Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലപാട് ഒന്നേയുള്ളൂ, അത് അവൾക്കറിയാം: മഞ്ജു വാരിയർ

manju-warrier

അവളോടൊപ്പമാണോ എന്നതിൽ സംശയമിക്കേണ്ട കാര്യമേ ഇല്ലെന്ന് മഞ്ജു വാരിയർ. ആലപ്പുഴയിൽ ദുരിതബാധിത പ്രദേശത്തുള്ളവരെ കാണാൻ പോയ വിഡിയോയും വാർത്തയും ചിത്രങ്ങളും മനോരമ ഓൺലൈനിൽ ആയിരക്കണക്കിനാളുകൾ ഷെയർ ചെയ്തപ്പോഴാണു മഞ്ജുവിനോടു പലരും അവളോടൊപ്പമല്ലെ എന്നുകൂടി ചോദിച്ചത്. കമന്റു ചെയ്ത പലരും ആലപ്പുഴ യാത്രയുടെ വേദന പങ്കുവച്ചപ്പോൾത്തന്നെ  ചിലർ അവളോടൊപ്പമല്ലെ എന്നു കൂടി ചോദിക്കുകയായിരുന്നു. ഇതേക്കുറിച്ചു മഞ്ജു ‘മനോരമ ഓൺലൈനിനോടു’ സംസാരിക്കുന്നു. 

‘നിലപാട് എന്നും ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് അവളോടൊപ്പം തന്നെ. അത് എന്നും ആവർത്തിച്ച് ഉറക്കെ പ്രഖ്യാപിക്കേണ്ട ഒന്നാണെന്നു തോന്നിയിട്ടില്ല. അത് അവൾക്കറിയാം. എന്നെയും അവളെയും അടുത്തറിയുന്ന എല്ലാവർക്കും അറിയാം. ഞങ്ങളുടേത് ലൈക്കുകളും ഹാഷ് ടാഗുകളും ഉണ്ടാകുന്നതിനു മുമ്പുള്ള ഹൃദയബന്ധമാണ്. അത് എന്നും ഉണ്ടാകും.’ 

‘ഈ ബഹളങ്ങളും ആരവങ്ങളും എല്ലാം കഴിഞ്ഞാലും. അതു പ്രഖ്യാപിക്കാൻ ഹാഷ് ടാഗുകളുടെ ആവശ്യവുമില്ല.  വിവാദങ്ങളും ചർച്ചകളും വരികയും പോകുകയും ചെയ്യും. അതുമായൊന്നും ഇതിനെ കൂട്ടിക്കുഴയ്ക്കാൻ എനിക്കാകില്ല. സംഘടനകളിൽ എടുക്കേണ്ട നിലപാട് അതാത് സമയത്ത് എടുത്തിട്ടുണ്ട്. വ്യക്തിബന്ധങ്ങൾക്കു സംഘടനയോ നിയമാവലിയോ ഒന്നും തടസ്സമാകുമെന്നും ഞാൻ കരുതുന്നില്ല.’–മഞ്ജു പറയുന്നു.

∙ സംഘടനളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മഞ്ജുവിന്റെ പേരു സ്ഥിരമായി വരാറുണ്ടല്ലോ.

എനിക്കു ഇക്കാര്യത്തിൽ പറയാനുള്ളതു നേരത്തെ പറഞ്ഞു. ഇനി കൂടുതൽ വിശദീകരിക്കാനും വിവാദമുണ്ടാക്കാനും ഞാനില്ല. എത്രയോ നല്ല കാര്യങ്ങളില്ലെ.

∙ പുതിയ സിനിമകൾ

ലൂസിഫറിൽ ലാലേട്ടനോടൊപ്പം അഭിനയിക്കുന്നു. ഓഗസ്റ്റിൽ ഞാനതിൽ ജോയിൻ ചെയ്യും. അതിന് ശേഷം ആന്റണി സോണിയുടെ സിനിമയാണ് മറ്റൊരു പ്രോജക്റ്റ്. രണ്ട് മൂന്ന് സിനിമകൾ ചർച്ചയുടെ ഘട്ടത്തിലാണ്.

∙ നൃത്തം ?

അതു ഞാൻ പഠനം തുടരുന്നു. പലയിടത്തും പരിപാടികളുണ്ട്. കാവാലം സാറിന്റെ ശാകുന്തളം സപ്തംബർ എട്ടിനു വീണ്ടും അവതരിപ്പിക്കുന്നുണ്ട്. അതിനു ധാരാളം തയ്യാറെടുപ്പുകൾ വേണം.

∙ സാമൂഹ്യ സേവനവുമായി ബന്ധപ്പെട്ട പദ്ധതികളും മുന്നിലില്ലെ.

ഈ നാട് എനിക്കുതന്നെ അംഗീകാരവും സ്നേഹവും എന്നാൽ കഴിയും വിധം തിരിച്ചു നൽകണമെന്നുണ്ട്. ചെറിയ ചെറിയ സേവന പ്രവർത്തനത്തിലൂടെ ശ്രമിക്കുന്നത് അതാണ്. ആലപ്പുഴയിൽ ദുരിതാശ്വാസ പ്രവർത്തകരോടൊപ്പം ഒരു ദിവസം ചിലവിടാനായതു എന്റെ കടമയുടെ ഭാഗമാണ്. സേവന പ്രവർത്തങ്ങൾക്കായി ഒരു ചെറിയ സംരഭം തുടങ്ങണമെന്നുണ്ട്. ധാരാളം സ്ത്രീകളും ചെറുപ്പക്കാരും സഹകരിക്കാമെന്നുറപ്പു നൽകിയിട്ടുമുണ്ട്. ഞാൻ നന്നായി ശ്രദ്ധിക്കേണ്ട ഒരു രംഗമായി അതിനെ കാണുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.