Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നീ ധൈര്യമായി ചെയ്യടാ’ ലാലിന്റെ ആശീർവാദത്തോടെ ജീൻ അഭിനയത്തിലേക്ക്

jean-paul-lal

ലാലിനെ മലയാളി അറിയുക സംവിധായകനായും നടനായുമാണ്; ആ ലാലിന്റെ മകനെ നമ്മളറിയുന്നത് മിടുക്കനായ ഒരു യുവസംവിധായകൻ എന്ന നിലയിലും. സംവിധാനത്തിൽ തുടങ്ങി അഭിനയത്തിലേക്കു കൂടു മാറിയ അച്ഛന്റെ വഴിയേ തന്നെ ലാൽ ജൂനിയർ എന്ന ജീൻ പോൾ ലാൽ നടന്നു തുടങ്ങുകയാണ്. വഴി ഒന്നു മാറിയെങ്കിലും അതു താൽക്കാലികമാണെന്നും സംവിധാനം തന്നെയാണ് തന്റെ മേഖലയെന്നും ജീൻ ഉറപ്പിച്ചു പറയുന്നു. അണ്ടർവേൾഡ് എന്ന, താൻ അഭിനയിക്കുന്ന പുതിയ സിനിമയെക്കുറിച്ച് ജീൻ മനോരമ ഒാൺലൈനിനോട് സംസാരിക്കുന്നു. 

അഭിനയത്തിലേക്കെത്താൻ വൈകിയത് ?

അഭിനയിക്കാൻ അങ്ങനെ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. അരുൺ ചേട്ടനും (സംവിധായകൻ അരുൺ കുമാർ അരവിന്ദ്) ഞാനും ഒരു ക്രിക്കറ്റ് ടീമിൽ കളിക്കുന്ന ആളുകളാണ്. ഒരിക്കൽ ഇങ്ങനെയൊരു കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം എന്നോടു ചോദിച്ചു. കേട്ടപ്പോൾ എനിക്കും താൽപര്യം തോന്നി. അങ്ങനെ സമ്മതിക്കുകയായിരുന്നു. അരുൺ ചേട്ടന്റെ സിനിമയായതു കൊണ്ട് വലിയ ആലോചന വേണ്ടി വന്നില്ല. പക്ഷേ അഭിനയിക്കാൻ നേരത്തെ പദ്ധതിയൊന്നും ഇല്ലായിരുന്നു. 

അണ്ടർവേൾഡ് എന്ന സിനിമയിലെ കഥാപാത്രം ?

സോളമൻ എന്നാണ് ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ പേര്. സമ്പന്നമായ ഒരു കുടുംബത്തിലെ അംഗമാണ് സോളമൻ. കുറച്ച് നെഗറ്റീവ് ടച്ചുള്ള, പക്വതയാർന്ന കഥാപാത്രം. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടില്ലാത്തിനാൽ ബാക്കി കാര്യങ്ങൾ പിന്നീടു മാത്രമേ പറയാൻ സാധിക്കൂ. 

under-world-movie

ഇൗ സിനിമയുടെ ജോണർ  ?

ഇൗ കഥ കേട്ടപ്പോൾ ഞാൻ വളരെ എക്സൈറ്റഡായി. ഇതിൽ  ആക്‌ഷനുണ്ട്, ഡ്രാമയുണ്ട്, മൊത്തത്തിൽ പല തലങ്ങളുള്ള ഒരു തിരക്കഥയാണ്. ചെയ്യാൻ‍ നല്ല രസമുള്ള പടമായിരിക്കും. ‌

കഥാപാത്രത്തിനായി വേണ്ടി വരുന്ന ഗെറ്റപ്പ് ?

കഥാപാത്രത്തിനായി അഭിനേതാവിന്റെ ലുക്കിൽ എന്തു മാറ്റം വേണമെങ്കിലും വരുത്തണം എന്നുള്ളതാണ് എന്റെ നിലപാട്. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ എന്റെ അഭിനേതാക്കളിൽനിന്നു പ്രതീക്ഷിക്കുന്നതും അതാണ്. പടത്തിനായി താടി വെട്ടേണ്ടി വരുമെന്ന് തോന്നുന്നു. കോസ്റ്റ്യം ഡിസൈനർ അക്കാര്യം സൂചിപ്പിച്ചിരുന്നു. 

