഞ്ഞിരിക്കണം. അതില്‍ വിട്ടുവീഴ്ചയില്ല. നമ്മളില്‍നിന്ന് അത് ആവശ്യപ്പെടുന്നതു കൊണ്ടാണ് എനിക്ക് അവരോട് ഇത്രമാത്രം ആരാധന. ചലഞ്ചിങ് ആയ സംവിധായികയാണ്. 

നിങ്ങള്‍ക്കറിയുമോ, ജെനിയുടെ മുറിയിലെ സാധനങ്ങള്‍, (നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രം) അലോഷിയുടെ മുറിയിലെ മേശപ്പുറത്ത് വച്ചിരിക്കുന്ന വസ്തുക്കള്‍, വീടിന്റെ അടുക്കളയിലെ പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന പാത്രങ്ങള്‍ പോലും അഞ്ജലിയുടെ കണ്ടെത്തലാണ്. 

mala-parvathi-nazriya-10

അലോഷിയുടെ മേശപ്പുറത്തുള്ള സാധനങ്ങള്‍ എന്താണൊന്നെക്കെ പോലും അവര്‍ക്കു പറയാനാകും. ആ വസ്തുക്കള്‍ക്കു വേണ്ടി എട്ടോ ഒമ്പതോ മാസം മുന്‍പേ തന്നെ അന്വേഷണം തുടങ്ങിയിരുന്നുവെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ. ഒരു പള്ളിക്കു വേണ്ടി എത്ര ദീര്‍ഘമായ അന്വേഷണമാണു നടത്തിയത്. 

മനസ്സിനിണങ്ങിയതു കിട്ടുന്നതുവരെ വളരെ ശാന്തമായി, ഉറച്ച തീരുമാനത്തോടെ കാത്തിരിക്കും. കോംപ്രമൈസ് എന്നത് നിഘണ്ടുവിലേ ഇല്ല. ഓരോ ഫ്രെയിമിലെയും ഓരോ കടുകുമണിയേയും കുറിച്ച് അവര്‍ക്കു വ്യക്തമായ ബോധ്യമുണ്ട്. അത്രമാത്രം സൂക്ഷ്മതയോടെയാണ് അവര്‍ ഓരോ ചിത്രത്തിലേക്കുമെത്തുന്നത്. 

ആദരവും സ്‌നേഹവും ബഹുമാനവും ഒരു വ്യക്തിയോട് ഒരേ അളവില്‍ തോന്നുക അപൂര്‍വ്വമല്ലേ. എനിക്ക് അത്തരത്തിലുള്ളൊരു ആളാണ് അഞ്ജലി. ഒരു ഫിലിംമേക്കര്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും അത്രമാത്രം മനോഹരമാണ് അവര്‍. പറന്നേ എന്ന പാട്ടിലെ വരികള്‍, ചെറു ചിറകുകള്‍ അടിച്ചുയരേ...ജീവിതത്തെ ചുംബിച്ചീടാല്ലോ...പറന്നേ പല മതിലുകള്‍ ഇടിച്ചുടച്ചേ സാഗരങ്ങള്‍ നീന്തി കേറാലോ...അതിനെ അനുസ്മരിപ്പിക്കുന്നു അഞ്ജലി.

തനിക്ക് ഓരോ അഭിനേതാവില്‍ നിന്നും എന്താണ് വേണ്ടതെന്ന കൃത്യമായ ബോധ്യമുണ്ട് അഞ്ജലിക്ക്. നമ്മളെ ഒട്ടും ടെന്‍ഷനടിപ്പിക്കാതെ ഒരു താളത്തില്‍ ആ കഥാപാത്രമാക്കി മാറ്റാന്‍ അഞ്ജലിക്ക് അറിയാം. ഒരു അഭിനേതാവിനെ അത്രമേല്‍ കൃത്യതയോടെ സൂക്ഷമതയോടെ ഉപയോഗപ്പെടുത്തുന്ന സംവിധായകര്‍ വിരളമാണ്. 

