Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവരും ഇന്നു നിലവിളിക്കുമ്പോൾ ആ സിനിമയും സംവിധായകനും അന്നേ പറഞ്ഞു, ആലപ്പാടിനെക്കുറിച്ച് !

ranjith-passenger

ആലപ്പാട് പഞ്ചായത്തിലെ കരിമണൽഖനനത്തിനെതിരെ നടക്കുന്ന സമരത്തിന് സമൂഹമാധ്യമങ്ങളിൽ പിന്തുണയേറുമ്പോൾ ദിലീപിനെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത പാസഞ്ചർ എന്ന ചിത്രവും ചർച്ചയാവുകയാണ്. മാറങ്കര എന്ന നാടിനെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ദിലീപിന്റെ വക്കീൽ കഥാപാത്രം കോടതിയിൽ വിവരിക്കുന്ന രംഗം സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കു വച്ചു.

സിനിമയിലെ ദിലീപിന്റെ ഡയലോഗ് ഇങ്ങനെ– ‘മാറങ്കരയിലെ മണലിൽ അടങ്ങിയിരിക്കുന്ന മിനറൽസിന് ആഗോള മാർക്കറ്റിൽ കോടിക്കണക്കിനു രൂപയുടെ വിലയുണ്ട്. ഇവിടെയുള്ള രാഷ്ട്രീയക്കാരും സാമുദായിക നേതാക്കന്മാരും വൻവ്യവസായികളും ആരും ഈ പാവങ്ങളുടെ കൂടെയില്ല. മാറങ്കരയ്ക്ക് പുറത്തുള്ള സാധാരണക്കാർക്ക് ഇത് അവരെ നേരിട്ടു ബാധിക്കാത്ത വിഷയമായതുകൊണ്ട് താൽപര്യവുമില്ല. അതുകൊണ്ടാണ് ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ മാറങ്കരയിലെ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങിയത്. ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരനുമുണ്ട്.’

സേവ് ആലപ്പാട്, സ്റ്റോപ് മൈനിങ് എന്നീ ഹാഷ്ടാഗുകളോടെയാണ് പാസഞ്ചറിലെ രംഗം ഷെയർ ചെയ്യപ്പെടുന്നത്. ദിലീപിന്റെ വക്കീൽ കഥാപാത്രം പറയുന്ന ഡയലോഗ് ഇന്ന് ആലപ്പാടിനു വേണ്ടി സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കൾ ആവർത്തിക്കുന്നു- "ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരനും ഉണ്ട്."

വേദനിപ്പിക്കുന്ന യാഥാർത്ഥ്യം: സംവിധായകൻ രഞ്ജിത് ശങ്കർ

പത്തു വർഷങ്ങൾക്കിപ്പുറം തന്റെ സിനിമ വീണ്ടും ചർച്ചയായതിനെക്കുറിച്ച് സംവിധായകൻ രഞ്ജിത് ശങ്കറിനും ചിലതു പറയാനുണ്ട്. "വർഷങ്ങളിത്ര കഴിഞ്ഞിട്ടും, ആ വിഷയത്തിന് പരിഹാരമായില്ല എന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. സിനിമയിലൂടെ അതിനൊരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്നത് ദുഃഖിപ്പിക്കുന്നു. അന്നും സമാനമായ ഒരുപാടു സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടായിരുന്നു. ഇന്നത്തെ പോലെ സമൂഹമാധ്യമങ്ങൾ അത്ര സജീവമായിരുന്നില്ല അന്ന്. ആലപ്പുഴ ഭാഗത്തും മറ്റും ഇതിനു സമാനമായ നിരവധി പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അവിടെ നിന്നാണ് സിനിമയിലേക്ക് ഈ വിഷയം വരുന്നത്,"- മാറങ്കരയിലെ പ്രശ്നം പാസഞ്ചറിൽ വന്നു ചേർന്ന വഴിയെക്കുറിച്ച് സംവിധായകൻ പറഞ്ഞു തുടങ്ങി.

"സിനിമ എന്നു പറയുന്നത് ആ സമയത്തു നമ്മുടെ മനസ്സിലുടക്കുന്ന വിഷയങ്ങളിൽനിന്നു പരുവപ്പെടുന്നതാണ്. ആ സിനിമയ്ക്കായി ഒരു വിഷയം അന്വേഷിക്കുകയായിരുന്നു ഞാൻ. അതിലേക്ക് ഈ വിഷയം വന്നു ചേരുകയായിരുന്നു. വിഷയം ശ്രദ്ധിക്കേണ്ടവർ അന്നും ശ്രദ്ധിച്ചിരുന്നു. സി.ആർ. നീലകണ്ഠനെപ്പോലെയുള്ള പരിസ്ഥിതി പ്രവർത്തകർ സിനിമ കണ്ടതിനു ശേഷം എന്നെ നേരിൽ കണ്ടു സംസാരിച്ചിരുന്നു. അവർക്കൊപ്പം പല പരിപാടികളിലും ഞാൻ ക്ഷണിക്കപ്പെടുകയും ചെയ്തു. സിനിമ അവിടെത്തന്നെയുണ്ട്. ഈ കാരണം കൊണ്ട് സിനിമ വീണ്ടും ചർച്ച ചെയ്യപ്പെടുന്നതിൽ വലിയ അർഥമില്ല.

നമ്മുടെ തൊട്ടടുത്ത് ഇത്രയും വലിയ സമ്പത്ത് ഇരിക്കുന്നു. നല്ല രീതിയിൽ ഉപയോഗിച്ചാൽ അതു നമ്മുടെ നാടിന്റെ പുരോഗമനത്തിന് കാരണമാകും. എന്നാൽ, ഇപ്പോൾ ഒരു വിദേശ കമ്പനി വന്നു ലാഭമുണ്ടാക്കി പോകുകയാണ്. അതുമൂലമുണ്ടാകുന്ന വലിയ നഷ്ടങ്ങൾ അനുഭവിക്കുന്നത് അവിടുത്തെ ജനങ്ങളാണ്. സുനാമി പോലുള്ള ദുരന്തങ്ങൾക്കു വരെ ഇത്തരം അശാസ്ത്രീയമായ ഖനനം കാരണമാകും എന്നാണു പറയപ്പെടുന്നത്. നമ്മുടെ കൺമുന്നിൽ ഇത്രയും വലിയ ഒരു വിഷയം നടന്നിട്ടും ആരും അറിയുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്ന സംഗതിയാണ്. എന്നെ അക്ഷരാർഥത്തിൽ അതു ഞെട്ടിച്ചു. അതാണ് ഞാൻ പാസഞ്ചറിലൂടെ പറയാൻ ശ്രമിച്ചത്.

ഒരു രാജ്യത്ത് അവരുടെ സമ്പത്ത് എണ്ണയാണെന്നു കരുതുക. അത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്നു തീരുമാനിക്കുന്നതും അതിന്റെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുന്നതും അവിടത്തെ സർക്കാരാണ്. നമ്മൾ ഇവിടെ അതെല്ലാം സ്വകാര്യ വ്യക്തികൾക്കു ലാഭമുണ്ടാക്കാൻ കൊടുത്തിരിക്കുകയാണ്. അവർ ലാഭത്തെക്കുറിച്ചു മാത്രമേ ചിന്തിക്കൂ. അവിടെയാണ് ഇതിന്റെ പ്രശ്നങ്ങൾ.’ - രഞ്ജിത് കൂട്ടിച്ചേർത്തു.