Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹണിയെയും രചനയെയും തള്ളിപ്പറഞ്ഞിട്ടില്ല: ബാബുരാജ്

baburaj-honey-rose-rachana

നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമാ ലോകത്ത് വരുത്തിയ ചലനങ്ങള്‍ തുടരുകയാണ്. സിനിമാ ലോകവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വിധേയമാകുന്നത്. ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ തീരുമാനമാണ് ആ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്ന പുതിയ കാര്യം. ഹര്‍ജി നല്‍കിയ നടിമാരെ അമ്മ തള്ളിപ്പറഞ്ഞു, അമ്മയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവയ്ക്കുന്നു തുടങ്ങി പല വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ അമ്മ എക്‌സിക്യൂട്ടിവ് അംഗമായ നടന്‍ ബാബുരാജ് സംസാരിക്കുന്നു.  

ഹണി റോസിനെയും രചനയെയും തള്ളിപ്പറഞ്ഞോ

ആക്രമിക്കപ്പെട്ട കുട്ടിക്കായി കോടതിയില്‍ അവള്‍ക്കൊപ്പം ഹര്‍ജി ചേര്‍ന്ന രണ്ട് നടിമാരെ ‘അമ്മ’ തന്നെ തള്ളിപ്പറഞ്ഞുവെന്നത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണ്. അമ്മ അംഗീകരിച്ചിട്ടല്ലേ അവര്‍ പോയത്. അപ്പോള്‍ എങ്ങനെയാണ് അവരെ തള്ളിപ്പറയാനാകുക. പക്ഷേ അത് ഞങ്ങള്‍ ഉദ്ദേശിച്ച അര്‍ഥത്തിലല്ല പൊതുജനങ്ങളിലേക്ക് എത്തിയത്.  

നീതി ഉറപ്പാക്കാൻ പ്രശസ്തനായ, 25 വർഷമെങ്കിലും പരിചയസമ്പത്തുള്ള ക്രിമിനൽ നിയമ അഭിഭാഷകനെ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ്  ഞങ്ങള്‍ ആവശ്യപ്പെട്ടത്. അല്ലാതെ 25 വര്‍ഷം പരിചയമുള്ള പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്നല്ല. അപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത്, അവർ 32 വര്‍ഷം പരിചയമുള്ള അഭിഭാഷകനെയാണു പ്രോസിക്യൂട്ടറാക്കിയിട്ടുള്ളതെന്ന്. 

ഈ കാര്യം തന്നെ പൊതുസമൂഹത്തിനോ ഞങ്ങൾക്കോ അറിയില്ലായിരുന്നു. ഈ ഒരു ഹർജി കൊടുത്തപ്പോഴാണ് നിങ്ങളും ഞാനുമടക്കം എല്ലാവരും ഇത് അറിയുന്നത്. 

എന്നാൽ ആ കുട്ടിക്ക് വനിതാ ജഡ്ജിയും അതുപോലെ തൃശൂരിലേയ്ക്ക് കോടതി മാറ്റണമെന്നുമുള്ള ആവശ്യങ്ങൾ ഞങ്ങള്‍ പിന്‍വലിക്കില്ല. ഹര്‍ജിയിലെ മറ്റുള്ള കാര്യങ്ങളില്‍ എന്തെങ്കിലും നിയമതടസമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഞങ്ങള്‍ അത് പിന്‍വലിക്കും. അതിന് അവരുടെ ഭാഗത്തു നിന്നും കൃത്യമായ വ്യക്തത ലഭിക്കണം. അതിനുള്ള ചര്‍ച്ചകളിലാണിപ്പോള്‍. ഹര്‍ജിയുമായി മുന്നോട്ട് തന്നെ പോകും. 

