Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോഹൻലാലിന്റെ മാജിക്കലായ പരകായപ്രവേശം’

odiyan-wriyer-harkrishnan ഹരികൃഷ്ണൻ, മോഹൻലാൽ

കുട്ടിസ്രാങ്ക് എന്ന ആദ്യതിരക്കഥയ്ക്കു തന്നെ ദേശീയ പുരസ്കാരം നേടിയ എഴുത്തുകാരനാണ് ഹരികൃഷ്ണൻ. കലാമൂല്യത്തിൽ വിട്ടുവീഴ്ചകൾക്കില്ലാത്ത ഷാജി എൻ. കരുണിനു വേണ്ടി എഴുതിയ കുട്ടിസ്രാങ്കിനും സ്വപാനത്തിനും ശേഷം കച്ചവടമൂല്യത്തിന്റെ പരകോടിയിലേക്കാണ് ഹരികൃഷ്ണന്റെ മൂന്നാം സിനിമ വരുന്നത്- മലയാളസിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രം ഒടിയൻ. 

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച്, പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പിന്നണിയിൽ എല്ലാം വലിയ പേരുകളാണ്; മഞ്ജു വാര്യർ, പ്രകാശ് രാജ്, പീറ്റർ ഹെയ്ൻ, ഷാജി കുമാർ, ജോൺ കുട്ടി, എം. ജയചന്ദ്രൻ എന്നിങ്ങനെ. ഒടിയനെപ്പറ്റി ഹരികൃഷ്ണൻ സംസാരിക്കുന്നു.

∙ എന്തുകൊണ്ട് മാണിക്കനായി മോഹൻലാൽ? 

ഒടിയൻ എന്ന സിനിമയുടെ ആലോചനയുടെ ആദ്യഅക്ഷരത്തിൽത്തന്നെ മോഹൻലാലുണ്ടായിരുന്നു. മറ്റൊരാളെപ്പറ്റി ആലോചിച്ചിരുന്നില്ല. ഞാനും ശ്രീകുമാറും കൂടി സി‌നിമയെപ്പറ്റി ആലോചിച്ചുതുടങ്ങിയ ആദ്യനിമിഷംതന്നെ ലാലേട്ടൻ എന്ന വാക്കു വന്നിരുന്നു. കഥ വളർന്നപ്പോൾ അതിൽ മോഹൻലാൽ എന്ന നടൻ കൂടുതൽ കലർന്നുവന്നു.

∙ എഴുതിവച്ച മാണിക്കൻ മോഹൻലാലിൽ ജീവൻ വച്ചതു കണ്ടപ്പോൾ എന്താണു തോന്നിയത്?

അത് വല്ലാത്തൊരു അനുഭൂതിയായിരുന്നു. ഞാൻ കൺസീവ് ചെയ്ത കഥ, ക്യാരക്ടർ, അതിനു ജീവൻ കൊടുക്കുന്ന മഹാനടൻ. ഞാൻ എഴുതിവച്ചതിനുമപ്പുറമാണ് മുന്നിൽ നിൽക്കുന്നതെന്ന തോന്നൽ. ലാൽ അതു ചെയ്യുമ്പോൾ, അതു മോണിട്ടറിൽ കാണുമ്പോൾ, പിന്നെ എ‍ഡിറ്റിങ്ങിനു സ്ക്രീനിൽ കാണുമ്പോൾ, അങ്ങനെ ഓരോ കാഴ്ചയിലും കൂടുതൽ മനോഹരമായി വന്നു. ഓരോ തവണയും അതു കാണുമ്പോൾ മോഹൻലാൽ അനുഭവത്തിന്റെ ഓരോ ലെയർ നമുക്കു തരും. കഥ കേൾക്കുന്ന ലാൽ ഒരാൾ, അതിനായി പ്രിപ്പയർ ചെയ്യുന്ന ലാൽ മറ്റൊരാൾ, അഭിനയിക്കുന്ന ലാൽ വേറൊരാൾ, സ്ക്രീനിലെ ലാൽ ഇനിയുമൊരാൾ. കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് അനുഭവത്തിന്റെ ഇത്രയും ലെയറുകൾ തരാനാവുന്ന എത്ര നടന്മാരുണ്ടെന്ന് എനിക്കറിയില്ല. പല അടരുകളുള്ള ഒരഭിനേതാവ്.

odiyan-wriyer-harkrishnan-3

∙ ഒടിയന്റെ എഴുത്തനുഭവം എങ്ങനെയായിരുന്നു?