കഥാപാത്രത്തിനായി എന്തെങ്കിലും തയാറെടുപ്പുകൾ ?

അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. എനിക്ക് ഇൗ ലൊക്കേഷനുകൾ വളരെ പരിചിതമാണ്. സംവിധായകനായാലും അഭിനേതാക്കളായാലും അവരുടെ മാനസികാവസ്ഥ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സ്ക്രീനിൽ കാണുന്നവരെ ആളുകൾ കൂടുതൽ അറിയുന്നു എന്നു മാത്രം. സിനിമയുടെ സമയത്ത് ഇവരെല്ലാവരും ഒരേ തലത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് എനിക്ക് ഒരു വലിയ ടെൻഷൻ തോന്നുന്നില്ല. ക്യാമറയുടെ മുന്നിൽ എത്തുമ്പോൾ ഇൗ ധൈര്യം പോകുമോ എന്നും അറിയില്ല. ചെയ്തിട്ടില്ലാത്ത ജോലി ആയതിനാൽ ഒരു ചെറിയ പേടി ഉണ്ട്. പക്ഷേ അരുൺ ചേട്ടൻ എന്തെങ്കിലും കണ്ടിട്ടാവുമല്ലോ എന്നെ തിരഞ്ഞെടുത്തത്. അതുകൊണ്ട് ഇനിയിപ്പൊ ഞാൻ മോശമായാലും അരുൺ ചേട്ടന്റെ കുഴപ്പം ആണെന്ന് പറയാമല്ലോ എന്ന ആശ്വാസത്തിലാണ്. 

ആസിഫ് അലിക്കൊപ്പം അഭിനയം ?

ആസിഫിന്റെ ഒപ്പമാണ് അഭിനയിക്കേണ്ടത് എന്നു കേട്ടപ്പോൾ എന്റെ ടെൻഷൻ ഒരുപാട് കുറ‍ഞ്ഞു. ആസിഫ് എന്റെ വളരെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ ഒപ്പമാകുമ്പോൾ എനിക്ക് കുറച്ചു കൂടി ഫ്രീ ആയി ചെയ്യാൻ പറ്റുമെന്ന് ഒരു തോന്നൽ. ഞാൻ ഇതേക്കുറിച്ച് ആസിഫിനോട് സംസാരിച്ചിരുന്നു. ആസിഫ് പറഞ്ഞു, നീ പേടിക്കേണ്ടെടാ അരുൺ‌ ചേട്ടൻ അതു  നന്നാക്കും, അറിയാതെ തന്നെ നമ്മുടെ ഉള്ളിൽ നിന്ന് സാധനം ഒക്കെ എടുക്കും, നല്ല രസമാണ് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ എന്നൊക്കെ. ആസിഫ് ഉറപ്പായും ഒരു കംഫർട്ട് ഫാക്ടറാണ്. 

അച്ഛനോട് അനുവാദം ?

ഇങ്ങനെ ഒരു ഒാഫർ വന്നെന്നു കേട്ടപ്പോൾ, പപ്പ ഇതിന്റെ തിരക്കഥ ഒന്നു വായിച്ചു നോക്കുമോ എന്നു  ഞാൻ ചോദിച്ചു. സിനിമയുടെ രചയിതാവ് ഷിബിൻ ഫ്രാൻസിസ് അമേരിക്കയിലായിരുന്നു. അദ്ദേഹം അവിടെനിന്ന് ഫോണിലൂടെ പപ്പയോട് കഥ പറഞ്ഞു. ഇതു കൊള്ളാം നല്ല സാധനമാണ് നീ ചെയ്തോ എന്നാണ് പപ്പ എന്നോടു പറഞ്ഞത്. അതിനു ശേഷമാണ് ഞാൻ സമ്മതം മൂളിയത്. 

എന്താണ് അദ്ദേഹം നൽകിയ ഉപദേശം ?

