Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദശമൂലം ദാമുവിന്റെ ഉത്ഭവം; ബെന്നി പി.നായരമ്പലം പറയുന്നു

benny-p-nayarambalam

കടുത്ത നിര്‍വികാരതയാണ് ആ മുഖത്ത്. ആര്‍ക്കെങ്കിലും പണി കൊടുത്തതിന്റെയാണോ അതോ സ്വയം പണി കിട്ടി തഴമ്പു വന്നതിന്റെയാണോ എന്ന് ‘ചട്ടമ്പിനാട്’ എന്ന സിനിമ കണ്ടവര്‍ക്കറിയാം. എന്തായാലും ദാമു ഹിറ്റ് ആണ്. പഞ്ചാബി ഹൗസിലെ രമണനും വിവിധ ചിത്രങ്ങളിലെ ജഗതിക്കും സലിം കുമാറിനുമൊക്കെ ശേഷം ട്രോളന്‍മാര്‍ ഏറ്റെടുത്ത ദശമൂലം ദാമു ട്രോളന്മാരുടെ മുത്താണ്.

ഒരു കഥാപാത്രം, സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറവും മുഖത്തെ ഒരൊറ്റ ഭാവം കൊണ്ട് അനേകം വിഷയങ്ങള്‍ സംവദിക്കുന്ന തലത്തിലേക്കെത്തണമെങ്കില്‍ ആ കഥാപാത്രത്തിന്റെ സ്രഷ്ടാവും അത് അവതരിപ്പിച്ചയാളും അത്രമാത്രം കാമ്പുള്ളവരായിരിക്കണമല്ലോ. ചട്ടമ്പിനാട് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം സംസാരിക്കുന്നു.

ട്രോളന്മാരോട് ഇഷ്ടം മാത്രം

ദാമുവിനെവെച്ചുള്ള ട്രോളുകൾ ഒക്കെ കാണാറുണ്ട്. അതൊന്നും കണ്ട് ഒരിക്കലും സങ്കടമോ നിരാശയോ തോന്നിയിട്ടില്ല. എന്റെ കഥാപാത്രത്തെ ഓര്‍ത്തെടുത്ത് കൂടുതല്‍ പരിചയപ്പെടുത്തുന്നവരോടു ഇഷ്ടം മാത്രമേയുള്ളു. എത്ര വര്‍ഷമായി ചട്ടമ്പിനാട് എത്തിയിട്ട്. എന്നിട്ടും കുറെ കാലം കഴിഞ്ഞാണ് ആ കഥാപാത്രത്തിന്റെ ഭാവങ്ങള്‍ ഉൾക്കൊള്ളിച്ച് ട്രോളുകള്‍ വന്നത്. അതോടെ ആ ചിത്രവും കഥാപാത്രവും പ്രേക്ഷകര്‍ക്കിടയിലേക്കു വീണ്ടും എത്തുകയാണല്ലോ. അത് എത്ര നല്ല കാര്യമാണ്. സന്തോഷം മാത്രമേയുള്ളു.

Dasamoolam Dhamu Comedy

ദാമു വന്നത് അപ്രതീക്ഷിതമായി

അത് തീര്‍ത്തും യാദൃച്ഛികമായി ഉണ്ടായൊരു കഥാപാത്രമാണ്. ഷാഫി ഇങ്ങനെയൊരു പ്രമേയം പറയുകയും അതിനനുസരിച്ച് എഴുതിത്തുടങ്ങുകയും ചെയ്തപ്പോള്‍ അത്തരത്തിലൊരാള്‍ വേണമായിരുന്നു. എന്റെ നാട്ടുമ്പുറത്തും കൂട്ടുകാര്‍ പറഞ്ഞും അല്ലാതെയുമൊക്കെ ഇത്തരത്തിലുള്ള വ്യാജ ചട്ടമ്പികളെ എനിക്കറിയാം. നമുക്കെല്ലാവര്‍ക്കും അറിയാം. വിടുവായത്തം മാത്രം പറയുന്ന, പ്രവൃത്തിയില്‍ അങ്ങനെയൊട്ടും അല്ലാത്ത മഹാ പേടിത്തൊണ്ടനായ നാട്ടുമ്പുറം വില്ലന്‍മാര്‍.

