Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അന്നും ഇന്നും ഞാൻ ലാൽ സാറിന്റെ ഡ്രൈവർ’; ആ നീണ്ട കഥ വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

mohanlal-antony-perumbavoor

‘ഞാനൊരു ഡ്രൈവറാണ്. അതു പറഞ്ഞുകൊണ്ടുതന്നെ തുടങ്ങുന്നു. വെറുമൊരു ഡ്രൈവറായ ആന്റണി എന്നു ചാനൽ ചർച്ചകളിൽപ്പോലും പുച്ഛത്തിൽ പറയുന്നതു കേട്ടതു കൊണ്ടാണു ഞാൻ അവിടെത്തന്നെ തുടങ്ങാമെന്നു കരുതിയത്. ഞാൻ അന്നും ഇന്നും ഡ്രൈവർതന്നെയാണ്. മോഹൻലാൽ എന്ന വലിയ മനുഷ്യന്റെ ഡ്രൈവർ. മോഹൻലാൽ എന്റെ മുതലാളിയാണ്. ഞങ്ങൾ പരസ്പരം അതിലും വലിയ പലതുമാണ്. എന്നാലും എനിക്കിഷ്ടവും ബഹുമാനവും ആ ബന്ധം തന്നെയാണ്.’ മോഹൻലാൽ എന്ന മഹാനടനുമായുള്ള ബന്ധത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂർ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ചും താൻ ദൈവതുല്യനായ കരുതുന്ന മോഹൻലാലിനെക്കുറിച്ചും മനസ്സു തുറന്നപ്പോൾ. 

അന്നാണ് ലാൽ സാറിനെ അടുത്തു കാണുന്നത്

‘പെരുമ്പാവൂർ ഇരിങ്ങൽ യുപിസ്കൂളിലും കരുനാഗപ്പള്ളി എംജിഎം ഹയർ സെക്കന്ററി സ്കൂളിലുമാണു പഠിച്ചത്. 18 വയസ്സു തികയുന്ന ദിവസമാണു ഞാൻ ആദ്യമായി വാഹനം വാങ്ങുന്നത്. ഒരു ഫോർവീൽ ഡ്രൈവ് ജീപ്പ്. KLO 2403. പലർക്കുമായി അത് ഓടിച്ചുകൊണ്ടിരിക്കെയാണു എന്റെ സഹോദര തുല്യനായ ബോബൻ വർഗ്ഗീസ് പറഞ്ഞത് സിനിമാ സെറ്റിൽ ഒരു ദിവസത്തെ ഓട്ടത്തിനൊരു ജീപ്പു വേണമെന്ന്. അതായിരുന്നു ആദ്യ സിനിമാ ബന്ധം. അതിനു ശേഷം നിർമാതാവ് സാജൻ സാർ വിളിച്ചു അദ്ദേഹത്തിന്റെ കാർ ഷൂട്ടിങ്ങിന് ഓടിക്കാമോ എന്നു ചോദിച്ചു. 

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പട്ടണപ്രവേശം എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. പല താരങ്ങൾക്കു വേണ്ടിയും ഓടിക്കൊണ്ടിരിക്കെ ഒരു ദിവസം കൊച്ചി അമ്പലമുകളിലെ വീട്ടിൽപ്പോയി മോഹൻലാലിനെ കൊണ്ടുവരാൻ പറഞ്ഞു. അന്നാണ് ലാൽ സാറിനെ അടുത്തു കാണുന്നത്. യാത്രയിൽ ഒരക്ഷരംപോലും സംസാരിച്ചില്ല. രാജാവിന്റെ മകനും മുന്തരിത്തോപ്പുകളും താളവട്ടവും തൂവാനത്തുമ്പികളുമെല്ലാം വന്ന കാലമാണത്. ഒരു തവണപോലും ഞാൻ തിരിഞ്ഞു നോക്കിയില്ല. സെറ്റിലെത്തി ഡോർ തുറന്നുകൊടുക്കാൻ ഓടിയെത്തിയപ്പോഴേക്കും ലാൽ സാർതന്നെ തുറന്നിറങ്ങിപ്പോയി. അന്നുമുതൽ ലാൽ സാറിനെ കൊണ്ടുവരുന്ന ജോലി എനിക്കായി. സത്യൻ അന്തിക്കാട് സാറിനോടു ചോദിച്ചു വാങ്ങി എന്നു പറയുന്നതാണു സത്യം. തൊട്ടടുത്ത ദിവസം  വീട്ടിലെത്തി കാറിൽനിന്നു ഇറങ്ങുമ്പോൾ ലാൽ സാർ ചോദിച്ചു, ‘ആന്റണി ഭക്ഷണം കഴിച്ചോ.  ആന്റണിക്കു ഇവിടെനിന്നു കഴിക്കാം.’ 

mohanlal-antony-perumbavoor-10

ഇല്ല , സർ. സെറ്റിൽപ്പോയി കഴിച്ചോളാം. അതായിരുന്നു ആദ്യത്തെ വാക്ക്. അദ്ദേഹത്തിനു എന്റെ പേര് അറിയാമായിരുന്നു എന്നതുതന്നെ അദ്ഭുതമായിരുന്നു. ആ ഷൂട്ടിങ് കഴിഞ്ഞു യൂണിറ്റ് മടങ്ങി. മൂന്നാംമുറ എന്ന സിനിമയുടെ ഷൂട്ടിങ് അമ്പലമേട്ടിൽ നടക്കുമ്പോൾ കൂട്ടുകാരുടെ മുന്നിൽ ആളാകാൻ വേണ്ടി അവരെയു കൂട്ടി ലാൽ സാറിനെ കാണാൻ വേണ്ടി പോയി. സെറ്റിൽ കടക്കാൻപോലും പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു. കുറെ നേരം ആൾക്കൂട്ടത്തിൽ കാത്തുനിൽക്കുന്നതിനിടയിൽ ഉച്ചയ്ക്കു മൂന്നുമണിയോടെ ഒരു കെട്ടിടത്തിനു അകത്തു നിന്നു ലാൽ സാർ എന്നെ കൈകാണിച്ചു വിളിച്ചു. അന്തം വിട്ടുപോയി. ഇനിയും എന്നെ മറന്നില്ല. സെറ്റിനു നടുവിലൂടെ ആൾക്കൂട്ടത്തിൽനിന്നിറങ്ങി ഞാൻ ഓടുകയായിരുന്നു. 

‘വണ്ടി കൊണ്ടുവന്നിട്ടുണ്ടോ ആന്റണീ. ’ ഇല്ല. ‘നാളെ എടുത്തിട്ടു വരാമോ. നമുക്ക് ഓടാം. ’ പ്രൊഡക്‌ഷൻ മാനേജർ സെവനാർട്സ് മോഹനേട്ടനെ വിളിച്ചു ഈ വണ്ടികൂടി ഓടിക്കോട്ടെ എന്നു പറഞ്ഞു. ഷൂട്ടിങ് തീരുന്നതിനു മുൻപു ലാൽ സാർ ചോദിച്ചു, ആന്റണി എന്റെ കൂടെ വരുന്നോ എന്ന്. വരാം സാർ എന്നു മാത്രം പറഞ്ഞു. ആ വിവരം ഞാൻ ആരോടും പറഞ്ഞില്ല. കാരണം അതു വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരു കുഗ്രാമത്തിൽനിന്നു വന്ന ഞാൻ ലാൽ സാറിന്റെ വണ്ടിയുടെ ഡ്രൈവറാകുന്നു എന്നതു എനിക്കുതന്നെ വിശ്വസിക്കാനായില്ല. എത്ര കഷ്ടപ്പെട്ടാലും ലാൽ സാറിന്റെ സിനിമകൾ ആദ്യ ഷോ കണ്ടിരുന്നു. ആ മനുഷ്യനാണു വരുന്നോ എന്നു ചോദിച്ചത്. പോകുന്നതിന്റെ രണ്ടു ദിവസം മുൻപാണു വീട്ടിൽപ്പോലും പറഞ്ഞത്. 

mohanlal-antony-perumbavoor-15

എന്റെ അപ്പൻ മേലേക്കുടി ജോസഫ് പെരുമ്പാവൂർ മരമില്ലിലെ കരാറുകാരനായിരുന്നു. അമ്മ ഏലമ്മ. ഞങ്ങൾ നാലു മക്കളാണ്. ബേബി, പാപ്പച്ചൻ,സലീന എന്നിവരും ഞാനും. അപ്പനും ബേബിച്ചായനും മരിച്ചു. ഞാൻ സർക്കാർ ജോലിക്കുപോകണം എന്നായിരുന്നു അപ്പന്റെ ആഗ്രഹം. ലാൽ സാറിന്റെ കൂടെ ജോലിക്കു പോകുന്നുവെന്നു പറഞ്ഞപ്പോൾ അപ്പൻ പറഞ്ഞു , ‘വലിയ മനുഷ്യനാണ്. ’ ഈ നിമിഷംവരെയും ആ വാക്കുകൾ ഓർത്തുകൊണ്ടേ ഞാൻ ലാൽ സാറിനോടു പെരുമാറിയിട്ടുള്ളു. സഹോദരങ്ങളും ഞാനും തമ്മിൽ എന്നും നല്ല അടുപ്പമായിരുന്നു. പാച്ചച്ചനാണു വണ്ടി വാങ്ങാനും മറ്റും സഹായിച്ചത്. 

