Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്പരാജ്: പേടിച്ചുവിറപ്പിച്ച ആ ‘രാക്ഷസൻ’, മലയാളി

vinod-sagar-ratsasan-actor

സിനിമയിലെ ചില കഥാപാത്രങ്ങളെ കണ്ടിറങ്ങുമ്പോൾ, അവനിട്ടൊന്നു പൊട്ടിക്കാമായിരുന്നെന്ന് തോന്നിയ നിമിഷങ്ങളില്ലേ? അത് അവതരിപ്പിക്കുന്ന നടന്റെ കഴിവുകൂടിയാണ് ഈ തോന്നലിനു പിന്നിൽ. തമിഴിലും കേരളത്തിലും സൂപ്പര്‍ഹിറ്റായ രാക്ഷസൻ എന്ന സിനിമയിൽ അങ്ങനെയൊരു കഥാപാത്രമുണ്ട്. സിനിമയിലെ യഥാര്‍ഥ വില്ലനേക്കാള്‍ ദേഷ്യവും പേടിയും വെറുപ്പും പ്രേക്ഷകര്‍ക്കു തോന്നിയത് ഈ കഥാപാത്രത്തോടാണ്. രാക്ഷസന്‍ എന്ന സിനിമ കണ്ടവരാരും ഇമ്പരാജ് എന്ന അധ്യാപകനെ മറക്കില്ല. 

മലയാളിയായ വിനോദ് സാഗർ ആണ് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. ചോദിച്ചു വാങ്ങിയ വേഷത്തെ ഗംഭീരമാക്കിയതിന്റെ ത്രില്ലിലാണ് വിനോദ്‍. 

മലയാളിയാ പക്ഷേ...

അച്ഛന്റെ നാട് കൊല്ലത്തും അമ്മയുടെ നാട് ഒറ്റപ്പാലത്തുമാണ്. രണ്ടിടത്തും ഞാന്‍ പോയിട്ടില്ല. രണ്ടു മൂന്നു തലമുറകളായി ഞങ്ങള്‍ തമിഴ്‌നാട്ടില്‍ തന്നെയാണ്. അച്ഛന്‍ ആനന്ദന്‍ ജ്യോത്സ്യന്‍ ആയിരുന്നു. അമ്മ രമണി, ഒരു അനുജനുണ്ട്, മനോജ് സാഗര്‍. മലയാളം വായിക്കാന്‍ അറിയില്ലന്നേയുള്ളൂ. നന്നായി സംസാരിക്കും. ഭാര്യ പ്രജിഷ കോഴിക്കോട്ടുകാരിയാണ്. രണ്ടു മക്കളുമുണ്ട്, രോഹിത് ക്രിഷും, വിവിധ് ക്രിഷും. കൃഷ്ണന്‍ എന്നത് ചുരുക്കി അല്‍പം സ്റ്റൈല്‍ ആക്കിയതാണീ ക്രിഷ്. എന്റെ ഭാര്യയുടെയും അവളുടെ അനുജത്തിയുടേയും പണിയാണ്. അച്ഛനും അമ്മയും മരിച്ചു.

ram-kumar-vinod-sagar ചിത്രത്തിൽ ക്രിസ്റ്റഫറെ അവതരിപ്പിച്ച ശരവണൻ, സംവിധായകൻ രാം കുമാർ, വിനോദ് സാഗർ

സ്‌കൂളിലേ തുടങ്ങി!