അവരുടെ പേരുകള്‍ മിക്കപ്പോഴും ദാമു എന്ന മറ്റോ ആയിരിക്കും. ഒരു വട്ടപ്പേരും കാണും. അങ്ങനെ ഓര്‍ത്തപ്പോഴാണ് ദശമൂലം ദാമു എന്നാക്കിയാലോ എന്നു തോന്നിയത്. അത് എല്ലാവര്‍ക്കും ഇഷ്ടമായി. ഈ വില്ലന്‍മാരുടെ പണി അടികൊള്ളലാണല്ലോ, എന്നിട്ട് ഉഴിച്ചിലും പിഴിച്ചിലുമൊക്കെയായി നടക്കുക. അപ്പോള്‍ ദശമൂലം എന്ന പേര് നന്നായി ചേരും എന്നു തോന്നി. അങ്ങനെയാണ് ആ പേര് നല്‍കിയത്. സുരാജ് വളരെയധികം രസകരമായിട്ടാണ് ആ കഥാപാത്രമായി മാറിയത്. സെറ്റില്‍ ഒക്കെ ആകെ ചിരി ആയിരുന്നു. ആ ചിരി അതേപടി തിയറ്ററുകളിലും മുഴങ്ങിക്കേട്ടു.

എവിടുന്നായിരുന്നു നര്‍മം കയറി കൂടിയത്

അതെന്റെ രക്തത്തിലുള്ളതാണ് എന്നാണെനിക്കു തോന്നുന്നത്. എന്നോടിങ്ങനെ ഫോണില്‍ സംസാരിക്കുമ്പോള്‍ അങ്ങനെ തോന്നുന്നില്ലെന്നു പറഞ്ഞില്ലേ. അത് ശരിയാണ്. കളിയാക്കിയാല്‍ വിഷമിക്കില്ല എന്നുറപ്പുള്ളവരോടു മാത്രമേ അങ്ങനെ സംസാരിക്കുള്ളൂ. അത്രക്ക് സ്വാതന്ത്ര്യം വേണം. എഴുത്തു കൂടെക്കൂടിയപ്പോള്‍ മുതല്‍ക്കേ എഴുതിപ്പിടിപ്പിക്കുന്നതിലെല്ലാം ചിരിയുണ്ടായിരുന്നു. വായിക്കുന്നവരൊക്കെ എനിക്ക് നര്‍മം നന്നായി ചേരും എന്നു കൂടി പറഞ്ഞതോടെ പിന്നെ ആ വഴിക്കായി. ചെറിയ സ്‌കിറ്റുകള്‍ എഴുതിത്തുടങ്ങി. പിന്നെയതു നാടകത്തിലേക്കും അതുവഴി സിനിമയിലേക്കും എത്തുകയായിരുന്നു.

Chattambinadu - Suraj Venjaramoodu Comedy Scene

രാജന്‍ പി.ദേവ് എന്ന ഗുരു

അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി എന്നതായിരുന്നു രാജന്‍ പി. ദേവിന്റെ ട്രൂപ്പിനു വേണ്ടി ഞാന്‍ ആദ്യമായി എഴുതിയ നാടകം. കോളജില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്. അന്ന് ബി ആന്‍ഡ് ബി എന്ന മിമിക്‌സ് ട്രൂപ്പിലും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അന്ന് ഏകാംഗ നാടകം എഴുതി ഇവിടെ പറവൂരും പരിസര പ്രദേശങ്ങളിലുമൊക്കെ കളിച്ചു. അത് ഭയങ്കര നര്‍മ രസമുള്ളതാണെന്ന് എല്ലാവരിലും പ്രചരിച്ചു. രാജന്‍ പി ദേവിന്റെ ട്രൂപ്പ് സെക്രട്ടറി ആയിരുന്ന ജേക്കബ് ഞാറയ്ക്കലേക്കും ആ വാര്‍ത്തയെത്തി. അങ്ങനെയാണ് ആ ട്രൂപ്പിലേക്ക് ഞാനും എത്തുന്നത്.

