Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

65 ലക്ഷത്തിന്റെ ബെൻസ് പ്രതിഫലം തന്നിട്ടും സ്ഫടികം 2 ചെയ്തില്ല: ഭദ്രൻ

bhadran-movie-mohanlal

65 ലക്ഷം വിലമതിക്കുന്ന മെഴ്സിഡീസ് ബെൻസ് കാർ പ്രതിഫലം പറഞ്ഞിട്ടും സ്ഫടികം 2 ചെയ്യേണ്ടെന്നു ഭദ്രൻ തീരുമാനിച്ചിട്ട് ഏകദേശം 21 വർഷമായി. ഇനി എത്ര ഗംഭീര തിരക്കഥയുമായി മറ്റാരെങ്കിലും സ്ഫടികം 2 ചെയ്യാൻ വന്നാലും അദ്ദേഹം ഒരിക്കലും അതു സമ്മതിക്കില്ല. അതുറപ്പിച്ചു പറയാൻ ഭദ്രനു വ്യക്തമായ കാരണങ്ങളുണ്ട്. ഭദ്രൻ മനസ്സുതുറക്കുന്നു....

പ്രേക്ഷകരുടെ സ്നേഹത്തിൽ അത്ഭുതമാണ് 

23 വർഷം കഴിഞ്ഞിട്ടും ഈ സിനിമയെ പ്രേക്ഷകർ ഇത്രയും സ്നേഹിക്കും‌ന്നുണ്ടെന്നു നമ്മൾ ഒരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ. സ്ഫടികം റിലീസ് ചെയ്ത കാലഘട്ടത്തിൽ പോലും തിയറ്ററിലെ കസേരകളിൽ കയറിയിരുന്നു കയ്യടിച്ചു കാണുന്ന പ്രേക്ഷകരെ ഒരു പത്തു തിയേറ്ററിൽ ഞാൻ നേരിട്ടുകണ്ടിട്ടുണ്ട്. 23 വർഷം കഴിഞ്ഞിട്ടും ആ സിനിമയെ ആളുകൾ ആപാദചൂ‍ഢം സ്നേഹിക്കുന്നു, മോഹൻലാൽ പറഞ്ഞ ഓരോ ഡയലോഗും ഇപ്പോഴും ഏറ്റുപറയുന്നു. അതൊരു അദ്ഭുതമായിട്ടാണ് എനിക്കു തോന്നുന്നത്. 

Spadikam Trailer Fanmade

ഞങ്ങൾ നേരത്തെ മദ്രാസിലാണു താമസിച്ചിരുന്നത് ആറേഴു വർഷമേ ആയിട്ടുള്ളൂ കേരളത്തിലേക്കു വന്നിട്ട്. ഇത്രയും വലിയൊരു ആരാധന ഈ സിനിമയോടുണ്ട് എന്നു മനസ്സിലാക്കുന്നത് ഇപ്പോഴാണ്.

മെഴ്സിഡീസ് ബെൻസ്=സ്ഫടികം 2

സ്ഫടികം റിലീസിനു ശേഷം രണ്ടു വർഷം കഴിഞ്ഞ് നിര്‍മാതാവ് ഗുഡ്നൈറ്റ് മോഹൻ എന്റെ വീട്ടിൽ വന്നു.  അന്നത്തെക്കാലത്ത് 65 ലക്ഷം രൂപ വില മതിക്കുന്ന മെഴ്സിഡീസ് ബെൻസ് - അദ്ദേഹം അത് ഒരു കൊല്ലമേ ഉപയോഗിച്ചുള്ളൂ- ഓഫർ ചെയ്ത് എന്നോടു പറഞ്ഞു, സ്ഫടികം 2 ചെയ്യണം. നിങ്ങളുടെ സിനിമയുടെ കഥയൊന്നും എനിക്കു പ്രശ്നമില്ല, രണ്ടു കാര്യങ്ങൾ ഈ സിനിമയിൽ ഉണ്ടായാൽ മതി. ഒന്ന്, ഇതിലെ തുണി പറിച്ച് ഇടി. രണ്ട്, കറുപ്പും ചുവപ്പും ഷോർട്സിട്ട് റയ്ബാൻ ഗ്ലാസ്സും വച്ചുള്ള രംഗം. 