ആ യാത്രയുടെ മുപ്പതാം വർഷം

ലാൽ സാറിനെയുംകൊണ്ടാണു ഷൂട്ടിങ് കഴിഞ്ഞു തിരുവനന്തപുരത്തെ വീട്ടിലേക്കു പോയത്. അന്നു ലാൽ സാറിനുണ്ടായിരുന്നതു കോണ്ടസ കാറായിരുന്നു. KLT 5544 . ലാൽ സാറിന്റെ ഞാൻ ഓടിച്ച ആദ്യ വണ്ടിയും അതാണ്. വീട്ടിലെത്തിയപ്പോൾ എവിടെ താമസിക്കുമെന്നെല്ലാം ഞാൻ ആലോചിച്ചു. വൈകീട്ട് ലാൽ സാർ പറഞ്ഞു, അത് ആന്റണിയുടെ മുറിയാണ് എന്ന്. എന്റെ വീട്ടിൽപ്പോലും എനിക്കൊരു മുറി എന്നു പറഞ്ഞു തരാനില്ലായിരുന്നു. ഇവിടെ എനിക്കു സ്വന്തമായി ഒരു മുറി തന്നിരിക്കുന്നു. പിന്നീടു ലാൽ സാർ വീടു വയ്ക്കാൻ തുടങ്ങുമ്പോൾ പോലും അതിൽ ആന്റണിയുടെ മുറി എന്നൊരു മുറി ഉണ്ടാകുമായിരുന്നു. അങ്ങിനെ ഞാൻ  ഓട്ടം തുടങ്ങി. ഇതു ആ യാത്രയുടെ മുപ്പതാം വർഷമാണ്. 10 വർഷമെ ഞാൻ ഡ്രൈവ് ചെയ്തിട്ടുള്ളു. അപ്പോഴേക്കും പുതിയ  ഡ്രൈവർമാരെത്തി. എനിക്കു ലാൽ സാർ വേറെ ജോലികൾ പലതും തന്നു. പലരും പിന്നീടു നിങ്ങൾ ലാൽ സാറിന്റെ മാനേജരാണോ എന്നു ചോദിക്കുമ്പോൾ ഞാൻ പറയും, അല്ല ഡ്രൈവറാണെന്ന്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവി അതുതന്നെയാണ്. 

mohanlal-antony-perumbavoor-6 ചിത്രം: ജിബിൻ ചെമ്പോല

ലാൽ സാർ കല്യാണം കഴിച്ച സമയത്താണു ഞാൻ ജോലി തുടങ്ങിയത്. ചേച്ചിയെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലുമെല്ലാം കൊണ്ടുപോകുന്നതു ഞാനായിരുന്നു. ആ കുടുംബവുമായുള്ള എന്റെ അടുപ്പത്തിൽ ചേച്ചി വലിയ കാരണക്കാരിയാണ്. ചേച്ചിയുടെ അച്ഛൻ ബാലാജി സാർ തമിഴ്നാട്ടിലെ വലിയ ആളാണ്. ചെന്നൈയിൽ എത്തിയാൽ എന്നെയും ബാലാജിസാർ പലയിടത്തും കൊണ്ടുപോകും. അത്രയും സ്നേഹമായിരുന്നു. അങ്ങനെ ആരെയും കൂടെ കൊണ്ടുപോകുന്ന ആളായിരുന്നില്ല അദ്ദേഹം. 

സാറുമായി എപ്പോൾ പുറത്തുപോകുമ്പോഴും ലാൽ സാറിന്റെ അമ്മ  പറയും, ‘ആന്റണീ എന്റെ കുട്ടിയെ നന്നായി നോക്കണേ’ എന്ന്. അന്നു മൊബൽ ഇല്ല. എല്ലാ ദിവസവും വിളിക്കാൻപോലും പറ്റില്ല. രണ്ടും മൂന്നും ദിവസംകൂടുമ്പോഴാകും സംസാരിക്കുക. ഫോണിലും ആദ്യം പറയുക എന്റെ കുട്ടിയെ നോക്കണം എന്നാണ്. ഞാൻ നന്നായി നോക്കും എന്ന് ആ അമ്മയ്ക്ക് അറിയുമായിരിക്കും. ഇത്ര ധൈര്യമായി മകനെ നോക്കാൻ ഏൽപ്പിച്ച ഒരു അമ്മയുടെ പ്രതീക്ഷ നിറവേറ്റുന്ന തരത്തിൽ ആ മകനെ നോക്കി എന്നാണു ഞാൻ കരുതുന്നത്. 

ഞാൻ ആ വീട്ടിലെ ഒരംഗം

ഞാൻ ആ വീട്ടിലെ ഒരംഗം തന്നെയാണ്. ലാൽ സാറിന്റെ കുട്ടികൾ വളരുന്നതും അവരെല്ലാം ഉയർന്നുപോകുന്നതും ഞാൻ കൂടെനിന്നാണു കണ്ടത്. പ്രണവ് മോഹൻലാൽ എന്ന അപ്പുവിന്റെ ആദ്യ സിനിമ നിർമിക്കാൻ ഭാഗ്യം കിട്ടി എന്നത് എന്റെ കാരണവന്മാരുടെ പുണ്യമാണ്. അപ്പുവിനെവച്ചു സിനിമ എടുക്കാൻ എത്രയോ പേരുണ്ടാകും. പക്ഷെ ആ ഭാഗ്യം എനിക്കുകിട്ടി. എന്റെ മകനെ എടുത്തുനടന്നതിലു കൂടുതൽ ഞാൻ അപ്പുവിനെ എടുത്തു നടന്നിട്ടുണ്ട്. എന്റെ മകനെ കളിപ്പിച്ചതിലും കൂടുതൽ അപ്പുവിനെ കളിപ്പിച്ചിട്ടുണ്ട്. അപ്പു എന്റെ കൂടെയാണ് എത്രയോ രാത്രികൾ ഉറങ്ങിയിട്ടുള്ളത്. എന്റെ കുട്ടികൾ വലുതാകുന്നതു ഞാൻ കണ്ടിതിലും കൂടുതൽ ലാൽ സാറിന്റെ കുട്ടികൾ വളരുന്നതു കണ്ടിട്ടുണ്ട്. 

mohanlal-antony-perumbavoor-7 ചിത്രം: ജിബിൻ ചെമ്പോല

എന്റെ ഭാര്യ ശാന്തി ഒരിക്കൽ ചോദിച്ചു, ‘ലാൽ സാറും ചേട്ടനും ഞാനുമുള്ളൊരു വള്ളം മുങ്ങിയാൽ ചേട്ടൻ ആദ്യം ആരെ രക്ഷിക്കുമെന്ന്’. ഞാൻ പറഞ്ഞു, വള്ളം മുങ്ങുമ്പോൾ തീരുമാനിക്കാമെന്ന്. കുറെ പെൺകുട്ടികളെ കണ്ട ശേഷമാണു ശാന്തിയെ കണ്ടത്. അതും ഭാഗ്യമായി. ഒരു തരത്തിലും എന്റെ ജോലിയെ ശല്യപ്പെടുത്താതെ ശാന്തി കുട്ടികളെ വളർത്തി. അവൾ പ്രസവിക്കുമ്പോൾ പോലും ഞാൻ അടുത്തില്ലായിരുന്നു. അതേക്കുറിച്ചുപോലും ശാന്തി പരാതിപ്പെട്ടിട്ടില്ല. അവൾക്കറിയാം ഞാൻ ജോലി ചെയ്യുന്നതു ഒരു വലിയ മനുഷ്യനു വേണ്ടിയാണെന്ന്. 

mohanlal-antony-perumbavoor-4 ചിത്രം: ജിബിൻ ചെമ്പോല

ആ കരുതൽ ശാന്തിക്കില്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തുമായിരുന്നില്ല. സ്വന്തം കുടുംബത്തെക്കാൾ കൂടുതൽ വേറെയൊരു കുടുംബത്തോടു ചേർന്നു നിൽക്കുന്ന ഒരാളെ ഏതു ഭാര്യയ്ക്കാണ് അംഗീകരിക്കാനാകുക. കഴിഞ്ഞ നാലോ അഞ്ചോ വർഷമായിട്ടാണു ഞാൻ സ്ഥിരമായി വീട്ടിലെത്തുന്നത്. മാസത്തിൽ ഒരിക്കൽപ്പോലും വീട്ടിലെത്താത്ത ഭർത്താവായിരുന്നു ഞാൻ. ശാന്തിയുടെ മിടുക്കാണു കുട്ടികളെ വളർത്തിയത്. 

