Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ സിനിമ ഞാൻ ഉപേക്ഷിച്ചു, ആഷിക്കിന് എന്നേക്കാൾ നന്നായി ചെയ്യാനാകും’

virus-movie-aashiq-jayaraj

ഒരേ പ്രമേയം രണ്ടു സംവിധായകര്‍ തിരഞ്ഞെടുക്കുകയും അത് സിനിമയാക്കുകയും ചെയ്യുന്നത് അപൂര്‍വമല്ല. ഏറ്റവും ഒടുവിലത്തെ വിഷയം നിപ്പ വൈറസ് ആണ്. ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പക്ഷേ ആഷിഖിനു മുന്‍പേ ഇതേ പ്രമേയത്തില്‍, രൗദ്രം എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചത് ജയരാജ് ആണ്. 

കാസ്റ്റിങ് അടക്കം ചിത്രത്തെ സംബന്ധിച്ച് വ്യക്തമായ ചിത്രം ആഷിഖ് പുറത്തുവിടുമ്പോള്‍ രൗദ്രം ഉപേക്ഷിച്ചുവെന്നാണ് ജയരാജ് പറയുന്നത്. ആഷിഖ് സിനിമ എടുക്കുന്നു എന്ന് അറിഞ്ഞതോടെയാണ് ആ പ്രോജക്ട് വേണ്ടെന്നു വച്ചതെന്ന് ജയരാജ് മനോരമ ഓണ്‍ലൈനോടു വ്യക്തമാക്കി. 

‘ഞാന്‍ ആ സിനിമ ഉപേക്ഷിച്ചു. ഇങ്ങനെയൊരു പ്രോജക്ട് മലയാളത്തില്‍ വരുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഒരുപക്ഷേ എന്നേക്കാള്‍ മുമ്പേ ഈ സിനിമയുടെ പ്ലാനിങ് അവര്‍ തുടങ്ങിയിട്ടുണ്ടാകണം. അവര്‍ ഇപ്പോള്‍ ആ ചിത്രം ചെയ്യാന്‍ തുടങ്ങുകയാണ്. അവര്‍ ചെയ്‌തോട്ടെ.  ഇതില്‍ പരാതിയോ പരിഭവമോ വിഷമമോ ഒന്നും തന്നെയില്ല. സിനിമ നന്നായി വരട്ടെ അത്രമാത്രമേയുള്ളൂ. ജയരാജ് പറഞ്ഞു. 

‘നമ്മള്‍ ഒരു പ്രമേയം തിരഞ്ഞെടുത്തു, മറ്റൊരാളും അതു തന്നെ തിരഞ്ഞെടുത്തു, അവര്‍ അതുമായി മുന്നോട്ടു പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി എന്ന് അറിയുന്ന സ്ഥിതിക്ക് ഞാന്‍ ഈ നിലപാട് എടുക്കുന്നത് തന്നെല്ലേ നല്ലത്.  എനിക്ക് സിനിമ മേഖലയില്‍ ആരുമായും മത്സരങ്ങളോ വാശികളോ ഒന്നും തന്നെയില്ല. നല്ല സിനിമകള്‍ ഉണ്ടാകണം എന്നേയുള്ളൂ. അതാണ് ഏറ്റവും വലിയ സന്തോഷം. ആരു ചെയ്താലും അങ്ങനെ തന്നെ ആകട്ടെ. ഈ പ്രമേയം മറ്റ് ആര് ചെയ്താലും ഒരുപക്ഷേ നന്നായി വരും എന്ന് എനിക്കു തോന്നി.’ 

‘ആഷിഖ് ഞാന്‍ ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന സംവിധായകനാണ്. ആഷിഖിന് ഒരുപക്ഷേ എന്നേക്കാള്‍ നന്നായി ഈ പ്രമേയത്തില്‍ സിനിമ ചെയ്യാനാകുമായിരിക്കും. ഇതു സംബന്ധിച്ച് ഞാന്‍ ആഷിക്കിനുമായി സംസാരിച്ചിരുന്നില്ല, അവര്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ എന്റെ പ്രോജക്ട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു’. 

‘രൗദ്രത്തിന്റെ തിരക്കഥയിലേയ്ക്ക് കയറുന്ന സമയായിരുന്നു. അതിനായി ബന്ധപ്പെട്ട വിവരങ്ങളും ആളുകളുടെ അനുഭവങ്ങളുമൊക്കെ ശേഖരിച്ച് വെയ്ക്കുന്ന സ്റ്റേജിലായിരുന്നു ഞാന്‍. അവര്‍ ചെയ്യാന്‍ തീരുമാനിച്ചു എന്ന്  അറിഞ്ഞതോടെ ഈ പ്രോജക്ട് എല്ലാ ബഹുമാനത്തോടും കൂടി വേണ്ട എന്നു തീരുമാനിച്ചു. രൗദ്രം എന്ന പേരില്‍ പിന്നീട് എപ്പോഴെങ്കിലും സിനിമ ചെയ്യാം എന്നു കരുതുന്നു. നിലവില്‍ അങ്ങനെയൊരു പ്ലാന്‍ ഇല്ല’. ജയരാജ് പറഞ്ഞു. 

പ്രളയത്തിനു മുന്‍പ് കേരളത്തെ ഭീതിയുടെ കയങ്ങളിലേക്കെറിഞ്ഞ സംഭവമായിരുന്നു നിപ്പ വൈറസ് ബാധ. സര്‍ക്കാര്‍ സംവിധാനവും വൈദ്യ സമൂഹവും നടത്തിയ ധീരമായ നിലപാടുകളിലൂടെ ആ രോഗക്കെടുതിയെ നമ്മള്‍ അതിശയകരമായി അതിജീവിച്ചു. ഇതിഹാസ തുല്യമായ ഏടുകളായി മാറിയ ആ പോരാട്ടം സിനിമയാകുമ്പോള്‍ പ്രേക്ഷകര്‍ക്കും അതുപോലെ കൗതുകമുണ്ട്. രേവതിയും റിമ കല്ലിങ്കലും അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.