Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൽ എന്തിനാണ് ഇത്തിക്കര പക്കിയായത് ?

ഉണ്ണി കെ. വാരിയർ (ക്ലാപ്സ്)
സ്പെഷല്‍ കറസ്പോണ്ടന്‍റ്
mohanlal-ithikkarapakki

എന്തിനാണു മോഹൻലാ‍ൽ ഇത്തിക്കര പക്കിയാകാൻ പോയത്. അതും നിവിൻപോളിയെപ്പോലെ എത്രയോ ജൂനിയറായ ഒരു നടൻ നായകനായ സിനിമയിൽ. നിവിൻതന്നെ ടൈറ്റിൽ കഥാപാത്രമായി വരുമ്പോൾ അവിടെ ലാലിനെന്തുകാര്യം? 

മോഹൻലാൽ എന്ന നടനെ തിരിച്ചറിയേണ്ടത് ഇവിടെയാണ്. പ്രതിഫലത്തുക കൂട്ടാമെന്നു പറഞ്ഞാലൊന്നും സൂപ്പർ താരങ്ങൾ ഒരു സിനിമയിലും രണ്ടാം റോളിൽ അഭിനയിക്കില്ല. അങ്ങിനെ ചെയ്യുന്നതുകൊണ്ടു ഒരു കുഴപ്പവും ഉണ്ടായിട്ടല്ല. ദക്ഷിണേന്ത്യയിലെ ഒരു നായകനും അത്തരമൊരു മനസ്സില്ല. ഒരിക്കൽ രണ്ടാം നിരയിലേക്കിറങ്ങിയാൽ അതു എക്കാലത്തെയും ഇറക്കമാകുമെന്നു പലരും വിശ്വസിക്കുന്നു. അതിലുമുപരി കൂടെ അഭിനയിക്കുന്ന ചെറുപ്പക്കാരൻ കത്തിക്കയറിയാൽ അതോടെ കാറ്റുപോകുമെന്നും കരുതുന്നു. ഇവിടെയാണു ലാലിനെ തിരിച്ചറിയേണ്ടത്. 

Thjanajana Naadam Video Song | Kayamkulam Kochunni | Mohanlal | Nivin Pauly | Gopi Sunder | Rosshan

ലാൽ എന്ന മനുഷ്യന്റെ സൗഹൃദത്തിന്റെയും സിനിമാപ്രേമത്തിന്റെയും ചിത്രമാണ് കായംകുളം കൊച്ചുണ്ണി എന്ന സിനിമ. എന്തുകൊണ്ടു സമ്മതിച്ചുവെന്നു ലാലിനോടു ചോദിച്ചിരുന്നു. അന്നു ലാൽ പറഞ്ഞതു രണ്ടു കാര്യമാണ്. ആ സിനിമയുടെ പശ്ചാത്തലവും കഥയും വേഷപ്പകിട്ടും കേട്ടപ്പോൾ എനിക്കു താൽപര്യം തോന്നി. ആ സിനിമയുടെ വിജയത്തിനു ഞാൻ എന്ന നടൻ സഹായകമാകുമെന്നു പറഞ്ഞപ്പോൾ ആ വേഷം ചെയ്യണമെന്നും തോന്നി. കുറച്ചു സമയമാണെങ്കിലും ഞാൻ ചെയ്യുന്ന വേഷത്തിനു അതിന്റെതായ ഭംഗിയും കരുത്തുമുണ്ടെന്നു ബോധ്യപ്പെടുകയും ചെയ്തു. ഞാൻ പ്രതീക്ഷിക്കുന്നതു എപ്പോഴും ശരിയാകണമെന്നില്ല. പക്ഷെ ഇത്തവണ ശരിയായി എന്നതു സന്തോഷമുള്ള കാര്യമാണ്. 