ഞാൻ വന്നകാലത്തെല്ലാം ലാൽ സാറിനു നീണ്ട യാത്രകളാണ്. രാത്രി വൈകുന്നേരം വരെ ഷൂട്ടു ചെയ്ത ശേഷം അടുത്ത സെറ്റിലേക്ക് പറക്കും. രണ്ടോ മൂന്നോ ദിവസത്തിനു ശേഷം മടങ്ങിയെത്തും. കണ്ണൂരിൽനിന്നു  രണ്ടു ദിവസം കൂടുമ്പോൾ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വന്ന എത്രയോ അവസരമുണ്ടായിട്ടുണ്ട്. ജോലി ചെയ്തു തളർന്നാണു ലാൽ സാർ കാറിൽ കയറുക. ഞാൻ ഉച്ചയ്ക്കും മറ്റും കുറച്ച് ഉറങ്ങി തയ്യാറെടുക്കും. അന്ന് നല്ല റോഡുകളില്ല. പലയിടത്തും കുഴികളാണ്. പെരുമഴയത്തും പലയിടത്തും കുഴി കാണില്ല. ഇന്നത്തെപ്പോലെ റോഡിൽ വെളിച്ചവുമില്ല. കാറിൽ കയറിയ ഉടനെ ലാൽ സാർ ഉറങ്ങാൻ തുടങ്ങും. 

mohanlal-antony-perumbavoor-9

ഒരു തവണപോലും കുഴിയിൽവീണു  കുലുങ്ങുമ്പോൾ ആന്റണീ എന്നു വിളിച്ചിട്ടില്ല. പതുക്കെ പോകണം എന്നു പറഞ്ഞിട്ടില്ല. ചിലപ്പോൾ അയ്യോ എന്നു വിളിക്കും. രാത്രി ഉറങ്ങാതിരിക്കാൻ കാറിൽ കുരുമുളകും കാന്താരി മുളകും വച്ചിട്ടുണ്ടാകും. നല്ല ഉറക്കം വരുമ്പോൾ ഞാൻ അതെടുത്തു വായിലിടും. എരിവു തലവരെ കയറുമ്പോൾ ഉറക്കംപോകും.നാവു പൊള്ളും.  എത്രയോ തവണ കാർ വഴിയരികിൽ നിർത്തി ഉറങ്ങിയിട്ടുണ്ട്. രണ്ടോ മൂന്നോ ടൈംപീസുകൾ കരുതിവയ്ക്കും. 20മിനിറ്റാണ് ഉറങ്ങാനുള്ള പരമാവധിസമയം. അന്നൊന്നും ഇതുപോലെ റോഡിൽ വാഹനങ്ങൾ ഇല്ല.  ലോറികൾ പോലും രാത്രി കടന്നുപോകുന്നതു വളരെ കുറവാണ്. അലാറം വച്ച് എഴുനേറ്റ് വീണ്ടും വണ്ടി ഓടിക്കും. ഒരു ടൈംപീസ് ചത്തുപോയാൽ ഉണരാനാണു രണ്ടാമത്തേത്. 

ഏയ് ഓട്ടോ എന്ന സിനിമ റിലീസ് ചെയ്ത സമയത്തു ആലപ്പുഴയിൽ റോഡിലെ തട്ടുകടയിൽനിന്നു ദോശയും ചമ്മന്തിയും കഴിക്കുകയാണ്. രാത്രി 12 മണിയായിക്കാണും. കാറിലുള്ളതു ആരാണെന്നു തട്ടുകടക്കാരന് അറിയില്ല. നല്ല ഇരുട്ടുള്ള സ്ഥലമാണ്.കുറച്ചകലെ സിനിമാ തിയറ്റർ ഉണ്ടായിരുന്നു. സിനിമ വിട്ടു ജനം ഒഴുകുകയാണ്. ആരോ വണ്ടി നമ്പർ മനസ്സിലാക്കി അകത്തു ലാൽ സാറാണെന്നു കണ്ടു പിടിച്ചു. ഞാൻ കുറച്ചകലെ നിന്നു ദോശ കഴിക്കുകയാണ്. എന്തെങ്കിലും ആലോചിക്കുന്നതിനു മുൻപു ജനം കാർ വളഞ്ഞു. എനിക്കു അടുത്തേക്കു പോകാനാകുന്നില്ല. 

ജനം ഡോർ വലിച്ചു തുറക്കാൻ നോക്കിയതോട ലാൽ സാർ അകത്തുനിന്നു ഡോറുകൾ അടച്ചു. ഞാൻ ഇടിച്ചു കയറി കാറിന്റെ അടുത്തെത്തി. ലാൽ സാർ എന്നെ അന്വേഷിക്കുന്നതു കാണാം. ജനം കൂടിയതോട ഉള്ള വെളിച്ചവും കാണാനില്ലാതായി. ഞാൻ ലൈറ്റർ കത്തിച്ചു മുഖത്തിനടുത്തു കാണിച്ചു. ലാൽ സാർ അകത്തുനിന്നു ഡ്രൈവർ ഡോർ തുറന്നു. എങ്ങിനെയോ ഇടിച്ചു കയറി വണ്ടിയെടുത്തു. തട്ടുകടക്കാരന്റെ പ്ളേറ്റും ഗ്ളാസും വെള്ളത്തിന്റെ പാത്രവും എല്ലാം കാറിലാണ്. പൈസയും കൊടുത്തിട്ടില്ല. കുറെ ദൂരംപോയ ശേഷം തിരിച്ചുവന്നു ഞങ്ങൾ അതെല്ലാം തിരിച്ചു കൊടുത്തു. അപ്പോഴേക്കും റോഡ് കാലിയായിരുന്നു. അയാളുടെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ലാൽ അദ്ദേഹത്തോടു നന്ദി പറഞ്ഞു. 

എത്രയോ തവണ റോഡരികിൽ കാർ നിർത്തി കിടന്നുറങ്ങി നേരം വെളുത്തപ്പോൾ ഉണർന്നിട്ടുണ്ടെന്നോ. പലയിടത്തും വണ്ടി നിൽക്കുന്നതു കണ്ടു പൊലീസുകാർ വന്നു എന്താണെന്നു ചോദിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു കിലോമീറ്ററുകളാണ് ഞാൻ ലാൽ സാറിനെയും കൊണ്ട് ഓടിയത്.  എത്രയോ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഞങ്ങൾ ഒരുമിച്ചു യാത്ര ചെയ്തു. പല സ്ഥലങ്ങളും പിന്നീടു വളരെ പ്രിയപ്പെട്ട സ്ഥലങ്ങളായി. ചെന്നൈയിൽ സ്ഥിരതാമസമാകുമെന്നു കരുതിയ ഞങ്ങൾ കൊച്ചിയിലെത്തി. അങ്ങിനെ എത്രയോ യാത്രകൾ. 

mohanlal-antony-perumbavoor-5 ചിത്രം: ജിബിൻ ചെമ്പോല

തിരുവനന്തപുരത്ത് എത്തിയകാലത്ത് ഒരു ദിവസം രാവിലെ ലാൽ സാറിന്റെ  കാറിനു പുറകിൽ ഒരു വലിയ കാർ വന്നു തട്ടി. കാറിൽ ലാൽ സാർ ഇല്ലായിരുന്നു. ബംബർ കുറച്ചു വളഞ്ഞിട്ടുണ്ട്. ചെറുപ്പത്തിന്റെ ശക്തികൂടി ഉണ്ടായിരുന്നതിനാൽ പണം തന്നിട്ടുപോയാൽമതി എന്നു പറഞ്ഞു ഞാൻ വണ്ടി റോഡിലിട്ടു. അകത്തിരിക്കുന്ന ആളും ഡ്രൈവറും ഇറങ്ങുന്നില്ല. അകത്തെ ആൾ കൈ കൂപ്പി അവിടെ വന്നാൽ എല്ലാം തരാമെന്നു പറയുന്നുണ്ട്. റോഡിൽ വേറെ ആരുമില്ല. ഡ്രൈവർ മിണ്ടുന്നുമില്ല. എവിടെ വരണണെന്നു ചോദിക്കുമ്പോഴെല്ലാം അവിടെ എന്നു ഭവ്യതയോടെ ചിരിച്ചുകൊണ്ടു പറയുന്നു. 

എന്റെ മുതലാളിയോടു ചോദിക്കട്ടെ എന്നു പറഞ്ഞു ഞാൻ വണ്ടി അവിടെയിട്ടു തൊട്ടടുത്ത ഫോൺ ബൂത്തിലേക്കു പോയി. വരുമ്പോൾ രണ്ട് പൊലീസ് ജീപ്പുകൾ അവിടെയുണ്ട്. ഇടിച്ച കാർ കാണാനുമില്ല. റോഡിനു നടുവിൽ വണ്ടി ഇട്ടതിനു എന്നെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇടിച്ചത് ആരാണെന്നറിയാമോ എന്നു ചോദിച്ചു. നാട് എവിടെയാണെന്നു പറഞ്ഞപ്പോൾ അവർ ചിരിച്ചുകൊണ്ടു പറഞ്ഞു, തന്നെ പറഞ്ഞിട്ടു കാര്യമില്ലെന്ന്. മോഹൻലാലിന്റെ വണ്ടിയാണെന്നു പറഞ്ഞപ്പോൾ അവർ ലാല്‍ സാറിന്റെ അച്ഛൻ വിശ്വനാഥൻ നായരുടെ കാര്യം പറഞ്ഞു.അദ്ദേഹം ലോ സെക്രട്ടറിയായിരുന്നു. ഇടിച്ചതു തിരുവിതാംകൂർ മഹാരാജാവിന്റെ വണ്ടിയായിരുന്നു. പിന്നീടു ലാൽ സാറിനെയുമായി കൊട്ടാരത്തിൽ പോകുമ്പോഴെല്ലാം ഞാനിതോർക്കും. 