ഷാജി സാറിനുവേണ്ടി മൂന്നു സിനിമകൾ എഴുതി- കുട്ടിസ്രാങ്കും സ്വപാനവും ഗാഥയും. ആദ്യത്തെ രണ്ടും ഷാജി സാറിന്റെ കഥയാണ്; ഗാഥ ടി. പത്മനാഭന്റെ കടൽ എന്ന കഥയും. തിരക്കഥ മാത്രമാണ് എന്റേത്. മറ്റൊരാളിന്റെ കഥയിലുള്ള സകല പാരതന്ത്ര്യങ്ങളും അതിന്റെ എഴുത്തിലുണ്ട്. ഒടിയൻ അങ്ങനെയല്ല. ഒരിടത്ത് ഒരു ഒടിയനുണ്ടായിരുന്നു, അയാളുടെ പേര് മാണിക്കനെന്നായിരുന്നു എന്നിങ്ങനെ ആ കഥ മുഴുവൻ എന്നിലുണ്ടായതാണ്. കഥ പിറക്കുന്നതിന്റെ ഒരാഹ്ലാദം ആദ്യമായി കിട്ടുന്നത് ഒടിയനിലാണ്. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം പേനയിലോ കംപ്യൂട്ടറിലോ കിട്ടുന്ന എഴുത്തിന്റെ പിറവിയാണ് അയാളി‍ൽ ഏറ്റവുമധികം മൂർച്ഛ വരുത്തുന്നത്.

∙ ഒടിയനെ യാഥാർഥ്യമാക്കിയ ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിനെപ്പറ്റി?

ഒടിയൻ തന്ന അദ്ഭുതങ്ങളിലൊന്ന് ആന്റണിയെ അടുത്തറിഞ്ഞതാണ്. അദ്ദേഹവുമായുള്ള അടുത്ത സൗഹൃദം എനിക്കു വളരെ വിലപ്പെട്ടതാണ്. ബജറ്റ് നോക്കാതെ, സിനിമയെ എത്ര വേണമെങ്കിലും വലുതാക്കിക്കൊള്ളൂ എന്നു പറയാൻ ഏതു നിർമാതാവിനു ധൈര്യം വരും? ആന്റണിയുടെ ആ ധൈര്യമാണ് ഒടിയനെ 35 രാജ്യങ്ങളിലെ 3500 സ്ക്രീനുകളിലേക്ക്, ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷിക്കപ്പെടുന്ന സിനിമയെന്ന തലത്തിലേക്ക് വളർത്തിയത്. കഥയിൽപോലും ആന്റണി നടത്തിയ ക്രിയാത്മകമായ ഇടപെടൽ ഒടിയനു വലിയ ഗുണം ചെയ്തു.

odiyan-wriyer-harkrishnan-4

∙ ശ്രീകുമാർ മേനോനുമായുള്ള സൗഹൃദം?

ഒടിയനിലേക്കുള്ള യാത്ര തുടങ്ങിയത് ഞങ്ങൾ ഒരുമിച്ചാണ്. നാട്ടുകാരനും കൂട്ടുകാരനും. അതുകൊണ്ടുതന്നെ ഇതുവരെയുള്ള സഹയാത്ര സുന്ദരമാണ്. ശ്രീകുമാർ മേനോൻ എന്ന സംവിധായകനെ മലയാള സിനിമയിൽ കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമയായിരിക്കും ഒടിയൻ.