mala-parvathi-nazriya-1

അഞ്ജലി അക്കൂട്ടത്തിലൊരാളാണ്. അഭിനേതാവിനെ വര്‍ക്ക് ചെയ്യുക എന്നു പറയും ഞാന്‍ അതിന്. ഒരു കഥാപാത്രത്തിന്റെ മാനസിക വ്യാപരങ്ങളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നതിനെയാണ് അഭിനേതാവിനെ വര്‍ക്ക് ചെയ്യുക എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. കഥാപാത്രത്തെ കുറിച്ചുള്ള സംസാരങ്ങളിലൂടെ, അവതരണത്തിലൂടെ, നമ്മളെ ആ കഥാപാത്രത്തിലേക്ക് അത്രമേല്‍ ആഴത്തിലെത്തിക്കുക. ആ കഥാപാത്രത്തെ കുറിച്ചുള്ള എന്ത് ചോദ്യത്തിനും അത്തരം സംവിധായകര്‍ക്ക് ഉത്തരമുണ്ടാകും. അങ്ങനെയുള്ള സംവിധായകര്‍ കുറവാണ്. 

ലാല്‍ ജോസ് സാറിന്റെ നീലത്താമര, ബേസില്‍ ജോസഫിന്റെ ഗോദ,  മഹേഷ് നാരായണന്റെ ടേക്ക്, രഞ്ജിത് ബാലകൃഷ്ണന്‍ ചിത്രങ്ങള്‍, തുടങ്ങിയവയില്‍ അഭിനയിക്കുമ്പോഴൊക്കെ അനുഭവിച്ചറിഞ്ഞതാണ് അക്കാര്യം. അതുകൊണ്ടായിരിക്കാം എനിക്ക് അഞ്ജലി മേനോന്റെ പ്രവര്‍ത്തന ശൈലിയിലേക്ക് ഒരു പ്രശ്‌നവുമില്ലാതെ എത്തിച്ചേരാനായത്. 

ചിത്രത്തില്‍ എനിക്കൊരുപാട് സന്തോഷം തരുന്ന രീതിയില്‍ അഭിനയിക്കാന്‍ സാധിച്ചതും. അതുപോലെ നാടകങ്ങളിലെ അഭിനയവും അതിനു കരുത്തേകി. പക്ഷേ എങ്കിലും അഞ്ജലിയിലേക്ക് വരുമ്പോള്‍ ആ ഒരു പ്രക്രിയയ്ക്ക് ഒരു പ്രത്യേക ഭംഗി വരുന്ന പോലെ. ഒരുപക്ഷേ അത് ആ കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ടായിരിക്കാം. 

അതുകൊണ്ടു അഞ്ജലിയ്‌ക്കൊപ്പമുള്ള ഷൂട്ടിങ് ദിനങ്ങളും എനിക്കു മറക്കാനാകാത്തതാണ്. ജീവിതത്തിലെ ഏത് കാലഘട്ടത്തിലേക്കാണ് തിരിച്ചുപോകാന്‍ ആഗ്രഹം എന്നു ചോദിച്ചാല്‍ ഞാന്‍ പറയും എനിക്കീ ഷൂട്ടിങ് ദിനങ്ങളിലേക്കു പോയാല്‍ മതിയെന്ന്. ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവം ഇനിയുണ്ടാകുമോ എന്നു തന്നെ എനിക്കറിയില്ല. 

പ്രകാശം പരത്തുന്ന പെണ്‍കുട്ടി

പൃഥ്വിരാജിനോടൊപ്പമുള്ളതിനേക്കാള്‍ എനിക്ക് നസ്രിയയുമൊത്താണ് കോമ്പിനേഷന്‍ സീനുകളൊക്കെ. സെറ്റില്‍ തമാശയും കളിയുമൊക്കെയായി ഓടിനടക്കുന്നൊരു പെണ്‍കുട്ടിയാണ്. വളരെ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയായി, സെറ്റില്‍ തമാശയൊക്കെയായി ആള് പറന്നു നടക്കും. ഫുള്‍ തമാശയാണ് നസ്രിയ. പക്ഷേ ആക്‌ഷന്‍ പറഞ്ഞു തുടങ്ങുമ്പോള്‍ ഞൊടിയിട കൊണ്ട് ആളാകെ മാറും. 

ഒരു ആയിരം വോള്‍ട്ടിന്റെ പ്രകാശമാണ് അന്നേരം ആ കൊച്ചിന്റെ മുഖത്ത്. അതെങ്ങനെ സാധ്യമാകുന്നുവെന്ന് അറിയില്ല. അതുമൊരു മാജിക് തന്നെയാണ്.  ഞാന്‍ അഞ്ജലിയുടെ ചെറുപ്പകാലം കണ്ടിട്ടുമില്ല, അതിനെ കുറിച്ച് എങ്ങും വായിച്ച് അറിവുമില്ല. എങ്കിലും എനിക്കു തോന്നുന്നത് അഞ്ജലിയുടെ കുട്ടിക്കാലമാണ് നസ്രിയ എന്നാണ്. അവര്‍ തമ്മില്‍ അത്രമാത്രം ആത്മബന്ധമുണ്ട്. 