ഇരുവർ എന്ന സിനിമയുടെ ഒരു സെറ്റ് വലിയ ക്വാറി പോലുള്ള ഒരു സ്ഥലത്തായിരുന്നു. വളരെ താഴേയ്ക്ക് ചെറിയ റോഡിലൂടെ ഇറങ്ങിപ്പോയിവേണം ആ സ്ഥലത്തെത്താൻ. ലോറികൾക്കു കല്ലുകൊണ്ടുപോകാനുണ്ടാക്കിയ  മണ്ണു റോഡാണ്. സാധാരണ കാറിനു ഇറങ്ങിപ്പോകുക പ്രയാസമാണ്. അര മണിക്കൂറെങ്കിലും വേണം താഴെ എത്താൻ. ഒരു ഭാഗത്തു പാറയും മറുഭാഗത്തു വലിയ ക്വാറിയുടെ കുഴിയുമാണ്. രാത്രി ഷൂട്ടിങ് കഴിഞ്ഞു മുകളിലേക്കു പോരുമ്പോൾ ഞങ്ങളുടെ വാഹനത്തിൽ മണിരത്നം സാറും സന്തോഷ് ശിവനും സ്റ്റണ്ടു ചെയ്യുന്ന ത്യാഗരാജൻ മാഷും ഉണ്ടായിരുന്നു. 

mohanlal-antony-perumbavoor-1 ചിത്രം: ജിബിൻ ചെമ്പോല

കുറച്ചു കയറിയപ്പോഴേക്കും മഴ പെയ്തു. പാറയിൽനിന്നു റോഡിലേക്കു വെള്ളം കുത്തിയൊലിക്കുകയാണ്. ഒരു വാഹനത്തിനു കയറിപ്പോരാകുന്ന വഴിയെ ഉള്ളു.മുഴുവൻ കല്ലാണ്. വെള്ളം ഒഴുകാൻ തുടങ്ങിയതോടെ ചളിയായി. വാഹനം പതുക്കെ പതുക്കെ തെന്നുന്നതായി എനിക്കു മനസ്സിലായി. മഴമൂലം മുന്നോട്ടു കാണാൻപോലുമാകുന്നില്ല.. അവിടെ വണ്ടി നിർത്തിയാൽ മുകളിൽനിന്നു വെള്ളത്തോടൊപ്പം പാറയും മറ്റും വീണേക്കാം. തെന്നിതെന്നിയാണു ഒരു മണിക്കൂർകൊണ്ടു മുകളിലെത്തയത്. അതുപോലെ ഒരിക്കലും പേടിച്ചിട്ടില്ല. ഞാൻ വണ്ടിക്കകത്തിരുന്നു വിളിക്കാത്ത ദൈവങ്ങളില്ല. എന്നും ദൈവം കൂടെനിന്നതായി എനിക്കു തോന്നാറുണ്ട്. 

വിഷമം തോന്നാറുണ്ട്

ചിലപ്പോൾ വിഷമം തോന്നാറുണ്ട് എന്തിനാണു ഒരു കാര്യവുമില്ലാതെ പലരും ചീത്ത വിളിക്കുന്നതെന്ന്. സുകുമാർ അഴീക്കോട് സാറിനെ ലാൽസാറിനു എന്നും വലിയ ബഹുമാനമായിരുന്നു. ഒരു പ്രകോപനവുമില്ലാതെ അദ്ദേഹം ഒരു ദിവസം ലാൽസാറിനെതിരെ തിരിഞ്ഞു. ഒരു ദിവസംകൊണ്ട് അവസാനിച്ചില്ല. അദ്ദേഹം പലയിടത്തും ഇതു നടന്നു പ്രസംഗിച്ചു. ലാൽസാർ വിഗ്ഗ് ഉപയോഗിക്കുന്നു എന്നെല്ലാമാണു പറയുന്നത്. ഒരു തവണ ലാൽ സാർ മറുപടി പറഞ്ഞു. പിന്നീടു മിണ്ടിയില്ല. ഒരിക്കൽ ഒരു പൊതു സുഹൃത്തുവഴി ഇനി ഇരുവരും ഇതേക്കുറിച്ചു സംസാരിക്കില്ലെന്ന ധാരണയിലെത്തി. അന്നു വൈകീട്ട് അദ്ദേഹം ചാനലുകൾക്കു മുന്നിലിരുന്നു എന്നോടു ലാൽ മാപ്പു ചോദിച്ചു എന്നതുപോലെ എന്തെല്ലാമോ പറഞ്ഞു. 

mohanlal-antony-perumbavoor-2 ചിത്രം: ജിബിൻ ചെമ്പോല

എനിക്കു ദേഷ്യവും വേദനയും തോന്നി. പിറ്റേന്നു അഴീക്കോടിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചു. അന്നു രാത്രി ലാൽ പറഞ്ഞു, ആന്റണീ, നമ്മുടെ ജോലി ആളുകളെ സന്തോഷിപ്പിക്കുക എന്നതാണ്. ഇങ്ങിനെ പറയുന്നതുകൊണ്ട്  അദ്ദേഹത്തിനു സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടെ. നമ്മളായിട്ടുഅതില്ലാതേക്കേണ്ട .മിണ്ടാതെ വിട്ടേക്കുക.  ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളെ ഓർത്തു ലാൽ സാർ ചിരിച്ചു.  അഴീക്കോടു സാറിന്റെ അവസാന ദിവസങ്ങളിൽ അദ്ദേഹം ലാൽ സാറിനെ കാണണമെന്നു ആവശ്യപ്പെട്ടു. ലാൽ സാർ ആശുപത്രിയിൽപോയി അദ്ദേഹത്തെ കണ്ടു.പോകുമ്പോൾ അദ്ദേഹം പറഞ്ഞു, പകയും യുദ്ധവുമെല്ലാം ഇത്രയെ ഉള്ളു ആന്റണി എന്ന്.വൈകാതെ അഴീക്കോട് സാർ മരിച്ചു.  

എന്നെ ഏറ്റവും വേദനിപ്പിച്ചതും പറയാതെ പോകുന്നില്ല. ലാൽ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസൻ എഴുതിയ സിനിമയിൽ ലാൽ സാർ അഭിനയിച്ചു. ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാൻ പറ്റില്ലെന്നോ പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസൻതന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിങിനിടയിൽ ഇതേക്കുറിച്ചു കേട്ടപ്പോൾ ഞാൻ ക്യാമറാമാൻ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു. കുമാറുമായി എനിക്കും ലാൽ സാറിനും എത്രയോ കാലത്തെ  അടുത്ത ബന്ധമുണ്ട്. 

അന്നു വൈകീട്ടു ശ്രീനിവാസൻ ചാനലുകളിലെത്തി ആന്റണി പെരുമ്പാവൂർ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞുകൊണ്ടിരുന്നു. എന്റെ പേരുപോലും ഉച്ചരിക്കാനാകില്ല എന്നൊക്കെയാണു പറഞ്ഞത്. ഫാൻസ് അസോസിയേഷൻ മാഫിയ എന്നെല്ലാം അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടാൽ ആന്റണീ ,ഈ കേട്ടതു ശരിയാണോ എന്നു ചോദിക്കുന്നതിനു പകരം  ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞതു എന്തിനാണെന്നു മനസ്സിലാകുന്നില്ല. ഞാൻ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല. കഴിഞ്ഞുപോയതു പറഞ്ഞിട്ടുകാര്യമില്ല. ആ സിനിമ വിജയിച്ചിരുന്നുവെങ്കിൽ അതെങ്കിലുമുണ്ടായേനെ. അതുമുണ്ടായില്ല. 

ഞാൻ കഥ കേൾക്കാറുണ്ട്

ആന്റണി പെരുമ്പാവൂർ കഥ കേട്ടാലെ മോഹൻലാൽ അഭിനയിക്കൂ എന്നു പറയുന്നവരുണ്ട്. ഞാൻ കഥ കേൾക്കാറുണ്ട്. വിജയിക്കുമെന്നു എനിക്കുതോന്നുന്ന കഥകൾ കേൾക്കാൻ ലാൽ സാറിനോടു പറയാറുമുണ്ട്. ചിലപ്പോൾ ലാൽ സാർ പറയും അതു വേണ്ട എന്ന്. എത്രയോ കഥകൾ ലാൽ സാർ നേരിട്ടു കേൾക്കാറുണ്ട്. ഞാൻ അതു വേണ്ട എന്നു പറഞ്ഞാലും നമുക്കു ചെയ്യാമെന്നു ലാൽ സാർ പറയാറുണ്ട്. പിന്നെ ഞാൻ എതിർത്തു പറയാറില്ല. ഞാൻ ലാൽ സാറിന്റെ ഇതുപത്തിയഞ്ചാമത്തെ സിനിമയാണു നിർമ്മിക്കുന്നത്. മിക്കതും  വലിയ  വിജയമായി.  

mohanlal-antony-perumbavoor-16

നിർമാതാവ് എന്ന നിലയിൽ കഥ കേൾക്കാൻ എനിക്ക് അർഹതയില്ലെ. പണമിറക്കുന്ന ആൾക്കു ഒരു സിനിമ വേണോ വേണ്ടയോ എന്നു തീരുമാനിക്കാൻ അർഹതയുണ്ട്. വേറെ ഏതു നിർമ്മാതാവിനു മുന്നിലും കഥ പറയാം ആന്റണിക്കു മുന്നിൽ പറ്റില്ല എന്നു പറയുന്നതിനു ഒരു കാരണമെയുള്ളു. ആന്റണി ഡ്രൈവറായിരുന്നു എന്നതുതന്നെ. ലാൽ സാറിന്റെ വിജയ പരാജയങ്ങൾ അറിയാവുന്ന ഒരാൾ എന്ന നിലയിൽ അദ്ദേഹം ചെയ്യുന്ന സിനിമയുടെ കഥകൾ കേൾക്കാൻ എനിക്കു അതില്ല എന്നു പറയേണ്ടു  ലാൽ സാർ മാത്രമാണ്. 