∙ പീറ്റർ ഹെയ്നുമായുള്ള അടുപ്പത്തെപ്പറ്റി

മുൻപു പീറ്റർ ഹെയ്നെപ്പറ്റി കേട്ടിട്ടുണ്ട്, അദ്ദേഹം ചെയ്ത സുന്ദരമായ ആക്‌ഷൻ രംഗങ്ങളുള്ള സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷേ അതിനായി അദ്ദേഹം നടത്തുന്ന സമർപ്പണവും അതിന്റെ പെയിനും നേരിട്ടു കണ്ടത് ഒടിയനിലാണ്. പീറ്റർ എന്നോടു പറഞ്ഞിട്ടുണ്ട്, അദ്ദേഹം ഒരു സംവിധായകനാണെന്ന്. സംവിധായകനാകാൻ ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ ഇഷ്ടം മാത്രമാണ് ആക്‌ഷൻ കോറിയോഗ്രഫി. ഒരുമിച്ചിരിക്കുന്ന സമയത്തൊക്കെ പീറ്റർ പറയാറുള്ളത് അദ്ദേഹം സംവിധാനം ചെയ്യാൻപോകുന്ന സിനിമയെപ്പറ്റി മാത്രമാണ്. 

odiyan-wriyer-harkrishnan-1

മറ്റൊരു ദേശത്തിന്റെ ജീൻ കൂടി ശരീരത്തിലുള്ള ഒരു മനുഷ്യൻ - തമിഴനും വിയറ്റ്നാംകാരനും. രണ്ടു രാജ്യങ്ങളെ വഹിക്കുന്ന ഒരാളോടു സംസാരിക്കുന്നതിന്റെ രസമുണ്ട് പീറ്ററിനൊപ്പം ഇരിക്കുമ്പോൾ. സിഗരറ്റ് വലിക്കുന്നതിൽപ്പോലും അതിന്റേതായ സ്റ്റൈലുള്ള, ഒരു തനിത്തമിഴന്റെ എല്ലാ രസങ്ങളും നിറങ്ങളുമുള്ള ഒരാൾ. ഒടിയനിൽ എനിക്കു കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന് പീറ്റർ ഹെയ്നുമായുള്ള വ്യക്തിപരമായ സൗഹൃദമാണ്. 

∙ ആർട്ട് ഹൗസ് സ്വഭാവമുള്ള കുട്ടിസ്രാങ്കും സ്വപാനവും കഴിഞ്ഞ് ഇപ്പോൾ ഒടിയനിലൂടെ മലയാളസിനിമാ ചരിത്രത്തിലെതന്നെ വലിയ കച്ചവടസിനിമകളിലൊന്നിലേക്ക്. സിനിമയുടെ രണ്ടു ധ്രുവങ്ങളാണിത്. 

ആദ്യം ഷാജി എൻ. കരുണിന്റെ സിനിമ ചെയ്തു, ഇപ്പോൾ ഒടിയൻ ചെയ്യുന്നു എന്നേയുള്ളൂ. ആദ്യം ഒടിയനാണ് ചെയ്തിരുന്നതെങ്കിൽ അതു തിരിച്ചാകുമായിരുന്നു. ഷാജി സാർ പിന്നീടാണ് കുട്ടിസ്രാങ്ക് പറയുന്നതെങ്കിൽ, ഇതേ മാനസികാവസ്ഥയോടെതന്നെ ഞാൻ ചെയ്യുമായിരുന്നു. പത്രത്തിൽ ജോലി ചെയ്യുന്നതിന്റെ ഭാഗമായ, അങ്ങനെ ശീലിച്ച പ്രഫഷനലിസമാണത്. എന്തെഴുതണോ അതിനെ പ്രഫഷനലായി സമീപിക്കുക എന്നേയുള്ളൂ.

∙ കുട്ടിസ്രാങ്കും സ്വപാനവും സാമാന്യമായി പറഞ്ഞാൽ ഒരു ശരീരത്തിൽ പല ജീവിതം ജീവിക്കുന്നവരെപ്പറ്റിയാണ്. ഒടിയൻ എന്ന സങ്കൽപവും അങ്ങനെയാണല്ലോ- ഒരു ശരീരത്തിൽനിന്നു പല രൂപങ്ങൾ. അതിൽ ഫാന്റസിയുമുണ്ട്.