ആ ഏകാംഗ നാടകം അദ്ദേഹത്തിനു വേണ്ടി നാടകമാക്കാമോ എന്നായിരുന്നു ചോദിച്ചത്. പക്ഷേ അതില്‍ അത്തരം കഥാപാത്രങ്ങളൊന്നുമില്ലായിരുന്നു. അത് നീട്ടിവലിച്ചെഴുതി രാജന്‍.പി.ദേവിനു നല്‍കാനും ആയിരുന്നില്ല. അദ്ദേഹത്തെ മനസ്സില്‍ കണ്ട് വേറൊരെണ്ണം എഴുതട്ടേയെന്നു ചോദിച്ചു. അങ്ങനെ അവര്‍ സമ്മതം പറഞ്ഞിട്ടാണ് അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി എന്ന നാടകം രചിക്കുന്നത്. അത് വന്‍ ഹിറ്റ് ആയി. കാട്ടുകുതിരയില്‍ അഭിനയിച്ച് നാടക ലോകത്ത് രാജന്‍.പി.ദേവ് വന്‍ ഹിറ്റ് ആയി നില്‍ക്കുന്ന സമയമായിരുന്നു അത്.

അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതിയും വലിയ പ്രശംസ നേടി. ആ നാടകം സിനിമയാക്കുവാനായി പി.ജി.വിശ്വംഭരന്‍ എത്തി. പക്ഷേ എന്റെ ആഗ്രഹം രാജന്‍ പി.ദേവ് തന്നെയായിരിക്കണം നായകന്‍ എന്നായിരുന്നു. അവര്‍ക്ക് അതിനോട് യോജിപ്പില്ലായിരുന്നു അങ്ങനെയാണ് ആ പ്രോജക്ട് നടക്കാതെ പോയത്. കാട്ടുകുതിര സിനിമയായപ്പോള്‍ അദ്ദേഹത്തിന് അവസരം കിട്ടിയില്ല. തിലകന്‍ ചേട്ടനായിരുന്നു ആ വേഷം അവതരിപ്പിച്ചത്. അതില്‍ അദ്ദേഹത്തിനു ചെറിയ സങ്കടമുണ്ടായിരുന്നു. നാടകത്തില്‍ രാജന്‍.പി.ദേവും സിനിമയില്‍ തിലകന്‍ ചേട്ടനും കാട്ടുകുതിരയില്‍ ഗംഭീരമായി അഭിനയിച്ചിരുന്നുവെന്നത് മറ്റൊരു കാര്യം.

പിന്നീട് എന്റെ ആദ്യ സിനിമ എത്തിയത് പി.ജി.വിശ്വംഭരനിലൂടെ തന്നെയായിരുന്നു. ഫസ്റ്റ് ബെല്‍ എന്ന ചിത്രം. അതിനു മുന്‍പേ രാജന്‍.പി.ദേവ് സിനിമയിലെത്തി. ഇന്ദ്രജാലം എന്ന ചിത്രത്തില്‍ അദ്ദേഹത്തിനെ തേടി ശ്രദ്ധേയമായൊരു വേഷം എത്തി. സിനിമയിലും ജീവിതത്തിലും എന്നെ ഏറ്റവും അധികം സ്വാധീനിച്ച ആള്‍. സിനിമയിലേക്ക് എന്നെ കൈപിടിച്ചത് അദ്ദേഹമായിരുന്നു. ചേര്‍ത്തല ജൂബിലി തിയറ്റേഴ്‌സിന്റെ അമരക്കാരനില്‍ നിന്ന് മലയാള സിനിമയിലെ അഭിനയ പ്രതിഭകളിലൊരാളായി അദ്ദേഹം മാറിയപ്പോള്‍ എന്നെയും കൂടി സിനിമ ലോകത്തിനു പരിചയപ്പെടുത്തു. ബെന്നിയല്ലേ...രാജന്‍ പി.ദേവ് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു എവിടെ ചെല്ലുമ്പോഴുമുള്ള പറച്ചില്‍.

