Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡ്വാൻസ് വാങ്ങി, മണിയാണു നായകനെന്നറിഞ്ഞപ്പോൾ ആ നടൻ പിന്മാറി: വിനയൻ

Vinayan Interview

കലാഭവൻമണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി’യാണ് ഇപ്പോൾ സംസാരവിഷയം. സിനിമ നാളെ പുറത്തിറങ്ങുമ്പോൾ അതിൽ മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തൊക്കെ സസ്പെൻസുകളാണ് ഒളിച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും. ചിത്രത്തെക്കുറിച്ച് മനോരമ ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുകയാണ് സംവിധായകൻ വിനയൻ.

ട്രെയിലർ പോലെ തന്നെ ആകാംക്ഷ നിറഞ്ഞതാകുമോ ചിത്രവും?

തീർച്ചയായും, മണിയുടെ ജീവിതം അതേപടി പകർത്തിയാൽ സിനിമയ്ക്കുള്ള എല്ലാ ചേരുവയും ഉണ്ടാകില്ല. അതിനാൽ തന്നെ ഇതൊരു ബയോപിക് അല്ല. കലാഭവൻമണി എന്ന നടന്റെ ജീവിതവും കഷ്ടപ്പാടുകളും സിനിമയിലെ വളർച്ചയും സമൂഹത്തിലെ ഇടപെടലുകളുമെല്ലാം ചേർന്നൊരു ചിത്രമാണിത്. കറുപ്പിന്റെ അല്ലെങ്കിൽ ദലിത് വികാരത്തിന്‍റെ പേരിൽ മാറ്റിനിർത്തപ്പെട്ട മണിയുടെ കഥയാണിത്. 

vinayan-mani-actor

ദേശീയ പുരസ്കാരം ലഭിച്ചില്ലെന്നറിഞ്ഞ് ബോധംകെട്ടു വീണ മണിയെ മാത്രമേ നമുക്കറിയൂ. നമുക്കതൊക്കെ ഒരു തമാശയായിരുന്നു. എന്നാൽ അതിനു പിന്നിലുള്ള അയാളുടെ വേദന ആരും കണ്ടില്ല. മാറ്റിനിർത്തപ്പെടലുകളും. ഇന്നായിരുന്നെങ്കിൽ മണിക്ക് പുരസ്കാരം ലഭിച്ചേനെ എന്ന് നൂറുവട്ടം ഞാൻ പറയുന്നു. 

ഒരു ചലച്ചിത്ര പുരസ്കാരത്തിന് നടന് അവാർഡ് കൊടുത്തത് അയാളുടെ പ്രായം പരിഗണിച്ചാണെന്ന് ജൂറിയായ ജോൺപോൾ സാർ തന്നെ പറഞ്ഞിരുന്നു. അന്ന് ആ നടന് മുപ്പതു വയസായിരുന്നു പ്രായം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മണിയുടെ പ്രായം വെറും 26 വയസാണ്. ആ പ്രായത്തിലുള്ള ഒരാൾ അത്രയൊക്കെ അഭിനയിക്കുമ്പോൾ അത് കാണാതിരുന്നുകൂടാ. ഇങ്ങനെയുള്ളവരെ അംഗീകരിക്കണമെന്ന് അന്നും ഞാൻ പറഞ്ഞിട്ടുള്ളതാണ്. 

പട്ടിണികിടന്നും കക്കാവാരിയും ഒാട്ടോ ഒാടിച്ചുമെല്ലാം ജീവിതവഴികൾ താണ്ടിയ ഒരു ദലിതൻ സിനിമയിൽ മറ്റൊരാളൊടൊപ്പം അല്ലെങ്കിൽ അതുപോലെ തന്നെ അഭിനയിക്കുമ്പോൾ അയാളെ പരിഗണിക്കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. രണ്ടുപേരുടേയും പശ്ചാത്തലം നോക്കണം. ഇന്ദ്രൻസിനു പുരസ്കാരം കിട്ടിയതൊക്കെ മാറ്റത്തിന്റെ പ്രതീകമായി കാണുന്നു.

അതേസമയം തന്നെ സിനിമയിലും മാറ്റിനിർത്തലുകൾ ഒക്കെ ഉണ്ട്. ഇന്ദ്രൻസിനും സുരാജിനുമൊക്കെ നായികമാരെ കിട്ടുന്നില്ലെന്ന് ഒരിക്കൽ നമ്മൾ വായിച്ചിട്ടില്ലേ?

മണിയുടെ പ്രിയപ്പെട്ട പാടിയും, മരണവും ഒക്കെ സിനിമയിൽ വിഷയമാകുന്നു?

മണിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ഇതിൽ വിഷയമാകുന്നുണ്ട്. മണിയുടെ ജീവിതത്തിലെ ഇഷ്ടസ്ഥലമായിരുന്നു പാടി. അവിടെ വച്ചാണ് മരണപ്പെടുന്നത്. ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പാടിയിലെ ഭാഗങ്ങളാണ്. മണിയുടെ മരണവും സിനിമയിലുണ്ട്. അതേസമയം മണിയുടെ മരണത്തിന്റെ ദുരൂഹതയും മാറിയിട്ടില്ല, സിബിഐ അന്വേഷിക്കുകയാണ്. മരണത്തിൽ എനിക്കു മനസിലായ കാര്യങ്ങളാണ് ഇതിൽ അവതരിപ്പിക്കുന്നത്. ജനങ്ങൾ അത് ചർച്ച ചെയ്യട്ടെ. പറവൂർ സെറ്റിട്ടാണ് പാടി ചിത്രീകരിച്ചത്. 

നടിയെപ്പോലെതന്നെ നടന്മാരും മണിയോടൊപ്പം അഭിനയിക്കാൻ മടിച്ചിട്ടില്ലേ?

പ്രമുഖ നടന്‍മാരൊക്കെ മണി ദലിതനാണ്, കറുത്തതാണ് എന്ന പേരിൽ മണി നായകനായ ചിത്രത്തിൽ നിന്ന്് പിന്മാറിയിട്ടുണ്ട്. എന്നാൽ മണി പിന്നീട് പ്രശസ്തനായപ്പോൾ ചേർത്തുപിടിച്ചവരാണിവരെല്ലാം. ഇതെല്ലാം  അറിഞ്ഞു കൊണ്ട് തന്നെ മണി ഇവരെയെല്ലാം പിന്നീട് സഹായിച്ചിട്ടുമുണ്ട്. ഇതിൽ ഹണി റോസ് അവതരിപ്പിക്കുന്നത് മണിയോടൊപ്പം അഭിനയിക്കില്ലെന്നു പറഞ്ഞ നടിയെ മാത്രമല്ല, അവനോട് സിനിമയിലുള്ളവർ കാണിച്ച മുഴുവൻ അവഗണനയുമുണ്ട്. 

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ ജനാർദനൻ ചെയ്ത ചായക്കടക്കാരന്റെ വേഷത്തിൽ അഭിനയിക്കേണ്ടിയിരുന്നത് ഒരു പ്രമുഖ നടനായിരുന്നു. 25000 രൂപ അഡ്വാൻസും വാങ്ങിയതാണ് ഇൗ ചിത്രത്തിനായി. എന്നാൽ മണിയെ നായകനായി നിശ്ചയിച്ചു എന്നറിഞ്ഞതോടെ അഡ്വാൻസ് നിർമാതാവിനെ തിരിച്ചേൽപ്പിച്ചു.  മണി പ്രശസ്തനായ ശേഷം ഇദ്ദേഹം മണിയുടെ തോളിൽ കയ്യിട്ടു നടക്കുന്നത് കണ്ടിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ മണിയുടെ സഹായം തേടുന്നതും മണി സഹായിക്കുന്നതും. ‘എന്താടാ മണി ഇതൊക്കെ’ എന്ന് ചോദിച്ചപ്പോൾ നമ്മളെ കൊണ്ടാവുന്നത് ചെയ്യുന്നു സാറേ എന്നു പറഞ്ഞിട്ടുമുണ്ട്. 

മരിക്കണമെങ്കിൽ ആരെങ്കിലും കൊല്ലണമെന്ന് പറയുന്ന ഡയലോഗ്?

അത്രയ്ക്കു ശക്തനായിരുന്നു മണി. പിന്നെ സിനിമയ്ക്ക് വേണ്ടി ചില ഡയലോഗുകളും സന്ദർഭങ്ങളുമൊക്കെ ചേർക്കും. അത് സിനിമ കാണുമ്പോൾ എല്ലാവർക്കും മനസിലാകും. മണിയുടെ നന്മകളൊക്കെ വരും തലമുറ അറിയണം. ദലിതനായി വന്ന് മലയാള സിനിമ കീഴടക്കിയ മണിയുടെ ജീവിതം പുതിയ തലമുറയിലെ കുട്ടികൾക്കൊരു പാഠമായിരിക്കും.

സിനിമയെച്ചൊല്ലി വിവാദങ്ങൾ ഭയമുണ്ടോ?

വിവാദങ്ങൾ കണ്ടു ഭയപ്പെടുന്ന ആളല്ല ഞാൻ. ആരെങ്കിലും വിവാദമുണ്ടാക്കിയാൽ ‍അപ്പോൾ സത്യസന്ധമായി  മറുപടി കൊടുക്കും, വിവാദമുണ്ടാക്കാനായി എടുത്ത സിനിമയല്ലിത്. വിനയൻ മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.