നടന്മാർ തമ്മിൽ വാക്കേറ്റം

ചാനലുകാരും പത്രക്കാരും റേറ്റിങ്ങിനു വേണ്ടി പറയുന്നതാണ് പലതും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ചേര്‍ന്ന അമ്മ യോഗത്തില്‍ താരങ്ങള്‍ തമ്മില്‍ പൊട്ടിത്തെറിയുണ്ടായെന്ന വാര്‍ത്തകളൊക്കെ അതിന്റെ ഭാഗമായി വരുന്നതാണ്. എല്ലാവരും ചര്‍ച്ച ചെയ്യുന്നത് സിനിമാക്കാര്യം ആണ്. കരുണാനിധിയുടെ മരണത്തേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടത് സിനിമാക്കാരുടെ യോഗത്തിലുണ്ടായ കാര്യങ്ങളെ കുറിച്ചാണ്. 

അവിടെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല അവിടെ എല്ലാവരും മോഹന്‍ലാലിന്റെ കീഴില്‍ ഒറ്റക്കെട്ടാണ്. പിന്നെ കമ്മറ്റികളില്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള അഭിപ്രായങ്ങള്‍ പറയും. മിണ്ടാതെയിരുന്നു പാസാക്കുന്നതല്ലല്ലോ കമ്മിറ്റി. തര്‍ക്കങ്ങള്‍ ഒക്കെ ഉണ്ടാവും. ഞങ്ങള്‍ 17 പേരും പ്രസിഡന്റിന്റെ കീഴില്‍ ഒറ്റക്കെട്ടാണ്.

അവൾക്കൊപ്പമാണ്

കോടതിയില്‍ പോയി ആ കുട്ടിയുടെ കൂടെ ആണെന്ന് വിളിച്ചു പറയാന്‍ ആർക്കും സാധിക്കില്ല. ഈ വിഷയത്തിൽ കത്തയ‌യ്ക്കാനോ ഫോണിൽ വിളിച്ച്  ജഡ്ജിയോട് കാര്യങ്ങൾ നേരിട്ട് പറയാനോ കഴിയില്ല. നിയമപരമായും നമ്മളാൽ കഴിയുന്നതുപോലെയും സഹായിക്കുകയാണ് വേണ്ടത്.  ഞങ്ങള്‍ അവള്‍ക്കൊപ്പം ആണെന്നും ഞങ്ങളുടെ പിന്തുണയും കരുതലും അവള്‍ക്കുമുണ്ടെന്നും സംവദിക്കുന്നത് ഈ ഹര്‍ജിയിലൂടെയാണ്. 

ഏത് കാര്യത്തിനും രണ്ട് പക്ഷമില്ലേ. നമ്മള്‍ എന്ത് നല്ല കാര്യം ചെയ്താലും അതിനകത്തും കുറ്റം കണ്ടുപിടിക്കാമല്ലോ. അതിലൊന്നും കാര്യമില്ല അത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു കാര്യമാണ്. സഹായം ചെയ്യാന്‍ പറ്റുന്നവര്‍ക്ക് സഹായം ചെയ്യുക. ആ നിലപാടാണ് അമ്മ, നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. 

ആദ്യമായാണ് സംഘടന ഇങ്ങനെയൊരു വിഷയം നേരിടേണ്ടി വരുന്നത്, അപ്പോള്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നൊരു ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടാകാം. അത് മാറ്റാനാണല്ലോ ചര്‍ച്ച. നമ്മളാരും മുന്‍പൊരിക്കലും ഇത്തരമൊരു വിഷയം കൈകാര്യം ചെയ്തവര്‍ അല്ലല്ലോ. 

അതുപോലെ രേവതി, പത്മപ്രിയ, പാര്‍വതി അവരുടെയെല്ലാം അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി ഉള്‍പ്പെടുത്തണം എന്നാണ് പുതിയ കമ്മറ്റിയുടെ ആഗ്രഹം. എല്ലാവരെയും ഒരു പോലെ കൊണ്ടു പോകണം എന്നു തന്നെയാണു പുതിയ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ആവശ്യം. 

പിന്നെ മോഹന്‍ലാല്‍ അമ്മയില്‍ നിന്നു രാജിവയ്ക്കുമെന്നു സംബന്ധിച്ച വാര്‍ത്തകള്‍ക്ക് അദ്ദേഹം തന്നെ വ്യക്തത തന്നതാണ്. എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ രാജിവയ്ക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ.– ബാബുരാജ് പറഞ്ഞു.