Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജബ ജബ ദിലീപിന്റെ മാത്രം സ്വന്തം; റാഫി ഓർത്തെടുക്കുന്നു

rafi-dileep

നാടുമുഴുവന്‍ കടമുണ്ടാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച ഉണ്ണി എന്ന യുവാവിന്റെ നൊമ്പരങ്ങളുടെ കഥയായിരുന്നു ഇരുപതു വര്‍ഷം മുന്‍പ് പഞ്ചാബി ഹൗസ്. വര്‍ഷങ്ങള്‍ക്കിപ്പുറം ഉണ്ണി എന്ന കഥാപാത്രം അപ്രസക്തമായി. സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ചു കൊടുക്കുന്ന രമണന്‍ എന്ന തൊഴിലാളിയുടെ അപൂര്‍വ ചെറുത്തുനില്‍പിന്റെ കഥയായി പഞ്ചാബി ഹൗസ്. 

എന്തിനേറെ, രമണന് ഫെയ്‌സ്ബുക്കില്‍ ഫാന്‍സ് ഗ്രൂപ്പുകളുണ്ടായി. ചപ്പാത്തി തിന്നാത്തതുകൊണ്ട് ഹിന്ദി പറയാന്‍ അറിയാത്ത രമണന്‍ നിരവധി ഹോട്ടലുകളുടെ ബ്രാന്‍ഡ് അംബാസിഡറായി. ഇതെല്ലാം കണ്ട് ഉള്ളു തുറന്നു ചിരിക്കുന്ന രണ്ടു പേരുണ്ട്. പഞ്ചാബി ഹൗസിന് ജീവന്‍ നല്‍കിയ റാഫിയും മെക്കാര്‍ട്ടിനും. റിലീസ് ചെയ്ത് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പഞ്ചാബി ഹൗസിനെക്കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ റാഫി മനസ്സുതുറന്നു. 

ട്രോളന്മാര്‍ക്കു നന്ദി

ഒരു സിനിമ ഇറങ്ങി 20 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിലെ സംഭാഷണങ്ങള്‍ ആളുകളുടെ നാവിന്‍തുമ്പില്‍ നിന്നു മായാതിരിക്കുന്നത് അത്ഭുതമാണ്. അതിന് നന്ദി പറയേണ്ടത് ട്രോളന്മാരോടാണ്. എല്ലാ ദിവസവും ടിവിയിലോ സോഷ്യല്‍ മീഡിയയിലോ പഞ്ചാബി ഹൗസിലെ ഏതെങ്കിലും ഒരു രംഗം ഉണ്ടാവും. നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിന്റെ അപ്പുറത്താകും ഓരോ ട്രോളുകളും. ഓരോ ദിവസവും പുതിയ തമാശകൾ‍.

ട്രോളന്മാരുടെ കണ്ടുപിടുത്തം ഞെട്ടിച്ചു

പഞ്ചാബി ഹൗസിലെ സംഭാഷണങ്ങള്‍ വച്ചുണ്ടാക്കുന്ന മീമുകള്‍ മിക്കവാറും ദിവസങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ അതില്‍ ഞെട്ടിപ്പിച്ചു കളഞ്ഞത് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഇന്‍സെപ്ഷന്‍ എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയ ട്രോള്‍ ആയിരുന്നു. ഇന്‍സെപ്ഷന് മുന്‍പെ മറ്റുള്ളവരുടെ സ്വപ്‌നത്തില്‍ കയറി വിവരങ്ങള്‍ അടിച്ചുമാറ്റിയ രമണനെ വച്ചുള്ളതായിരുന്നു ആ മീം. പഞ്ചാബി ഹൗസില്‍ നിന്ന് കോപ്പിയടിച്ച് ഉണ്ടാക്കിയതാണ് ഇന്‍സെപ്ഷന്‍ എന്നുവരെ ട്രോള്‍ ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരെ സമ്മതിക്കണം. 

ഒരു ഖൂർക്കയെ അച്ഛാ എന്ന് വിളിക്കാന്‍ നാണമില്ലേടാ

കേസു കൊടുക്കണം പിള്ളേച്ചാ

ഇന്‍സെപ്ഷന്‍ ട്രോളിന്റെ കഥ അവിടെ തീര്‍ന്നില്ല. ട്രോള്‍ കണ്ടിട്ട് ചിലര്‍ എന്നെ വിളിച്ചിരുന്നു. പഞ്ചാബി ഹൗസിന്റെ കഥ കോപ്പിയടിച്ചാണ് ഇന്‍സെപ്ഷന്‍ ഉണ്ടാക്കിയതെങ്കില്‍ കേസ് കൊടുക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചാണ് വിളിച്ചത്. ട്രോള്‍ ശരിക്കും അവര്‍ വിശ്വസിച്ചു പോയതാണോ അതോ എന്നെ ട്രോളിയതാണോ എന്നു സംശയിച്ചു പോയി. 

