ലിനിയുടെ റോളിൽ റിമ, ശൈലജയായി രേവതി: ആഷിക്ക് വെളിപ്പെടുത്തുന്നു

ഇന്നലെ വൈകുന്നേരം മുതൽ സമൂഹമാധ്യമങ്ങളിൽ ‘വൈറസ് ബാധയാണ്’. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വൈറസിന്റെ പോസ്റ്റർ ശരിക്കും ഒരു വൈറസ് ബാധ കണക്കെയാണ് പടർന്നത്. കേരളത്തെ നടുക്കിയ നിപ്പയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ‘വൈറസ്’ വലിയ ചർച്ചയായത് അതിലെ താരബാഹുല്യം കൊണ്ടു കൂടിയാണ്. ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ആഷിക്ക് അബു തന്നെ പറയുന്നു.

നിപ്പ തന്നെയാണോ ‘വൈറസിന്റെ’ പ്രമേയം ?

അതെ നിപ്പ തന്നെയാണ് വൈറസിന്റെ പ്രമേയം. മൂന്നു നാലു മാസമായി ഇൗ സിനിമ മനസ്സിലുണ്ട്. അന്നേ ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴാണ് പ്രഖ്യാപിക്കാൻ തക്കവണ്ണമുള്ള രൂപത്തിലായത്. 

എന്തു കൊണ്ട് ഒരു സംഭവകഥ, അതും നിപ്പ ?

നിപ്പ ശരിക്കും മാനവരാശിയുടെ ഒരു ചെറുത്തുനിൽപ്പായിരുന്നു. ഒരു സിനിമയ്ക്കുള്ളതല്ല മറിച്ച് ഒരുപാട് സിനിമകൾക്കുള്ള കഥകൾ അതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. കേരളത്തിന് ഏറ്റവുമധികം അഭിനമാനിക്കാവുന്ന ഒരു സംഗതിയാണ് നിപ്പ പ്രതിരോധം. എല്ലാവരും പരസ്പര സഹകരണത്തോടെയും സ്നേഹത്തോടെയും നില കൊണ്ടതു കൊണ്ടാണ് ഇൗ വൈറസിനെ പിടിച്ചു നിർത്താൻ സാധിച്ചത്. ബംഗ്ലാദേശിലൊക്കെ രോഗം തിരിച്ചറിയാൻ തന്നെ ഏറെ വൈകി. ഒരുപാടു പേർ മരിച്ചു. ശരിക്കും ഒരു ത്രില്ലറാണ് ഇവിടെ സംഭവിച്ചത്. ഒരു ജനതയുടെ വിജയമാണ് ഇത്. 

സംഭവകഥ തിരക്കഥയാക്കുമ്പോൾ ?

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ മൂന്നു പേരും ഇപ്പോൾ കോഴിക്കോട്ടുണ്ട്. നിപ്പയെ നേരിട്ടും അല്ലാതെയും അറിഞ്ഞവരുടെ അനുഭവങ്ങളാണ് തിരക്കഥയിൽ ഉൾപ്പെടുത്തുന്നത്. തിരക്കഥാകൃത്തുക്കളിൽ ഒരാളായ മുഹ്സിന്റെ അടുത്ത ബന്ധു ഇതിൽ നേരിട്ട് ഇടപെട്ടിട്ടുള്ള ഒരു മെഡിക്കൽ പിജി വിദ്യാർഥിയാണ്. അതുപോലുള്ള ഒരുപാട് ആളുകളുടെ അനുഭവമാണ് ഇൗ സിനിമ. ഒരുപാട് ആളുകൾ, അവരുടെ കഥകൾ, സ്നേഹം, സഹകരണം, അതിജീവനം... അതെല്ലാമാണ് വൈറസ്

എന്തു കൊണ്ട് ഒരു മൾട്ടിസ്റ്റാർ സിനിമ ?

ഇൗ ചിത്രത്തിന് അങ്ങനെയൊരു കാസ്റ്റിങ്ങ് ആവശ്യമാണ്. ഒരുപാട് കഥാപാത്രങ്ങൾ ഇൗ സിനിമയിലുണ്ട്. രോഗികൾ. ഡോക്ടർമാർ, ആശുപത്രിയിലെ മറ്റു ജീവനക്കാർ, പൊതുജനം അങ്ങനെ പലരും. അവരുടെയൊക്കെ കഥയാണ് ഇൗ ചിത്രം. കഥാപാത്രങ്ങൾക്കെല്ലാം തുല്യ പ്രാധാന്യം ലഭിക്കുന്ന രീതിയിലാണ് സിനിമ അണിയിച്ചൊരുക്കുന്നത്. 

മറ്റ് മൾട്ടിസ്റ്റാർ സിനിമകൾ പോലെ മാസ് ആയിരിക്കുമോ വൈറസ് ?

ശരിക്കും ഒരു മാസ് മൂവ്മെന്റാണ് കോഴിക്കോട് നടന്നത്. സിനിമയിലെ മാസിന്റെ സമവാക്യം വച്ച് താരതമ്യം ചെയ്താൽ പോലും ഒരു വലിയ മാസ് റിയൽ സ്റ്റോറിയാണ് ഇത്. സിനിമയ്ക്കും അപ്പുറം വലുമപ്പമുള്ള സംഭവങ്ങളാണ് നടന്നത്. പിന്നെ ഇതിൽ റൊമാൻസുണ്ട്, ത്രില്ലുണ്ട്, വൈകാരികതയുണ്ട്... ശരിക്കും അന്ന് കോഴിക്കോടുണ്ടായിരുന്ന പൊതുജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് സിനിമ. 

ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങളെയാവും അവതരിപ്പിക്കുക ?

അതു സംബന്ധിച്ചുള്ള ചർച്ചകളും തീരുമാനങ്ങളും അവസാനഘട്ടത്തിലാണ്. ലിനിയുടെ കഥാപാത്രം ചെയ്യുന്നത് റിമ ആയിരിക്കും. ആരോഗ്യമന്ത്രിയുടെ റോളിലെത്തുക രേവതിയാണ്. ബാക്കി കഥാപാത്രങ്ങളും അതൊക്കെ ആര് അവതരിപ്പിക്കുമെന്നതും സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.

ഷൂട്ടിങ്ങ്, റിലീസ് ഒക്കെ എന്നായിരിക്കും ?

ഷൂട്ട് ഡിസംബറിൽ തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. റിലീസ് അടുത്ത വർഷം വിഷുവിന് ഉണ്ടാകാനാണ് സാധ്യത.