കഥ എഴുതുന്ന എൻ.എസ്.മാധവൻ ഒരിക്കൽ പറഞ്ഞു, ആന്റണി പെരുമ്പാവൂർ‌ ഒരു പാഠപുസ്തകമാണെന്ന് . എന്റെ നിലവാരത്തിലുള്ളവർ എന്നോടു പറഞ്ഞു, എന്നെ കളിയാക്കിയതാണെന്ന്. കേട്ടപ്പോൾ വിഷമം തോന്നി. ഞാൻ ഇദ്ദേഹത്തെ അറിയുകതന്നെയില്ല. കണ്ടിട്ടുപോലുമില്ല. അദ്ദേഹത്തിന്റെ കഥയും വായിച്ചിട്ടില്ല. എന്തിനാണു എന്നെക്കുറിച്ചു പറയുന്നതെന്നു മനസ്സിലായില്ല. പക്ഷെ വായിക്കുന്ന വലിയവർ പറഞ്ഞു, കളിയാക്കിയതല്ല നന്നാക്കി പറഞ്ഞതാണെന്ന്. ആരു  കളിയാക്കിയാലും നന്നാക്കി പറഞ്ഞാലും എനിക്കു ഒരേ മനസ്സാണ്. പക്ഷെ ഒരുകാര്യം ഞാൻ  പറയാം, കുറ്റം പറയുന്ന പലരും പിന്നീടു മോഹൻലാലിനു മുന്നിൽ സ്നേഹപൂർവ്വം സ്വന്തം ആളെന്ന മട്ടിൽ നിൽക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. കുറ്റം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പലരും മോഹൻലാലിന്റെ വളർച്ചയിൽ മനസ്സു വിഷമിച്ചവരാണ്. 

mohanlal-antony-perumbavoor-19 മോഹന്‍ലാലിനൊപ്പം ആന്റണിയുടെ മക്കൾ അനീഷയും ആശിഷും

ലാൽ സാർ ഒരു‌ വർഷം അഭിനയിക്കിന്നതു മൂന്നോ നാലോ സിനിമകളിലാണ്. പക്ഷെ ഞങ്ങൾ ചുരുങ്ങിയതു ആയിരം കഥയെങ്കിലും കേൾക്കും. എത്ര നല്ല കഥയായാലും ഇത്രയും സിനിമയിൽ അഭിനയിക്കാനാകില്ലല്ലോ. അതുകൊണ്ടുതന്നെ അവസരം കിട്ടാത്ത  കുറെപ്പേർ  ആന്റണിയെ കുറ്റംപറയും.ഞാനാണതു മുടക്കിയതെന്നു പറയും.  ഇവരൊന്നും മറ്റു നടന്മാരുടെ അടുത്തുപോയി കഥ പറഞ്ഞു അവരെ അഭിനയിപ്പിക്കാത്തത് എന്തുകൊണ്ടാണ്. അതിനു ആന്റണി തടസ്സമല്ലല്ലോ. ആന്റണി കച്ചവട സിനിമയുടെ ആളാണെന്നു പറയുന്നതു ശരിതന്നെയാണ്. ഞാൻ കച്ചവടക്കാരനായ നിർമാതാവാണ്. 

mohanlal-antony-perumbavoor-13 അനീഷയും ആശിഷും

കച്ചവടക്കാരനായ നിർമാതാവ്

കച്ചവടം ചെയ്യുന്നതു മോശമായ കാര്യമാണോ. സിനിമാ വ്യവസായം നിലനിൽക്കണമെങ്കിൽ യൂണിറ്റുകളും തിയറ്ററുകളും തൊഴിലാളികളും ഉണ്ടാകണം. ജനം കാണാത്ത അവാർഡു സിനിമമാത്രം ചെയ്താൽ ഈ വ്യവസായം നിലനിൽക്കില്ല. അതുകൊണ്ടുതന്നെ എന്നെപ്പോലുള്ള കച്ചവടക്കാരെ വ്യവസായത്തിനു വേണം. അതുകൊണ്ടാണു അവാർഡ് സിനിമ ഷൂട്ടു ചെയ്യാൻ യൂണിറ്റുകൾ ബാക്കിയാകുന്നത്.  എന്തെല്ലാം കുറ്റം പറഞ്ഞാലും ഇവരിൽ അപൂർവ്വം ചിലർ ഒഴിച്ചാൽ ബാക്കി എല്ലാവരുടെയും സ്വപ്നം നൂറു ദിവസം ഓടുന്ന സിനിമയാണ്. ഒരു ദേശീയ അവാർഡും മൂന്നു സംസ്ഥാന അവാർഡും വാങ്ങിയ നിർമാതാവാണു ഞാൻ. ലാഭം കിട്ടില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണു  ദേശീയ തലത്തിൽ ശ്രദ്ധിക്കണമെന്ന ലക്ഷ്യത്തോടെ പല സിനിമയും നിർമിച്ചത്. ഇതെല്ലാം അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടു നിർമിച്ചവയാണ്. ‍

ആരുടെയും പോക്കറ്റടിച്ച പണംകൊണ്ടുണ്ടാക്കിയ സിനികളല്ല. ഈ അവാർഡുകൾ  കിട്ടിയപ്പോൾ പല പത്രങ്ങളും ചാനലുകളും എന്റെ ഫോട്ടോ പോലും കൊടുത്തില്ല. രാഷ്ട്രപതിയുടെ കയ്യിൽനിന്നു വാങ്ങുന്ന പടവും കൊടുത്തില്ല. മറ്റു പല നിർമാതാക്കളെക്കുറിച്ചും പ്രത്യേക ന്യൂസ് കൊടുക്കുന്നതും കണ്ടിട്ടുണ്ട്. മലയാള സിനിമയ്ക്കുവേണ്ടി അവർ ചെയ്യുന്ന ത്യാഗം എന്നും പറയാറുണ്ട്. ഞാൻ ഒരു തവണപോലും പരാതി പറഞ്ഞിട്ടില്ല. ഇവരിൽ ഭൂരിഭാഗം പേർക്കും ലാൽസാറിനെ ആവശ്യമുള്ളപ്പോൾ പോയി പറയുന്നതും സഹായിക്കുന്നതും ഇന്നും ഞാനാണ്. ‘ഇവൻ ഡ്രൈവർ’ എന്ന പുഛമാണ് പലരുടെയും മനസ്സിൽ. ഞാൻ ആവർത്തിച്ചു പറയുന്നു, ഞാൻ ഡ്രൈവർതന്നെയാണ്. 

ആദ്യ നിർമാണം

നരസിംഹം എന്ന സിനിമയുടെ ചർച്ച നടക്കുമ്പോൾ നിർമാണത്തിൽ പങ്കാളിയാകാൻ ലാൽ സാറാണ് എന്നോടു പറഞ്ഞത്. ചെന്നിടത്തെല്ലാം ഷൂട്ടിംങ് മുടങ്ങുകയും മടങ്ങുകയും ചെയ്യേണ്ടി വന്ന സിനിമയാണിത്. സിനിമ തുടങ്ങാൻ ഏറെ കഷ്ടപ്പെട്ടു. ഉപേക്ഷിക്കാൻവരെ പലരും പറഞ്ഞു. പക്ഷെ പിന്നീടു മലയാള സിനിമയുടെ കലക്‌ഷൻ ചരിത്രം ഈ സിനിമ അട്ടിമറിച്ചു. 

mohanlal-antony-perumbavoor-14

മോഹൻലാലിന്റെ പണംകൊണ്ടാണു ആന്റണി സിനിമയെടുക്കുന്നതെന്നാണു പലരുടെയും പരാതി. അങ്ങിനെയല്ല എന്നതാണു സത്യം. പക്ഷെ അങ്ങിനെ ആകണമെന്നുതന്നെയാണു എന്റെ ആഗ്രഹം. മോഹൻലാലിനെപ്പോലെ ഒരു വലിയ മനുഷ്യൻ എന്നെ വിശ്വസിച്ചു പണം ഏൽപ്പിക്കുന്നു എന്നതിലും വലിയ  ബഹുമതിയുണ്ടോ. മോഹൻ ലാലിന്റെ പണംകൊണ്ടു നിർമ്മിച്ചാൽ എന്താണുകുഴപ്പം.അതു മോഹൻലാലിനെ മാത്രം ബാധിക്കുന്ന കാര്യമല്ലെ. പുറത്തു നിൽക്കുന്നവർക്ക് അതിലെന്തുകാര്യം. മോഹൻലാൽ പപ്പടമോ കംപ്യൂട്ടറോ എന്തു വേണമെങ്കിലും ഉണ്ടാക്കി വിൽക്കട്ടെ. അതിനെന്തിനാണു പുറത്തുള്ളവർ അസ്വസ്ഥരാകുന്നത്. അദ്ദേഹത്തിന്റെ പ്രതിഫലം വലുതാണെങ്കിൽ അതു നൽകാവുന്നവർ  സിനിമ നിർമ്മിക്കട്ടെ. പ്രതിഫലം കൂട്ടി മലയാള സിനിമ നശിപ്പിച്ചുവെന്നു പറയുന്ന ഒരാളും എന്റെ പ്രതിഫലം കൂടിപ്പോയി എന്നു പറഞ്ഞു നിർമ്മാതാവിനോ പ്രസാധകനോ ജോലി ചെയ്യുന്ന സ്ഥാനപത്തിനോ തിരിച്ചു കൊടുത്തതായി കേട്ടിട്ടില്ല. 

