Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യത്യസ്ത ലുക്കിൽ ടൊവീനോ; ‘എന്റെ ഉമ്മാന്റെ പേര്’ ഫസ്റ്റ്ലുക്ക്

ente-ummante-peru

ടൊവീനോ തോമസ് നായകനായെത്തുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മനോരമ ഒാൺലൈനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത്. ടൊവീനോയെയും ഉർവശിയെയും പോസ്റ്ററിൽ കാണാം. സിനിമയുടെ പേര് പോലെ തന്നെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ, നർമത്തിൽ ചാലിച്ച് പറയാൻ ശ്രമിക്കുകയാണ് നവാഗതനായ ജോസ് സെബാസ്റ്റ്യൻ. സിനിമയുടെ കഥയും ജോസ് തന്നെ.

കോമഡി ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ ഉർവശിയാണ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നത്. ഹരീഷ് കണാരൻ, മാമൂക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ എന്നിങ്ങനെ വലിയതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ നായിക ആരാണെന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 

jose-director ജോർഡി, ജോസ് സെബാസ്റ്റ്യൻ

പതിവ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ടൊവീനോ ചിത്രത്തിൽ അവതരിപ്പിക്കുക. മലബാറി മുസ്ലീം ആയ ഹമീദ് എന്ന ചെറുപ്പക്കാരനായി ടൊവീനോ എത്തുന്നു. സ്വന്തം ഉമ്മയെ തേടിയുള്ള മകന്റെ യാത്രയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

സിനിമയുടെ സാങ്കേതികവശങ്ങളിലും വമ്പൻമാരാണ്. സംഗീതം ഗോപിസുന്ദർ, എഡിറ്റിങ് മഹേഷ് നാരായണൻ, ആർട്–സന്തോഷ് നാരായണൻ. സ്പാനിഷ് ഛായാഗ്രാഹകൻ ജോർഡി പ്ലാനെൽ ആണ് ക്യാമറ. നിർമാണം ആന്റോ ജോസഫും സി. ആർ സലിമും ചേർന്ന് നിർവഹിക്കുന്നു. ജോസ് സെബാസ്റ്റ്യൻ, ശരത് ആർ. നാഥ് എന്നിവരാണ് തിരക്കഥ.

ഓസ്ട്രേലിയയിൽ ഫിലിം സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ജോസ് സെബാസ്റ്റ്യന്റെ ആദ്യസംവിധാന സംരംഭമാണ് എന്റെ ഉമ്മാന്റെ പേര്. ലിജോ ജോസ് പെല്ലിശേരിയുടെ അസോഷ്യേറ്റായും പ്രവർത്തിച്ചിട്ടുണ്ട്.