Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തിക്കര പക്കി കൊച്ചുണ്ണിയെ നിഷ്പ്രഭമാക്കുമോ?; സഞ്ജയ് അഭിമുഖം

sanjay-script-writer

കായംകുളം കൊച്ചുണ്ണി എന്ന നല്ലവനായ മോഷ്ടാവിനെക്കുറിച്ച് വായ്മൊഴിയായി പറഞ്ഞുകേട്ട കഥകൾ അനവധിയാണ്. അതുപോലെയാണ് കായംകുളം കൊച്ചുണ്ണി എന്ന സിനിമയെക്കുറിച്ചുമുള്ള കഥകൾ. മോഹൻലാലിനെയും നിവിൻ പോളിയെയും ബന്ധപ്പെടുത്തി നിരവധി ട്രോളുകൾ ചിത്രത്തിന്റെ റിലീസിനു മുൻപെ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. 

അതിഥിതാരമായി എത്തുന്ന ഇത്തിക്കര പക്കി, കായംകുളം കൊച്ചുണ്ണിയുടെ പകിട്ട് അടിച്ചു മാറ്റുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കാത്തിരിപ്പിനൊടുവിൽ, ഒരു പ്രളയത്തെ അതിജീവിച്ച് കായംകുളം കൊച്ചുണ്ണി പ്രദർശനത്തിനെത്തുകയാണ്. സിനിമയെക്കുറിച്ചും സിനിമയെ ചുറ്റിപ്പറ്റിയുള്ള ട്രോളുകളെക്കുറിച്ചും തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ് മനോരമ ഓൺലൈനിനോട് മനസ്സുതുറന്നു. 

എന്തുകൊണ്ട് നിവിൻ പോളി?

കായംകുളം കൊച്ചുണ്ണി ഒരു ആക്‌ഷൻ ഹീറോ മാത്രമല്ല. അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നു. പിന്നീടാണ് ഒരു കള്ളനാകുന്നത്. ആ സാധാരണത്വവും അയാളിലുണ്ടാകുന്ന മാറ്റവും സിനിമയിൽ കാണിക്കേണ്ടതുണ്ട്. അങ്ങനെയാണ് നിവിൻ പോളിയിലേയ്ക്കെത്തുന്നത്. ആ കഥാപാത്രത്തോട് നിവിൻ 100 ശതമാനവും നീതി പുലർത്തിയിട്ടുണ്ട്. ആ കഥാപാത്രത്തിനു രണ്ടു ഭാവങ്ങളുണ്ട്. അവ രണ്ടും അതിസമർത്ഥമായി അദ്ദേഹം ചെയ്തിരിക്കുന്നു. അതിൽ യാതൊരു തർക്കവുമില്ല.

kayamkulam-kochunni-movie-set-8.jpg

സിനിമയ്ക്കൊപ്പം നിവിനുണ്ട്

ഷൂട്ടിങും ഡബിങ്ങും തീരുന്നതോടെ സിനിമയിൽ നിന്നു മാറുന്ന വ്യക്തിയല്ല നിവിൻ പോളി. ആ സിനിമയുടെ കൂടെ അദ്ദേഹം ഉണ്ടാകും. ഇപ്പോൾ പോലും സിനിമയുടെ ഓരോ കാര്യത്തിലും അദ്ദേഹത്തിന് ആ കരുതലുണ്ട്.  160 ദിവസം ഷൂട്ടിങിനു വേണ്ടി അദ്ദേഹം നൽകി. നിവിനെപ്പോലുള്ള ഒരു താരം ഇത്രയും ദിവസം ഒരു ചിത്രത്തിനു വേണ്ടി മാറ്റി വയ്ക്കുന്നത് വലിയ കാര്യമാണ്. ഇപ്പോഴും ഈ ചിത്രത്തിനു വേണ്ടി അദ്ദേഹം സമയം കണ്ടെത്തുന്നു.