രണ്ടു തവണ എഴുതിയ തിരക്കഥ

ഒരുപാട് ആലോചലനകള്‍ ആ സംഭാഷണങ്ങള്‍ക്ക് പുറകിലുണ്ട്. ആദ്യം എഴുതിയപ്പോള്‍ തമാശ കുറവാണെന്നു തോന്നി വീണ്ടും മാറ്റി എഴുതി. അതൊരു ഗൗരവ സ്വഭാവമുള്ള കഥയായിരുന്നു. ആ രീതിയിലായിരുന്നു അതിനെ സമീപിച്ചത്. പിന്നീട് സമയം കിട്ടിയപ്പോള്‍ രണ്ടാമതു തിരുത്തലുകള്‍ വരുത്തി. അതിലാണ് കൂടുതല്‍ തമാശകള്‍ വന്നത്. ചെറിയ മാറ്റങ്ങള്‍ മാത്രമേ ലൊക്കേഷനില്‍ വച്ചു വരുത്തിയുള്ളൂ. ഭൂരിപക്ഷം തമാശകളും ഡയലോഗുകളും തിരക്കഥയില്‍ തന്നെ ഉണ്ടായിരുന്നു. 

അത് ദിലീപിനെ കഴിയൂ

ദിലീപ് കുറെ പ്രത്യേക ശബ്ദങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതില്‍ ജബാ ജബാ എന്നുള്ളതിന് പ്രാമുഖ്യം നല്‍കാമെന്ന് തോന്നി. അതു ആളുകള്‍ക്ക് ഇഷ്ടമായി. ഹിന്ദിയില്‍ ഈ ചിത്രം നിര്‍മിച്ചപ്പോള്‍ ദിലീപ് ചെയ്ത ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷാഹിദ് കപൂര്‍ ആയിരുന്നു. മൂകനായി പെരുമാറുന്ന രംഗങ്ങളില്‍ ഹിന്ദിയിലും ഡബ് ചെയ്യാന്‍ ദിലീപിനെ തന്നെ വിളിച്ചു. അത് ദിലീപിനെക്കൊണ്ടേ പറ്റൂ. വേറെ ആരെയും പറഞ്ഞു പഠിപ്പിക്കാന്‍ പറ്റില്ല. 

അത് ഒന്നല്ല.. രണ്ടെണ്ണം ഉണ്ടല്ലോ ..

ആ ഡയലോഗ് തിരക്കഥയിലുണ്ടായിരുന്നില്ല 

ജനാര്‍ദ്ദനന്റെ കഥാപാത്രം ഹരിശ്രീ അശോകനും ദിലീപിനും പണികള്‍ കൊടുക്കുന്ന രംഗത്തില്‍ അശോകനു വീണ്ടും വീണ്ടും പണി കിട്ടുന്ന ഭാഗമുണ്ട്. അതു കണ്ട് ദിലീപ് ചിരിക്കുന്നതും ആ ചിരിയെ ദിലീപ് തുമ്മലാക്കി മാറ്റുന്നതും മാത്രമായിരുന്നു തിരക്കഥയില്‍ ഉണ്ടായിരുന്നത്. ഷൂട്ടിങ് സമയത്ത് അവിടെ ഒരു കുറവ് തോന്നി. രമണന് ഒരു ഡയലോഗ് കൂടി വേണം. തീരുമ്പോള്‍ തീരുമ്പോള്‍ പണി തരാന്‍ ഞാനെന്താ കുപ്പീല്‍ നിന്നു വന്ന ഭൂതമാ എന്ന രമണന്റെ ഡയലോഗ് ജനിക്കുന്നത് ആ സ്‌പോട്ടിലാണ്. പിന്നീട് എല്ലാ ട്രോളന്മാരും ഏറ്റുപിടിച്ച ഡയലോഗ് നിര്‍ദേശിച്ചത് ദിലീപായിരുന്നു. 

ഡാന്‍സ് പറ്റില്ലെന്ന് ലാല്‍

അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കഥ കേട്ടിട്ട് തീരുമാനിക്കാമെന്നായിരുന്നു ലാലേട്ടന്‍ (സംവിധായകന്‍) പറഞ്ഞത്. ചെയ്യാമെന്ന് സമ്മതിച്ചെങ്കിലും ഡാന്‍സ് കളിക്കാന്‍ പറ്റില്ലെന്നായി അദ്ദേഹം. പണ്ട് ഞാനും ലാലേട്ടനുമൊക്കെ അടുത്തടുത്തുള്ള വീടുകളിലാണ് താമസിച്ചിരുന്നത്. ഞങ്ങളുടെ ചെറുപ്പത്തില്‍ ലാലേട്ടന്‍ നാട്ടിലെ കല്ല്യാണങ്ങള്‍ക്കൊക്കെ ഡാന്‍സ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. ആ ഓര്‍മയില്‍ ഞാന്‍ നിര്‍ബന്ധിച്ചു. കല്ല്യാണവീട്ടിലൊക്കെ ചെയ്യുന്ന പോലെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നു. 