ഒരു കോണ്‍വെന്റ് സ്‌കൂളിലാണ് പഠിച്ചത്. അവിടെ കുട്ടികളെ എപ്പോഴും എന്തെങ്കിലും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കും. ഡാന്‍സ്, പാട്ട്, നാടകം, മിമിക്രി, സ്‌കിറ്റ് അങ്ങനെയൊക്കെ എന്തെങ്കിലും എന്നും ചെയ്യണം. അന്നേ എനിക്ക് മിമിക്രി വലിയ ഇഷ്ടമാണ്. വീട്ടില്‍ എല്ലാവര്‍ക്കും സിനിമ വലിയ ഇഷ്ടമായതു കൊണ്ട് അങ്ങനെ കണ്ടുകണ്ട് ഇഷ്ടം കൂടിയതാണ്. എല്ലാ കുട്ടികളെയും പോലെ ഞാനും സിനിമാതാരങ്ങളെ തന്നെയാണ് ആദ്യം അനുകരിച്ചിരുന്നത്. അതുകൊണ്ടാകണം സ്‌കൂളില്‍ എല്ലാ പരിപാടികള്‍ക്കും എന്നെ ടീച്ചര്‍മാര്‍ പങ്കെടുപ്പിച്ചിരുന്നു. പിന്നീട് അതൊരു ഹോബിയായി. പതിയെ അഭിനയത്തോടു ഭ്രാന്തായി. നാടകങ്ങളിലൂടെയാണ് തുടക്കം. പക്ഷേ സിനിമയിലെത്തുന്നത് ഡബ്ബിങ് ആര്‍ടിസ്റ്റ് ആയിട്ടാണ്. അതിനു മുന്‍പ് ദുബായില്‍ റേഡിയോ ഏഷ്യ എന്ന റേഡിയോ ചാനലില്‍ തമിഴ് അവതാരകനായിരുന്നു. 

vinod-sagar-ratsasan-actor-5

ചോദിച്ചു വാങ്ങിയതാ...

രാം കുമാര്‍ സാറിന്റെ രണ്ടാമത്തെ ചിത്രമാണ് രാക്ഷസന്‍. എനിക്കു കരുതി വച്ചിരുന്ന വേഷമൊന്നുമല്ല ഇത്. ഞാന്‍ ചോദിച്ചു വാങ്ങിയതാണ്. അങ്ങനെ ചോദിക്കാന്‍ പാകത്തിലൊരു അടുപ്പമുണ്ട് അദ്ദേഹത്തോട് എനിക്ക്. എന്റെ ചോദ്യം കേട്ട് അദ്ദേഹം നിശബ്ദനായി. പിന്നീട് കുറേക്കഴിഞ്ഞാണ് പകുതി സമ്മതിച്ചത്. 2011 മുതല്‍ തുടങ്ങിയ യാത്രയാണ് അദ്ദേഹത്തോടൊപ്പം. പക്ഷേ ഈ വേഷം എന്നെ ഏല്‍പ്പിക്കാന്‍ അദ്ദേഹത്തിനും ആദ്യം അത്ര വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം ഉദ്ദേശിച്ച നടനു വരാന്‍ പറ്റാതായതോടെ എന്നെ ഏല്‍പ്പിക്കുകയായിരുന്നു. 

അദ്ദേഹത്തിന്റെ അസിസ്റ്റന്റ്മാര്‍ക്കൊക്കെ സംശയം ആയിരുന്നു ഇത്രയും ഹെവി ആയൊരു വേഷം എന്നെക്കൊണ്ടു ചെയ്തു ഫലിപ്പിക്കാന്‍ പറ്റുമോ എന്ന്. കാരണം അന്ന് എന്റെ ഗെറ്റപ്പ് മറ്റൊന്നായിരുന്നു.  താടിയൊക്കെ വച്ച് ഒരു ഗുണ്ടാ ലുക്ക്. അധ്യാപകന്റേതായ യാതൊരു ഛായയും ഉണ്ടായിരുന്നില്ല. പിന്നെ അതൊക്കെ കളഞ്ഞ് കുറച്ച് ലൂസ് ആയ ഷര്‍ട്ടും കണ്ണടയുമൊക്കെ വച്ചപ്പോള്‍ സംഗതി ഏറ്റു. 

vinod-sagar-ratsasan-actor-3

സ്‌ക്രീന്‍ ടെസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് അവര്‍ ഓക്കെ പറഞ്ഞത്. പിന്നീട് ഞാന്‍ തന്നെ ഈ കഥാപാത്രത്തിനു വേണ്ടി മൂന്നു നാലു തരത്തില്‍ അഭിനയിച്ചു കാണിച്ചു. അതില്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ശൈലിയിലാണ് പിന്നീട് മുന്‍പോട്ടു പോയത്. അധികം ടേക്കുകളൊന്നും എടുക്കാതെ തന്നെ സീനുകളൊക്കെ ഓക്കെ ആക്കി. തിയറ്ററില്‍ സിനിമ കണ്ടിറങ്ങിയപ്പോള്‍ ആള്‍ക്കാര്‍ക്കൊക്കെ എന്നോടു ദേഷ്യം. തല്ലെടാ ചവിട്ടെടാ എന്നൊക്കെ ചിലര്‍ ആക്രോശിച്ചു. അതു കേട്ടപ്പോള്‍ എനിക്കൊരുപാടു സന്തോഷം തോന്നി. ‌