കുട്ടിസ്രാങ്ക് അങ്ങനെയൊരാളിന്റെ കഥയായിരുന്നു. ഒരു ശരീരം, പല ജീവിതം. പക്ഷേ അതൊരു സർറിയൽ പ്ലെയിനായിരുന്നു; മാജിക്കൽ റിയലിസം. അതിലായിരുന്നു കുട്ടിസ്രാങ്കിന്റെ കഥ മുഴുവൻ പറഞ്ഞത്. ഈ എലമെന്റ്സ് മുഴുവൻ ഒടിയനിലുമുണ്ടായിരുന്നു. അവിടെ പക്ഷേ അതു ഫാന്റസിയുടെ തലത്തിലേക്കു മാറി. എന്താണു വ്യത്യാസമെന്നു ചോദിച്ചാൽ, അതുതാനല്ലയോ ഇത് എന്നുള്ള, വിഭ്രമ, നിഗൂഢസംഗതിയാണ് മാജിക്കൽ റിയലിസം. റിയലിനപ്പുറത്തുള്ള, ഞാൻ ഭൂമിയിലാണോ നിൽക്കുന്നത് എന്നു തോന്നിപ്പിക്കുന്ന ഒന്ന്. ഒടിയനിൽ ഞാൻ, ഭൂനിരപ്പിൽനിന്ന് ആ കഥയെ മുകളിലേക്ക് ഉയർത്തുകയായിരുന്നു. കഥയ്ക്കു പറക്കാൻ ചിറകുകൊടുത്തു. അതു ഫാന്റസിയാണ്.

harikrishnan-mohanlal-1

∙ കുട്ടിസ്രാങ്കിലും സ്വപാനത്തിലും പ്രണയമുണ്ട്. ലളിതമല്ല, വരിഞ്ഞുമുറുക്കുകയും ഭീതിപ്പെടുത്തുകയും ചെയ്യുന്നത്. ഒടിയന്റെ പ്രണയം എങ്ങനെയാണ്?

ഒടിയനിൽ തീർച്ചയായും പ്രണയമുണ്ട്. അത് ചുറ്റിപ്പിടിക്കുമോ വിട്ടുനിൽക്കുമോ ദൂരെപ്പോകുമോ എന്നൊന്നും ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പു പറയാനാവില്ല.

∙ സാഹിത്യ നിരൂപണം, വാർത്ത, ഫീച്ചർ, കോളം, യാത്രാവിവരണം, മുഖപ്രസംഗം, തിരക്കഥ എന്നിങ്ങനെ എഴുത്തിന്റെ പല ഫോർമാറ്റുകൾ കൈകാര്യം ചെയ്തിട്ടുണ്ടല്ലോ. ഏറ്റവും കംഫർട്ടബിളായ എഴുത്തുരീതി ഏതാണ്? ഒന്നിൽനിന്നു മറ്റൊന്നിലേക്കു മാറുന്നതിന്റെ അനുഭവം എന്താണ്?

എഴുത്തുകാരന് ഏറ്റവും സൗകര്യപ്രദം അയാൾക്കിഷ്ടമുള്ള, സ്വാതന്ത്ര്യമുള്ള എഴുത്തുരീതി തന്നെയാണ്. പത്രത്തിനുവേണ്ടി വാർത്തയോ മുഖപ്രസംഗമോ എഴുതുന്നതു പോലെയല്ല യാത്രാവിവരണമോ സിനിമാ ആസ്വാദനമോ എഴുതുന്നത്. അതുപോലെയല്ല കഥയോ തിരക്കഥയോ എഴുതുന്നത്. നമ്മളിലുള്ളത് എഴുതുമ്പോഴാണ് സന്തോഷം. ആത്മാവിഷ്കാരം ഏതെഴുത്തുകാരനും ആത്മരതി തന്നെയാണ്. 

∙ ആദ്യത്തെ സിനിമയിൽ മമ്മൂട്ടി, ഇപ്പോൾ മൂന്നാമത്തെ സിനിമയിൽ മോഹൻലാൽ. എങ്ങനെയാണ് താരതമ്യം?