സിനിമ നല്ലതാണെങ്കിൽ ജനം കാണും ഇല്ലെങ്കിൽ കാണില്ല. ജനത്തെ നിർബന്ധിക്കാൻ ആർക്കുമാകില്ല. 40 വർഷത്തോളം ഈ വ്യവസായത്തിൽനിന്ന അദ്ദേഹത്തിനു ഈ പറയുന്ന എല്ലാവരെക്കാളും അനുഭവം ഉണ്ടെന്നു മനസ്സിലാക്കണം. ആന്റണി തട്ടിപ്പുകാരനാണെങ്കിൽ അതു തിരിച്ചറിയാൻ അദ്ദേഹത്തിനു കഴിവില്ലെന്നു വിശ്വസിക്കുന്നവരെ മണ്ടന്മാർ എന്നാണു വിളിക്കേണ്ടത്. ഞാനതു വിളിക്കുന്നില്ല. രണ്ടു തലമുറയായി സിനിമാ വ്യവസായത്തിലുള്ള സുരേഷ് ബാലാജിയാണു അദ്ദേഹത്തിന്റെ അളിയനെന്നെങ്കിലും ഓർക്കണം. 

എനിക്കു പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ദൃശ്യം നടക്കുന്ന കാലത്തു എന്റെയും ലാൽ സാറിന്റെയും രണ്ടു സുഹൃത്തുക്കളുടെയും  പേരിലുള്ള സ്ഥലത്തിന്റെ ഓഹരി  വിൽക്കാൻ ഞാൻ തയ്യാറായതാണ്. ലാൽ സാർ പറഞ്ഞു,അദ്ദേഹത്തിന്റെ ഓഹരിയും വിൽക്കാമെന്ന്. പക്ഷെ വൈകാതെ എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു. എനിക്കു തൊടുപുഴയിലും പെരുമ്പാവൂരുമായി ആറു തിയറ്ററുകൾ ഉണ്ട്.

Maxlab Inauguration Function - Part 1

പെരുമ്പാവൂരിലെ നാലു തിയറ്ററിൽ രണ്ടെണ്ണത്തിന്റെ ലാൽസാറിന്റെ മക്കളുടെ പേരും രണ്ടെണ്ണത്തിനു എന്റെ മക്കളുടെ പേരുമാണ്. ഇതെല്ലാമുണ്ടാക്കിയതു രാവും പകലും കഷ്ടപ്പെട്ടതുകൊണ്ടും  ലാലിന്റെ സാറിന്റെ കുടുംബത്തിന്റെ അനുഗ്രഹമുള്ളതുകൊണ്ടുമാണ്. എന്റെ ഒരു സിനിമയിൽപ്പോലും ജോലി ചെയ്തവർക്കു പണം കൊടുക്കാൻ ബാക്കിയില്ല. പറഞ്ഞതിലും കൂടുതലെ കൊടുത്തിട്ടുള്ളു. എന്നെക്കുറിച്ചറിയാത്തവരും  നിരാശ ബാധിച്ചവരുമാണു പരാതി പറയുന്നതിൽ ഭൂരിഭാഗവും. 

ഫാൻസ് അസോസിയേഷനുകൾ

പിന്നെയുള്ള പരാതി ഫാൻസ് അസോസിയേഷനുകളെക്കുറിച്ചാണ്. ആദ്യകാലത്തെല്ലാം പലതും നടന്നു കാണും. ഇന്നത്തെ കാലത്തു കാസർക്കോഡ് മുതൽ തിരുവനന്തപുരംവരെ  എല്ലാ ഷോയ്ക്കും കൂവാൻ  ആളെ  കിട്ടുമോ. എല്ലാ ഷോയ്ക്കും പണം കൊടുത്തു ആളെവച്ചു കൂവിക്കാൻ ആരാണു പണമിറക്കുക. വേറെ ഒരാളുടെ സിനിമ പൊട്ടിയതുകൊണ്ടു എനിക്കെന്തു ലാഭം. മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ലക്ഷക്കണക്കിനു ലീറ്റർ രക്തം നാടിന്റെ നാനാഭാഗത്തായി ദാനം ചെയ്തിട്ടുണ്ട്. എത്രയോ രോഗികൾക്ക് ഇതുപകാരപ്പെട്ടിട്ടുണ്ടാകും എന്നുറപ്പല്ലെ.എത്രയോ കുട്ടികൾക്കു പാഠപുസ്തകവും പഠന ചിലവും നൽകിയിട്ടുണ്ട്്, വീടുവച്ചു കൊടുത്തിട്ടുണ്ട്, വീടുകൾ നന്നായി കൊടുക്കുന്നുണ്ട്, എല്ലാ മാസവും മുടങ്ങാതെ മരുന്നുവാങ്ങി കൊടുക്കുന്നുണ്ട്, തെരുവിലുള്ളവർക്കു വസ്ത്രവും പുതപ്പും നൽകുന്നുണ്ട്. ഒരു തവണപോലും  രക്തദാനം  ചെയ്യാത്തവരും ഒരു പിടി അരിപോലും ദാനം ചെയ്യാത്തവരുമാണ് ഇവരെ പരിഹസിക്കുന്നത്. 

mohanlal-antony-perumbavoor-18

ഈ കുട്ടികളെല്ലാം ഗുണ്ടകളും വാടകയ്ക്ക് കൂവാൻ പോകുന്നവരുമാണോ. ഇതിൽ കള്ളുഷാപ്പു തൊഴിലാളിയും ചുമട്ടു തൊഴിലാളിയും ഓട്ടോ ഡ്രൈവറും കോളജ് അധ്യാപകരും വീട്ടമ്മമാരും  ഡോക്ടർമാരുമൊക്കെയുണ്ട്. ഇവരാരും കുടുംബമില്ലാതെ അലഞ്ഞു നടക്കുന്നവരുമല്ല. നല്ല കുടുംബത്തിൽനിന്നുതന്നെ വരുന്നവരാണ്. ജീവിക്കാൻ നല്ല സൗകര്യമുള്ളവരുടെ കുടുംബം മാത്രമാണോ നല്ല കുടുംബം. മോഹൻലാലിനെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന്റെ സിനിമ വരുമ്പോൾ  പോസ്റ്റർ ഒട്ടിക്കുകയും ചെണ്ട കൊട്ടുകയും ചെയ്യും. അതവരുടെ സ്നേഹമാണ്്. വലിയ സാഹിത്യകാരന്മാർ  പുസ്തകം പ്രകാശനം ചെയ്യുമ്പോൾ ഫ്ളക്സ് വയ്ക്കുന്നതിൽ കുഴപ്പമില്ലെ. സിനിമ റിലീസ് ചെയ്യുന്നതു മാത്രമാണോ കുഴപ്പം. സിനിമ നിർമ്മിക്കുന്ന ഏതൊരാളും അതു പരമാവധി പേരിൽ എത്തിക്കാൻ ശ്രമിക്കും. കാരണം, അയാൾ കളിക്കുന്നത് അയാളുടെ ജീവിതം വച്ചാണ്. 

mohanlal-antony-perumbavoor-20

ജയിലിൽ പോയി ദിലീപിനെ കണ്ടു എന്നു പറഞ്ഞും എന്നെ അക്രമിച്ചു. വർഷങ്ങളായി ഒരേ രംഗത്തു ജോലി ചെയ്യുന്ന ഒരാളെ ജയിലിൽപോയി കണ്ടു എന്നതു തെറ്റാണോ. അയാൾ കുറ്റവാളിയാണെന്നു തെളിഞ്ഞിട്ടില്ലല്ലോ. ആ കുട്ടിയുമായും എനിക്കു നല്ല അടുപ്പമുണ്ട്. എനിക്കും  പെൺകുട്ടിയുണ്ട്. അവൾ ബസിലും ട്രെയിനിലുമാണു യാത്ര ചെയ്യുന്നത്. എനിക്കും മനസ്സിൽ എപ്പോഴും ആകാംഷയാണ്.ആ കുട്ടിയോടു ചെയ്തതു ആർക്കെങ്കിലും പൊറുക്കാനാകുമോ. നിരപാധിയാണെന്നു ആവർത്തിച്ച് അയാൾ പറയുമ്പോൾ അയാളെ പോയി കണ്ടതു തെറ്റാണെന്നു ഞാൻ കരുതുന്നില്ല. ഞാൻ വിചാരിച്ചാലൊന്നും അയാളെ സഹായിക്കാനുമാകില്ല. പോയി കണ്ടതു കാണാൻ വേണ്ടി മാത്രമാണ്. 

മമ്മൂക്ക അപ്പുറത്തു നിൽക്കുന്നതൊരു ശക്തി

അപ്പു അഭിനയിച്ച സിനിമ റീലീസ് ചെയ്യുന്നതിനു മുൻപു എല്ലാവരും കൂടി പോയി മമ്മൂക്കയെ കാണണമെന്നു പറഞ്ഞതു ലാൽ സാറാണ്. ഇവർ പരസ്പരം വീടുകളിലേക്കു ചെല്ലുന്നത് രണ്ടു വീട്ടുകാരുടെയും  വലിയ ആഘോഷമാണ്. എല്ലാ വേദനയിലും ഇത്രയേറെ കൂടെനിന്ന  ആൾ വേറെയുണ്ടാകില്ല. മമ്മൂക്ക അപ്പുറത്തു നിൽക്കുന്നതൊരു ശക്തിയാണ്. എന്റെ വളർച്ചയിൽപ്പോലും അദ്ദേഹം കാണിച്ച ശ്രദ്ധ എനിക്കറിയാം. ഓരോ കാര്യത്തിലും വേണ്ടതു പറഞ്ഞുതരും. ഞങ്ങളുടെ വീട്ടിലെ കാരണവർതന്നെയാണു അദ്ദേഹം. ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ല. അതൃപ്തി സ്നേഹപൂർവം തുറന്നു പറയും. 