ഇത്തിക്കര പക്കി കൊച്ചുണ്ണിയെ നിഷ്പ്രഭമാക്കുമോ?

സിനിമ കണ്ടു കഴിയുമ്പോൾ ഇത്തിക്കര പക്കിയെക്കാളും ആരാധകർ, കായംകുളം കൊച്ചുണ്ണി നേടുമോ എന്നു പറയാൻ കഴിയില്ല. ഇത്തിക്കര പക്കി നല്ലൊരു കഥാപാത്രമാണ്. കായംകുളം കൊച്ചുണ്ണി ഇതിലെ കേന്ദ്രകഥാപാത്രമാണ്. അത്രയേ ഇപ്പോൾ പറയാൻ കഴിയൂ. മോഹൻലാലിനെ പോലൊരാൾ സിനിമയിലേക്കു വരുമ്പോൾ അതിന്റെ ഒരു പ്രധാന ആകർഷണം അദ്ദേഹമാകും. അത് സാധാരണമാണ്. ഈ സിനിമയിൽ മോഹൻലാൽ വരുന്നെന്ന് കേട്ടപ്പോൾ ഏറ്റവും അധികം സന്തോഷിച്ചതും നിവിൻ ആയിരുന്നു. 

kochunni-lal

ആ ട്രോളുകൾ ഏറ്റവും അസ്വദിക്കുന്നത് നിവിൻ

നിവിൻ പോളിയെയും മോഹൻലാലിനെയും വച്ചുള്ള ട്രോളുകൾ ശ്രദ്ധിക്കാറുണ്ട്. ആ ട്രോളുകൾ ഏറ്റവും അസ്വദിക്കുന്നത് നിവിനാണ്. അവയൊക്കെ ഷെയർ ചെയ്ത് ഞങ്ങൾ ചിരിക്കാറുണ്ട്. എന്തായിരിക്കും ട്രോളന്മാർ കണ്ടെത്തിയിരിക്കുക എന്ന കൗതുകം തീർച്ചയായും ഉണ്ടാകാറുണ്ട്. 

റോഷനെ വിശ്വസിച്ചു, ലാലേട്ടൻ എത്തി

തിരക്കഥ എഴുതിക്കഴിഞ്ഞപ്പോൾ ഇത്തിക്കര പക്കി എന്ന കഥാപാത്രം ആരു ചെയ്യും എന്നതിനെക്കുറിച്ചു യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. മോഹൻലാലിനെപ്പറ്റി ആലോചിച്ചിരുന്നു എന്നതല്ലാതെ അദ്ദേഹം ഒരു അതിഥി വേഷത്തിലെത്തുമെന്നൊന്നും  പ്രതീക്ഷിച്ചിരുന്നില്ല. ആ കഥാപാത്രത്തെ തീരുമാനിക്കാതെയാണ് ഷൂട്ടിങ് തുടങ്ങിയത്. അതിനിടെ സംവിധായകൻ റോഷൻ ആൻഡ്രൂസ് ഈ കഥാപാത്രത്തിന്റെ കാര്യം മോഹൻലാലിനോടു സംസാരിച്ചു. കേട്ടപാടെ അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. റോഷനിലുള്ള വിശ്വാസമാണ് അദ്ദേഹം ഈ ചിത്രത്തിലേക്ക് എത്താൻ കാരണം. 

kayamkulam-kochunni-movie-set.jpg

ഐതിഹ്യത്തിലെ കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും

ഇത്തിക്കരയും കായംകുളവും അടുത്തടുത്തുള്ള സ്ഥലങ്ങളാണ്. ഇവ തമ്മിൽ വലിയ അകലമില്ല. രണ്ടു പേരും പാവങ്ങൾക്കു വേണ്ടി മോഷ്ടിച്ചവരാണ്. കായംകുളം കൊച്ചുണ്ണിയുടെ ഒരു മുൻഗാമിയാണ് ഇത്തിക്കര പക്കി എന്നു വേണമെങ്കിൽ പറയാം. ഇവർ എപ്പോഴെങ്കിലും കണ്ടുമുട്ടിയിരിക്കുമോ എന്നുള്ള ഒരു ചിന്തയിൽ നിന്നാണ് ഇത്തിക്കര പക്കി, കായംകുളം കൊച്ചുണ്ണിയിൽ പ്രത്യക്ഷപ്പെടുന്നത്. 