മലയാളിയുടെ സിനിമാ ആസ്വാദന ശേഷിയുടെ രണ്ടു പരമാവധി ലെവലുകളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ടു മികച്ച നടന്മാർ. പക്ഷേ മമ്മൂട്ടി ചെയ്ത പല റോളുകളും ലാലിന് അങ്ങനെ ചെയ്യാൻ പറ്റില്ല, തിരിച്ചും. ഇവർ തമ്മിലൊരു താരതമ്യം സാധ്യമല്ലെന്ന് എനിക്കു തോന്നുന്നു. കുട്ടിസ്രാങ്ക് മമ്മൂട്ടിക്കു മാത്രം പറ്റുന്ന ഒരു കഥാപാത്രജീവിതമാണ്. ആകാരത്തിലും അഭിനയത്തിലുമൊക്കെ വല്ലാത്തൊരു പൂർണതയുണ്ട് മമ്മൂട്ടിക്ക്. 

harikrishnan-mohanlal

അതേസമയം, അതിസുന്ദരമായൊരു അഴിച്ചുവിടലാണ് ലാൽ; അഭിനയത്തിലും ശരീരത്തിലും സൗഹൃദത്തിലുമൊക്കെ. തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹൻലാലിലുണ്ട്. മമ്മൂട്ടിയിൽ അങ്ങനെയൊരു തുറന്നുവിടലില്ല, ആന്തരികമായൊരു സഞ്ചാരമാണത്. അതുകൊണ്ടാണ് അവർ തമ്മിലൊരു താരതമ്യം സാധ്യമല്ലെന്നു പറയുന്നത്. ഏതു സമയത്തും ഏതു കഥാപാത്രത്തിലേക്കും വളരെ മാജിക്കലായി പരകായപ്രവേശം ചെയ്യുന്ന മോഹൻലാൽ ഇപ്പുറത്ത്, സൂക്ഷ്മാഭിനയത്തിന്റെ സാമ്പ്രദായികത മുഴുവൻ സ്വാംശീകരിക്കുന്ന ഗാംഭീര്യം അപ്പുറത്ത്. ഗാംഭീര്യം, പൗരുഷം അങ്ങനെ നമുക്കുള്ള നായക സങ്കൽപങ്ങളുടെ മൂർത്തീകരണമാണ് മമ്മൂട്ടി. സ്വകാര്യനേരങ്ങളിലും അല്ലാത്തപ്പോഴും സ്വയം അഴിച്ചുവിടുന്ന ഒരാളാണ് ലാൽ. കാറ്റായലയുന്നു ഞാൻ ചക്രവാളങ്ങളിൽ എന്നോർമിപ്പിക്കുന്ന ഒരാൾ. ഈയിരിക്കുന്നതും ഞാനല്ല, ആ പറക്കുന്നതും ഞാനല്ല - അങ്ങനെയൊരാൾ.

∙ എങ്ങനെയാണ് സിനിമ താൽപര്യമായത്?

ഞാൻ പൊന്നാനി എന്ന ചെറുനഗരത്തിന്റെ പ്രാന്തഗ്രാമത്തിലാണ് ജനിച്ചത്. അവിടെയായിരുന്നു അച്ഛന്റെ വീട്. അമ്മയുടെ വീട് പാലക്കാടും. ബാല്യ കൗമാരങ്ങൾ പൊന്നാനിയിലായിരുന്നു. രാത്രിയിൽ കാതോർത്താൽ കടലിന്റെ ശബ്ദം കേൾക്കാം. ഏറനാടിന്റെ മിത്തുകളും പൊന്നാനിയുടെ സാംസ്കാരിക പാരമ്പര്യവും നാലപ്പാടുമായുള്ള കുടുംബബന്ധത്തിന്റെ വേരുകളുമൊക്കെ എന്നിലുമുണ്ടായിരുന്നു. പക്ഷേ എന്റെ അക്കാലത്തെ സുഹൃത്തുക്കൾക്കോ സഹപാഠികൾക്കോ ഇല്ലാതിരുന്ന ഒരു താൽപര്യം എനിക്കുണ്ടായിരുന്നു - സിനിമ ഒറ്റയ്ക്കിരുന്നു കാണുക. 

