Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അതു ഫഹദാണ്, സിനിമയിലേതുപോലെ ഏതെങ്കിലും കഥാപാത്രമല്ല’

fahadh-srikanth-murali ശ്രീകാന്ത് മുരളി, ഫഹദ് ഫാസില്‍

സ്വന്തം സിനിമകൾ വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്ന ഫഹദ് ഫാസിൽ, അടുത്തിടെ അഭിനയിച്ച പുതിയൊരു പരസ്യം അദ്ദേഹത്തിന്റെ സിനിമകളെപ്പോലെ മികവു പുലർത്തുന്നതായിരുന്നു. ഒരു പ്രമുഖ ജ്വലറി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ ഫഹദ് അഭിനയിച്ച പരസ്യത്തിന്റെ ആശയവും, സംവിധാനവും നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയുടേതാണ്. 

fahadh-srikanth-murali-2

പരസ്യങ്ങളിലെ വാചകങ്ങളും അവതരണരീതിയുമൊക്കെയാണ് അതതു ബ്രാന്‍ഡിനെ അല്ലെങ്കിൽ ഉത്പന്നങ്ങളെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്. പരസ്യത്തിലെ ഫഹദിന്റെ ഗെറ്റപ്പും ഡയലോഗും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുന്നതായിരുന്നു.

എന്നാൽ ഫഹദിന്റെ ഒരു ഡയലോഗ് ഇതിന്റെ അണിയറപ്രവര്‍ത്തകർ പോലും ഉദേശിക്കാത രീതിയിൽ ചിലര്‍ വളച്ചൊടിക്കുകയുണ്ടായി. സിനിമയെയും സ്വർണത്തെയും ബന്ധപ്പെടുത്തി ഫഹദ് പറയുന്നൊരു ഡയലോഗാണ് ഒടിയൻ സിനിമയ്ക്കെതിരെ എന്ന പേരിൽ ഒരുവിഭാഗം പ്രചരിപ്പിച്ചത്. ഒടിയന്‍ റിലീസാവുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ഷൂട്ട് ചെയ്ത ഫഹദിന്റെ പരസ്യമാണ് ഇത്തരത്തിൽ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയത്. 

ഇത്ര കോടിയുടെ ബജറ്റാണെന്നു നോക്കിയാണോ നിങ്ങള്‍ സിനിമയ്ക്കു പോകുന്നതെന്ന് ചോദിച്ചു കൊണ്ടാണ് പരസ്യത്തിന്റെ തുടക്കം. ഇതാണ് ചിലർ വളച്ചൊടിച്ചത്. 

fahadh-srikanth-murali-5

വിവാദത്തെക്കുറിച്ച് സംവിധായകനായ ശ്രീകാന്ത് മുരളി പറയുന്നത് ഇതാണ്. ‘ഏകദേശം ഒൻപത് മാസങ്ങൾക്കു മുമ്പാണ് ഈ പരസ്യവുമായി ബന്ധപ്പെട്ട ആദ്യ ചർച്ചകൾ ആരംഭിക്കുന്നത്. ഞാനും പരസ്യ ഏജൻസിയും ചേർന്നായിരുന്നു പ്രാരംഭ ചര്‍ച്ച. പുതിയ ജ്വലറിയായതിനാൽ ബ്രാൻഡ് അംബാസിഡർ വേണോ, എന്ന ചർച്ചകളുടെ  അവസാനഘട്ടത്തിലാണ് ഫഹദ് ഫാസിലിന്റെ പേരിലെത്തുന്നത്. യുവതലമുറയെ സ്വാധീനിക്കുന്ന നടന്മാരിൽ മുൻനിരയിലാണ് ഫഹദ്.  ഫഹദ് തന്നെ പ്രേക്ഷകരോട് സംവദിക്കുന്ന അങ്ങനെയുളളപ്പോൾ പരസ്യത്തിൽ ഫഹദ് എന്തുപറയണം, എങ്ങനെ പറയണം എന്നതൊക്കെ യായിരുന്നു പ്രധാന വെല്ലുവിളി. ഫഹദിനോടും ഇക്കാര്യത്തിൽ അഭിപ്രായം ചോദിച്ചിരുന്നു. ഫഹദും ഞാനും, ഏജൻസി ക്രീയേറ്റീവ് ജോബ് ആന്റണിയും  ഒന്നിച്ചിരുന്നാണ് ഡലോഗുകൾ തയാറാക്കിയത്. ഫഹദിന്റേതായ സംഭാവനയും അതിലുണ്ട്.’-ശ്രീകാന്ത് മുരളി പറഞ്ഞു.

fahadh-srikanth-murali-1

‘ബാഹുബലി, പുലിമുരുകൻ പോലെ വലിയ മുതൽമുടക്കിലുള്ള ചിത്രങ്ങളുടെ വലിയ വിജയം കേരളത്തിൽ നവതരംഗം സൃഷ്ടിക്കുകയുണ്ടായി. ബജറ്റാണ് ചില സിനിമകളുടെ സെല്ലിങ് പോയിന്റ്. പ്രമോഷന്റെ ഭാഗമായി പല തന്ത്രങ്ങളും അണിയറപ്രവർത്തകർ ഉപയോഗിക്കാറുണ്ടെങ്കിലും ആത്യന്തികമായി നമ്മളെന്ത്‌ എങ്ങനെ പറയുന്നു എന്നതാണ് സിനിമയുടെ വിജയത്തെ ബാധിക്കുന്നത്. സ്വർണം തിരഞ്ഞെടുക്കുമ്പോഴും ഇതേ വിശ്വാസ്യതയ്ക്കും, ഗുണമേന്മയ്ക്കുമാണ് പ്രാധാന്യം  എന്നതാണ് പരസ്യത്തിലൂടെ ഞങ്ങൾ പറഞ്ഞുവെയ്ക്കുന്നത്. ഇതിൽ ഒരു സിനിമയെപോലും മനഃപൂർവം ഉദേശിച്ചിട്ടില്ല, അല്ലെങ്കിൽ എല്ലാതരം സിനിമകളെയുമാണ്  ഉദ്ദേശിച്ചത് എന്നു പറയുന്നതാവും കൂടുതൽ അനുയോജ്യം.’– ശ്രീകാന്ത് മുരളി  പറയുന്നു.

fahadh-srikanth-murali-4

‘അഞ്ച് മാസം മുമ്പ് ഷൂട്ട് ചെയ്തതാണ് ഈ പരസ്യചിത്രം. അത് ഇപ്പോഴാണ് പുറത്തിറങ്ങിയെന്ന് മാത്രം. ഇതൊരു പുതിയ ബ്രാൻഡ് ആണ്. മറ്റു ജ്വലറികളിൽ നിന്നും വ്യത്യസ്തമായി എന്തുപറയും, എങ്ങനെ അവതരിപ്പിക്കും ഇങ്ങനെയുള്ള ചിന്തകളിൽ നിന്നും ചർച്ചകളിൽ നിന്നുമാണ് ആ പരസ്യം രൂപപ്പെട്ടത്. അതിന് മറ്റ് അർഥങ്ങളില്ല. ഇതോടെ തെറ്റിധാരണകൾ മാറുമെന്ന് കരുതുന്നു".  ശ്രീകാന്ത് മുരളി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.