Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ‘വെടി’ വേട്ടയാടപ്പെടുന്ന മോഹന്‍ലാലിനുള്ള പിന്തുണ: അലന്‍സിയര്‍

alancier-lay-interview

അലന്‍സിയറിനെയാണ് ഈ പകലില്‍ കേരളം തേടിയത്. ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മോഹൻലാലിനെതിരെ അലൻസിയർ ‘വെടിയുതിർത്തത്’ എന്തിനാണ്..? ആ ചോദ്യത്തിന്‍റെ ഉത്തരം എവിടെയും കണ്ടില്ല. ഫോണിലും അലന്‍സിയറിനെ പലര്‍ക്കും കിട്ടിയില്ല. 

മോഹൻലാൽ പറയുന്നതെല്ലാം കള്ളമായതുകൊണ്ടാണ് അലൻസിയർ പ്രതീകാത്മകമായി വെടിയുതിർത്തത് എന്നായിരുന്നു വാർത്തകൾ. എന്നാൽ ഒടുവില്‍ വാസ്തവം പറഞ്ഞ് അലന്‍സിയര്‍ മനോരമന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുകയാണ്. ‌

Mohanlal Full Speech | State Award

‘ഞാൻ‌ മോഹൻലാലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്, അല്ലാതെ പ്രതിഷേധിക്കുകയായിരുന്നില്ല. കൈകൊണ്ട് കാട്ടിയ ഒരു ആംഗ്യം ഇത്രയേറെ പൊല്ലാപ്പാകുമെന്നും കരുതിയില്ല. മോഹൻലാലിനെ എല്ലാവരും വേട്ടയാടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചപ്പോൾ അങ്ങനെ കാട്ടിയത്. അത് ഞാൻ നടന്നുപോകുന്നതിനിടയിൽ കാണിച്ചതാണ്...’ അലന്‍സിയര്‍ പറയുന്നു.  

സത്യത്തിൽ വാഷ്റൂമിൽ പോകുകയായിരുന്നു ഞാൻ. ആ വഴിയാണ് ആംഗ്യം കാട്ടിയത്. ഞാൻ സ്റ്റേജിൽ കയറാൻ ശ്രമിച്ചിട്ടില്ല, സ്റ്റേജിന് പിന്നിൽകൂടി വാഷ്‌‌റൂമില്‍ പോകുകയായിരുന്നു. എന്നെ ആരും പിടിച്ചു മാറ്റിയിട്ടുമില്ല. ഞാനൊരാൾ വെടിയുതിർത്താൽ തകർന്നുപോകുന്നയാളാണോ അദ്ദേഹം..? അതെന്താണ് ആരും മനസ്സിലാക്കാത്തത്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്കു നേരെ വെടിയുതിർത്തു എന്നും വ്യാഖ്യാനിക്കേണ്ടതല്ലേ.? മുഖ്യമന്ത്രി അതിലെ പരിഹാസം മനസ്സിലാക്കിയതുകൊണ്ടാണ് ചിരിച്ചു കളഞ്ഞത്– അദ്ദേഹം പറഞ്ഞു. 

സർക്കാസ്റ്റിക്കായി കാണിച്ചതാണ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടത്. ഇതിൽ ഏറെ വിഷമമുണ്ട്. രാവിലെ ലാൽ സാറിനെ വിളിച്ചിരുന്നു. അദ്ദേഹം കാര്യങ്ങൾ കേട്ടു മനസ്സിലാക്കി. ഞാൻ അദ്ദേഹത്തിനെതിരെ വ്യാജ ഒപ്പിട്ടില്ല, അദ്ദേഹത്തിന്‍റെ വീടിനുമുമ്പിൽ റീത്തും വച്ചിട്ടില്ല. വളരെ തെറ്റായ വാർത്തകളാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ശരിക്കും വിഷമമുണ്ടാക്കുന്നു– അലൻസിയർ മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞുനിര്‍ത്തി.

ഇന്നലെ തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ മോഹൻലാൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് അലൻസിയർ എഴുന്നേറ്റ് നിന്ന് വെടിയുതിർക്കുന്നതു പോലുള്ള ആംഗ്യം കാട്ടിയത്. ഇത് പിന്നീട് വലിയ ചർച്ചയാകുകയായിരുന്നു.