എന്റെ ബുദ്ധി ഉപയോഗിച്ച് ഞാന്‍ എല്ലാം കണ്ടുപിടിച്ചു.. ഇവന്‍ മിണ്ടി

ഹനീഫിക്കയുടെ ചിരി

ഹനീഫിക്കയും ഞാനും എറണാകുളം ഷേണായീസില്‍ പോയാണ് സിനിമ കണ്ടത്. അവിടെ ചെറിയൊരു ബോക്‌സ് ഉണ്ട്. അവിടെ ഇരുന്നാല്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ പറ്റില്ല. സിനിമ നടക്കുമ്പോള്‍ തിയറ്ററിലെ ബാക്കിയുള്ളവരുടെ ചിരിയേക്കാള്‍ ഉച്ചത്തില്‍ ഹനീഫിക്കയുടെ ചിരി കേള്‍ക്കാമായിരുന്നു. തമാശകള്‍ വളരെയധികം ആസ്വദിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഉറക്കെയുള്ള ചിരി ഇപ്പോഴും എനിക്ക് കേള്‍ക്കാം. 

സിനിമയ്ക്ക് മുന്‍പേ എനിക്കറിയാവുന്നവര്‍ 

ഹനീഫിക്കയെ എനിക്കു സിനിമയിലെത്തുന്നതിന് മുന്‍പെ അറിയാം. എന്റെ അമ്മാവനൊക്കെ നാടകത്തില്‍ അഭിനയിക്കുമായിരുന്നു. ആ ട്രൂപ്പില്‍ ഹനീഫിക്കയും ഉണ്ടായിരുന്നു. ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റായിരുന്ന കാലം മുതല്‍ എനിക്ക് അശോകനെ അറിയാം. അവരുടെ കഴിവില്‍ എനിക്ക് നൂറു ശതമാനം വിശ്വാസം ഉണ്ടായിരുന്നു. 

ആദ്യം വേണ്ടെന്നു വച്ച നായിക 

ജോമോള്‍ മാത്രമായിരുന്നു നായികയായി ആദ്യം സിനിമയിലുണ്ടായിരുന്നത്. ദിലീപ് നേരത്തെ മോഹിനിയെ നിര്‍ദേശിച്ചെങ്കിലും തടി കൂടുതലാണെന്നു പറഞ്ഞു വേണ്ടെന്നു വച്ചു. മറ്റൊരു പുതുമുഖത്തെ വച്ച് ഒരു രംഗം ഷൂട്ട് ചെയ്തിരുന്നു. അന്ന് മോണിറ്റര്‍ ഒന്നുമില്ലല്ലോ. അതുകൊണ്ട് ആ രംഗം മാത്രം പ്രിന്റെടുത്തു കണ്ടു. അത് ശരിയാവുന്നില്ലെന്ന് തോന്നി. പിന്നീട് നായിക ഇല്ലാതെ 10 ദിവസം ഷൂട്ടിങ് നടന്നു. 

ഒടുവില്‍ ആ കഥാപാത്രമില്ലാതെ ഷൂട്ടിങ് മുന്നോട്ടു പോകില്ലെന്ന അവസ്ഥയെത്തി. അപ്പോഴാണ് മോഹിനി ഒരു പരിപാടിക്കായി കൊച്ചിയിലെത്തുന്നത്. നേരെ പോയി കാര്യങ്ങള്‍ സംസാരിച്ചു. തടി കൂടുതലായതിനാല്‍ ആദ്യം പരിഗണിച്ചില്ലെന്ന വിവരമൊക്കെ അവര്‍ അറിഞ്ഞിരുന്നു. എങ്കിലും അവര്‍ സമ്മതിച്ചു. പിറ്റെ ദിവസം തന്നെ ഷൂട്ടിങ്ങിനെത്തി. മറ്റൊരു ചിത്രത്തിനായി മോഹിനി ആംഗ്യഭാഷ പഠിച്ചിരുന്നതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. 

നീണ്ടു പോയ ഒത്തുചേരല്‍

പഞ്ചാബി ഹൗസിലെ എല്ലാവരെയും ഒരിക്കല്‍ കൂടി വിളിച്ചു ചേര്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വിളിക്കാമെന്നൊക്കെയാണ് കരുതിയിരുന്നത്. ഹനീഫിക്കയും മച്ചാന്‍ വര്‍ഗീസും ഇപ്പോഴില്ല. ഉള്ളവരെയൊക്കെ ഒരു ദിവസം ഒരുമിച്ചു ചേര്‍ക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ആ സിനിമ നടന്നില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന രീതിയില്‍ ഒരു സിനിമ ഹിന്ദിയില്‍ വന്നു. അതുകൊണ്ട് പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം തല്‍ക്കാലമില്ല. ഇനി സംഭവിച്ചുകൂടായ്കയില്ല.