kayamkulam-kochunni-movie-3

ആളു കേറാത്തതുകൊണ്ടല്ല റിലീസ് മാറ്റിയത്

തിയറ്ററിൽ ആളു കേറില്ല എന്നതുകൊണ്ടല്ല ഓണക്കാലത്തു സിനിമ റിലീസ് ചെയ്യാതിരുന്നത്. നമ്മുടെ നാട് വലിയൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിൽ സിനിമ റിലീസ് ചെയ്യുന്നത് ഉചിതമല്ലെന്നു തോന്നി. അങ്ങനെയൊരു സമയത്തല്ല സിനിമ റിലീസ് ചെയ്യേണ്ടത്. ആ സമയം, നമ്മൾ പ്രളയബാധിതർക്കൊപ്പം നിൽക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടു റിലീസ് മാറ്റി. 

ഇത് ചരിത്രസിനിമയല്ല

ഇത് ചരിത്രം എന്നു പറയാനാവില്ല. ചരിത്രത്തിനും ഐതിഹ്യത്തിനും ഇടയിൽ നിൽക്കുന്ന ഒരു കഥയാണ്. ചരിത്രപുരുഷനേക്കാൾ ഐതിഹ്യ കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണി. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലാണ് കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. അങ്ങനെയൊരാൾ ജീവിച്ചിരുന്നു. എന്നാൽ വളരെ കുറച്ച് രേഖകളെ അതുമായി ബന്ധപ്പെട്ടു ലഭ്യമായിട്ടുള്ളൂ. എന്നാൽ ആ കഥാപാത്രത്തെ വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യം തീർച്ചയായും തിരക്കഥാകൃത്തുക്കൾ എന്ന നിലയിൽ എടുത്തിട്ടുണ്ട്.  

kayamkulam-kochunni-movie-set-1.jpg

ആ ഉത്തരം സിനിമയിലുണ്ട്

ഞങ്ങളുടെ ഒരു സുഹൃത്ത് ഫാ. ബോബി ജോസാണ് കായംകുളം കൊച്ചുണ്ണിയുടെ പേരിലുള്ള ക്ഷേത്രത്തെക്കുറിച്ചു പറയുന്നത്. കായംകുളം കൊച്ചുണ്ണി ഒരു ദൈവസങ്കല്പം ആകണമെങ്കിൽ ഇദ്ദേഹം വെറുമൊരു കള്ളൻ ആയിരിക്കില്ലല്ലോ! കൊച്ചുണ്ണി എന്ന മുസൽമാന്റെ പേരിൽ ക്ഷേത്രമുണ്ടാകുക, അവിടെ പ്രാർത്ഥിക്കാനായി ഭക്തരെത്തുക ഇവയൊക്കെ കൗതുകമുള്ള അറിവുകളായിരുന്നു. ഒരു കള്ളൻ ദൈവസങ്കലപ്മായി എങ്ങനെ വളർന്നു, ഇതൊക്കെ തിരക്കഥയെ സ്വാധീനിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം ഈ സിനിമയിലൂടെ നൽകാൻ ശ്രമിച്ചിട്ടുണ്ട്. 