കഥ പറഞ്ഞ് പൗളി ചേച്ചിയും ആയിഷ ചേച്ചിയും...

പൗളി ചേച്ചി എനിക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. എന്നെപ്പോലെ തണുപ്പ് അല്‍പം പേടിയാണ് ആളിനും. എന്റെ മുറിയില്‍ കുറേ ബ്ലാങ്കറ്റുകള്‍ ഉള്ളതുകൊണ്ട് അവിടെയായിരുന്നു ഉറക്കം. സെറ്റില്‍ സിങ് സൗണ്ട് ആയിരുന്നതു കൊണ്ടു തന്നെ അധികം സംസാരിക്കാനാകില്ലായിരുന്നു. ആ കുറവ് മുറിയില്‍ തീര്‍ക്കുമായിരുന്നു. എത്രയോ കഥകളാണ് ആയിഷ ചേച്ചിയ്ക്കും പൗളി ചേച്ചിയ്ക്കും പറയാനുള്ളതെന്ന് അറിയുമോ. അത്രയും തീക്ഷ്ണമാണ് ജീവിതാനുഭവങ്ങള്‍. നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറം. 

mala-parvathi-nazriya-6

പൗളി ചേച്ചി നാടകങ്ങളിലൂടെയാണ് വളര്‍ന്നതും ജീവിച്ചതും. കല്യാണമൊക്കെ കഴിഞ്ഞ് കുട്ടിയുണ്ടായതോടെ ജീവിതം ആകെ ബുദ്ധിമുട്ടിലായി. ഒരു ഷോ പോലും മുടങ്ങാതെ ചെയ്താലേ ജീവിച്ചു പോകാന്‍ ആകുമായിരുന്നുള്ളൂ. അന്ന് കുഞ്ഞിനെ രാത്രിയിലൊക്കെ വേറൊരിടത്ത് ഏല്‍പ്പിച്ചിട്ടാണ് ജോലിയ്ക്കു പൊയ്‌ക്കൊണ്ടിരുന്നത്. ഒരു ദിവസം അവര്‍ വീട്ടിലുണ്ടായിരുന്നില്ല. ഷോയും മുടക്കാനാകില്ല. ചേച്ചി കുഞ്ഞിനേയും ഒപ്പം കൂട്ടി. 

mala-parvathi-nazriya-8

സ്റ്റേജിന് അടുത്ത് ഒരു ചെറിയ കുഴി വെട്ടി കുഞ്ഞിനെ അതില്‍ കിടത്തിയിട്ട് കളിക്കാന്‍ കയറി. കുഞ്ഞ് ഇടയ്ക്കുണര്‍ന്ന് കരയാന്‍ തുടങ്ങി. ചേച്ചിക്ക് സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ അത് കേള്‍ക്കാമായിരുന്നു. ഒന്നാലിച്ച് നോക്കൂ ഒരമ്മയ്ക്ക് എത്രമാത്രം വേദനാജനകമായ സാഹചര്യമായിരിക്കും അതെന്ന്. ഒരു റൊമാന്റിക് സീനായിരുന്നു അന്നേരം. ഒരു കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി അപ്പോള്‍. അതെല്ലാം അടക്കിപ്പിടിച്ചാണ് അന്ന് അഭിനയിച്ചു തീര്‍ത്തത്...ഒന്നോര്‍ത്തു നോക്കൂ ആ അവസ്ഥയെ കുറിച്ച്.

mala-parvathi-nazriya-7

ആയിഷ ചേച്ചിയെ കുറിച്ച് ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സമൂഹത്തിലെ പല വിലക്കുകളോടും പടവെട്ടിയാണ് അവര്‍ നാടകത്തിനൊപ്പം നടന്നത്. ഇപ്പോഴും മുഖത്തുണ്ട് പെണ്ണ് നാടകം കളിക്കുന്നതിനോടുള്ള പ്രതിഷേധം അറിയിച്ച് ആരോ എറിഞ്ഞൊരു ബള്‍ബ് തീര്‍ത്ത മുറിവിന്റെ പാട്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.