ഞാൻ കുറച്ച് നേരം നിശബ്ദനായി ഇരുന്ന ശേഷം പൊട്ടിച്ചിരിച്ചു. അദ്ദേഹം ചോദിച്ചു, ‘നിങ്ങൾ എന്താ ചിരിക്കുന്നത്’. ഞാൻ പറഞ്ഞു ‘നിങ്ങൾ ഇത്രയും പണം മുടക്കി ഇത്രയും സമയമെടുത്ത് ഉണ്ടാക്കിയ സിനിമ രണ്ടു വർഷം കഴിഞ്ഞിട്ടും നിങ്ങൾക്കു മനസ്സിലായില്ലല്ലോ. ചെകുത്താൻ എന്നെഴുതിയ അപ്പൻ, തന്റെ  മകൻ ചെകുത്താനായിരുന്നില്ല, സ്ഫടികമായിരുന്നു എന്നു തിരിച്ചറിയുന്നതാണ് ആ സിനിമയുടെ കാതൽ’. 

bhadran-movie-mohanlal-1

‘അങ്ങനെ എന്നെന്നേക്കുമായി ചെകുത്താനെ മായിച്ച് സ്ഫടികം എന്നെഴുതിവച്ചു പോയ ആ അപ്പൻ വില്ലന്മാരാൽ കൊല്ലപ്പെടുകയും മകൻ ജയിലിലേക്ക് പോകുകയും ചെയ്യുന്നു. ആ മകൻ തിരിച്ചുവന്ന് വീണ്ടും ചെകുത്താനാകുമോ? അതിലൊരു മാറ്റം നമ്മൾ ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. പിന്നെ എങ്ങനെയാണ് അയാൾ വീണ്ടും ഗുണ്ടയുടെ വേഷമണിഞ്ഞ് ആ ജീവിതത്തിലേക്കു തിരിച്ചുപോകുന്നത്. എന്തായിരുന്നു ആടുതോമയുടെ പ്രശ്നം? എന്നെ മനസ്സിലാക്കാതെ, എന്റെ കുട്ടിക്കാലം മനസ്സിലാക്കാതെ, എന്നെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് എന്റെ പ്രതിഭയെയും പ്രകാശത്തെയും നല്ല വഴിക്കു തിരിക്കാതെ നിങ്ങൾ എന്നെ വളരെ മോശമായി വളർത്തിയതിന്റെ പ്രശ്നമാണ്. എന്ന് അപ്പൻ അതു മനസ്സിലാക്കിയോ അന്നു മകൻ മാറി സ്ഫടികമായി. അപ്പോൾ എങ്ങനെയാണ് ഒരു പാർട്ട് 2 ഉണ്ടാവുക’. ഇതാണു ഞാൻ മറുപടിയായി പറഞ്ഞത്. 

അപ്പോൾ പുള്ളി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു, ‘നിങ്ങൾക്കു ബെൻസ് വേണമെങ്കിൽ മതി’. എന്തുകൊണ്ട് അന്ന് പാർട്ട് 2 ഉണ്ടാക്കിയില്ല എന്നതിനുള്ള ഉത്തരമാണ് ഞാന്‍ ഇപ്പോൾ പറഞ്ഞത്. കാരണം ഇതിനൊരു പാർട്ട് 2 ഇല്ല. ഇതിനെവിടെയാണ് ഒരു പാർട്ട് 2 ഇരിക്കുന്നത്. എങ്ങനെയാണ് ഒരു പാർട്ട് 2 ഉണ്ടാക്കുന്നത്.

ഒരു പ്രത്യേക കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു കുടുംബത്തിലെ ഒരു അപ്പനും മകനും.  ആ മകൻ എന്തുകൊണ്ട് അങ്ങനെയായി, അയാൾ എന്താണിങ്ങനെ? അപ്പനിൽനിന്നു കിട്ടേണ്ട മാര്‍ഗനിർദേശങ്ങൾ ലഭിക്കാതെ തന്റെ സ്വപ്നങ്ങളെ ആ അപ്പൻ ചവറ്റുകുട്ടയിലിട്ട് അതു ചപ്പും ചവറുമായി കത്തിച്ചു കളഞ്ഞു. നമ്മുടെ അപ്പന്മാർക്കും അമ്മമാർക്കും അവരുടെ സ്വപ്നങ്ങളിലൂടെ മക്കൾ പോകണമെന്നാണ് ആഗ്രഹം. അതിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ആദ്യത്തെ സിനിമയായിരുന്നു സ്ഫടികം. 