ആദ്യമായല്ല ബിഗ്ബജറ്റ് ചിത്രം

ബിഗ്ബജറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ആദ്യമായല്ല. കാസനോവ എന്ന ചിത്രവും വലിയ പ്രൊജക്ടായിരുന്നു. കാസനോവ എന്ന സിനിമ ആ കാലത്ത് വലിയ ചിത്രമായിരുന്നു. അന്നു അത് ഓടിയില്ലായിരുന്നു. പക്ഷേ, അതൊരു വലിയ ക്യാൻവാസിൽ ഒരുക്കിയ ചിത്രമായിരുന്നു. ആ കാലത്ത് ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു അത്. എന്നാൽ, ചരിത്രവും ഐതിഹ്യവും കൂട്ടിയിണക്കി ഈയൊരു അളവിലൊരു ചിത്രം ആദ്യമായാണ്.

ചെറുപ്പം മുതൽ മോഹിപ്പിച്ച കഥ

കായംകുളം കൊച്ചുണ്ണി എന്ന സിനിമ ചെയ്യണമെന്നു ഒരു സുപ്രഭാതത്തിൽ തോന്നിയതല്ല. വളരെക്കാലമായി ഈ കഥ മനസിലുണ്ടായിരുന്നു. അമർ ചിത്രകഥാകാലം തൊട്ടു മനസിൽ ഉണ്ടായിരുന്ന ഒരു ആശയമായിരുന്നു. ആ കഥാപാത്രത്തെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങൾ സിനിമയിൽ വന്ന കാലം മുതൽ എന്നെങ്കിലും ഇതൊന്നു ചെയ്യണമെന്ന് ആലോചിച്ചിരുന്നു. 

എന്നാൽ ഗൗരത്തോടെ ആ വിഷയത്തെ സമീപിച്ചിരുന്നില്ല. ആയിടയ്ക്ക് ഒരു ചർച്ചയ്ക്കിടെ യാദൃച്ഛികമായി ഈ വിഷയം റോഷൻ ആൻഡ്രൂസിനോടു പറയുകയായിരുന്നു. റോഷനും ആ കഥാപാത്രത്തെക്കുറിച്ച് ഒരുപാടു വായിച്ചിട്ടുണ്ടെന്നു മനസിലായി. അതുകൊണ്ട് ഒട്ടും പ്രയാസമുണ്ടായില്ല. പിന്നെ, ഗോകുലം മൂവീസ് എന്നൊരു ശക്തമായ പ്രൊഡക്​ഷന്റെ പിന്തുണയും കൂടിയായപ്പോൾ ധൈര്യമായി. എന്നിട്ടാണ് തിരക്കഥയിലേക്കു കടക്കുന്നത്.

പാട്ടിനുവേണ്ടിയുള്ള പാട്ടുകളില്ല

ഈ സിനിമയിൽ നാലു പാട്ടുകളുണ്ട്. അതിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളൂ. ബാക്കിയുള്ളവ കഥയോടു വല്ലാതെ ചേർന്നുകിടക്കുന്നതാണ്. ആ പാട്ടുകൾ തിയറ്ററിൽ കാണണം. പാട്ടിനുവേണ്ടിയുള്ള പാട്ടുകളല്ല, കഥയോടു ചേർന്നു കിടക്കുന്ന പാട്ടുകളാണ്. ഇതിലൊരു നാടൻപാട്ടും ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളുടെ ഒരു സുഹൃത്ത് ഡോ.അജുവിന്റെ പുസ്കത്തിലുള്ള ഒരു നാടൻപാട്ടാണ് അത്. 

ഒരു പ്രാവശ്യം കൂടി ചെയ്താലും ഇതു തന്നെയായിരിക്കും

കായംകുളം കൊച്ചുണ്ണി ഇനി ഒരു പ്രാവശ്യം കൂടെ ചെയ്യാൻ പറഞ്ഞാലും ഇതായിരിക്കും ഞങ്ങൾ ചെയ്യുക.  ഈ സിനിമയ്ക്കായി ഞങ്ങളുടേതായ എല്ലാ പരിശ്രമവും ചെയ്തിട്ടുണ്ട്. ജനങ്ങൾ കാണാനിഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി. മലയാളികൾക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷ.