Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കു വേണ്ടി അച്ഛന്‍ പോലും അങ്ങനെ ചെയ്തിട്ടില്ല: ഗോകുൽ സുരേഷ്

gokul-suresh-gopi

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അച്ഛന്‍ അഭിനയിച്ച് ചരിത്രമാക്കിയ ഇരുപതാം നൂറ്റാണ്ടുമായി ചേര്‍ത്തുവച്ചാണ് ഈ ചിത്രം പ്രേക്ഷക ലോകം നോക്കിക്കാണുന്നത്.  മോഹന്‍ലാല്‍ മാത്രമല്ല സുരേഷ് ഗോപിയും വില്ലനായി തിളങ്ങിയ ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. തലമുറകൾ പിന്നിടുമ്പോൾ ചരിത്രം ആവർത്തിക്കുകയാണ്. പ്രണവിനൊപ്പം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അച്ഛനെപ്പോലെ മകനും ഈ സിനിമയിൽ വില്ലൻ കഥാപാത്രമായിരിക്കുമോ? സിനിമയെക്കുറിച്ച് ഗോകുല്‍ മനോരമ ഓൺലൈനോട് സംസാരിക്കുന്നു

ചെറിയ റോള്‍

വ്യത്യസ്തമായ വേഷം എന്നൊന്നും പറയാനാകില്ല. അതിഥിവേഷമാണ്. ആ വേഷത്തെക്കുച്ച് അധികം പറയാനാകുമോ എന്നെനിക്ക് അറിയില്ല. ചിത്രത്തിന്റെ സംവിധായകന്‍ വിളിച്ച് കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഇഷ്ടമായി, അതുകൊണ്ടാണ് ചെയ്യുന്നത്. മൂന്നു ദിവസത്തെ ഷൂട്ടിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

Pranav, Gokul recreate history in 'Irupathiyonnam Noottandu'

ആകെ മൂന്നു സിനിമയേ ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളൂ. അതില്‍ ഏറ്റവും എനര്‍ജറ്റിക് ആയ എന്നും ഓര്‍മകളില്‍ സൂക്ഷിക്കാവുന്ന ഒരു സെറ്റ് ആയിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റേത്. എനിക്ക് ആക്‌ഷന്‍-ഫൈറ്റ് സീനുകള്‍ ഒന്നുമില്ല. പക്ഷേ ജോഷി സാറിന്റെയൊക്കെ സെറ്റുകളെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുള്ളൊരു എനര്‍ജിയുണ്ടായിരുന്നു ഇവിടെ.

ഏതു വേഷവും സ്വീകരിക്കും

നായകനായി മാത്രമേ നില്‍ക്കൂ എന്ന വാശിയൊന്നുമില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എന്റേത് അതിഥിവേഷമാണ്. പുതിയതായി ചെയ്യുന്ന മറ്റൊരു ചിത്രത്തില്‍ സഹതാരം. അഭിനയ പ്രാധാന്യമുള്ള വേഷമാണ് എന്നു തോന്നിയതു കൊണ്ടാണ് ഈ സിനിമകളൊക്കെ തിരഞ്ഞെടുത്തത്. അതാണ് എന്റെ നിലപാട്. ‌‌

gokul-pranav

സിനിമയിലേക്കുള്ള ചവിട്ടുപടി ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിരിക്കും. ഒരാൾ വലുതാകണോ ചെറുതാകണോ എന്നൊക്കെ പ്രേക്ഷകരും മാധ്യമങ്ങളുമൊക്കെയാണ് തീരുമാനിക്കുക. അതിനൊത്ത് മുന്നോട്ടു പോകുക എന്നതാണ് എന്റെ തീരുമാനം. 

അച്ഛനും മോഹന്‍ലാലും, ഇപ്പോള്‍ അവരുടെ മക്കള്‍

ആ സിനിമയുടെ പേര് ഇരുപതാം നൂറ്റാണ്ട്. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആദ്യ ചിത്രത്തില്‍ തകര്‍ത്ത് അഭിനയിച്ചത് ലാല്‍ സാറും എന്റെ അച്ഛനും. അതൊരു പക്കാ ഡോണ്‍ മൂവി ആയിരുന്നു. ഈ സിനിമയുടെ ടാഗ് ലൈനില്‍ തന്നെയുണ്ട് ഇതൊരു ഡോണ്‍ മൂവി അല്ലെന്ന്. അതിന്റെ രണ്ടാം ഭാഗവും അല്ല. അച്ഛനും ലാല്‍ സാറും അത്രമാത്രം ഗംഭീരമായി അഭിനയിച്ച ചിത്രത്തെ കുറിച്ച് ഞാന്‍ എന്തു പറയാനാണ്. അതിനുള്ള കഴിവ് എനിക്കില്ലെന്ന് ഉറപ്പുണ്ട്. അവരുമായി ഏതെങ്കിലും തരത്തില്‍ പോലും താരതമ്യപ്പെടുത്താന്‍ ഞാന്‍ വളര്‍ന്നിട്ടില്ല. അതുകൊണ്ട് ആ ചോദ്യത്തില്‍ എനിക്കൊന്നും പറയാനില്ല. അവര്‍ എത്ര ഉയരങ്ങളില്‍ നില്‍ക്കുന്ന മനുഷ്യരാണ്. 

പ്രണവിനൊപ്പം

അച്ഛന്‍ സിനിമയില്‍ വലിയ താരമായിരുന്നെങ്കിലും എനിക്ക് സിനിമയുമായോ സിനിമാ ലോകവുമായോ വ്യക്തിപരമായി വലിയ അടുപ്പമില്ല. സിനിമയുമായി ബന്ധപ്പെട്ട അവാര്‍ഡ് പരിപാടികളിലോ മറ്റു വേളകളിലോ അപൂര്‍വമായേ അച്ഛന്‍ ഞങ്ങളെ കൊണ്ടുപോയിരുന്നുള്ളൂ. അച്ഛന്‍ തന്നെ അത്തരം വേദികളില്‍ അധികം പോകാറില്ലായിരുന്നു. 

പ്രണവുമായി എനിക്ക് വ്യക്തിപരമായി വലിയ അടുപ്പമില്ല. ആദി സിനിമയുടെ സെറ്റില്‍ വച്ച് കണ്ടിരുന്നെങ്കിലും ഈ  സിനിമയുടെ സെറ്റില്‍ വച്ചാണ് കുറച്ച് സംസാരിക്കാൻ കഴിഞ്ഞത്. വളരെ സിംപിള്‍ ആയ വ്യക്തി. സിനിമയെക്കുറിച്ചൊന്നും ഞങ്ങള്‍ സംസാരിച്ചില്ല, സാധാരണ രണ്ടു മനുഷ്യര്‍ കാണുമ്പോഴുള്ള സംസാരം മാത്രം. മറ്റുള്ളവരുടെ സ്വകാര്യ ഇടങ്ങളിലേക്ക് അധികം കയറിച്ചെന്ന് സംസാരിക്കാന്‍ ഇഷ്ടമില്ലാത്ത വ്യക്തി ആയതുകൊണ്ട് ഞാന്‍ പ്രണവിനെ അദ്ദേഹത്തിന്റെ ലോകത്തിലേക്കു വിട്ടു. 

സംഭവം ഒന്നുമല്ല

എന്റെ കരിയറിന്റെ തുടക്കം ഒരു വന്‍ ഹിറ്റോടെ ഒന്നും ആയിരുന്നില്ലല്ലോ. സിനിമയില്‍ വലിയ വേഷങ്ങള്‍ ചെയ്ത ഒരാള്‍ വീട്ടിലുള്ളതുകൊണ്ട്, അതുവച്ച് ആലോചിക്കുമ്പോള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നു തോന്നാറുണ്ട്. പണ്ട് ലുലു മാളിലൊക്കെ വളരെ സ്വാതന്ത്ര്യത്തോടെ ഞാന്‍ നടന്നുപോകുമായിരുന്നു. സിനിമയിലെത്തിയ ശേഷം ആളുകള്‍ തിരിച്ചറിയുന്നു എന്നതാണ് വ്യത്യാസമായി തോന്നിയിട്ടുള്ളത്. എന്റെ സ്വാതന്ത്ര്യം അവിടെ പോയി. ചിലരൊക്കെ അടുത്തു വന്ന് സംസാരിക്കാറുണ്ട്. അന്നേരം ഞാന്‍ തന്നെ അവരോടു പറയും, ‘സിനിമയിൽ അങ്ങനെ വലിയ സംഭവമൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ എന്ന്. 

മാര്‍ക്കറ്റിങും ഞാനും

നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ഞാന്‍ സെല്‍ഫ് മാര്‍ക്കറ്റിങുമായി വരുന്നത്. എനിക്കു വേണ്ടി അച്ഛന്‍ പോലും അങ്ങനെ ചെയ്തിട്ടില്ല . ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ തന്നെ ഇപ്പോള്‍ എന്നെ വിളിക്കുന്നത് ഈ സിനിമ ചെയ്തതു കൊണ്ടാണ്. എന്റെ കരിയറില്‍ ഒരിടവേള വന്നാലോ ഞാന്‍ നാളെ സിനിമയില്‍ നിന്നു പോയാലോ ആരും തേടി വരില്ല, അത്രയും അടുപ്പമുള്ളവര്‍ അല്ലാതെ. അത്രയേയുള്ളൂ സിനിമ. അതുകൊണ്ട് മാര്‍ക്കറ്റിങില്‍ ഒന്നും ഒരു കാര്യവുമില്ല. എന്നാണ് എന്റെ വിശ്വാസം. 

suresh-gopi-gokul

അച്ഛന്റെ മകന്‍

അച്ഛന്റെ മകന്‍ എന്നത് ബാധ്യത ആയല്ല കാണുന്നത്. ആദ്യ ചിത്രം വന്നത് അങ്ങനെയൊരു ടാഗ് ലൈനില്‍ ആയിരുന്നു. പക്ഷേ അത് ചെയ്യണോ വേണ്ടയോ എന്നത് എന്റെ തീരുമാനം ആയിരുന്നു. സിനിമയിലെ ഏതൊരു തുടക്കക്കാരനേയും പോലെ തന്നെയാണു ഞാനും. ആദ്യ സിനിമയ്ക്കു ശേഷം പിന്നെയും അവസരങ്ങള്‍ വന്നപ്പോള്‍ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

നിലപാട്

കഥാപാത്രം വ്യത്യസ്തമാകുക മാത്രമല്ല അതെന്നെ ഏതെങ്കിലും തരത്തില്‍ എക്‌സൈറ്റ് ചെയ്യിക്കണം. അതാണ് എന്റെ നിലപാട്. തിരക്കഥ കേള്‍ക്കുമ്പോള്‍ തന്നെ നമുക്കറിയാമല്ലോ അവര്‍ എത്രമാത്രം ക്രിയാത്മകമായാണ് ചിന്തിക്കുന്നതെന്ന്. അതുപോലെ മേക്കിങ് സ്‌റ്റൈലും വേറിട്ടതായിരിക്കണം. ഞാനീ രണ്ടു കാര്യങ്ങളേയും വലിയ പ്രാധാന്യത്തോടെയും ബഹുമാനത്തോടെയുമാണ് കാണുന്നത്. 

സിനിമയ്ക്കപ്പുറം

ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബിഎ കഴിഞ്ഞതാണ്. കൊച്ചി ലെ മെറിഡിയനില്‍ ആയിരുന്നു ഇന്റേണ്‍ഷിപ്പ്. ഫ്രണ്ട് ഓഫിസിലും ബാക്ക് ഓഫിസ് സ്റ്റാഫ് ആയും ജോലി ചെയ്തിട്ടുണ്ട്. അക്കാലയളവിലാണ് എന്റെയും വഴി സിനിമയാണെന്നു തോന്നിയത്. തുടര്‍പഠനത്തേക്കാളും ജോലിയേക്കാളും ആകാംക്ഷ, സിനിമയോടു തോന്നിയതു കൊണ്ടാണ് അത് തിരഞ്ഞെടുത്തത്. ക്ലാസിലിരുന്നു പഠിക്കാനും പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ചെയ്യാനുമൊന്നും താല്‍പര്യം തോന്നിയില്ല. 

കോര്‍പ്പറേറ്റ് ജോലി എനിക്ക് ചേരില്ല എന്നു മനസ്സിലായി. പിന്നെ ആദ്യ സിനിമയ്ക്കു ശേഷം വീണ്ടും ചില അവസരങ്ങള്‍ കിട്ടി. അതിനൊത്ത് മുന്നോട്ടു പോകുന്നു. സിനിമയില്ലാതായാല്‍ കൃഷിയിലേക്കു പോകണം എന്നാണ് തീരുമാനം. അത്യാവശ്യം വരയ്ക്കുമായിരുന്നു പണ്ട്. ഇപ്പോള്‍ അധികം ഇല്ല. വീട്ടില്‍ തന്നെ ചടഞ്ഞു കൂടിയിരിക്കാന്‍ ആഗ്രഹിക്കുന്നൊരു വ്യക്തിയാണ് ഞാന്‍. പിന്നെ ഏറയിഷ്ടം സിനിമ കാണല്‍. ഏത് ജോണറിലുള്ളതെന്നോ ഭാഷയെന്നോ പ്രശ്‌നമില്ല. വീട്ടിലുണ്ടെങ്കില്‍ രണ്ടു സിനിമ വച്ചു കാണും. സമയം പോകുന്നത് അറിയുകയേയില്ല.

അടുത്തത്

മാധവ് രാംദാസ് ഗിന്നസ് പക്രുവിനെ നായകനാക്കി ചെയ്യുന്ന ചിത്രത്തില്‍ സഹതാരമായാണ് വേഷമിടുന്നത്. സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗീസ് തുടങ്ങി മികച്ച താരനിര  ആ ചിത്രത്തിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.