Spadikam Lalettan Intro

അങ്ങനെയുള്ള സിനിമയുടെ രണ്ടാം ഭാഗമാണ് ആരോ പ്രഖ്യാപിച്ചിരിക്കുന്നത്. ആ വാർത്ത വന്നതിനു ശേഷം അതിലെ ആളുകളുടെ പ്രതികരണങ്ങൾ നോക്കുകയുണ്ടായി. അതിൽത്തന്നെ അവരുടെ വികാരം കാണാം. ഇതിനെതിരെ ഞാൻ പ്രതികരിച്ചതിനു ശേഷം എത്രയോ ആളുകളാണ് എന്നെ വിളിച്ചത്. 

ഇത്രയും ഭൂകമ്പം ഉണ്ടാക്കിയ ഒരു വാർത്തയ്ക്ക് വെറും രണ്ടുവാക്കിൽ ഞാൻ പറയാനുള്ളതു പറഞ്ഞു.  ഒരു കാരണവശാലും അതു രണ്ടാമതു നിർമിക്കുവാൻ സാധിക്കുകയില്ല. കാരണം അതിന്റെ തിരക്കഥയും സംവിധാനവും ഞാനാണ്. ഇനിയിപ്പോൾ സെക്കൻഡ് പാർട്ടിൽ ആടുതോമയ്ക്ക് ഒരു മകൻ ഉണ്ടായി  എന്നിരിക്കട്ടെ, ഒരു കാരണവശാലും ആ മകൻ റൗഡി ആകില്ല. കാരണം, തന്റെ ജീവിതം കളഞ്ഞു കുളിച്ചു എന്നു മനസ്സിലാക്കിയ തോമ, താൻ അപ്പനിൽനിന്നു പ്രതീക്ഷിച്ചതു തന്റെ മകനു നൽകും. അപ്പോൾ അതിനൊരു പാർ‌ട്ട് 2 ഇല്ല. 

മാത്രമല്ല, സ്ഫടികത്തിന്റെ 25 ാം വർഷം ഈ പടത്തിനെ ഇത്രയും സ്നേഹിക്കുന്ന ജനങ്ങൾക്കു വേണ്ടി ഡിജിറ്റലൈസ് ചെയ്ത പ്രിന്റ് വീണ്ടും തിയറ്ററുകളിലെത്തിക്കും. അതിന്റെ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കാരണം സിനിമകാണേണ്ടത് തിയറ്ററിലാണ്. 

പണത്തിനു വേണ്ടി സിനിമ ചെയ്യാറില്ല. അല്ലെങ്കിൽ ഇതിന്റെ പ്രൊഡ്യൂസർ ഓഫർ ചെയ്ത മെഴ്സിഡീസ് വാങ്ങി സ്ഫടികം 2 ചെയ്യാമായിരുന്നു.  പണമാണു വേണ്ടതെങ്കിൽ നമ്മൾ എവിടെയെങ്കിലും ശമ്പളക്കാരനായിരുന്നാൽ പോരേ. ചിലർ ചോദിക്കാറുണ്ട്, സാറിന്റെ പാലായിലെ വീടിന്റെ ഗേറ്റിൽ സ്ഫടികം എന്നെഴുതാൻ മേലേ എന്ന്. അപ്പോൾ ഞാൻ പൊട്ടിച്ചിരിക്കാറുണ്ട്. അവിടെ ഞാൻ തീർന്നു എന്നല്ലേ അതിന്റെയർഥം. 

bhadran-movie-mohanlal-2

എന്റെ അടുത്ത സിനിമ എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. കഴിഞ്ഞ ഫെബ്രുവരിയിൽ മോഹൻലാലുമായിട്ടുള്ള സിനിമ ശരിയായി വന്നതാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അതിന്റെ  ബജറ്റിന്റെ കുറച്ചു പ്രശ്നങ്ങളായി മാറ്റിവച്ചിരിക്കുകയാണ്.

സ്ഫടികത്തിനു ശേഷം മോഹൻലാലുമായി ആടുതോമയെപ്പറ്റി സംസാരിക്കാറുണ്ടോ?

ഒരു സിനിമ കഴിഞ്ഞാൽ പിന്നെ അതിനെപ്പറ്റി ഒരു ചർച്ചയ്ക്കും മോഹൻലാൽ നിന്നുകൊടുക്കാറില്ല. എനിക്കും ഇല്ല അങ്ങനെയുള്ള ചർച്ച. ഞാൻ ഒരു കാര്യംപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ, ഈ സിനിമ ടിവിയിൽ വരുമ്പോൾ ഇന്നുവരെ മര്യാദയ്ക്കു രണ്ടാമത് കണ്ടിട്ടില്ല. ലോകത്ത് ഇന്നോളം ഒരു സിനിമയും ഇതു പോലെ ഒരു പേ ചാനലിൽ ഇരുന്നൂറോളം പ്രാവശ്യം ടെലികാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.  