ആ വേഷം അവരെ അത്രത്തോളം ആകർഷിച്ചല്ലോ. സത്യത്തിൽ ആ ആക്രോശം കേട്ടപ്പോഴാണ്, ചോദിച്ചു വാങ്ങിയതു പാളിയില്ലല്ലോ എന്നോര്‍ത്ത് സമാധാനമായത്. ഷൂട്ടിങ് സമയത്ത് ഞാന്‍ ചെയ്യുന്നത് ഇത്ര വലിയ പ്രതികരണങ്ങൾ ഉണ്ടാക്കുമെന്നു തോന്നിയിട്ടില്ല. ഇത്രയും ഭീകരമായ രംഗങ്ങളാണ് ചിത്രീകരിക്കുന്നതെന്ന് ഫീല്‍ ചെയ്തിരുന്നേയില്ല. കൂള്‍ ആയിട്ടാണു ചെയ്തത്. സ്‌ക്രീനില്‍ കാണുമ്പോള്‍ എല്ലാവര്‍ക്കും പേടിയായിരുന്നെങ്കിലും സെറ്റില്‍ ആകെ രസമായിരുന്നു. 

കുറേ അലഞ്ഞു

നമ്മള്‍ കേട്ടിട്ടില്ലേ, ചാന്‍സിനു വേണ്ടി കുറേ കഷ്ടപ്പെട്ടിട്ടുണ്ടെന്ന്. എന്റെ കാര്യത്തില്‍ അതു വളരെ ശരിയായിരുന്നു. നമ്മുടെ വീട്ടിലെ സാഹചര്യം വച്ച് മുഴുവന്‍ സമയവും അഭിനയം എന്നു പറഞ്ഞ് ഇറങ്ങിത്തിരിക്കാന്‍ സാധിക്കുമായിരുന്നില്ല. കോര്‍പ്പറേറ്റ് സെക്രട്ടറിഷിപ്പ് എന്ന വിഷയത്തില്‍ ബിരുദമെടുത്ത് ആ മേഖലയിലേക്കു പോയി. പക്ഷേ എന്തു ജോലി ചെയ്തപ്പോഴും അഭിനയം മാത്രമായിരുന്നു മനസ്സില്‍. 

vinod-sagar-ratsasan-actor-1

നാട്ടില്‍ തിരിച്ചെത്തിയ ശേഷം വീണ്ടും സിനിമയ്ക്കായി ഇറങ്ങിത്തിരിച്ചു. ശരിക്കു പറഞ്ഞാല്‍ കല്യാണം കഴിച്ച് ഒരു കുട്ടിയൊക്കെ ആയതിനു ശേഷം. അച്ഛനും അമ്മയും ഉണ്ടായിരുന്ന സമയത്ത് പ്രത്യക്ഷത്തില്‍ പിന്തുണയൊന്നും തന്നില്ലെങ്കിലും മനസ്സുകൊണ്ട് വലിയ ഇഷ്ടമായിരുന്നു. വീട്ടില സാഹചര്യങ്ങള്‍ ഓര്‍ത്ത് ഇതിലേക്കു മാത്രം പൊയ്‌ക്കോ എന്നു പറയാനും അച്ഛനു സാധിച്ചിരുന്നില്ല. പക്ഷേ ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ പറയുമായിരുന്നു, മോന് നല്ല സിനിമകള്‍ കിട്ടും നന്നായി ചെയ്യാനാകും എന്നൊക്കെ. കഴിഞ്ഞ വര്‍ഷമാണ് അച്ഛന്‍ പോയത്. ഞാന്‍ സിനിമയില്‍ ചെറുതെങ്കിലും വേഷങ്ങള്‍ ചെയ്യുന്നതില്‍ വലിയ സന്തോഷമായിരുന്നു. അവര്‍ രണ്ടാളും പോയപ്പോള്‍ ഭാര്യയും അനുജനും ആ റോള്‍ ഏറ്റെടുത്തു. എന്റെ അഭിനയ ഭ്രാന്തില്‍ അവളുടെ സ്വര്‍ണമൊക്കെ ബാങ്കില്‍ ഇരിപ്പായി. പക്ഷേ അവൾക്ക് അതൊന്നും ഒരു പ്രശ്‌നമേയല്ല. 