കുഴപ്പമൊന്നുമില്ല, നീ ടെൻഷൻ ഇല്ലാതെ ചെയ്താൽ മതി എന്നാണ് പപ്പ പറഞ്ഞത്. നേരത്തെ 2.5–ൽ ചെറിയ കഥാപാത്രമായപ്പോഴും ഞാൻ പപ്പയോട് അഭിപ്രായം ചോദിച്ചിരുന്നു. എന്തെങ്കിലും കുഴപ്പം വന്നാൽ അപ്പോൾ നോക്കാം എന്നാണ് പപ്പ പറഞ്ഞത്. 

അഭിനയത്തിൽ തുടരുമോ, സംവിധാനത്തിലേക്ക് മടങ്ങുമോ ?

അഭിനയമല്ല സംവിധാനം തന്നെയാണ് എന്റെ പ്രധാന ജോലി. പക്ഷേ നല്ല കഥാപാത്രങ്ങൾ വന്നാൽ അഭിനയിക്കണം എന്നാണ് ആഗ്രഹവും. ഇപ്പോൾ ഒരു സിനിമ ചെയ്തു, എന്നു വച്ച് ഇനി അഭിനയം കരിയറാക്കാം എന്നൊന്നും വിചാരിക്കുന്നില്ല. 

അഭിനയിക്കാനുള്ള ആത്മവിശ്വാസം  ?

ഇപ്പോൾ ഇങ്ങനെ ചോദ്യങ്ങൾ വരുമ്പോഴാണ് ഞാൻ അതേക്കുറിച്ചൊക്ക ചിന്തിക്കുന്നത്. സത്യത്തിൽ എന്റെ ലൊക്കേഷനിൽ എനിക്ക് സംവിധായകൻ, നടൻ എന്നൊക്കെ വ്യത്യാസങ്ങൾ തോന്നിയിട്ടില്ല. സംവിധാനം ചെയ്യുന്ന സമയത്ത് എല്ലാവരുടെയും മുന്നിൽ വെച്ച് ഞാനും അഭിനയിച്ച് കാണിക്കും. എനിക്ക് അപ്പോൾ ചമ്മൽ ഒന്നും തോന്നിയിട്ടില്ല. 

jean-paul-wife

ഭാര്യയും അമ്മയും പറയുന്നത് ?

സംവിധാനം ചെയ്യുന്ന സമയത്ത് ഞാൻ  ഒാവർ സ്ട്രെയിൻ എടുക്കുന്ന കൂട്ടത്തിലാണ്. കുറച്ചു കൂടുതൽ വർക്ക്ഹോളിക്കാണ് ഞാൻ. അഭിനയം ആകുമ്പോൾ ഞാൻ കുറച്ചു കൂടി റിലാക്സ്ഡ് ആകുമെന്നാണ് അവർ  പറയുന്നത്. എല്ലാവരും സന്തോഷത്തിലാണ്. എന്നെക്കൊണ്ട് സിംപിളായി ചെയ്യാൻ സാധിക്കുമെന്ന് അവർ പറയുന്നു. 

അഭിനയത്തിൽ മാതൃക ?

ഒരുപാടു പേരുണ്ട്. പപ്പയുടെ പ്രകടനം കാണുമ്പോൾ അദ്ഭ‍ുതം തോന്നാറുണ്ട്. അതുപോലൊന്നും ചെയ്യാൻ എന്നെക്കൊണ്ട് ഒരിക്കലും സാധിക്കില്ല. ചുമ്മാ ചെയ്തു നോക്കാം എന്നേയുള്ളു. അഭിനയം എന്നത് മനസ്സിൽ പോലും വിചാരിക്കത്ത ഒന്നായിരുന്നതു കൊണ്ട് ഇങ്ങനത്തെ ഒരു നടനാവണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. നാനാ പടേക്കറെ ഒക്കെ വളരെ ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തെ പോലെ അഭിനയിക്കണം എന്നു ഞാൻ ആഗ്രഹിച്ചാൽ അത് അഹങ്കാരമായിപ്പോകും.