ആറ്, ഏഴ് ക്ലാസൊക്കെത്തൊട്ടുള്ള ഒരു ശീലം. ക്ലാസ് കട്ട് ചെയ്യുകയല്ലാതെ അതിനു വേറേ വഴിയില്ല. അൻപതു കിലോമീറ്റർ അകലെയാണ് വലിയ നഗരമുള്ളത് - തൃശൂർ. എട്ടാംക്ലാസിലൊക്കെ ആയപ്പോൾ ഞാൻ ക്ലാസ് കട്ട് ചെയ്ത് തൃശൂരു പോയിത്തുടങ്ങി. സ്കൂളിലേക്ക് എന്ന മട്ടിൽ വീട്ടിൽനിന്നിറങ്ങിയാണ് പോക്ക്. രാഗത്തിൽനിന്ന് നൂൺഷോയും രാമദാസിൽനിന്ന് മാറ്റിനിയും കണ്ട് വൈകിട്ട് തിരിച്ചെത്തും. എന്റെ കൂട്ടുകാരാരും അന്ന് അങ്ങനെയൊന്നും ചെയ്തിരുന്നില്ല. എനിക്ക് സിനിമയെ വിട്ടുനിർത്താൻ പറ്റിയിരുന്നില്ല. സിനിമ എനിക്കു പാഷനാണെന്നൊന്നും ചിന്തിച്ചിട്ടേയില്ല. 

പിന്നെ, മുതിർന്നപ്പോൾ എനിക്കു മനസ്സിലായി അതെന്റെയുള്ളിലുള്ളതാണ്. ഉള്ളിലുള്ള ഒരു സംഗതിയെ നമുക്കു മറ്റൊന്നായി മാറ്റിനിർത്താനാവില്ലല്ലോ. പാഷനെന്നോ പ്രണയമെന്നോ ഒക്കെ പറഞ്ഞാൽ അതു മറ്റൊരു സംഗതിയാവുകയാണ്. എനിക്കത് അങ്ങനെയല്ല. എന്റെ കാഴ്ചയെ വെല്ലുവിളിക്കുന്ന, കൃഷ്ണമണിയെ തോൽപ്പിക്കുന്ന വലിയ കാഴ്ചയാണ് എനിക്കു കാണേണ്ടത്. രാഗത്തിലെ 70 എംഎം സ്ക്രീൻ അതിലെ വലിയ കാഴ്ച കൊണ്ട് എന്റെ കൃഷ്ണമണിയെ തോൽപിക്കുകയാണ്. ഞാനാദ്യം ദൈവത്തെ കാണുന്നതു സ്ക്രീനിലാണ്; ആ വലുപ്പം, അതിന്റെ കാഴ്ച, അതിന്റെ മാജിക്ക്. എന്റെ എക്കാലത്തെയും അന്ധാളിപ്പാണ് സിനിമ.

∙ സംവിധായകനാകുമോ?

ഇപ്പോൾ അതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. ചെയ്തേക്കും എന്നേ പറയാനാവൂ. തിരക്കഥയിലേക്കു പോലും ഞാൻ ചിന്തിച്ചുറപ്പിച്ച് എത്തിയതല്ല. മലയാളത്തിലെ രാജ്യാന്തരപ്രശസ്തരായ സംവിധായകരിലൊരാൾ, തിരക്കഥയെ വളരെ ശ്രദ്ധയോടെ കാണുന്ന ഒരാൾ, ഷാജി സാർ, ഒരു ദിവസം വന്ന് ഒരു സ്ക്രിപ്റ്റെഴുതിത്തരാമോ എന്നു ചോദിച്ചതിന്റെ അമ്പരപ്പ് ജീവിതത്തിലുള്ള ആളാണു ഞാൻ. അതുകൊണ്ട്, സംവിധാനം ചെയ്തേക്കാം എന്നേ പറയാനാവൂ. സിനിമയിലേക്കു വന്നു, ഒടിയൻ പോലൊരു സിനിമ കിട്ടുന്നു, അതിത്രയും വലുതാകുന്നു, സിനിമ വിസ്മയങ്ങളുടേതാണ്. അതു നമ്മുടെ ജീവിതത്തിൽപ്പോലും മാജിക്കലായി ഇടപെടും.

∙ പത്രപ്രവർത്തനം തിരക്കഥയെഴുത്തിനെ സഹായിച്ചിട്ടുണ്ടോ?