കുറേ ഓഡിഷനുകള്‍ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് രാം കുമാര്‍ സാറിന്റെ അടുത്തെത്തുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഷോർട്ട് ഫിലിമില്‍ വേഷത്തിനായി ചെന്നെങ്കിലും കിട്ടിയിരുന്നില്ല. പിന്നെ ആ ചിത്രത്തില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ആയി. അതേ പേരില്‍ അദ്ദേഹം ഫീച്ചര്‍ ഫിലിം എടുത്തപ്പോള്‍ എനിക്കൊരു വേഷം കിട്ടി. ഓറഞ്ച്മിട്ടായി, പിച്ചൈക്കാരന്‍, കിറുമി, ഉറുമീന്‍ തുടങ്ങി കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ചു. ഓറഞ്ച്മിട്ടായി സംവിധായകന്‍ ബിജു വിശ്വനാഥ് എത്രയോ ലോകോത്തര ഭാഷകളില്‍ സിനിമയെടുത്തിട്ടുണ്ടെന്നോ. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ കണ്ടാല്‍ അതിശയിച്ചു പോകും. അദ്ദേഹം മലയാളിയുമാണ്. ആ ചിത്രത്തില്‍ ഓപ്പണ്‍ ഓഡിഷനില്‍ 60-70 പേരോട് മത്സരിച്ചാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

ram-kumar-vinod-sagar-1

വിജയ് സേതുപതി ആയിരുന്നു ആ ചിത്രത്തിലെ നായകന്‍. അദ്ദേഹം ഒരു നല്ല നടന്‍ എന്നതിനേക്കാള്‍ ഒരു നല്ല മനുഷ്യനാണ്. കൂടെയുള്ള അഭിനേതാക്കളോ ടെക്‌നീഷ്യന്‍മാരോ ആയിക്കോട്ടെ, അവര്‍ എത്ര ചെറിയ റോളിലാണെങ്കിലും അവരുടെ അടുത്ത് ഒരു ട്യൂട്ടറെ പോലെയാണ് അദ്ദേഹം പെരുമാറുക. അവരവരുടെ വേഷങ്ങളും ജോലികളും നന്നായി ചെയ്തു പൂര്‍ത്തിയാക്കാന്‍ തന്നെക്കൊണ്ടു കഴിയുന്നതൊക്കെ അദ്ദേഹം ചെയ്തിരിക്കും.

കേരളത്തില്‍നിന്ന് ഇതു പ്രതീക്ഷിച്ചില്ല

പ്രിവ്യു കഴിഞ്ഞപ്പോഴേ എല്ലാവരും പറഞ്ഞിരുന്നു വേഷം ശ്രദ്ധിക്കപ്പെടും എന്ന്. പക്ഷേ അത് തമിഴ്‌നാട്ടില്‍ മാത്രമേ ഹിറ്റാകൂ എന്നാണ് ഞാന്‍ വിചാരിച്ചത്. കേരളത്തില്‍ സിനിമ എത്തിയതിനു ശേഷം ഒരിക്കലും വിചാരിക്കാത്ത രീതിയിലാണ് ആളുകളൊക്കെ അതേപ്പറ്റിപ്പറഞ്ഞത്. കേരളത്തില്‍നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചതേയില്ല.