ഞെട്ടിച്ച ഷക്കീലയും സങ്കടപ്പെടുത്തിയ ചാന്തുപൊട്ടും

ചാന്തുപൊട്ട് എന്ന ചിത്രം പുറത്തിറങ്ങിയ സമയത്ത് വന്‍ ഹിറ്റ് ആയിരുന്നല്ലോ. പക്ഷേ പിന്നീട് ആ ചിത്രത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. അത് ഒത്തിരി വേദനിപ്പിച്ചു. ആരെയും മനഃപൂര്‍വ്വം ദ്രോഹിക്കാനോ വേദനിപ്പിക്കാനോ ആക്ഷേപിക്കാനോ വേണ്ടി രചിച്ചതായിരുന്നില്ല ചാന്തുപൊട്ട്. ആ സിനിമ അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടത് ഒരു നോവാണ് മനസ്സിലിപ്പോഴും. പക്ഷേ ഒന്നുറപ്പാണ് ദിലീപ് അസാധ്യമായ രീതിയിലാണ് ആ കഥാപാത്രമായി മാറിയത്. മറ്റൊരു നടനും ഇത്ര പെര്‍ഫെക്‌ഷനോടെ രാധായെന്ന രാധാകൃഷ്ണനായി മാറാന്‍ കഴിയില്ലായിരുന്നു.

ചോട്ടാ മുംബൈയിൽ ഷക്കീല വന്നതും മറ്റൊരു പരീക്ഷ്ണമായിരുന്നു. അതിന് എവിടുന്നു ധൈര്യം കിട്ടി എന്നൊക്കെ പലരും ചോദിച്ചിരുന്നു. എനിക്ക് അതൊരു അത്ഭുതമായോ പരീക്ഷണമായോ തോന്നിയിട്ടില്ല. അസാമാന്യ ധൈര്യം ഒന്നും അതിനു വേണം എന്നു തോന്നിയില്ല. ഷക്കീലയെ അന്നോളം നമ്മള്‍ കണ്ടത് ഒരു പ്രത്യേക തരം പ്രേക്ഷകര്‍ മാത്രമെത്തുന്ന, അല്ലെങ്കില്‍ ഒരു പ്രത്യേക കാറ്റഗറിയിലുള്ള സിനിമകളില്‍ മാത്രം അഭിനയിച്ചൊരു നടിയാണ്. അവരെ അത്തരം ചിത്രങ്ങളില്‍ നിന്നു മാറി അധികം നമ്മള്‍ കണ്ടിട്ടേയില്ല. അപ്പോള്‍ നമ്മള്‍ അങ്ങനെ അവതരിപ്പിക്കുമ്പോള്‍ അത് തീര്‍ത്തും ഒരു പുതുമ ആയിരിക്കും എന്നു കരുതി. അത് ശരിയായി വരികയും ചെയ്തു. ചിത്രത്തില്‍ ഒരു പുതുമ വേണം എന്നു ചിന്തിച്ചിരുന്നു. അത്രേയുള്ളൂ.

ദാമുവിനെ നായകനാക്കി ഒരു ചിത്രം എത്തുമോ

അതിന്റെ ആലോചനയിലാണ്. അങ്ങനെ സംഭവിക്കും എന്നു കരുതുന്നു. ആഗ്രഹമുണ്ട്. ചിത്രത്തിന്റെ സംവിധായകനായ ഷാഫിക്കും അങ്ങനെ തന്നെയാണ്. അടുത്തയാഴ്ച മുതല്‍ വീണ്ടും എഴുത്തില്‍ കുറച്ച് കൂടി ശ്രദ്ധ പതിപ്പിക്കണം. പ്രളയവും പിന്നെ ഒരു ശസ്ത്രക്രിയയും കാരണം കുറേ നാളായി എഴുത്തില്‍ നിന്ന് മാറിയിട്ട്. പ്രളയം പറവൂരുള്ള എന്റെ വീടിനെ ബാധിച്ചില്ല. സുഖമില്ലാത്തതു കാരണം ക്യാംപുകളിലേക്കൊന്നും എനിക്കു പോകാനായില്ല. മകളാണു പോയത്. കണ്ടാല്‍ സഹിക്കില്ല എന്നാണ് അവള്‍ പറഞ്ഞത്. നമ്മളെ ബാധിച്ചില്ലെങ്കിലും മനസ്സില്‍ ഒരു മൂടിക്കെട്ടല്‍ പോലെ...ഒക്കെ മാറി ഒന്നു തെളിയുമ്പോള്‍ വീണ്ടും എഴുതിത്തുടങ്ങണം.

related stories