Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശനങ്ങളിൽ ആശങ്കയില്ല: കുക്കു പരമേശ്വരൻ

kukku-parameshwaran-amma

താരസംഘടനയായ അമ്മയിലെ വനിതാ സെല്ലിന്റെ പ്രവർത്തന നിലപാടു വ്യക്തമാക്കി കുക്കു പരമേശ്വരൻ. സെൽ രൂപീകരിച്ചത് അമ്മയിലെ അംഗങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവർക്കു വന്നു സംസാരിക്കാനുള്ള ഇടമുണ്ടാക്കാനുമാണ്. മറ്റുള്ള സംഘടനകൾ അതിനെ എങ്ങനെ കാണുന്നു, അവരെന്തു ചിന്തിക്കുന്നു, സാമൂഹ്യമാധ്യമങ്ങളിൽ എന്തു പറയുന്നു എന്നതിൽ ആശങ്കയില്ലെന്ന് മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ കുക്കു പരമേശ്വരൻ വ്യക്തമാക്കി. 

ഇന്നലെ കൊച്ചിയിൽ ചേർന്ന നിർവാഹകസമിതി യോഗത്തിലാണ് കുക്കു പരമേശ്വരൻ, പൊന്നമ്മ ബാബു, കെപിഎസി ലളിത എന്നിവരെ ആഭ്യന്തര പ്രശ്നപരിഹാര സമിതിയിലേക്ക് തെരഞ്ഞെടുത്തത്. ഇക്കാര്യം അമ്മ പ്രസിഡന്റ് മോഹൻലാൽ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു. അമ്മ നേതൃത്വത്തിനെതിരെ രേവതി, പദ്മപ്രിയ, പാർവതി എന്നിവർ പരസ്യമായി രംഗത്തെത്തിയതിനു ശേഷമാണ് അടിയന്തരമായി നിർവാഹകസമിതി യോഗം ചേർന്നത്. 

പ്രശ്നപരിഹാരം കൂട്ടായ പ്രവർത്തനമാണ്

ഇന്നലെയാണ് നിർവാഹക സമിതി തീരുമാനമെടുത്തത്. കമ്മിറ്റിയിൽ പേരു നിർദേശിക്കുന്നതിനു മുൻപ് ഞങ്ങളെ വിളിച്ച് ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുമോ എന്നു ചോദിച്ചിരുന്നു. അതിനു ശേഷമാണ് പ്രസിഡന്റ് മോഹൻലാൽ ഔദ്യോഗികമായി പേരുകൾ മാധ്യമങ്ങളെ അറിയിച്ചത്. ഞങ്ങളുമായി ഒരു യോഗം ചേരണമെന്ന് അറിയിച്ചിട്ടുണ്ട്. തീയതി തീരുമാനിച്ചിട്ടില്ല. അതിനു മുൻപ്, ഞങ്ങൾ മൂന്നു പേരും നേരിൽ കാണേണ്ടതുണ്ട്. ഞങ്ങൾ എങ്ങനെയാണ് മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നതെന്ന് അവരോടു പറയണം. അവരെന്താണ് നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കണം. അതൊരു കൂട്ടായ പ്രവർത്തനമാണ്. ആ യോഗം കഴിയാതെ മുഴുവൻ കാര്യങ്ങൾ പറയാൻ കഴിയില്ല. 

വിമർശനങ്ങളിൽ ആശങ്കയില്ല

സാമൂഹ്യമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ല. അമ്മയിലെ അംഗങ്ങളാണ് പറയുന്നതെങ്കിൽ, ശരിയാണ്... ആശങ്കപ്പെടേണ്ടതുണ്ട്. ചർച്ച ചെയ്യേണ്ടതുണ്ട്. അമ്മ ഒരു സ്വതന്ത്ര സംഘടനയാണ്. ഈ സംഘടനയുടെ ഉള്ളിലെ പ്രശ്നങ്ങൾ ഞങ്ങൾ തന്നെ തീർക്കേണ്ടതാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ പലരും പല വിഷയങ്ങളിലും അഭിപ്രായം പറയും. ആരുടെ സ്വകാര്യതയും അവർക്കു പ്രശ്നമല്ല. അമ്മയിലെ അംഗങ്ങളുടെ താൽപര്യങ്ങളാണ് ഞങ്ങൾക്കു മുന്നിലുള്ളത്. 

മറ്റു സംഘടനകളുടെ നിലപാടുകൾ ബാധിക്കില്ല

മറ്റു സംഘടനയുടെ കാര്യങ്ങൾ ഞാൻ പറയേണ്ടതില്ല. അമ്മയുടെ നിർവാഹക സമിതിയാണ് തീരുമാനം എടുക്കേണ്ടത്. അവർ എടുത്ത തീരുമാനം അനുസരിച്ച് അമ്മയിൽ എന്നെപ്പോലെ തന്നെ ഭാരവാഹി ആയ ഒരാളോട് വ്യക്തിപരമായി പോയി ചോദിക്കേണ്ട കാര്യമില്ല. ഡബ്ല്യുസിസി അല്ലെങ്കിൽ അതുപോലുള്ള മറ്റു സംഘടനകളിൽ എന്തു നടക്കുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. എന്റെ മുൻഗണന അമ്മയാണ്. അമ്മയിൽ പരാതിപ്പെടാതെ, അതിൽ വിശ്വാസമില്ലെന്നു പറയുന്നതിൽ അർത്ഥമില്ല. അമ്മയിൽ ഭിന്നത ഇല്ല. അമ്മയിലെ അംഗങ്ങൾക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടം കണ്ടെത്താനാണ് ശ്രമമാണിത്. അമ്മ എന്ന സംഘടനയ്ക്കാണ് അവിടെ പ്രധാന്യം നൽകുന്നത്.