തുണി പറിച്ച് ഇടിയോ മുട്ടനാടിന്റെ ചോര കുടിക്കുന്ന രംഗമോ റയ്ബാൻ ഗ്ലാസോ ഒന്നുമല്ല ആളുകളെ വശീകരിച്ചത്. അതിൽ ശക്തമായ ഒരു പ്രമേയം ഉണ്ട്. ഒരു കിളിയെ പറക്കാൻ പഠിപ്പിക്കേണ്ട ആവശ്യമില്ല, കിളിയുടെ സ്വഭാവമാണത്. ചിറകുകൾ ഉണ്ടെങ്കില്‍ അതു പറന്നോളും. നമ്മൾ നല്ലൊരു ആവാസം സൃഷ്ടിക്കുക, നല്ലൊരു പ്രകൃതി സ‍ൃഷ്ടിക്കുക, അതിന് ഇരിക്കാനുള്ള മരങ്ങൾ വച്ചു പിടിപ്പിക്കുക, കാടുകൾ ഉണ്ടാക്കുക, നിലനിർത്തുക അത്രയുമേ ആവശ്യമുള്ളൂ. അതുപോലെ മക്കൾക്കു വളരാനുള്ള സാധ്യതകളും നമ്മൾ സൃഷ്ടിച്ചു കൊടുക്കുക. 

Spadikam Intro

ഇന്നതു മതി, ഇന്നതു ചെയ്താലേ നീ മിടുക്കനാകൂ എന്നു മക്കളോടു പറയാൻ പറ്റില്ല. എന്റെ അപ്പൻ ആഗ്രഹിച്ചപോലെ  പോയിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഒരു ഫിലിം മേക്കറാവില്ല. ഈ ലോകത്ത് എവിടെയാണെങ്കിലും സ്ഫടികം എന്ന സിനിമയുടെ പേരെങ്കിലും കേൾക്കാത്ത മലയാളി ഉണ്ടാകുമോ. എന്റെ പേര് ചിലപ്പോൾ കേട്ടു കാണില്ല, എന്നെ അറിയുകയുമില്ലായിരിക്കും. പക്ഷേ സ്ഫടികം എല്ലാവരും കേട്ടിട്ടുമുണ്ട് കണ്ടിട്ടുമുണ്ട്. അത് എല്ലാവരുടെയും മനസ്സിൽ വളർന്നുകൊണ്ടിരിക്കും. ഒരിക്കലും ആ സിനിമ മരിക്കുകയില്ല. അതു കാലത്തെ അതിജീവിച്ച് മുന്നേറിക്കൊണ്ടിരിക്കും. 24 വർഷം അതിജീവിച്ചല്ലോ, ഇനിയും അൻപതും നൂറും വർഷം ഈ സിനിമ ജീവിക്കും. 

എങ്ങനെയാണ് സിൽക്ക് സ്മിതയുടെ ലൈല എന്ന കഥാപാത്രം വരുന്നത്

മണലുവാരുന്ന ഒരു സ്ത്രീയുടെ എല്ലാ തഞ്ചവും ഒള്ള ഒരു സ്ത്രീ. അതാണ് ആ കഥാപാത്രം. കുറച്ചു സുന്ദരിയുമായിരിക്കണം. പാലായിൽ മീനച്ചിലാറ്റിൽ മണലുവാരുന്ന സ്ത്രീകളെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്. അവർക്ക് ആ വേഷം വളരെ ഇഷ്ടമായിരുന്നു. അവിടെ നിന്നാണു ലൈല വരുന്നത്. സിൽക്ക് സ്മിതയും കഥാപാത്രത്തിൽ വളരെ പ്രതീക്ഷയിലായിരുന്നു. അന്നു സിനിമകളിൽ കാബറെ ഡാൻസ് വേഷങ്ങളാണ് അവർ ചെയ്തിരുന്നത്.

നമ്മൾ അവരെ വ്യത്യസ്തമായിട്ടാണ് ഉപയോഗിച്ചത്. മാത്രമല്ല ചീത്തയായ ഒരു സീനും ഇല്ലായിരുന്നു. പുറംലോകം അറിയാത്തൊരു ബന്ധമാണ് ലൈലയും തോമയും തമ്മിൽ ഉണ്ടായിരുന്നത്. 

മൂന്നുവർഷമെടുത്ത സ്ഫടികം

രണ്ടു മൂന്നു വർഷമെടുത്തു ഈ സിനിമയുടെ തയാറെടുപ്പിനു വേണ്ടി. എത്രയോ പ്രാവശ്യം കഥ മാറ്റിയെഴുതി. സിനിമ കാണുമ്പോൾ ശ്രദ്ധിച്ചാൽ മതി,  ബാലൻസ്ഡ് ആയിരുന്നു. സിനിമ ഓടാൻ േവണ്ടി കമേഴ്സ്യലായി ഒന്നും ചേര്‍ത്തില്ല. ഇന്ത്യൻ സിനിമയുടെ ഒരു ശാപമാണ് സിനിമയിൽ രണ്ടു ഫൈറ്റ് സീൻ വന്നാൽ ഓടുമെന്ന്. അതൊന്നുമല്ല. വളരെ തന്റേടിയായ പരുക്കനായ തോമ. പെങ്ങളെ പൊലീസ് സ്റ്റേഷനിൽ പിടിച്ചു വച്ചാൽ തോമ പൊലീസ് സ്റ്റേഷനിൽ കയറിച്ചെല്ലും. അങ്ങനെ ആണത്തമുള്ള ക്യാരക്ടർ ആയിരുന്നു തോമയുടേത്.

bhadran-movie-mohanlal-4

സിനിമ തുടങ്ങുന്നതു തന്നെ തോമയുെട ചങ്കൂറ്റത്തില്‍ നിന്നാണ്. ‘എടാ പൂക്കോയി കഴുവേർട മോനെ’ ആദ്യ ഡയലോഗ് അതാണ്. കഴുവേർട മോനെ എന്നത് അത്ര ചീത്ത വാക്കൊന്നുമല്ല കേട്ടോ. നമ്മുടെ നാട്ടിൻപുറത്തൊക്കെ  പഴയ കാർന്നോൻമാരും വല്യമ്മച്ചിമാരുമൊക്കെ അങ്ങനെ വിളിക്കും. കഴുവേറുക എന്ന് പറഞ്ഞാൽ മരിക്കുക എന്നാണർഥം. അവൻ ആറ്റിൽ ചാടി കഴുവേറിപ്പോയി എന്നൊക്കെ പറയും. ഒരു ദുർമരണം എന്നോ അല്ലെങ്കിൽ അവന്റെ കയ്യിലിരിപ്പു കൊണ്ട് കള്ളും കുടിച്ചു കൊണ്ട് പോയി അല്ലെങ്കിൽ വണ്ടി തട്ടിപ്പോയി എന്നോ പറയുന്ന അർഥം. അല്ലാതെ തെറി അല്ല.

ആരുവന്നാലും അനുവാദം കൊടുക്കില്ല

നമ്മുടെ അനുവാദമില്ലാതെ സ്ഫടികം 2 ചെയ്യാനാകില്ല. എന്നോടു ചോദിച്ചാലും അനുവാദം കൊടുക്കില്ല; എന്തു വലിയ കഥ കൊണ്ടുവന്നാലും. ഇനി ഇതിനൊരു രണ്ടാം പാർട്ട് ഉണ്ടെങ്കിൽ തന്നെ അതു ഇങ്ങനെ നമുക്ക് ആലോചിക്കാം – ജയിലിൽ നിന്നിറങ്ങിയ ആടു തോമയ്ക്ക് തന്റെ സ്വപ്നങ്ങളെ പൂവണിയിക്കാൻ കഴിഞ്ഞില്ല.  തന്റെ മകനെയോ മകളെയോ താനാഗ്രഹിച്ച ദിശയിലേക്കു ദിശാബോധത്തോടെ വളർത്താൻ ആഗ്രഹിക്കുന്ന ഒരു പിതാവ്. അവിടെനിന്നു വഴിമാറിപ്പോകേണ്ടി വരുന്ന മകൻ, അങ്ങനെ എന്തെങ്കിലും. പക്ഷേ അതിലൊരു പഞ്ചില്ല. 

നമ്മൾ അതിമനോഹരമാക്കിയ ഒരു ക്രിസ്റ്റൽ താഴെ വീണ് 36 കഷണങ്ങളാക്കി എന്ന് സങ്കൽപിക്കുക. വീണ്ടും ഒട്ടിച്ചു വച്ചാൽ അതിനു പഴയ ഭംഗിയുണ്ടാവില്ല. അതുപോലെയാണ് സിനിമയും. സിനിമയ്ക്ക് ഒരു പഞ്ച് വേണം, ഒരു ബഞ്ച് മാർക്ക് വേണം. അതുകൊണ്ട് പാർട്ട് 2 എടുക്കേണ്ട കാര്യമില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.