ചില ബന്ധങ്ങൾ അങ്ങിനെയാണ്. സത്യൻ അന്തിക്കാട് സാർ എന്നും ലാൽ സാറിന് അവസാന വാക്കാണ്. എന്തു പ്രശ്നമുണ്ടായാലും ആദ്യം വിളിക്കുക സത്യൻ സാറിനെയാണ്. അദ്ദേഹമറിയാത്ത ഒരു രഹസ്യവും വേദനയും സന്തോഷവും  ലാൽസാറിനില്ല. സത്യൻ സാർ  ലാൽ സാറിനു ജേഷ്ഠൻതന്നെയാണ്. പ്രിയദർശൻ സാർ,നിർമാതാവ് സുരേഷ് കുമാർ അങ്ങിനെ പലരും ഏതു അവസ്ഥയിലും ലാൽ സാറിനോടൊപ്പമുണ്ടാകുമെന്നുറപ്പുള്ളവരാണ്. 

ഇതെല്ലാം പറഞ്ഞറിയിക്കാൻ പറ്റാത്തതിലും അടുപ്പമുള്ള ബന്ധങ്ങളാണ്. എല്ലാ േപരുകളും പറയുന്നില്ലെന്നു മാത്രം. ഇന്നസെന്റുമായുള്ള ബന്ധം ഇതിൽനിന്നെല്ലാം വിഭിന്നമാണ്. വീട്ടിലെ മുതിർന്ന ഒരാളെപ്പോലെയാകും ചിലപ്പോൾ, മറ്റു ചിലപ്പോൾ കൂട്ടുകാരനെപ്പോലെ . അസുഖമാണെന്നു അദ്ദേഹം പറഞ്ഞപ്പോൾ ആദ്യം പറഞ്ഞതു ‘ചേട്ടൻ പേടിക്കാതെ നമുക്കെല്ലാം ശരിയാക്കാം. ’ എന്നാണ്. പിന്നെ എത്രയോ ദിവസം ആലോചിച്ചതു ഇന്നസെന്റു ചേട്ടനു നല്ല ചികിത്സ കിട്ടാനുള്ള വഴികൾ മാത്രമാണ്. 

പലരുടെ മരണവും ലാൽ സാറിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്

ലാൽ സാർ സങ്കടപ്പെടുന്നതു പല തവണ കണ്ടിട്ടുണ്ട്. ഒരു തവണ മാത്രമെ തകർന്നതായി തോന്നിയിട്ടുള്ളു. ചെന്നൈയിലെ വീട്ടിൽ താമസിക്കുമ്പോൾ വെളുപ്പിനു രണ്ടു മണിക്ക് എന്റെ മുറിയുടെ വാതിൽ തട്ടി വിളിച്ചു പറഞ്ഞു, ജേഷ്ഠൻ പ്യാരേലാൽ മരിച്ചുവെന്ന്. കരഞ്ഞില്ലെങ്കിലും തകർന്നുപോയതായി എനിക്കു മനസ്സിലായി. തിരിച്ചുള്ള യാത്രയിൽ മുഴുവൻ സമയവും മിണ്ടാതിരുന്നു. ഒരിക്കൽപ്പോലും എന്നോട് അതേക്കുറിച്ചു  സംസാരിച്ചിട്ടില്ല. ഒരു മരണത്തിൽപ്പോലും ലാൽ സാർ കരയുന്നതായി കണ്ടിട്ടില്ല. പത്മരാജൻ സാർ, ഭരതൻസാർ,ഐ.വി.ശശി സാർ, ലോഹി സാർ, ടി.ദാമോദരൻ സാർ , ആലുമൂടൻ ചേട്ടൻ അങ്ങിനെ പലരുടെ മരണവും ലാൽ സാറിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. 

ജീവിതത്തിൽ വളരെ മോശമായ സമയവും ഉണ്ടായിട്ടുണ്ട്. ലാൽ സാറിന്റെ ശബ്ദം പോയെന്നും മറ്റും പറഞ്ഞ ഒരു കൊല്ലം ഇറങ്ങിയ മൂന്നു സിനിമയും പരാജയപ്പെട്ടു. അന്നുപോലും ലാൽ സാർ പതറിപ്പോയതായി തോന്നിയിട്ടില്ല. വളരെ ശാന്തവും സൗമ്യവുമായി അദ്ദേഹം നിന്നു. പുതിയ സിനിമകളെക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരുന്നു. ഒരു സിനിമ പരാജയപ്പെട്ടതിനും അതുമായി ബന്ധപ്പെട്ട ആരെയും കുറ്റം പറഞ്ഞതായി കേട്ടിട്ടില്ല. തോൽവി എല്ലാവരും ചേർന്നു ഏറ്റുവാങ്ങേണ്ടതായി അദ്ദേഹം കരുതി. അതു ചെയ്തവരോടും എഴുതിവരോടും പറയാറുണ്ട്. പുതിയത് ആലോചിക്കാതെ അതും പറഞ്ഞിരുന്നാൽ നിങ്ങൾ അവിടെ ഇരിക്കുകയെയുള്ളുവെന്ന്. സിനിമയുടെ വിജയപരാജയത്തിൽ ലാൽ സാറിന്റെ മനസ്സെന്താണെന്നു  ഇതുവരെ മുഖത്തുനിന്നു വായിച്ചെടുക്കാനായിട്ടില്ല. ആദ്യ ഷോ കഴിയുമ്പോൾത്തന്നെ ഞാൻ എനിക്കു കിട്ടിയ വിവരം കൈമാറും. 

ഞാനിതുവരെ പ്രതിഫലം സംസാരിച്ചിട്ടില്ല

എനിക്കു ഇന്നുവരെ ലാൽ സാർ ശമ്പളം എന്നു പറഞ്ഞു മാസാമാസം പണം തന്നിട്ടില്ല. ആദ്യ കാലത്തെല്ലാം  വീട്ടിൽപോകുന്നുവെന്നു പറഞ്ഞാൽ രണ്ടായിരമോ മൂവ്വായിരമോ തരും. അന്നതു വലിയ സംഖ്യയാണ്. എത്ര തവണ വീട്ടിൽപോയാലും ഇതുതന്നെയാണു തരിക.മതിയോ എന്നോ കൂടുതൽ വേണമമെന്നോ ചോദിക്കാറില്ല. ഇപ്പോഴും എനിക്കു ശമ്പളം തരാറില്ല. എനിക്കു വേണ്ടത് എടുക്കാം. ജോലി തുടങ്ങിയതിനു ശേഷം ലാൽസാറിന്റെ പഴ്സ്പോലും എന്റെ കയ്യിലായിരുന്നു. പറയുമ്പോൾ അതെടുത്തു കൊടുക്കും. അദ്ദേഹം അഭിനയിച്ച സിനികൾക്കു ഞാനിതുവരെ പ്രതിഫലം സംസാരിച്ചിട്ടില്ല. 

എനിക്കു ശരിയെന്നു തോന്നുന്ന തുക അക്കൗണ്ടിൽ ഇടും. എത്രയെന്നു ഇതുവരെ ചോദിച്ചിട്ടില്ല. അതേക്കുറിച്ചു സംസാരിച്ചിട്ടുപോലുമില്ല. ലാൽസാറിനു മറ്റാരു ം നൽകുന്നതിലും  ഉയർന്ന പ്രതിഫലം കൊടുക്കണണെന്നു എന്നും മോഹിച്ചിട്ടുള്ള ആളാണു ഞാൻ.പ്രണവ് നായകനായി ഞാൻ നിർമ്മിച്ച ആദിയുടെ പ്രതിഫലത്തിന്റെ അഡ്വാൻസ് അവനു നൽകിയത് ലാൽ സാറിന്റെ അമ്മയാണ്. എല്ലാ കുടുംബാംഗങ്ങളും അതിനു സാക്ഷിയായി നിന്നു. പണത്തിന്റെ പേരിൽ ഒരു തവണപോലും ഞങ്ങൾ കണക്കു പറഞ്ഞിട്ടില്ല. 

mohanlal-antony-perumbavoor-17

ആ കുടുംബം എനിക്കും കുടുംബത്തിനും തന്ന സ്നേഹം അളക്കാനാകില്ല. ഒരു തവണ ലാൽ സാറിനൊപ്പം ഞാനും ആയുർവേദ ചികിത്സയ്ക്കുപോയി. അവിടെ പൂർണ്ണ വെജിറ്റേറിയനാണ്. നോൺ കൊണ്ടുവരാൻപോലുമാകില്ല. എനിക്കാണെങ്കിൽ അതില്ലാതെ പറ്റുകയുമില്ല. ഒരു ദിവസം ചെന്നൈയിൽനിന്നു വന്ന ഒരാളുടെ കയ്യിൽ ചേച്ചി ഒരു പാത്രം കൊടുത്തയച്ചു. അതിൽ മീനും ചിക്കനുമായിരുന്നു. ഞാൻ പുറത്തുപോയിരുന്നു കഴിച്ചു. എന്റെ അവസ്ഥ ചേച്ചിക്കറിയാമായിരുന്നു. അത്രയേറെ വലുതാണ് അവരുടെ സ്നേഹം. 