തീർച്ചയായും. പ്രഫഷനലായി എഴുത്തിനെ സമീപിക്കേണ്ടതെങ്ങനെ എന്നു പഠിപ്പിച്ചത് പത്രപ്രവർത്തനമാണ്. ഷാജി സാർ എന്നോടു തിരക്കഥയെഴുതാൻ ആവശ്യപ്പെട്ട ദിവസം ഞാൻ തിരിച്ചെത്തി അദ്ദേഹത്തിന്റെ സിനിമകളെല്ലാം കണ്ടു. അദ്ദേഹത്തെ പഠിക്കാൻ ശ്രമിച്ചു. ഒരു കഥാപാത്രത്തെ, ജീവിതത്തെ അദ്ദേഹം എങ്ങനെ കാണുന്നുവെന്നു നോക്കി. ഒരു സിനിമ ഡിറ്റർമിൻ ചെയ്യുന്നയാളെ നന്നായി മനസ്സിലാക്കിയെടുത്ത് അദ്ദേഹത്തിനുവേണ്ടിയാണ് ആ സിനിമ കൺസീവ് ചെയ്യേണ്ടത്. 

ഒരു സംവിധായകൻ അതുവരെ ചെയ്ത സിനിമകളിൽ അയാളുടെ ഫിലോസഫിയങ്ങനെ കിടക്കുന്നുണ്ടാവും; അയാളുടെ ജീവിതവും പ്രണയവും ഏകാന്തതയുമൊക്കെ. അതു മനസ്സിലാക്കിയെടുത്തുവേണം അയാൾക്കായി എഴുതേണ്ടത്. ഒടിയനെ സംബന്ധിച്ചാണെങ്കിൽ, മോഹൻലാൽ എന്ന നടനെ എങ്ങനെ കാണാൻ പ്രേക്ഷകൻ ഇഷ്ടപ്പെടുന്നു എന്നതാണ് കാര്യം. ഈ പ്രഫഷനൽ സമീപനമാണ് പത്രപ്രവർത്തനം എനിക്കു തന്നത്. 

കിലുക്കം, ചിത്രം, ചന്ദ്രോൽസവം, ആറാംതമ്പുരാൻ എന്നിങ്ങനെ പല ചിത്രങ്ങളിൽ മലയാളികൾ കണ്ട, ഇഷ്ടപ്പെട്ട മോഹൻലാലുണ്ട്; നിഷ്കളങ്കനായ കാമുകനായി, മദ്യപാനിയായി, വിഷാദവിലാപങ്ങളോടെ, പൗരുഷത്തോടെ, അങ്ങനെയങ്ങനെ. ഈ പലതരം മോഹൻലാൽമാരെ കഴിയുന്നത്ര ഞാൻ മനസ്സിലെടുത്തു. ഇരുപത്താറു വർഷത്തെ എന്റെ പത്രപ്രവർത്തനജീവിതം തന്ന പരിശീലനം കൊണ്ട്, മോഹൻലാൽ എന്ന നടൻ ഇക്കാലം കൊണ്ട് എന്റെ കണ്ണിൽത്തന്ന കാഴ്ചകൾ കൊണ്ട് ഈ മോഹൻലാൽമാരുടെ സമാഹാരത്തിൽനിന്ന് മലയാളിക്കിഷ്ടപ്പെട്ട ഒരു ലാലിനെ ഉണ്ടാക്കാൻ ശ്രമിച്ചു. ആ ലാലാണ് ഒടിയൻ.

∙അപ്പോൾ, കാണുന്നവർക്കു നല്ല സന്ദേശം നൽകുന്നതാവണം സിനിമയെന്ന വാദമോ?

ഞാനൊരു എഴുത്തുകാരനാണെങ്കിൽ, എന്റെ എഴുത്തിലെ സാമൂഹിക പ്രതിബദ്ധതയ്ക്കോ സന്ദേശത്തിനോ ഒക്കെ അപ്പുറത്താണ് കലയുടെ പൂർണിമ എന്നു ഞാൻ വിശ്വസിക്കുന്നു. കല വേറൊന്നാണ്. കല നിങ്ങളിലേക്കു വരുമ്പോൾ, നിങ്ങളതിനെ അഭിമുഖീകരിക്കുമ്പോൾ, അതു നിങ്ങളെ അപാരനാക്കുന്നു. നിങ്ങൾ അപാരതയോടാണ് സംസാരിക്കുന്നത്. അവിടെന്തു സന്ദേശം. കടലിനോടു സംസാരിക്കുമ്പോൾ നിങ്ങൾ ഗ്രാമർ നോക്കുമോ?