നാദിർഷയുടെ ‘മേരാ നാം ഷാജി’; ബിജു മേനോന്‍, ആസിഫ് അലി, ബൈജു

മൂന്നു ഷാജിമാരുടെ കഥയുമായി മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ നാദിർഷ. മേരാ നാം ഷാജി എന്നുപേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ നായകന്മാരാകുന്നു.

തിരുവനന്തപുരം ഷാജിയായി ബൈജുവും കോഴിക്കോട് ഷാജിയായി ബിജു മേനോനും കൊച്ചി ഷാജിയായി ആസിഫ് അലിയും എത്തും. ശ്രീനിവാസൻ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിഖില വിമൽ ആണ് നായിക. കഥയിലെ നായിക എന്നൊരു ചിത്രം മുൻപ് സംവിധാനം ചെയ്തിട്ടുള്ള ദിലീപാണ് തിരക്കഥ നിർവഹിക്കുന്നത്.

സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥയാണിത്. തമാശയും ആക്‌ഷനും സസ്പൻസും സമാസമം ചേർത്ത അടിപൊളി എന്റർടൈനറായിരിക്കും മേരാ നാം ഷാജിയെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

നവംബർ 16ന് തിരുവനന്തപരുത്ത് ചിത്രീകരണം തുടങ്ങും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻ.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന മലയാളചിത്രമാണ് മേരാ നാം ഷാജി. ഇതിനിടെ കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് റീമേയ്ക്കും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ചിത്രം ഇപ്പോൾ അതിന്റെ അവസാനഘട്ടത്തിലാണ്.