kayamkulam-kochunni-collection

ലാൽ തുടർന്നു... റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനെ എനിക്കറിയാം. അയാൾ ചെയ്ത സിനിമകളും അറിയാം. ആ ചെറുപ്പക്കാരന്റെ മനസ്സിനു എന്തെങ്കിലും നൽകാനാകുമെങ്കിൽ അതു നൽകണം എന്നു തോന്നി. നിവിൻ പോളിയും  എന്നോടു സംസാരിച്ചിരുന്നു. എന്നോടൊപ്പം അഭിനയിക്കുന്നതിലെ സന്തോഷമാണു നിവിൻ പറഞ്ഞത്. അങ്ങിനെയൊരു പുതിയ നായകൻ പറയുന്നത് വലിയ കാര്യമല്ലേ. ഇത്രയും വലിയൊരു പ്രോജക്റ്റിനു എന്റെ സാന്നിധ്യം സഹായകമാകുമെന്നുതോന്നിയപ്പോൾ അഭിനയിച്ചതാണ്. ഇതു സ്ഥിരമായി ചെയ്യാനാകില്ല.പക്ഷെ ചില സമയങ്ങളിൽ ചില സിനിമകളിൽ നാം അറിയാതെ അഭിനയിച്ചുപോകും. ’ ലാൽ പറഞ്ഞു. 

ഇതിനു മുൻപും ഇതുപോലെയുള്ള അവസരങ്ങളിൽ ലാലിനെ കണ്ടിട്ടുണ്ട്. കൈലാസയാത്രയ്ക്കുപോകാൻ നാലു മാസത്തോളമായി ഒരുങ്ങിയ ശേഷം യാത്രയുടെ രണ്ടു ദിവസം മു ൻപു ലാൽ പിന്മാറി. അതിനു പറഞ്ഞ കാരണം ലാൽ എന്ന മനുഷ്യനിലേക്കുള്ള വെളിച്ചമായിരുന്നു. ‘ഈ യാത്ര നീണ്ടുപോകുകകയോ എനിക്കെന്തിലും പറ്റുകയോ ചെയ്താൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയിൽ വലിയ പണം നഷ്ടമാകുമെന്നു അതിന്റെ നിർമ്മാതാവു എന്നോടു നേരിട്ടല്ലാതെ പറഞ്ഞു. അതുകൊണ്ടു ആ മനുഷ്യന്റെ മനസമാധാനമാണു എനിക്കു കൈലാസത്തെക്കാൾ വലുതായി തോന്നിയത്. മടങ്ങി വരുന്നതുവരെ അയാളുടെ ഉറക്കം കെടുത്തിയിട്ടെന്തുകാര്യം. കൈലാസം നമുക്കായി അവിടെത്തന്നെ ഉണ്ടാകുമല്ലോ.’ 

kayamkulam-kochunni-review-1

മോഹൻലാൽ എല്ലാ നന്മയും നിറഞ്ഞവനാണെന്നു പറയുകയല്ല. ഈ മനുഷ്യന്റെ അകത്തു മോശക്കാരനായ ലാലും ഉണ്ട്. എന്നാലും  ഇത്തരം മനോഹരമായ ചില നിമിഷങ്ങൾ ഈ മനുഷ്യൻ ഓർക്കാനായി തരും എന്നു മാത്രം പറഞ്ഞതാണ്. സിനിമയിലും വലുതായി എന്തെങ്കിലും ഈ മനുഷ്യനുണ്ടെന്നു തോന്നിയിട്ടില്ല.സൗഹൃദങ്ങൾ പോലും മുറിഞ്ഞുപോകുന്നതു സിനിമയുടെ പേരിലാണ്. എവിടെയെങ്കിലും പോകുമ്പോൾ പറയുന്നതു തിരിച്ചുവന്നു അഭിനയിക്കുന്ന സിനിമയെക്കുറിച്ചാണ്. 

എന്തെല്ലാം കുറ്റം പറഞ്ഞാലും ഇത്തിക്കരപ്പക്കിയെന്ന ചെറിയ വേഷം ചെയ്തു നായകനു താഴെയായി ഈ മനുഷ്യൻ നിൽക്കാൻ തീരുമാനിച്ചതിനു പുറകിൽ രണ്ടു കാരണങ്ങളെയുള്ളു.വേഷത്തോടുള്ള സ്നേഹവും റോഷനോടുള്ള സൗഹൃദവും.