vinod-sagar-ratsasan-actor-4

എല്ലായിടത്തുമുണ്ട് ഇമ്പരാജുമാര്‍. എന്റെ ജീവിതത്തില്‍ അങ്ങനെയൊരാള്‍ വന്നിട്ടില്ല. പക്ഷേ നമ്മളറിയാതെ, ചിലപ്പോള്‍ ബസിലും ട്രെയിനിലുമൊക്കെ അയാളുണ്ടാകും. നമ്മുടെ അയല്‍വക്കത്തുള്ള കുട്ടിയുടെ ജീവിതത്തിലും കാണും അങ്ങനെയൊരാള്‍. ജാഗരൂകരായിരിക്കുക, സ്‌നേഹത്തോടെ, കരുതലോടെ. നമുക്കു ചുറ്റുമുള്ളവരെ കണ്ടാല്‍ ഇത്തരക്കാര്‍ അവരുടെ ജീവിതത്തെ വേട്ടയാടുന്നുണ്ടോ എന്ന് അറിയാനാകും. എന്റെ കയ്യില്‍ ഇവന്‍മാരെ കിട്ടിയാലും തിയറ്ററില്‍ ആളുകള്‍ പറഞ്ഞതു പോലെ തല്ലു തന്നെ കൊടുക്കും ഞാന്‍.

അടുത്ത വണ്ടിക്കു വരും!

കേരളത്തില്‍ അധികം വന്നിട്ടില്ലെങ്കിലും എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാള സിനിമകള്‍ കണ്ടാണു വളര്‍ന്നത്. മോഹന്‍ലാലിന്റെ അഭിനയമാണ് ഏറെയിഷ്ടം. തമിഴിലാണെങ്കില്‍ കമല്‍ഹാസന്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഓരോ പുതിയ സിനിമയും വിടാതെ കാണാറുണ്ട്. അതൊരു ഹരമാണ്. മോഹന്‍ലാലിന്റെ സദയം, കിരീടം, ചെങ്കോല്‍, താളവട്ടം... അങ്ങനെ എത്രയോ ചിത്രങ്ങള്‍ ഇന്നും കാണുന്നു. പിന്നെ ഫിലോമിന ചേച്ചിയുടെ അഭിനയത്തോടും ഏറെയിഷ്ടം. അതിഗംഭീരമായ അഭിനയം കാഴ്ച വയ്ക്കുന്ന പ്രതിഭാധനരായ സഹനടന്‍മാരും നടിമാരും എത്രയോപേർ മലയാളത്തിലുണ്ട്.. എല്ലാവരോടും ഇഷ്ടമാണ്.

എന്തിനേറെ പറയുന്നു, ഞാന്‍ ഇന്നേവരെ ചെയ്ത ഓഡിഷനുകളിലൊക്കെ അവതരിപ്പിക്കുന്നതു പോലും മലയാളം സിനിമയിലെ ഡയലോഗുകളാണ്. അത് തമിഴിലേക്കു മാറ്റിപ്പറയും. സെന്റിമെന്‍സ് ആണെങ്കില്‍, ജയറാം ചേട്ടന്‍ ഉത്തമന്‍ എന്ന ചിത്രത്തില്‍ കവിയൂര്‍ പൊന്നമ്മയോട് തന്റെ കുട്ടിക്കാലത്തെക്കുറിച്ചൊക്കെ കണ്ണുനിറഞ്ഞു പറയുന്ന ഡയലോഗ് ആണ് അവതരിപ്പിക്കുക. കുറച്ച് മാസ് ആണെങ്കില്‍ ബ്ലാക്കില്‍ മമ്മൂക്കയുടെ കാരക്കാമുറി ഷണ്‍മുഖന്‍ ബാബു ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തോടു പറയുന്ന മാസ് ഡയലോഗ് തമിഴിലേക്ക് ആക്കി അങ്ങ് കാച്ചും. 

മലയാളത്തില്‍ അഭിനയിക്കണം എന്നത് വലിയ ആഗ്രഹമാണ്. എന്നെങ്കിലും ആരെങ്കിലും വിളിച്ച് ഒരു ചാന്‍സ് ഉണ്ടെന്നു പറഞ്ഞാല്‍ ഫോണ്‍ വച്ചു കഴിഞ്ഞാലുടന്‍ അടുത്ത വണ്ടിക്ക് അങ്ങോട്ട് വരും.