ഞാൻ മദ്യപിക്കാറില്ല. എങ്ങിനെയാണു ആ ശീലം വന്നതെന്നു കൃത്യമായി അറിയില്ല. കഴിച്ചിരുന്ന ആളായിരുന്നു. ആദ്യ കാലത്തു ലാൽ സാറിനെ കിട്ടാതെ വരുമ്പോൾ എല്ലാവരും എന്നെയാണു വിളിക്കുക. വലിയ വലിയ ആളുകൾ വിളിക്കുമ്പോൾ നാക്കു കുഴഞ്ഞു സംസാരിച്ചാൽ അതു ലാൽ സാറിനു ചീത്തപ്പേരാകുമെന്നെനിക്കു തോന്നി. മിക്കപ്പോഴും രാത്രിയാണ് ഡ്രൈവിങ്. ആ സമയത്തും കഴിക്കാനാകില്ല. അതോടെ നിർത്താൻ തീരുമാനിച്ചു. എനിക്കു മദ്യത്തെക്കാൾ വലിയ   ലഹരി ലാൽ സാറിന്റെ സന്തോഷമായിരുന്നു. മദ്യപിച്ചിരുന്നുവെങ്കിൽ ഞാൻ ഇത്രത്തോളം എത്തില്ല എന്നെനിക്കു ചിലപ്പോൾ തോന്നിയിട്ടുണ്ട്. 

ചിത്രീകരണത്തിലെ അപകടങ്ങൾ

ൈദവം കൂടെ നിൽക്കുന്നുവെന്നു തോന്നിയ എത്രയോ നിമിഷങ്ങളുണ്ട്. നരസിംഹത്തിൽ തീയിലേക്കു ചാടി ആക്‌ഷൻ ചെയ്യുന്ന സമയത്തു വലിച്ചു കെട്ടിയ കയർ അയഞ്ഞു ലാൽ സാർ തീയിലേക്കു താഴ്ന്നുപോയി. ഞാൻ അലറിപ്പോയ നിമിഷമായിരുന്നു അത്. പെട്ടെന്നു ഉയർത്തിയതിനാൽ രക്ഷപ്പെട്ടു. ഹൊഗ്ഗനക്കലിൽ നരൻ‌ ഷൂട്ടു ചെയ്യുന്ന സമയത്തു രാവും പകലും ലാൽ സാർ പുഴയിൽ നിൽക്കുകയാണ്. നല്ല മഴയും ഉണ്ട്. എല്ലാം കഴിഞ്ഞപ്പോഴാണു അവിടെയുണ്ടായിരുന്ന ഒരാൾ രഹസ്യമായി ഒരു കാര്യം പറഞ്ഞത്. രാവിലെ പുഴയുടെ തീരത്തൊരു മുതലയെ കണ്ടിരുന്നു. ശബ്ദം കേട്ടപ്പോൾ അതു വെള്ളത്തിലേക്കു പോയി. 

പുറം വേദന സഹിക്കാനാകാതെ ലാൽ സാറിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലു മുഴുവൻ വേദനിക്കുന്നുണ്ടെന്നു രാത്രി ലാൽ സാർ പറഞ്ഞു. ബാത്ത് റൂമിൽ പോകുന്നതുപോലും പിടിച്ചു പിടിച്ചാണ്. തമ്പി കണ്ണന്താനത്തിന്റെ സിനിമയുടെ രണ്ടോ മൂന്നോ മണിക്കൂർ ഷൂട്ട് ബാക്കിയുണ്ട്. റിലീസിനു ഒരാഴ്ചയെ ബാക്കിയുള്ളു. രാത്രി ലാൽ സാർ പറഞ്ഞു, ആന്റണീ രാത്രി 12നു ശേഷം നമുക്കു പുറത്തുപോകണം എന്ന്. പുറകിലെ വാതിലൂടെ പുറത്തുപോയി ആശുപത്രിക്കടുത്തുവച്ചുതന്നെ ഷൂട്ടിങ് തീർത്തു മടങ്ങി. ആരും അറിഞ്ഞില്ല. വെളുപ്പിനു അതിഭയങ്കര വേദനയിൽ ലാൽ സാർ മൂളുന്നതു എനിക്കു കേൾക്കാമായിരുന്നു. ഒരു കൈകൊണ്ടു കട്ടിലും മറ്റേ കൈകൊണ്ടു എന്റെ കയ്യും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. 

ഒരിക്കൽ ടൗണിൽനിന്നെല്ലാം ദൂരെ ഏതോ ഗ്രാമത്തിൽ ഷൂട്ടു ചെയ്യുകയാണ്. പഴയൊരു ഗസ്റ്റ് ഹൗസിലാണു താമസം. ലാൽ സാറിനു രാവിലെ മുതൽ നല്ല പനിയുണ്ടായിരുന്നു. ടൗണിൽനിന്നെത്തിയ ഡോക്ടർ മരുന്നു കൊടുത്തു. ഓരോ മൂന്നു മണിക്കൂർ ഇടവിട്ടു കൊടുക്കാൻ മരുന്നു കൊടുക്കാൻ പറഞ്ഞു. ഞാൻ ഉണർന്നിരുന്നു മരുന്നു കൊടുത്തു. വെളുപ്പിനു മൂന്നു മണിയായപ്പോഴേക്കും ലാൽ സാർ പനിച്ചു വിറച്ചു തുടങ്ങി.എന്തോ പതുക്കെ പറയുന്നുണ്ട്. 

രണ്ടു കമ്പിളികൾ കൊണ്ടു പുതപ്പിച്ചു. എന്നിട്ടും വിറ മാറുന്നില്ല. എന്റെ കൈകൾ രണ്ടും ലാൽ പിടിച്ചു മുഖത്തേക്കു വച്ചു.അവസാനം തലയിണയ്ക്കു മുകളിലേക്കു‍  ചാഞ്ഞു കിടന്ന ലാൽ സാറിന്റെ മുകളിലേക്കു ഞാൻ പാതി കിടന്നു. കമ്പിളികൊണ്ടു തലമൂടി. ദേഹം മുഴുവൻ ചേർത്തു പിടിച്ചു.വിറച്ചുകൊണ്ടു എന്തെല്ലാമോ പറയുന്നുണ്ട്.  അങ്ങിനെ ഇരുവരും ഉറങ്ങിപ്പോയി. ആറു മണിക്കു ഉണരുമ്പോൾ ലാൽ സാർ വിയർത്തിരുന്നു. നേരത്തെ ഉണർന്നിട്ടും ലാൽ ഞാൻ ഉണരാതിരിക്കാൻ ലാൽ സാർ അനങ്ങാതെ കിടന്നതാണെന്നു എനിക്കു തോന്നി. 

mohanlal-antony-perumbavoor-11 ആന്റണി ഭാര്യ ശാന്തിക്കും മക്കൾക്കുമൊപ്പം

എന്റെ കുട്ടികളുടെ പഠത്തിനുള്ള എല്ലാ വഴികളും പറഞ്ഞുതന്നതു ചേച്ചിയാണ്. വേറെ കുട്ടികളായി അവരെ ഈ വീട്ടിലെ ആരും കണ്ടിട്ടില്ല. ലാൽ സാറിന്റെ വീട് അവരുടെകൂടി  വീടാണ്. പെരുമ്പാവൂരിലെ ഒരു കുഗ്രാമത്തിൽനിന്നു ഞാൻ ഇവിടെവരെ എത്തി. ആന്റണി എന്ന പേരിന്റെ കൂടെ പെരുമ്പാവൂർ എന്നു കൂടി ഞാൻതന്നെ ചേർത്തതു എന്നെ എന്റെ ഗ്രാമത്തിലുള്ളവർ തിരിച്ചറിയണം എന്ന ആഗ്രഹംകൊണ്ടാണ്. ഏത് ആന്റണി എന്നു ചോദിക്കുമ്പോൾ അവർ പറയണം പെരുമ്പാവൂരിലെ ആന്റണിയെന്ന്. ആന്റണിയിൽനിന്നു ആന്റണി പെരുമ്പാവൂരിലേക്കുള്ള എന്റെ യാത്ര മോഹൻലാലിന്റെ ദാനമാണ്. കാറിലും ജീവിതത്തിലും പുറകിൽ അദ്ദേഹമുണ്ട് എന്ന ധൈര്യവും കരുതലാണ് എന്നെ ഇവിടെ എത്തിച്ചത്. പതിഞ്ഞ സ്വരത്തിൽ ആന്റണീ, എന്നു വിളിക്കുമ്പോൾ സാർ എന്നു വിളികേൾക്കാൻ വേണ്ടിയാണു ഞാൻ ഉണർന്നിരുന്നത്. 

ആരെന്തു പറഞ്ഞാലും ഞാൻ ആ മനുഷ്യനു വേണ്ടി ജീവിക്കും. ലോകം കാണാൻ കൊതിക്കുന്ന ഒരു മനുഷ്യന്റെ നിഴൽ ഞാനാണെന്നതിൽ അഭിമാനിക്കുന്നു. ഞാൻ ഡ്രൈവറായ ആന്റണി മാത്രമാണ്. അതിലപ്പുറം ഒന്നും ആകുകയും വേണ്ട. പ്രാർഥിക്കുമ്പോൾ ഞാൻ കർത്താവിന്റെ മുഖത്തോടൊപ്പം പല തവണ ലാൽ സാറിന്റെ മുഖം കണ്ടിട്ടുണ്ട്. ഇത് എന്റെ നെഞ്ചിൽ കൈവച്ചു പറയുന്നതാണ്. ഞാൻ പല തവണ കണ്ടിട്ടുണ്ട്. അതാണെനിക്കു ലാൽ സാർ. ഞാൻ അദ്ദേഹത്തിന്റെ ഡ്രൈവറും.